
ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ട്രംപ് ഭരണകൂടത്തിന്റെ ഫെഡറല്‍ ഏജന്‍സികള്‍ അമേരിക്കയിലെ വന്‍ നഗരങ്ങളില്‍ വലിയ റെയ്ഡുകളും കൂട്ട അറസ്റ്റും നടത്തിയത്. ലോസ് ആഞ്ജലീസും ന്യൂയോര്‍ക്കും പോലുള്ള വന്‍നഗരങ്ങളില്‍ ഇതിനെതിരേ വലിയ പ്രതിഷേധങ്ങള്‍ ആളിക്കത്തി. സര്‍ക്കാരിന്റെ നടപടിക്കെതിരേ നിലകൊണ്ട തൊഴിലാളി നേതാക്കളും ജനപ്രതിനിധികളും വരെ അറസ്റ്റ് ചെയ്യപ്പെട്ടു. ന്യൂയോര്‍ക്കില്‍ ഈ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വമായിരുന്ന മുപ്പത്തിമൂന്നുകാരനായ ഒരു ജനപ്രതിനിധി ഈ നടപടികളെ ഫാസിസം എന്നാണ് വിശേഷിപ്പിച്ചത്. പ്രസിഡന്റ് ട്രംപ് അമേരിക്കന്‍ ജനതയുടെ ഏറ്റവും വലിയ ദുഃസ്വപ്‌നമാണെന്ന് പറയാനും അയാള്‍ മടിച്ചില്ല. അമേരിക്കന്‍ ഡൊമോക്രാറ്റിക് സോഷ്യലിസ്റ്റ് രാഷ്ട്രീയധാരയുടെ യുവമുഖവും ഇന്ത്യന്‍ വംശജനുമായ സൊഹ്റാൻ മംദാനി എന്ന ആ യുവാവാണ് ന്യൂയോർക്ക് സിറ്റിയുടെ പുതിയ മേയറായി ഇപ്പോൾ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ന്യൂയോര്‍ക്ക് നഗരത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ മുസ്ലീം-കുടിയേറ്റ മേയറായിരിക്കുകയാണ് സൊഹ്റാൻ മംദാനി. ഡൊമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രമുഖ നേതാവും മുന്‍ ന്യൂയോര്‍ക്ക് ഗവര്‍ണറുമായ ആന്‍ഡ്രൂ കുമോയെ മറികടന്ന് മംദാനി മേയര്‍ സ്ഥാനാര്‍ഥിയായ ഘട്ടം മുതല്‍ ലോകം ഉറ്റുനോക്കിയ തിരഞ്ഞെടുപ്പായി ന്യൂയോര്‍ക്കിലേത്. ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് അസംബ്ലിയിലെ പ്രതിനിധിയായ സൊഹ്റാൻ സ്വയം വിശേഷിപ്പിക്കുന്നത് ഒരു ഡൊമാക്രാറ്റിക് സോഷ്യലിസ്റ്റ് എന്നാണ്. ഇസ്രയേല്‍ പാലസ്തീനില്‍ നടത്തുന്നത് വംശഹത്യയാണെന്ന് പ്രഖ്യാപിച്ച, ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ക്കെതിരേ യുദ്ധം പ്രഖ്യാപിച്ച, കോര്‍പ്പറേറ്റുകള്‍ ന്യൂയോര്‍ക്കിലെ സാധാരണക്കാരന്റെ അവകാശങ്ങള്‍ തട്ടിയെടുക്കുകയാണെന്ന് വിമര്‍ശിച്ച ഒരു ഇടത്-സോഷ്യലിസ്റ്റിന്റെ ഈ നേട്ടം തീർച്ചയായും ചരിത്രപരംതന്നെയാണ്.
സംവിധായിക മീര നായരുടെ മകന്‍
ഇന്ത്യയില്‍ ജനിച്ച ഉഗാണ്ടന്‍ അക്കാദമീഷ്യനായ മഹ്‌മൂദ് മംദാനിയുടെയും ഇന്ത്യന്‍ ചലച്ചിത്ര സംവിധായിക മീര നായരുടെയും മകനാണ് സൊഹ്റാൻ മംദാനി. സലാം ബോംബെ, മണ്‍സൂണ്‍ വെഡ്ഡിങ് തുടങ്ങിയ സിനിമകളുടെ സംവിധായികയാണ് ഓസ്‌കര്‍ നോമിനി കൂടിയായ മീര നായര്‍. ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയിലാണ് സൊഹ്രാന്‍ ജനിച്ചതും തന്റെ കുട്ടിക്കാലം ചെലവഴിച്ചതും. അദ്ദേഹത്തിന്റെ ഏഴാമത്തെ വയസ്സിലാണ് മംദാനി കുടുംബം ന്യൂയോര്‍ക്കിലേക്ക് കുടിയേറുന്നത്. 2018-ലാണ് അദ്ദേഹത്തിന് അമേരിക്കന്‍ പൗരത്വം ലഭിക്കുന്നത്. ഈ വര്‍ഷം തുടക്കത്തിലായിരുന്നു സിറിയന്‍ കലാകാരിയായ റാമ ദുവാജിയുമായിട്ടുള്ള അദ്ദേഹത്തിന്റെ വിവാഹം. ആഫ്രിക്കന്‍ പഠനത്തില്‍ ബിരുദം നേടിയിട്ടുള്ള അദ്ദേഹം നേരത്തെ ഒരു സാമൂഹ്യപ്രവര്‍ത്തകനായിട്ടായിരുന്നു പ്രവര്‍ത്തിച്ചത്. റാപ്പറും എഴുത്തുകാരനുമെല്ലാമായ അദ്ദേഹം ജപ്തിഭീഷണി നേരിട്ടിരുന്ന സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള നിയമപോരാട്ടങ്ങള്‍ നടത്തിയാണ് പൊതുശ്രദ്ധയിലേക്ക് വരുന്നത്. 2020-ല്‍ ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് അസംബ്ലിയുടെ ചരിത്രത്തിലെ മൂന്നാമത്തെ മുസ്ലിം ജനപ്രതിനിധിയാണ് സൊഹ്റാൻ മംദാനി. ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരങ്ങളിലൊന്നായ ന്യൂയോര്‍ക്കിലെ സാധാരണക്കാരായ ജനങ്ങളുടെ വക്താവായാണ് സൊഹ്റാൻ രാഷ്ട്രീയത്തിലിറങ്ങുന്നത്. സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത വിലക്കയറ്റവും ഉയര്‍ന്ന ജീവിതച്ചെലവും വാടകയുമൊക്കെയാണ് അദ്ദേഹം തന്റെ പ്രസംഗങ്ങളില്‍ പ്രധാന വിഷയമായത്. നഗരത്തിലെ ഏറ്റവും വലിയ പണക്കാരായ ഒരു ശതമാനത്തിന് അനുകൂലമായാണ് നിയമങ്ങളെല്ലാം രൂപീകരിക്കപ്പെടുന്നതെന്നും ഇതില്‍ മാറ്റമുണ്ടാകണമെന്നും അദ്ദേഹം ആവശ്യം ഉന്നയിച്ചിരുന്നു. വന്‍കിട പണക്കാര്‍ക്ക് ഉയര്‍ന്ന നികുതി ഏര്‍പ്പടുത്തണമെന്ന വാദവും ഇദ്ദേഹം ഉയര്‍ത്താറുണ്ട്. അമേരിക്കയിലെ മുതിര്‍ന്ന ഇടത്- സോഷ്യലിസ്റ്റ് നേതാക്കന്മാരായ ബേര്‍ണി സാന്‍ഡേഴ്‌സ്, അലക്‌സാന്‍ഡ്ര കോര്‍ടെസ് തുടങ്ങിയവരുടെ പിന്തുണയും സൊഹ്റാൻ മംദാനിക്കുണ്ട്. വാള്‍സ്ട്രീറ്റിലെ ചില വന്‍കിട കോര്‍പ്പറേറ്റുകള്‍ അദ്ദേഹത്തിന്റെ എതിരാളികളുടെ വിജയത്തിനായി വന്‍ തുക മുടക്കിയിരുന്നു.
ന്യൂയോര്‍ക്ക് നഗരത്തിലെ ഏറ്റവും സാധാരണക്കാരായ ആളുകളില്‍ വലിയൊരു വിഭാഗത്തിന്റെ പിന്തുണ കുറഞ്ഞ കാലം കൊണ്ട് നേടാനായതാണ് സൊഹ്‌റാന്റെ വിജയത്തില്‍ നിര്‍ണായകമായത്. തൊഴിലാളികള്‍ക്കിടയിലും കുടിയേറ്റ ജനവിഭാഗങ്ങള്‍ക്കിടയിലും അദ്ദേഹം വലിയ സ്വാധീനമുണ്ടാക്കി. ഹിന്ദിയും ഉറുദുവും സ്പാനിഷുമെല്ലാം സംസാരിച്ച് ജനങ്ങള്‍ക്കിടയില്‍ പിന്തുണ തേടുന്ന അദ്ദേഹത്തിന്റെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങള്‍ ഹിറ്റായിരുന്നു. ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ഉള്‍പ്പടെയുള്ള ഫെഡറല്‍ ഏജന്‍സികളുടെ കടുത്ത വിമര്‍ശകന്‍ കൂടിയാണ് സൊഹ്റാൻ. ന്യൂയോര്‍ക്കും ലോസ് ആഞ്ജലീസും ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ ഇവര്‍ നടത്തിയ റെയ്ഡുകള്‍ക്കും എതിരായ ജനകീയ പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ സൊഹ്റാനുണ്ടായിരുന്നു. കഴിഞ്ഞെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയായ കമല ഹാരിസ് ഡൊണാള്‍ഡ് ട്രംപിനോട് പരാജയപ്പെട്ടതിനുശേഷം ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ തന്നെ തര്‍ക്കങ്ങളുണ്ടായിരുന്നു. പാര്‍ട്ടിയിലെ സോഷ്യലിസ്റ്റ് നിരയുടെ സ്ഥാനാര്‍ഥിയായിരുന്നു സൊഹ്റാൻ. എതിര്‍വിഭാഗമാകട്ടെ യാഥാസ്ഥിതിക നിലപാടുകള്‍ പാര്‍ട്ടി സ്വീകരിക്കണമെന്ന് വാദിക്കുന്നവരും ചില കാര്യങ്ങളിലെങ്കിലും ട്രംപിനെ അനുകൂലിക്കുന്നവരുമായിരുന്നു. ഇവരുടെ സ്ഥാനാര്‍ഥിയായിരുന്നു ആന്‍ഡ്രൂ കുമോ. അദ്ദേഹത്തെ പിന്തള്ളിയാണ് മേയര്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചതും ഇപ്പോള്‍ ചരിത്രം കുറിച്ച് ന്യൂയോര്‍ക്കിന്റെ മേയറായി തിരഞ്ഞെടുക്കപ്പെടുന്നതും. സൊഹ്റാന്റെ തീവ്ര സ്വഭാവമുള്ള ചില പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഗാസയില്‍ ഇസ്രയേൽ നടത്തുന്ന വംശഹത്യയാണെന്ന അഭിപ്രായം അദ്ദേഹം പല തവണ പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ പേരില്‍ ഇസ്രയേല്‍ പ്രധാനമന്ത്രിയായ ബഞ്ചമിന്‍ നെതന്യാഹു അറസ്റ്റ് ചെയ്യപ്പെടണമെന്ന് പറയാനും മടിച്ചില്ല. ഒരു പോഡ്കാസ്റ്റിനിടെ ഇന്‍തിഫാദ എന്ന പാലസ്തീന്‍ മുദ്രാവാക്യത്തെ തള്ളിപ്പറയണമെന്നുള്ള ആവശ്യം അദ്ദേഹം നിരാകരിച്ചിരുന്നു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി.
പരാജയപ്പെടുത്താന്‍ ഒഴുക്കിയത് കോടികള്‍
മുന്‍ ന്യൂയോര്‍ക്ക് ഗവര്‍ണറായിരുന്ന ആന്‍ഡ്രൂ കുമോയെയാണ് ഡെമോക്രാറ്റിക് പാര്‍ട്ടി ഔദ്യോഗിക സ്ഥാനാര്‍ഥി മത്സരത്തില്‍ സൊഹ്റാൻ പരാജയപ്പെടുത്തിയത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, മുന്‍ മേയര്‍ മൈകല്‍ ബ്ലൂംബെര്‍ഗ് തുടങ്ങിയവരുടെ പിന്തുണയുള്ള സ്ഥാനാര്‍ഥിയായിരുന്നു ആന്‍ഡ്രൂ കുമോ. ലൈംഗികാരോപണത്തെ തുടര്‍ന്ന് നാല് വര്‍ഷം മുന്‍പ് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് രാജിവെച്ച അദ്ദേഹം ഇത്തവണ മേയര്‍ സ്ഥാനാര്‍ഥിയാകാനുള്ള മത്സരത്തിനിറങ്ങുകയായിരുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടി ഒരുകൂട്ടം ഇടതുപക്ഷക്കാര്‍ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും പാര്‍ട്ടിയെ അവരില്‍ നിന്ന് മോചിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നുമാണ് അദ്ദേഹം ഇതിനെ കുറിച്ച് പറഞ്ഞിരുന്നത്. പാര്‍ട്ടിയിലെ തിരഞ്ഞെടുപ്പിന്റെ സമയത്ത് സൊഹ്റാൻ മംദാനിക്കെതിരെ വലിയ വിമര്‍ശനങ്ങളായിരുന്നു ആന്‍ഡ്രൂ കുമോ ഉയര്‍ത്തിയത്. സൊഹ്റാൻ യാതൊരു ഭരണ പരിചയവുമില്ലാത്ത ആളാണെന്നും ഇസ്രേയല്‍-ജൂത വിരുദ്ധനുമാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഇസ്രയേല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ജൂതര്‍ താമസിക്കുന്ന പ്രദേശമാണ് ന്യൂയോര്‍ക്ക് സിറ്റി. അതിനാല്‍ തന്നെ ഇത്തരം ചര്‍ച്ചകള്‍ക്ക് വലിയ രാഷ്ട്രീയ പ്രസക്തിയുമുണ്ടായിരുന്നു. എന്നാല്‍, ന്യൂയോര്‍ക്കില്‍ ജൂതവിരുദ്ധതയ്ക്ക് സ്ഥാനമില്ലെന്നും ജൂതര്‍ ഉള്‍പ്പടെയുള്ള ജനതയ്ക്കായി പോരാടുമെന്നായിരുന്നു സൊഹ്റാൻ നല്‍കിയ മറുപടി. ആന്‍ഡ്രൂ കുമോ വന്‍കിട കോര്‍പ്പറേറ്റുകളുടെ പ്രതിനിധിയാണെന്നും സാധാരണക്കാര്‍ക്ക് വേണ്ടി അദ്ദേഹം ഒന്നും പറയുന്നില്ലെന്നും വിമര്‍ശിക്കാനും അദ്ദേഹം മറന്നില്ല. കോടിക്കണക്കിന് പണമൊഴുക്കി ഇന്റര്‍നെറ്റ് പരസ്യങ്ങളും മറ്റു ചെയ്തായിരുന്നു കൂമോയുടെ പ്രചാരണം. റാലികളും ഭവന സന്ദര്‍ശനങ്ങളും നടത്തിയും സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ചുമായിരുന്നു സൊഹ്റാൻ ഇതിനെ പ്രതിരോധിച്ചത്.
സൊഹ്റാൻ മംദാനിയും ആന്‍ഡ്രൂ കുമോയും
കുമോയുടെ പ്രചാരണത്തിനായി വാള്‍സ്ട്രീറ്റിലെ വന്‍കിട കമ്പനികള്‍ കോടിക്കണക്കിന് ഡോളറുകള്‍ സംഭാവന ചെയ്തിരുന്നു. റിപ്പബ്ലിക്കന്‍ അനുകൂലരായ ശതകോടീശ്വരന്‍മാര്‍ വരെ ഈ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിക്കായി കോടികള്‍ മുടക്കി. ഇസ്രയേല്‍ അനുകൂല ലോബിയിങ് ഗ്രൂപ്പായ എ.ഐ.പി.എ.സിയും സൊഹ്റനെ തോല്‍പ്പിക്കാനായി ഏറെ പരിശ്രമിച്ചിരുന്നു. എന്നാല്‍ ജനങ്ങളില്‍ നിന്ന് ചെറിയ തുകകള്‍ സംഭാവനയായി വാങ്ങിയാണ് സൊഹ്റാന്റെ സംഘം തിരഞ്ഞെടുപ്പില്‍ സജീവമായത്. സൗജന്യ ബസ് സര്‍വീസ്, വാടക വര്‍ധിപ്പിക്കുന്ന ഉടമകള്‍ക്കെതിരേ കര്‍ശനമായ നടപടി, വീട്ടുവാടക നിയന്ത്രിക്കാനായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള താമസസ്ഥലങ്ങള്‍, സര്‍ക്കാര്‍ ഉടമസ്ഥതയില്‍ വിലക്കുറവിലുള്ള പലചരക്ക് കടകള്‍, ആറ് മാസം മുതല്‍ 5വയസ്സ് വരെയുള്ള കുട്ടികള്‍ക്കായി ചൈല്‍ഡ് കെയര്‍... സൊഹ്റാന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഇതെല്ലാമായിരുന്നു. സാധാരണക്കാര്‍ക്ക് ജീവിക്കാനാവുന്ന ഒരു നഗരമായി ന്യൂയോര്‍ക്കിനെ മാറ്റും എന്നതാണ് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് കാമ്പയിനിന്റെ പ്രധാന വാചകം. എന്നാല്‍, 115 ബില്യണ്‍ ഡോളറിന്റെ വാര്‍ഷിക ബജറ്റും മൂന്ന് ലക്ഷം മുനിസിപ്പല്‍ ജീവനക്കാരുമുള്ള ഒരു ഭരണകൂടത്തിന്റെ നാഥനാകാനുള്ള പ്രായമോ പക്വതയോ സൊഹ്റാനില്ലെന്നാണ് എതിര്‍ ക്യാമ്പ് ഉയര്‍ത്തിയ പ്രധാന വിമര്‍ശനം. അദ്ദേഹത്തിന്റെ അങ്ങേയറ്റം റാഡിക്കലായ നയങ്ങള്‍ ന്യൂയോര്‍ക്ക് പോലൊരു നഗരത്തിന് താങ്ങില്ലെന്നും അവര്‍ ആരോപിച്ചിരുന്നു. എന്നാല്‍, സൊഹ്റാന്റെ വാഗ്ദാനങ്ങള്‍ ആദ്യം ഡെമോക്രാറ്റിക് പാര്‍ട്ടിയും ഇപ്പോള്‍ ന്യൂയോര്‍ക്കിലെ ജനതയും അംഗീകരിച്ചിരിക്കുന്നു..
അമേരിക്കയെ എങ്ങനെ സ്വാധീനിക്കും
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട നഗരത്തില്‍ ഒരു ഡെമോക്രാറ്റിക്-സോഷ്യലിസ്റ്റ് മേയറായി വിജയിക്കുന്നത് അമേരിക്കയുടെ ദേശീയ രാഷ്ട്രീയത്തെയും വലിയ രീതിയില്‍ സ്വാധീനിക്കും. ന്യൂയോര്‍ക്ക് ഉള്‍പ്പടെയുള്ള വന്‍ നഗരങ്ങളില്‍ ട്രംപ് ഭരണകൂടം നടത്തുന്ന കടുത്ത കുടിയേറ്റവിരുദ്ധ നിലപാടിനോടുള്ള രാഷ്ട്രീയ പ്രതികരണമായിട്ടായിരിക്കും ഇത് വിലയിരുത്തപ്പെടുക. കുടിയേറ്റ വിഷയവുമായി ബന്ധപ്പെട്ട് സൊഹ്റന്റെ പിതാവിനെയും ഫെഡറല്‍ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. നേരത്തെ കാലിഫോര്‍ണിയ ഗവര്‍ണറെ അറസ്റ്റ് ചെയ്യാന്‍ വരെ മുതിര്‍ന്ന ട്രംപ് ഇതിനോട് ഏത് രീതിയില്‍ പ്രതികരിക്കുമെന്നും കാത്തിരുന്ന് കാണേണ്ടതുണ്ട്. അതോടൊപ്പം ഏഷ്യന്‍-മുസ്ലിം യുവാവ് രാജ്യത്തെ ഏറ്റവും വലിയ നഗരത്തില്‍ മേയറായെത്തുന്നത് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാടുകളെയും സ്വാധീനിക്കും. വരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലുള്‍പ്പടെ പാര്‍ട്ടിയില്‍ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകള്‍ക്ക് വലിയ സ്വാധീനമുണ്ടാക്കാനും ഇത് വഴിവെക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
Published: 05 Nov 2025, 10:24 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented