പത്താൻകോട്ട്: പഞ്ചാബിലെ പത്താൻകോട്ടിൽ ഇന്ത്യൻ സൈന്യത്തിന്റെ നീക്കങ്ങൾ ചോർത്തുകയും വിവരങ്ങൾ പാകിസ്താന് കൈമാറുകയും ചെയ്ത കേസിൽ പ്രതിയെ പിടികൂടി പോലീസ്. പത്താൻകോട്ട്-ജമ്മു ദേശീയപാത 44-ലെ പാലത്തിന് സമീപമുള്ള കടയിൽ സിസിടിവി ക്യാമറ സ്ഥാപിച്ച് സൈനിക ദൃശ്യങ്ങൾ ചോർത്തിയ ബൽജിത് സിങ് എന്ന ബിട്ടുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചക് ധരിവാൾ സ്വദേശിയായ ഇയാൾ സൈനിക വാഹനങ്ങളുടെ പോക്കുവരവ് നിരീക്ഷിക്കാനാണ് ക്യാമറ  സ്ഥാപിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

To advertise here,

ഈ സിസിടിവി ദൃശ്യങ്ങൾ ഇന്റർനെറ്റ് വഴി പാകിസ്താനിലെയും മറ്റ് വിദേശ രാജ്യങ്ങളിലെയും ഏജന്റുകൾക്ക് തത്സമയം ലഭിച്ചിരുന്നതായി സീനിയർ പോലീസ് ഓഫീസർ ദൽജീന്ദർ സിങ് ധില്ലൺ അറിയിച്ചു. ദുബായിലുള്ള ഒരാളുടെ നിർദേശപ്രകാരമാണ് ജനുവരിയിൽ ക്യാമറ സ്ഥാപിച്ചതെന്നും ഇതിനായി 40,000 രൂപ പ്രതിഫലം ലഭിച്ചതായും പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

ഇയാളിൽനിന്ന് സിസിടിവി ക്യാമറയും വൈഫൈ റൂട്ടറും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ബൽജിത് സിങ്ങിൻ്റെ കൂട്ടാളികളായ വിക്രംജിത് സിങ്, ബൽവീന്ദർ സിങ്, തരൺപ്രീത് സിങ് എന്നിവർക്കെതിരെയും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് പോലീസ് കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ മാസം സമാനമായ രീതിയിൽ പാകിസ്താൻ ചാരസംഘടനയായ ഐ.എസ്.ഐ പിന്തുണയോടെ പ്രവർത്തിച്ചിരുന്ന രണ്ട് ചാരസംഘങ്ങളെ പഞ്ചാബ് പോലീസ് പിടികൂടിയിരുന്നു. ചൈനീസ് നിർമിത സോളാർ സിസിടിവി ക്യാമറകൾ ഉപയോഗിച്ചാണ് ഇവർ സൈനിക കേന്ദ്രങ്ങളുടെ ദൃശ്യങ്ങൾ ചോർത്തിയിരുന്നത്. സോളാർ പാനലുകളും 4G കണക്റ്റിവിറ്റിയുമുള്ള ഈ അത്യാധുനിക ക്യാമറകൾക്ക് പ്രത്യേക വയറിങ്ങിൻ്റെ ആവശ്യമില്ലാത്തതിനാൽ രഹസ്യമായി പ്രവർത്തിപ്പിക്കാൻ എളുപ്പമാണെന്ന് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു.

ജലന്ധറിലും കപുർത്തലയിലും നടന്ന പരിശോധനകളിൽ സുഖ്‌വീന്ദർ സിങ്, സോന, സന്ദീപ് സിങ് എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ സന്ദീപ് സിങ് എന്ന പ്രതി ഡ്രോൺ വഴി എത്തുന്ന ലഹരിമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലും ഉൾപ്പെട്ടിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ ശൃംഖലയുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും വിദേശ ബന്ധങ്ങളെക്കുറിച്ചും അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.