ഏകദേശം ഒരു ദശാബ്ദക്കാലം സോവിയറ്റ് യൂണിയനും പിന്നീട് റഷ്യയ്ക്കും വേണ്ടി പ്രവർത്തിച്ച ആൽഡ്രിച്ച് എയ്മ്സ് വലിയ തുക പ്രതിഫലമായി കൈപ്പറ്റി അമേരിക്കൻ രഹസ്യങ്ങൾ ചോർത്തി നൽകി.

സോവിയറ്റ് യൂണിയന് വേണ്ടി ചാരപ്പണി ചെയ്ത് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയെ ഞെട്ടിച്ച ഉദ്യോഗസ്ഥൻ, ശീതയുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്ത് അമേരിക്കയ്ക്ക് വലിയ നാണക്കേടുണ്ടാക്കിയ രഹസ്യാന്വേഷണ വീഴ്ചയുടെ പിന്നിൽ പ്രവർത്തിച്ചയാൾ, സോവിയറ്റ് യൂണിയനിൽനിന്ന് മറ്റേതൊരു അമേരിക്കൻ ചാരനും ലഭിച്ചതിനേക്കാൾ വളരെ കൂടുതൽ പ്രതിഫലം പറ്റിയയാൾ. പറഞ്ഞുവരുന്നത് അമേരിക്ക കണ്ട ഏറ്റവും കുപ്രസിദ്ധിയാർജിച്ച ചാരനെക്കുറിച്ചാണ്. ആൽഡ്രിച്ച് എയ്മ്സ് (Aldrich Ames).
ഏകദേശം ഒരു ദശാബ്ദക്കാലം ആൽഡ്രിച്ച് എയ്മ്സ് അമേരിക്കൻ രഹസ്യങ്ങൾ സോവിയറ്റ് യൂണിയനും പിന്നീട് റഷ്യയ്ക്കും ചോർത്തി നൽകി. ആഡംബര ജീവിതം നയിക്കാനുള്ള പണത്തിനുവേണ്ടിയാണ് ചാരപ്പണി ചെയ്തതെന്ന് തുറന്നു പറഞ്ഞിരുന്നു. അയാളുടെ പ്രവൃത്തികൾ പക്ഷേ, യു.എസ്. ചാരശൃംഖലകളെ ഉലച്ചുകളഞ്ഞു. വിശ്വസ്തരായ ചാരന്മാരുടെ അറസ്റ്റുകളിലേക്കും വധശിക്ഷകളിലേയ്ക്കും നയിച്ചു. ഒടുവിൽ 84-ാം വയസ്സിൽ ഫെഡറൽ ജയിലിൽവെച്ച് എയ്മ്സ് മരിക്കുമ്പോൾ ശേഷിക്കുന്നത് ഒരുപിടി കഥകൾ കൂടിയാണ്.
റിക്ക് എന്ന ആൽഡ്രിച്ച് എയ്മ്സ്
അമേരിക്കയിലെ റിവർ ഫാൾസിൽ 1941-ലാണ് ആൽഡ്രിച്ച് എയ്മ്സ് ജനിച്ചത്. പിതാവ് കാൾട്ടൺ എയ്മ്സ് അക്കാലത്ത് ചരിത്രാധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. ഹൈസ്‌കൂൾ ഇംഗ്ലീഷ് അധ്യാപികയായിരുന്നു മാതാവ് റേച്ചൽ എയ്മ്സ് . ഇരുവരുടേയും മൂന്ന് മക്കളിൽ മൂത്തവനും ഏക ആൺകുട്ടിയുമായിരുന്നു റിക്ക് എന്ന് വിളിക്കപ്പെട്ട ആൽഡ്രിച്ച് എയ്മ്സ്. 1951-ൽ സെൻട്രൽ ഇന്റലിജൻസ് ഏജൻസി(സിഐഎ)യിൽ നിന്നുള്ള ഒരു റിക്രൂട്ടർ കാൾട്ടൺ എയ്മ്സിന് ഏജൻസിയിൽ ജോലി വാഗ്ദാനം ചെയ്തു.
ചൈന കമ്മ്യൂണിസ്റ്റ് ഭരണത്തിലാകുകയും കൊറിയൻ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുകയും ചെയ്തിരുന്ന സമയത്ത് ഏഷ്യൻ രാജ്യങ്ങളെക്കുറിച്ച് അറിവുള്ള ഒരാളെയായിരുന്നു അവർക്ക് ആവശ്യം. സിഐഎയുടെ ഡയറക്ടറേറ്റ് ഓഫ് ഓപ്പറേഷൻസിന്റെ ഭാഗമായ കാൾട്ടൺ 1953-ൽ ബർമയിൽ രഹസ്യാന്വേഷണ ദൗത്യത്തിനായി നിയമിതനായി. അതോടെ അദ്ദേഹം കുടുംബത്തോടൊപ്പം അവിടേക്ക് മാറി. ഇക്കാലത്ത് കടുത്ത മദ്യപാനിയായിരുന്നു കാൾട്ടൺ. ഇതോടെ ഒരു ചാരനെന്ന നിലയിൽ അദ്ദേഹം പരാജയപ്പെട്ടു. അമേരിക്കയിൽ മടങ്ങിയെത്തിയ അദ്ദേഹം തുടർന്നുള്ള വർഷങ്ങൾ സിഐഎ ആസ്ഥാനത്താണ് ജോലി ചെയ്തത്.
കുടുംബം അമേരിക്കയിലേക്ക് മടങ്ങിയതിന് പിന്നാലെ ഹൈസ്‌കൂൾ പഠനകാലത്ത് ആൽഡ്രിച്ച്, സിഐഎ ജീവനക്കാരുടെ മക്കൾക്ക് ലഭിച്ചിരുന്ന താല്കാലിക ജോലികൾ ചെയ്തിരുന്നു. സ്‌കൂൾ അവധിക്കാലത്ത് അദ്ദേഹം സിഐഎയിൽ റെക്കോർഡ് അനലിസ്റ്റായി ജോലി ചെയ്തു. ക്ലറിക്കൽ ജോലികളും മറ്റും ചെയ്തു ശീലിച്ച എയ്മ്സിന് ഏജൻസിയുടെ പ്രവർത്തനങ്ങളും സുരക്ഷാ രീതികളും പരിചിതമായി. 1962-ൽ, ഹൈസ്‌കൂൾ ബിരുദം നേടിയ ശേഷം, അദ്ദേഹം വിർജീനിയയിലെ സിഐഎയുടെ ആസ്ഥാനത്ത് ക്ലാർക്കായി ചേർന്നു. ചിക്കാഗോ സർവകലാശാലയിൽ വിദേശ സംസ്‌കാരങ്ങളും ചരിത്രവും പഠിക്കാൻ ചേർന്നെങ്കിലും പഠനം പൂർത്തിയാക്കാനായില്ല. ഒടുവിൽ ജോർജ്ജ് വാഷിംഗ്ടൺ സർവകലാശാലയിൽനിന്ന് ചരിത്രത്തിൽ ബിരുദം പൂർത്തിയാക്കി. അതേസമയം, സിഐഎയിൽ ക്ലറിക്കൽ ജോലി തുടർന്നു. ഒടുവിൽ 26-ാം വയസ്സിൽ ആൽഡ്രിച്ച് എയ്മ്സ് ഔദ്യോഗികമായി അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയിൽ സേവനത്തിൽ ചേർന്നു.
ആൽഡ്രിച്ച് എയ്മ്സ് സി.ഐ.എയിൽ
സിഐഎയിൽ ഒപ്പം പ്രവർത്തിച്ചിരുന്ന നാൻസി സെഗെബാർത്തിനെ 1969 മെയ് മാസത്തിൽ എയ്മ്സ് വിവാഹം കഴിച്ചു. പിറ്റേവർഷം എയ്മ്സിന് തുർക്കിയിലെ അങ്കാറയിൽ നിയമനം ലഭിച്ചു. ഇതോടെ ഇരുവരും ഒരുമിച്ച് അങ്കാറയിലേക്ക് മാറി. ആദ്യത്തെ പ്രധാന വിദേശ നിയമനമായിരുന്നു അത്. അവിടെ സോവിയറ്റ് പൗരന്മാരിൽനിന്ന് ചാരന്മാരെ റിക്രൂട്ട് ചെയ്യുക എന്നതായിരുന്നു ദൗത്യം. എന്നാൽ, തുർക്കിയിലെ അദ്ദേഹത്തിന്റെ പ്രകടനത്തിൽ മേലധികാരി തൃപ്തനായിരുന്നില്ല. എയ്മ്സിന്റെ പ്രകടനത്തിൽ നിരാശനായ മേധാവി, അദ്ദേഹം വിദേശത്ത് ഒരു ചാരനായി പ്രവർത്തിക്കാൻ യോഗ്യനല്ലെന്ന് ഏജൻസിക്ക് റിപ്പോർട്ട് നൽകി. പിന്നാലെ 1970-കളിൽ അമേരിക്കയിൽ തിരിച്ചെത്തിയ എയ്മ്സ് റഷ്യൻ ഭാഷ പഠിക്കുകയും സിഐഎയുടെ സോവിയറ്റ് ഡിവിഷനിലേക്ക് മാറുകയും ചെയ്തു. മദ്യപാനവും മോശം പെരുമാറ്റവും ഇക്കാലത്ത് അദ്ദേഹത്തിന് പ്രശ്‌നമായി. രഹസ്യവിവരങ്ങൾ അടങ്ങുന്ന ഒരു ബ്രീഫ്കേസ് പൊതുസ്ഥലത്ത് ഉപേക്ഷിച്ചതുൾപ്പെടെയുള്ളവയും അദ്ദേഹത്തിന്റെ ബ്ലാക്ക് മാർക്കായി.
പ്രശ്നങ്ങൾക്കിടയിലും എയ്മ്സിന് പ്രധാന അസൈൻമെന്റുകൾ ലഭിച്ചു. മാത്രമല്ല, അദ്ദേഹത്തിന് രണ്ടുതവണ സ്ഥാനക്കയറ്റവും ലഭിച്ചു. ആദ്യം ഐക്യരാഷ്ട്ര സഭയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ന്യൂയോർക്ക് സ്റ്റേഷനിലേക്കും പിന്നീട് 1981-ൽ പടിഞ്ഞാറൻ അർദ്ധഗോളത്തിലെ സോവിയറ്റ് ചാരവൃത്തിയുടെ കേന്ദ്രമായ മെക്‌സിക്കോ സിറ്റിയിലേക്കും. പക്ഷേ, എയ്മ്സ് കാര്യമായി ജോലിയൊന്നും ചെയ്യാതെ തന്റെ ക്വാർട്ടേഴ്സിൽ ഒതുങ്ങിക്കൂടി. മദ്യപാനം തുടർന്നു. മദ്യപിച്ച് വാഹനമോടിച്ച സംഭവത്തിനും എംബസി റിസപ്ഷനിൽ വഴക്കുണ്ടാക്കിയതിനും നടപടിക്ക് ശുപാർശ ചെയ്യപ്പെട്ടു. പക്ഷേ സിഐഎ ആസ്ഥാനത്തുനിന്ന് കാര്യമായ ഒരു നടപടിയും ഉണ്ടായില്ലെന്ന് ന്യൂയോർക്ക് ടൈംസ് ഒരു ലേഖനത്തിൽ പറഞ്ഞു. 1983-ൽ എയ്മ്സ് സോവിയറ്റ് ഡിവിഷന്റെ കൗണ്ടർ ഇന്റലിജൻസ് മേധാവിയായി. ഇതോടെ അമേരിക്കയ്ക്ക് വേണ്ടി രഹസ്യമായി പ്രവർത്തിച്ചിരുന്ന സോവിയറ്റ് ഉദ്യോഗസ്ഥരെ സംബന്ധിച്ച നിർണായക ഇന്റലിജൻസ് വിവരങ്ങൾ എയ്മ്സിന് ലഭിച്ചു.
ഈ കാലയളവിൽ നാൻസിയുമായുള്ള അദ്ദേഹത്തിന്റെ വിവാഹബന്ധം തകർന്നിരുന്നു. ഇതിനു പിന്നാലെ കൊളംബിയൻ എംബസിയിൽ പ്രവർത്തിച്ചിരുന്ന മരിയ ഡെൽ റൊസാരിയോയുമായി അദ്ദേഹം അടുത്തു. അവരോട് വിവാഹവാഗ്ദാനം നടത്തി. എന്നാൽ വൈകിയാണ് വിവാഹത്തിന് സിഐഎയുടെ അനുമതി തേടിയത്. ഒരു വിദേശ പൗരയുമായുള്ള ബന്ധം കരിയർ അവസാനിപ്പിക്കാൻ സാധ്യതയുള്ളതായിരുന്നു. എയ്മ്സിന്റെ കാര്യത്തിൽ അതുണ്ടായില്ല. നാൻസിയെ വിവാഹമോചനം ചെയ്ത ശേഷം എയ്മ്സ് 1985-ൽ മരിയയെ വിവാഹം കഴിച്ചു. പക്ഷേ, വിവാഹത്തിന് പിന്നാലെ എയ്മ്സിന്റെ സാമ്പത്തികനില വഷളായി. കടബാധ്യതകൾ, മരിയയുടെ ചെലവേറിയ ജീവിതശൈലി എന്നിവ എന്നിവ അദ്ദേഹത്തെ വലച്ചു. ഇതോടെ ഏത് വിധേനയും പണം സമ്പാദിക്കുക എന്ന നിലയിലേക്ക് എയ്മ്സ് എത്തി.
അമേരിക്കക്കാരനായ സോവിയറ്റ് ചാരൻ
1985-ലാണ് എയ്മ്സ് സോവിയറ്റ് ചാരസംഘടന കെജിബിയുമായി ബന്ധപ്പെടുന്നത്. സി.ഐ.എയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന സോവിയറ്റ് ചാരന്മാരുടെ പേരുകൾക്ക് പകരമായി ഏകദേശം 50,000 ഡോളർ ആവശ്യപ്പെട്ടു. കെജിബി പണം നൽകുകയും അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. തുടർന്ന് അമേരിക്കയിൽ ജോലി ചെയ്യുന്ന സോവിയറ്റ് ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെയും സൈനിക ഉദ്യോഗസ്ഥന്റെയും പേരുകളും റഷ്യയ്ക്ക് എതിരായ സിഐഎ പ്രവർത്തനങ്ങളെക്കുറിച്ച് തനിക്ക് അറിയാവുന്ന വിവരങ്ങളും അദ്ദേഹം നൽകി. ഒൻപത് വർഷത്തോളം അദ്ദേഹം ചാരവൃത്തി തുടർന്നു. 1986 മുതൽ 1989 വരെ റോമിൽനിന്നും തുടർന്ന് വിർജീനിയയിലെ ഏജൻസിയുടെ ആസ്ഥാനത്തുനിന്നും അദ്ദേഹം വിവരങ്ങൾ ചോർത്തി നൽകി.
ഇതിനിടെ, 1990 മുതൽ 1994 വരെ, സോവിയറ്റുകൾക്കും അവരുടെ ഉപഗ്രഹങ്ങൾക്കുമെതിരായ അമേരിക്കയുടെ പടിഞ്ഞാറൻ യൂറോപ്പിലെ പ്രവർത്തനങ്ങൾക്ക് അദ്ദേഹം മേൽനോട്ടം വഹിച്ചു. ചെക്കോസ്ലോവാക്യയിൽ ചാരവൃത്തി നടത്തി. സിഐഎയുടെ ലഹരിവിരുദ്ധ കേന്ദ്രത്തിൽ ജോലി ചെയ്തു. ഇതിനൊപ്പം തന്റെ റഷ്യൻ ഏജന്റുമാരെ കാണാൻ പറന്നു നടന്നു. ഒമ്പത് വർഷത്തിനിടയിൽ കെജിബിയിൽനിന്ന് എയ്മ്സിന് 2.5 മില്യൺ ഡോളറിലധികം ലഭിച്ചു. സോവിയറ്റുകളിൽനിന്ന് മറ്റേതൊരു അമേരിക്കൻ ചാരനും ലഭിച്ചതിനേക്കാൾ വളരെ കൂടുതലായിരുന്നു ആ പണം. കടങ്ങൾ വീട്ടാനും ജീവിതശൈലി മെച്ചപ്പെടുത്താനും അദ്ദേഹവും റൊസാരിയോയും ആ പണം ഉപയോഗിച്ചു. വടക്കൻ വിർജീനിയയിൽ വലിയ വീടും വിലകൂടിയ കാറുകളും വാങ്ങി.
യുഎസ് ഇന്റലിജൻസിന് ഇക്കാലത്ത് ഉണ്ടായ നാശനഷ്ടം അതിഭീകരമായിരുന്നു. പടിഞ്ഞാറൻ രാജ്യങ്ങൾക്കുവേണ്ടി റഷ്യയിൽ രഹസ്യമായി പ്രവർത്തിച്ചിരുന്ന നിരവധി ഏജന്റുമാരുടെ ഐഡന്റിറ്റികൾ എയ്മ്സ് വെളിപ്പെടുത്തി. കുറഞ്ഞത് പത്ത് പേരെങ്കിലും പിന്നീട് വധിക്കപ്പെടുകയോ അപ്രത്യക്ഷരാകുകയോ ചെയ്തു. സോവിയറ്റ് യൂണിയനിലെ പെട്ടെന്നുള്ള അറസ്റ്റും ഏജന്റുമാരുടെ തിരോധാനവും സിഐഎയിലും എഫ്ബിഐയിലും ആശയക്കുഴപ്പം സൃഷ്ടിച്ചു. 1986-ന്റെ തുടക്കം മുതൽ തന്നെ ഏജൻസിക്കുള്ളിൽ ഒരു ചാരനുണ്ടെന്ന് സിഐഎക്ക് അറിയാമായിരുന്നു. പക്ഷേ, വർഷങ്ങളോളം തങ്ങളുടെ കൂട്ടത്തിലെ ചാരനെ കണ്ടെത്താൻ അവർക്ക് സാധിച്ചില്ല. അന്വേഷണങ്ങളുടെ തുടക്കത്തിൽ ആരും എയ്മ്സിനെ സംശയിച്ചുമില്ല. അതോടെ എയ്മ്സ് തന്ത്രപ്രധാന സ്ഥാനത്തിരുന്ന് തന്റെ ജോലി തുടർന്നു.
ഒടുവിൽ എയ്മ്സ് പിടിക്കപ്പെടുന്നു
1990-കളുടെ തുടക്കത്തിൽ മാത്രമാണ് സിഐഎ എയ്മ്സിനെ സംശയിച്ച് തുടങ്ങുന്നത്. അദ്ദേഹത്തിന്റെ ജീവിതശൈലിയും വരുമാനവും തമ്മിലുള്ള പൊരുത്തക്കേടും സംശയം ജനിപ്പിച്ചു. അദ്ദേഹത്തിന്റെ പ്രവർത്തന രീതികളും മേലുദ്യോഗസ്ഥരിൽ സംശയമുണ്ടാക്കി. 1994 ഫെബ്രുവരി 21-ന്, എഫ്ബിഐ എയ്മ്സിനെയും റൊസാരിയോയെയും വിർജീനിയയിലെ അവരുടെ വീടിനടുത്ത് വെച്ച് അറസ്റ്റ് ചെയ്തു. അദ്ദേഹത്തിന്റെ പക്കൽനിന്ന് 144 റിപ്പോർട്ടുകൾ കണ്ടെത്തി. അവയൊന്നും അദ്ദേഹത്തിന്റെ ജോലിയുമായി ബന്ധമില്ലാത്തവയായിരുന്നു. ഒരു പതിറ്റാണ്ടോളം ഇരട്ട ഏജന്റ് എന്ന നിലയിൽ ജോലി ചെയ്ത ശേഷമായിരുന്നു എയ്മ്സ് പിടിക്കപ്പെട്ടത്.
എയ്മ്സിനെയും ഭാര്യ മരിയ ഡെൽ റൊസാരിയോയെയും ചാരവൃത്തി കുറ്റങ്ങൾ ചുമത്തി വിചാരണ ചെയ്തു. 1994 ഏപ്രിലിൽ പരോൾ ഇല്ലാതെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. നികുതി വെട്ടിപ്പിനും ചാരവൃത്തി നടത്താൻ ഗൂഢാലോചന നടത്തിയതിനും അദ്ദേഹത്തിന്റെ ഭാര്യക്ക് അഞ്ച് വർഷത്തെ തടവുശിക്ഷ ലഭിച്ചു. പിന്നീടുള്ള കാലം മുഴുവൻ ഫെഡറൽ ജയിലിലായിരുന്നു എയ്മ്സ്. അവിടെ ഇടയ്ക്കിടെ അഭിമുഖങ്ങൾ നൽകുകയും തന്റെ പ്രവൃത്തികളെക്കുറിച്ച് എഴുതുകയും ചെയ്തു. പ്രത്യയശാസ്ത്രത്തേക്കാൾ പണമാണ് തന്നെ നയിച്ചതെന്ന് പറഞ്ഞ് അയാൾ സ്വയം ന്യായീകരിച്ചു. എന്നാൽ, എയ്മ്സിന്റെ സംഭവം സുരക്ഷാ പരിശോധന, സാമ്പത്തിക നിരീക്ഷണം, കൗണ്ടർ ഇന്റലിജൻസ് നടപടിക്രമങ്ങൾ എന്നിവ സംബന്ധിച്ച് സിഐഎയിലും എഫ്ബിഐയിലും പരിഷ്‌കാരങ്ങൾക്ക് കാരണമായി. ഒടുവിൽ 84-ാം വയസ്സിൽ ഫെഡറൽ ജയിലിൽവെച്ച് എയ്മ്സ് മരിച്ചു. അമേരിക്ക കണ്ട ഏറ്റവും കുപ്രസിദ്ധനായ ചാരന്റെ അന്ത്യം.
Content Highlights: Discover the shocking story of Aldrich Ames, the CIA officer who spied for the Soviet Union, causing immense damage and humiliation to US intelligence during the Cold War.
Published: 09 Jan 2026, 03:30 pm IST
ABOUT THE AUTHOR

Akhil Sivanand
akhilsivanand@mpp.co.inമാതൃഭൂമി ഡോട്ട് കോം സീനിയർ കണ്ടന്റ് റൈറ്റർ. പരിസ്ഥിതി, കാലാവസ്ഥാ പ്രശ്നങ്ങള്, അന്താരാഷ്ട്ര രാഷ്ട്രീയം എന്നിവയില് താല്പര്യം
.Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented