ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെ പ്രവർത്തിച്ചിരുന്ന വൻ ചാരശൃംഖലയെ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ തകർത്തു. അഡീഷണൽ പോലീസ് കമ്മീഷണർ പ്രമോദ് കുശ്വാഹയുടെ നേതൃത്വത്തിൽ നടന്ന നിർണ്ണായകമായ ഓപ്പറേഷനിലൂടെ പത്തോളം ചാരന്മാരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യയുടെ ദേശീയ സുരക്ഷയെ തകർക്കുക എന്ന ലക്ഷ്യത്തോടെ വിദേശ നിയന്ത്രണത്തിലാണ് ഈ സംഘം പ്രവർത്തിച്ചിരുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ഡൽഹിയിലെയും പരിസരപ്രദേശങ്ങളിലെയും പ്രധാനപ്പെട്ട സർക്കാർ സ്ഥാപനങ്ങളിലും ജനത്തിരക്കേറിയ സ്ഥലങ്ങളിലും ഇവർ നിരീക്ഷണം നടത്തിവരികയായിരുന്നു. കേവലം നിരീക്ഷണം നടത്തുന്നതിന് അപ്പുറം, അതീവ സുരക്ഷാ പ്രാധാന്യമുള്ള ഇടങ്ങളിൽ അത്യാധുനിക ക്യാമറകൾ സ്ഥാപിച്ച് അവിടുത്തെ തത്സമയ ദൃശ്യങ്ങൾ പാകിസ്താനിലെ ഐഎസ്ഐ ഉദ്യോഗസ്ഥർക്ക് ഇവർ എത്തിച്ചു നൽകിയിരുന്നു. ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിനും രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളിലെ സുരക്ഷാ വീഴ്ചകൾ കണ്ടെത്തുന്നതിനുമാണ് ഈ വിവരങ്ങൾ ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ആഴ്ചകൾ നീണ്ട രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് ഈ ശൃംഖലയുടെ പ്രാദേശിക നട്ടെല്ലായി പ്രവർത്തിച്ചിരുന്ന പത്തുപേരെ പോലീസ് പിടികൂടിയത്. അറസ്റ്റിലായവരിൽ നിന്ന് പിടിച്ചെടുത്ത ലാപ്ടോപ്പുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പോലീസ് ഇപ്പോൾ വിശദമായി പരിശോധിച്ചു വരികയാണ്. ഇതിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഒളിച്ചിരിക്കുന്ന സ്ലീപ്പർ സെല്ലുകളെ തിരിച്ചറിയാൻ കഴിയുമെന്നാണ് ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നത്. നിലവിൽ പിടിയിലായവരിൽ നിന്ന് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ തെളിയിക്കുന്ന നിരവധി രേഖകളും പോലീസ് കണ്ടെടുത്തു.
Content Highlights: Delhi Police Special Cell arrests 10 operatives in a anti-espionage operation against an ISI-backed module.
Published: 10 Apr 2026, 06:28 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented