വാഷിംഗ്ടൺ: മുതിർന്ന അമേരിക്കൻ ഉദ്യോഗസ്ഥരെ ഇസ്രയേൽ രഹസ്യമായി നിരീക്ഷിക്കുന്നുവെന്ന് അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗൺ. ഇസ്രയേൽ നിരീക്ഷണത്തിൽ ആശങ്ക പ്രകടിപ്പിച്ച് പെന്റഗൺ രംഗത്തെത്തി. ഇറാൻ വിഷയത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിലുള്ള ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
പെന്റഗണിലെ ഡിഫൻസ് ഇന്റലിജൻസ് ഏജൻസി (DIA), ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഭീഷണി നിലവാരം (counter-intelligence threat rating) ഏറ്റവും ഉയർന്ന ഘട്ടമായ ക്രിട്ടിക്കൽ (Critical) എന്ന നിലയിലേക്ക് ഉയർത്തിയിട്ടുണ്ട്. ഇസ്രായേലി രഹസ്യാന്വേഷണ ഏജൻസികൾ വിവരങ്ങൾ ശേഖരിക്കുന്നതിൽ വളരെയധികം അക്രമോത്സുക സ്വഭാവം കാണിക്കുന്നുവെന്നാണ് മുതിർന്ന അമേരിക്കൻ ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്.
ഇസ്രായേൽ സന്ദർശിക്കുന്ന അമേരിക്കൻ ഉദ്യോഗസ്ഥരോട് ഇപ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. ആശയവിനിമയത്തിനായി ബർണർ ഫോണുകളും താത്കാലിക കമ്പ്യൂട്ടറുകളും മാത്രമാണ് ഉപയോഗിക്കുന്നത്. ഹോട്ടൽ മുറികളിലോ മറ്റ് സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിലോ വെച്ച് അതീവ രഹസ്യസ്വഭാവമുള്ള വിഷയങ്ങൾ ചർച്ചചെയ്യുന്നത് ഒഴിവാക്കാനും മുതിർന്ന ഉദ്യോഗസ്ഥർക്ക് നിർദ്ദേശമുണ്ടെന്നാണ് റിപ്പോർട്ടുകൾ. പശ്ചിമേഷ്യയിലെ സംഘർഷങ്ങളെക്കുറിച്ചുള്ള ട്രംപ് ഭരണകൂടത്തിന്റെ ആഭ്യന്തര തീരുമാനങ്ങൾ ചോർത്താൻ ഇസ്രായേൽ ശ്രമിക്കുന്നുണ്ടെന്നാണ് യുഎസ് പ്രതിരോധ വകുപ്പിന്റെ നിഗമനം.
അതേസമയം, ഈ ആരോപണങ്ങളെല്ലാം ഇസ്രയേൽ പൂർണമായും തള്ളിക്കളഞ്ഞു. അമേരിക്കൻ ഉദ്യോഗസ്ഥരെ നിരീക്ഷിക്കുന്നു എന്നത് തികച്ചും വ്യാജമായ കാര്യമാണെന്ന് വാഷിങ്ടണിലെ ഇസ്രായേൽ എംബസി വക്താവ് അറിയിച്ചു. ഇസ്രായേലിന്റെ രഹസ്യാന്വേഷണ പ്രവർത്തനങ്ങൾ ശത്രുരാജ്യങ്ങൾക്ക് എതിരെ മാത്രമാണെന്നും സഖ്യകക്ഷികൾക്കെതിരെയല്ലെന്നും അവർ വ്യക്തമാക്കി. വൈറ്റ് ഹൗസും ഈ റിപ്പോർട്ടുകൾ ഔദ്യോഗികമായി തള്ളിയിട്ടുണ്ട്.
ഇറാനുമായുള്ള യുദ്ധത്തിന്റെ കാര്യത്തിൽ ട്രംപും നെതന്യാഹുവും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ലെബനനിലെ ഇസ്രയേൽ ആക്രമണങ്ങൾ സമാധാന ചർച്ചകളെ ബാധിക്കുമെന്ന് ട്രംപ് നെതന്യാഹുവിന് ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ട്രംപിന്റെ മുന്നറിയിപ്പും അവഗണിച്ച് ഇസ്രയേൽ ലെബനനിൽ സൈനിക നടപടി തുടർന്നു. ഇത് അമേരിക്ക-ഇസ്രയേൽ ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയിട്ടുണ്ട്.
ഇറാനെ നിരീക്ഷിക്കാൻ അസർബൈജാൻ, യുഎഇ എന്നിവിടങ്ങളിൽ ഇസ്രായേൽ രഹസ്യ സൈനിക ശൃംഖല സ്ഥാപിച്ചു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ്, ഇപ്പോൾ അമേരിക്കൻ ഉദ്യോഗസ്ഥരെയും അവർ നിരീക്ഷിക്കുന്നു എന്ന ഗുരുതരമായ ആരോപണം ഉയർന്നിരിക്കുന്നത്.
Content Highlights: Pentagon classifies Israel's counter-intelligence threat level as 'Critical'., US officials advised to use burner phones due to alleged surveillance., Rising tensions between Trump and Netanyahu over Iran and Lebanon policies., Israel officially denies all allegations of spying on US allies.
Published: 06 Jun 2026, 03:40 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented