സാറ ദാസ് ഗുപ്ത എന്ന പാക് 'ചാരസുന്ദരി'യാണ് പ്രദീപ് കുരുല്‍ക്കര്‍ എന്ന പ്രതിരോധ ശാസ്ത്രജ്ഞനെ വശീകരിച്ച് വലയിലാക്കി ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയത്. ഇന്ത്യയുടെ മിസൈല്‍, ഡ്രോണ്‍, റോബോട്ടിക്‌സ് പദ്ധതികള്‍ എന്നിവ സംബന്ധിച്ച തന്ത്രപ്രധാന വിവരങ്ങള്‍ പാക് വനിതയ്ക്ക് ചോര്‍ത്തി നല്‍കിയതായാണ് മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡ് സമര്‍പ്പിച്ച  കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്.  

To advertise here,

സാറാ ദാസ് ഒരു കള്ളപ്പേരാണ്. യഥാർഥ വ്യക്തി ഇപ്പോഴും തിരശ്ശീലയ്ക്ക് പിറകിലാണ്. രാഷ്ട്രീയത്തിനും രാഷ്ട്രതന്ത്രത്തിനും വേണ്ടിയുള്ള ചാരവൃത്തിയുടെ ചരിത്രത്തിൽ സാറാ ദാസ് ആദ്യത്തെ പേരല്ല. മാദകത്വവും തുളുമ്പുന്ന മേനിയഴകും കൊണ്ട് ഉദ്യോഗസ്ഥരേയും സൈനികരേയും പാവാടച്ചരടിൽ കോർത്ത് ഇംഗിതത്തിന് തുള്ളിച്ച ചാരസുന്ദരിമാർ യഥേഷ്ടമുണ്ട് ചരിത്രത്തിൽ. അങ്ങനെ മറക്കാനാവാത്ത ഒരാളാണ് മാര്‍ഗരീറ്റാ ടെര്‍ടൂഡിയാ സെല്ല. ആ പേരിൽ പക്ഷേ, അവർ അജ്ഞാതയാണ്. മാതാ ഹരി എന്നാണ് അവർക്ക് പ്രശസ്തി. അത്രയ്ക്കും സംഭവബഹുലമായിരുന്നു മാതാ ഹരിയു​ടെ ദുരിതജീവിതവും വേഷപ്പകർച്ചയും.

placeholder
പ്രദീപ് കുരുൽക്കർ, ഡി.ആർ.ഡി.ഒ. | Photo: ANI

മാതാ ഹരി എന്ന മാര്‍ഗരീറ്റാ ടെര്‍ടൂഡിയാ സെല്ല

സൗന്ദര്യവും വശ്യതയും കൊണ്ട് ലോകത്തെ മയക്കിയ സുന്ദരിയാണ് മാര്‍ഗരീറ്റാ ടെര്‍ടൂഡിയാ സെല്ലാ. യഥാര്‍ഥ പേര് പറയുന്നതിനേക്കാള്‍ മാതാ ഹരി എന്ന പേര് പറഞ്ഞാലാവും ലോകം അവളെ തിരിച്ചറിയുന്നത്. മാതാ ഹരി സഞ്ചരിക്കാത്ത നാടുകളുണ്ടായിരുന്നില്ല. ഏഴ് ഭാഷകളിലായിരുന്നു മാതാ ഹരിക്ക് പ്രാവീണ്യം. സൗന്ദര്യവും വശ്യതയും കൊണ്ട് പോയിടങ്ങളെയെല്ലാം അവള്‍ കീഴ്‌പ്പെടുത്തി. എന്നാല്‍, ആ സൗന്ദര്യവും കഴിവും അവളെ കൊണ്ടെത്തിച്ചത് ചാരപ്രവര്‍ത്തനങ്ങളുടെ ഇരുണ്ട ലോകത്താണ്, ഒന്നാം ലോകമഹായുദ്ധകാലത്ത് പിടിക്കപ്പെട്ടതോടെ അവള്‍ക്ക് തോക്കിന്‍ കുഴലിലെ വിധിക്ക് മുന്നില്‍ കീഴ്‌പ്പെടേണ്ടി വന്നു. 

മാതാ ഹരി വാസ്തവത്തില്‍ ഒരു ചാരവനിത ആയിരുന്നോ? അതോ അനേകം പുരുഷന്മാരാല്‍ ചൂഷണം ചെയ്യപ്പെട്ട ഒരു സാധാരണ സ്ത്രീയോ ! മാതായെ കുറിച്ച് പുറത്തുവന്ന കഥകളിലൊന്നും വ്യക്തതയുണ്ടായിരുന്നില്ല, സ്വയം വ്യക്തമാക്കാന്‍ അവള്‍ തയ്യാറായിരുന്നുമില്ല. അതുകൊണ്ടുതന്നെ അവ്യക്തതകളെല്ലാം പലതരം കഥകളായി പുറത്തുവന്നു. നൂറുകണക്കിന് കഥകളാണ് അവളുടേതായി പുറത്തു വന്നിരുന്നത്. മരിച്ച് നൂറു വര്‍ഷങ്ങള്‍ക്കിപ്പുറവും ആ കഥകളിങ്ങനെ പ്രചരിക്കുകയാണ്. 

നെതര്‍ലൻഡ്സിലെ ലീവാര്‍ഡ് ആണ് മാതാ ഹരിയുടെ സ്വദേശം എന്നാണ് പറയപ്പെടുന്നത്. മാതായുടെ പതിമൂന്നാം വയസ്സില്‍ അവളും മൂന്ന് സഹോദരമാരും അമ്മയും അടങ്ങുന്ന കുടുംബത്തെ ഉപേക്ഷിച്ച് അച്ഛന്‍ നാടുവിട്ടു. അതോടെ  അമ്മ മാനസികരോഗിയായി മാറി. തകര്‍ന്ന കുടുംബത്തെ പോറ്റേണ്ട ഉത്തരവാദിത്തം അവളുടേതായി. ജീവിക്കാന്‍ തൊഴില്‍ നേടി നടന്ന അവള്‍ പതിനാറാം വയസ്സില്‍ സമീപത്തെ ഒരു ട്രെയിനിങ് സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്യാന്‍ ആരംഭിച്ചു. എന്നാല്‍, സ്‌കൂള്‍ ഹെഡ്മാസ്റ്ററായ 51 വയസ്സുകാരനുമായുള്ള ബന്ധത്തെ തുടര്‍ന്ന് സ്‌കൂളില്‍നിന്ന് പുറത്താക്കപ്പെട്ടു. ഇത്തരം കേസുകളില്‍ തെറ്റ് പെണ്ണിന്റേതായി മാത്രം മാറുന്ന പതിവുകളില്‍ അവളും അകപ്പെട്ടു. ജോലി നഷ്ടപ്പെട്ടെങ്കിലും ഒരേ കുറ്റം നേരിടുന്ന ഹെഡ്മാസ്റ്റര്‍ അവിടെ ജോലിയില്‍ തുടര്‍ന്നു. ജീവിതത്തില്‍ നേരിട്ട ആദ്യത്തെ തിരിച്ചടിയായിരുന്നു അത്. 

1895-ല്‍ തന്റെ പത്തൊമ്പതാം വയസ്സിലാണ് ഡച്ച് സൈന്യത്തിലെ ഉദ്യോഗസ്ഥനായ 39 വയസ്സുകാരന്‍ ലെഫ്റ്റനന്റായിരുന്ന റുഡോള്‍ഫ് മക്ലിയോഡുമായി മാതാ ഹരി വിവാഹിതയാവുന്നത്. സൈന്യത്തിലെ റാങ്കില്‍ സ്ഥാനക്കയറ്റം ലഭിക്കാന്‍ റുഡോള്‍ഫിന് വിവാഹം കഴിക്കേണ്ടിയിരുന്നു. എന്നാല്‍, സിഫിലിസ് രോഗബാധയുള്ളതിനാല്‍ വിവാഹത്തിന് ആരും സമ്മതം മൂളുകയില്ല. ഒരു പ്രാദേശിക പത്രത്തില്‍ പരസ്യം നല്‍കിയതിനെ തുടര്‍ന്ന് 18 വയസ്സുകാരിയായ മാര്‍ഗരീറ്റ വിവാഹത്തിന് സമ്മതം മൂളിക്കൊണ്ട് മറുപടിയെഴുതി. പ്രയാസമേറിയ ജീവിത സാഹചര്യങ്ങളായിരുന്നു ഒരു വിവാഹത്തിലേക്ക് അവളെ എത്തിച്ചത്. അങ്ങനെ റുഡോള്‍ഫിനെ കണ്ടുമുട്ടി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവര്‍ വിവാഹിതരാവുകയും വൈകാതെ അവള്‍ മൂന്ന് കുട്ടികളുടെ അമ്മയുമായി. 

പ്രതീക്ഷിച്ചത്രയും ശോഭനമായിരുന്നില്ല മാര്‍ഗരീറ്റയുടെ വിവാഹജീവിതം. മദ്യപിച്ചെത്തുന്ന ഭര്‍ത്താവ് അവളെ നിരന്തരം മര്‍ദിച്ചു. ലൈംഗികമായി ചൂഷണം ചെയ്തു, നിരവധി സ്ത്രീകളെ വീട്ടില്‍ വിളിച്ചുകൂട്ടി രതിയിലേര്‍പ്പെട്ടു. മാര്‍ഗരീറ്റയെ ചൂതാട്ടത്തിന് ജാമ്യവസ്തുവായി പോലും അയാള്‍ ഉപയോഗിച്ചു. തന്റെ പ്രതിസന്ധികളില്‍നിന്ന് താല്‍ക്കാലികമായെങ്കിലും രക്ഷ തേടാനാണ് അവള്‍ ജാവനീസ് നൃത്തം നോക്കിപ്പഠിച്ചത്. മിലിട്ടറി ക്യാമ്പിലെത്തുന്ന വേലക്കാരികളായ സ്ത്രീകള്‍ നേരമ്പോക്കിന് വേണ്ടി കളിച്ചിരുന്ന നൃത്തം മാര്‍ഗരീറ്റയ്ക്ക് അതിവേഗം വഴങ്ങി. അതിനിടെ റുഡോള്‍ഫന്റെ ജോലിസംബന്ധമായി മാര്‍ഗരീറ്റയും കുടുംബവും സുമാത്രയിലേക്ക് താമസം മാറി. സുമാത്രയിലെത്തി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവളുടെ ഇളയമകന്‍ രോഗബാധിതനായി മരിച്ചു. മാനസികമായി തളര്‍ന്ന അവളെ ഭര്‍ത്താവ് നെതര്‍ലന്റിലേക്ക് തിരിച്ചയച്ചു. നാട്ടിലെത്തിയ ഉടന്‍ അവള്‍ വിവാഹമോചനത്തിനുള്ള കേസ് നല്‍കി. വിവാഹമോചനം ലഭിച്ചെങ്കിലും സ്വന്തം മക്കളുടെ കസ്റ്റഡി അവള്‍ക്ക് ലഭിച്ചില്ല. അതോടെ അവള്‍ വീണ്ടും തകര്‍ന്നു. 

പാരീസിന്റെ മാതാ.. 

ജീവിതത്തിന്റെ പ്രതിസന്ധിഘട്ടത്തിന് അറുതി വരുത്താനായാണ് മാര്‍ഗരീത പാരീസിലെത്തിയത്. പാരിസില്‍ കാലുകുത്തുമ്പോള്‍ ജീവിക്കാന്‍ വകയില്ലാതിരുന്ന ഒരു പെണ്‍കുട്ടിയായിരുന്നുവെങ്കിലും പിന്നീടങ്ങോട്ട് അവള്‍ അനുഭവിച്ചത് സ്വപ്നതുല്യമായ ജീവിതമായിരുന്നു. ഡാന്‍സറായാണ് മാതാ ഹരി പാരിസില്‍ ജോലി ചെയ്യാനാരംഭിച്ചത്. 1903 മുതല്‍ മാര്‍ഗരീറ്റാ പാരിസില്‍ നൃത്തപരിപാടികള്‍ നടത്തുണ്ട്. അക്കാലത്താണ് സ്റ്റേജ് നെയിം ആയി മാതാ ഹരി എന്ന പേര് സ്വീകരിച്ചത്. താന്‍ ജനിച്ചത് ഇന്ത്യയിലെ ഒരു ക്ഷേത്രത്തിലാണെന്നും അവിടെയുള്ള പുരോഹിതരാണ് തനിക്ക് മാതാ ഹരി എന്ന പേര് നല്‍കിയതെന്നും അവകാശപ്പെട്ടാണ്  മാതാ ഹരി എന്ന പേര് സ്വീകരിച്ചത്. ഇന്ത്യന്‍ ക്ഷേത്രത്തിലെ പുരോഹിതര്‍ തന്നെ പുരാണവും നൃത്തവും പഠിപ്പിച്ചെന്നും മാതാ ഹരി പറഞ്ഞു.

പാരീസില്‍വെച്ച് പരിചയപ്പെട്ട ഒരാളുടെ സഹായത്തോടെ പാരീസിലെ വളരെ പ്രശസ്തമായ, ഏഷ്യന്‍ കലകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ഒരു മ്യൂസിയത്തില്‍ മാതാ ഹരിക്ക് നൃത്തം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചു. നിരവധി സമ്പന്നര്‍ സമ്മേളിക്കുന്ന വേദിയില്‍ നൃത്തം അവതരിപ്പിച്ചതോടെ അവളുടെ പേരും പ്രശസ്തിയും യൂറോപ്പിലാകെ പടരാനും ആരംഭിച്ചു. അര്‍ധനഗ്നമായ മേനി പ്രദര്‍ശിപ്പിച്ച് ആരേയും ആകര്‍ഷിക്കുന്ന ചുവടുകളും മെയ്യഴകും മുഖഭാവങ്ങളും കാണിച്ചുകൊണ്ട് നൃത്തം ചെയ്യുന്ന വശ്യസുന്ദരിയായ ജാവനീസ് നര്‍ത്തകിയെ കുറിച്ച് അന്ന് മാധ്യമങ്ങളും ആവോളം പുകഴ്ത്തി എഴുതി. അതോടെ പാരിസിലെ ചെറുതും വലുതുമായ നിരവധി വേദികളില്‍ മാതാ ഹരിയുടെ നൃത്തം ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറി.

1905 മുതലാണ് മാതാ ഹരി പാശ്ചാത്യ നൃത്തരൂപങ്ങള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയത്. ജാവനീസ് രാജകുമാരിയായുള്ള അവളുടെ പരകാശപ്രവേശവും മെയ്‌വഴക്കവും ആയിരക്കണക്കിന് കാഴ്ചക്കാരേയാണ് അവളിലേക്ക് അടുപ്പിച്ചത്. മാതാ ഹരി എന്ന മാദകസുന്ദരിയിലേക്ക് അവര്‍ ഒന്നടങ്കം ആകൃഷ്ടയായി. നൃത്തത്തിനൊപ്പം രതിയും ചേര്‍ന്നതോടെയാണ് അവളിലേക്ക് ആളുകള്‍ അടുക്കാന്‍ തുടങ്ങിയത്. ഫ്രഞ്ച് നയതന്ത്രജ്ഞനായ ജൂൾസ് കാംപോണും ജർമനിയിലെ രാജകുമാരനുമെല്ലാം മാതാ ഹരിയുടെ വലയത്തിലുള്‍പ്പെട്ടവരായിരുന്നു. അതിനിടെ തന്നെ ഡാന്‍സര്‍ എന്ന പേരില്‍നിന്ന് സമ്പന്നര്‍ക്കൊപ്പം പോകുന്ന വേശ്യ എന്ന വിശേഷണത്തിലേക്ക് അവള്‍ മാറിയിരുന്നു. നൃത്തത്തിലൂടെയും സമ്പന്നര്‍ക്കൊപ്പമുള്ള രാത്രിതാമസത്തിലൂടേയും കോടിക്കണക്കിന് രൂപയാണ് അന്ന് മാതാ സമ്പാദിച്ചിരുന്നത്. പണം മുഴുവന്‍ ധൂര്‍ത്തടിച്ച് പാഴാക്കുകയായിരുന്നു അവള്‍. കിട്ടുന്ന പണം മുഴുവന്‍ ചൂതാട്ടത്തിനും വസ്ത്രത്തിനും ആഭരണത്തിനും വിലകൂടിയ താമസത്തിനും ആഹാരത്തിനും വേണ്ടി ചെലവഴിച്ചു നശിപ്പിച്ചു. 

അതിനിടെ മാതാ ഹരിയുടെ മുന്‍ഭര്‍ത്താവ് വീണ്ടും വിവാഹമോചിതനായി. ഇതറിഞ്ഞ് കുട്ടികളുടെ കസ്റ്റഡി ആവശ്യപ്പെട്ട കോടതിയെ സമീപിച്ച അവള്‍ക്ക് അനുകൂല ഉത്തരവല്ല ലഭിച്ചത്. സ്ഥിരവരുമാനം ഇല്ല, സുരക്ഷിതമായ താമസമില്ല തുടങ്ങിയ കാരണങ്ങളായിരുന്നു കോടതി ചൂണ്ടിക്കാട്ടിയത്. കേസ് നടന്ന് ഏറെ കഴിയുന്നതിന് മുന്‍പ് തന്നെ അവളുടെ ശേഷിക്കുന്ന രണ്ട് മക്കളും സിഫിലിസ് ബാധിച്ച് മരണപ്പെട്ടിരുന്നു.

placeholder
Photo: Getty Images

തെളിവില്ലാതെ അറസ്റ്റ്, വധശിക്ഷ

മാതാ ഹരിക്ക് എത്ര കാമുകന്മാരുണ്ടായിരുന്നുവെന്ന് അവള്‍ക്ക് പോലും അറിയുന്നുണ്ടാവില്ലെന്നാണ് പില്‍ക്കാലത്ത് വന്ന കഥകളില്‍ പറയുന്നത്. അവരെല്ലാം ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥരായിരുന്നു. അവരില്‍ ഒരു ഡച്ച് കേണലും റഷ്യന്‍ ക്യാപ്റ്റനും ബെല്‍ജിയന്‍ കമാന്‍ഡറും ഇറ്റലിയിലെ ക്യാപ്റ്റനും അയര്‍ലന്റിലെ രണ്ട് ഉദ്യോഗസ്ഥരും ഫ്രാന്‍സില്‍നിന്നുള്ള ആറ് ഉദ്യോഗസ്ഥരുമെല്ലാം ഉള്‍പ്പെട്ടിരുന്നു. തന്‍റെ കാമുകന്മാരെ കാണാനായി യുദ്ധകാലത്ത് പോലും മാതാ ഹരി നിരവധി യൂറോപ്യന്‍ രാജ്യങ്ങളിലൂടെ നിരന്തരം യാത്ര ചെയ്തുകൊണ്ടിരുന്നു. യുദ്ധകാലത്തുള്ള യാത്ര അവളെ സംശയത്തിന്റെ നിഴലിലേക്കെത്തിച്ചു. അതിര്‍ത്തികളില്‍ അവള്‍ ചോദ്യങ്ങള്‍ക്ക് വിശദീകരണങ്ങള്‍ നല്‍കേണ്ടി വന്നു. വീടോ കുടുംബമോ സ്ഥിരമായ മേല്‍വിലാസമോ ഭര്‍ത്താവോ വരുമാനമോ ഇല്ലാതിരുന്ന അവളെ സ്വഭാവികമായും പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

സൈനികരുമായി ലൈംഗിക ബന്ധമുള്ളതിനാല്‍ നിരവധി രഹസ്യ മിഷനുകളും അവളില്‍ ഏല്‍പ്പിക്കപ്പെട്ടിരുന്നു. ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട്  യുദ്ധതന്ത്രം ചോര്‍ത്തുന്നതും സൈനിക രഹസ്യങ്ങള്‍ കരസ്ഥമാകുന്നതുമെല്ലാം ഇതിലുള്‍പ്പെട്ടിരുന്നു. യുദ്ധകാലത്ത് 1916-ല്‍ മാതാ ഹരിയെ ഒരു സംഘം പോലീസുകാര്‍ അറസ്റ്റ് ചെയ്തു  ജർമ്മനിയിൽനിന്ന് പാരീസിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്.  ചോദ്യം ചെയ്യലിനെ താനൊരു  ചാരവനിതയാണെന്ന് മാതാ ഹരി സമ്മതിച്ചു. പക്ഷെ അവള്‍ സത്യം തന്നെയാണോ പറയുന്നത് എന്ന കാര്യത്തില്‍ അന്ന് പോലീസുകാരും സംശയത്തിലായിരുന്നു. സത്യത്തില്‍ ജര്‍മനിക്ക് വേണ്ടി  ഫ്രഞ്ച് സൈന്യത്തില്‍ നിന്ന് രഹസ്യം ചോര്‍ത്താന്‍ നിയോഗിക്കപ്പെട്ടയാളായിരുന്നു അവളെങ്കിലും ജര്‍മനി ഇക്കാര്യം തള്ളിപ്പറഞ്ഞു. 

അതിനിടെ 1917-ല്‍ ജര്‍മന്‍ സൈന്യം എച്ച്-21 എന്ന കോഡില്‍ അറിയപ്പെടുന്ന ഒരു ചാരനെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. മാതാ ഹരിയാണ് ഈ ചാരയെന്ന് അനുമാനിച്ച് ഫ്രഞ്ച് സൈന്യം മാതാ ഹരിയെ അറസ്റ്റ് ചെയ്ത് സെന്റ് ലസാരേ ജയിലില്‍ തടവിലാക്കി. 1917ല്‍ ഫെബ്രുവരി 13നാണ് പാരിസിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് മാതാ ഹരി അറസ്റ്റിലാവുന്നത്. ജര്‍മനിക്ക് വേണ്ടി ചാരവൃത്തി നടത്തിയതിലൂടെ അരലക്ഷത്തോളം ഫ്രഞ്ച് സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് മാതാ ഹരിക്കെതിരേയുളള കുറ്റം. യുദ്ധകാലത്ത് ജര്‍മനിക്കും ഫ്രാന്‍സിനുമടക്കം നിരവധി രാജ്യങ്ങള്‍ക്ക് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയിട്ടുണ്ടെന്നും ചാരവൃത്തി നടത്തിക്കൊണ്ട് ധാരാളം പണം സമ്പാദിച്ചതായും മാതാ ഹരി വിചാരണവേളയില്‍ ജഡ്ജിയോട് സമ്മതിച്ചിരുന്നു. എന്നാല്‍ അന്ന് ഇതിന്റെ വ്യക്തമായ തെളിവുകളൊന്നും കണ്ടെത്തിയിരുന്നില്ല.

placeholder
മാതാ ഹരി | Photo: Getty Images

തെളിവുകളൊന്നുമില്ലെങ്കിലും  മാതാ ഹരിയെ വെടിവെച്ച് കൊലപ്പെടുത്താനായിരുന്നു വിചാരണ പൂര്‍ത്തിയായപ്പോള്‍ പുറത്തുവന്ന ഉത്തരവ്. അതേവര്‍ഷം ഒക്ടോബര്‍ 15-ന് മാതാ ഹരിയുടെ വിധി നടപ്പാക്കപ്പെട്ടു. വിധി നടപ്പാക്കുമ്പോള്‍ തന്‍റെ കണ്ണുകള്‍ കറുത്ത തുണികൊണ്ട് മൂടരുതെന്ന് അവള്‍ ആവശ്യപ്പെട്ടിരുന്നു. വെടിയുതിര്‍ക്കുന്നതിന് മുന്‍പ് ഫ്രഞ്ച് സൈനികര്‍ക്ക് അവള്‍ ഫ്ലയിങ് കിസ് നല്‍കി. സ്‌ക്വാഡിന് മുന്നില്‍ പുഞ്ചിരിച്ചുകൊണ്ട് തലയുയര്‍ത്തി നിന്നു. വിധി നടപ്പാക്കപ്പെട്ടു. ഒരേയൊരു തോക്കിന്‍ തിരയ്ക്ക് മുന്നില്‍ അവള്‍ മരണത്തിന് മുന്നില്‍ കീഴടങ്ങി. മരിക്കുന്ന സമയത്ത് 41 വയസ്സായിരുന്നു. മരണത്തിന് ശേഷം മാതാ ഹരിയുടെ മൃതദേഹം പഠനത്തിനായി വിട്ടുനല്‍കി. ചാരവൃത്തി സംബന്ധിച്ച ഏതാനും തെളിവുകളും നിര്‍ണായക സംഭവങ്ങള്‍ വിശദീകരിച്ച് സുഹൃത്തുക്കള്‍ക്കും സഹായികള്‍ക്കും അയച്ച കത്തുകളും പില്‍ക്കാലത്ത് കണ്ടെടുത്തിട്ടുമുണ്ട്.

ചാരവൃത്തിയുടെ കരിനിഴല്‍ മാതാ ഹരിയില്‍ വീണില്ലായിരുന്നെങ്കില്‍ ലോകം കണ്ട ഏറ്റവും സുന്ദരിയായ സ്ത്രീ എന്ന വിശേഷണത്തില്‍ അവള്‍ അവസാനിച്ചേനെ. എന്നാല്‍, ചാരവൃത്തിയുടെ പേരില്‍ നൂറു വര്‍ഷങ്ങള്‍ക്കിപ്പുറം കുപ്രസിദ്ധിയോടെ മാതാ ഹരി ഓര്‍ക്കപ്പെടുന്നു, ചരിത്രത്തില്‍ അടയാളപ്പെടുന്നു.  മാതാ ഹരിയുടെ ജീവിതം പിന്നീട് പലപ്പോഴും പുസ്തകങ്ങള്‍ക്കും സിനിമകള്‍ക്കും വിഷയങ്ങളായിട്ടുണ്ട്. അതില്‍ പ്രധാനം മേരി ഡബ്ല്യൂ ക്രെയ്ഗ് എഴുതിയ 'എ ടാങ്ക്ള്‍ഡ് വെബ്-മാതാ ഹരി' എന്ന പുസ്തകമാണ്.മാതാ ഹരിയുടെ ജീവിതം പ്രമേയമാക്കി  നിരവധി സിനിമകളും സീരിയലുകളും ഡോക്യുമെന്ററികളും പുറത്തിറങ്ങിയിട്ടുണ്ട്. ദി നേക്കഡ് സ്‌പൈ, മാതാ ഹരി- ഏജന്റ് എച്ച്-21, മാതാ ഹരി തുടങ്ങിയവയാണ് അതില്‍ പ്രധാനപ്പെട്ടത്.