ഒരു നായ വഴിതെറ്റി കാട്ടിലെത്തി. പുറത്തേക്കുള്ള വഴിതേടി അലഞ്ഞ നായ ഒരു സിംഹത്തിനു മുന്നിലാണ് ചെന്നുപെട്ടത്. സിംഹം വളരെ ദൂരത്താണെങ്കിലും രണ്ടുപേരും പരസ്പരം കണ്ടു. 'ഹമ്മേ, സിംഹത്തിനു മുന്നിൽനിന്ന് എങ്ങനെ രക്ഷപ്പെടും?', നായ ചിന്തിച്ചു. അപ്പോഴാണ് താഴേ ഒരു എല്ലിൻകഷണം കിടക്കുന്നത് നായ കണ്ടത്. അവൻ അതെടുത്ത് കടിച്ചുകൊണ്ട് ഉച്ചത്തിൽ പറഞ്ഞു: ''ഹായ്, ഈ സിംഹത്തിന്റെ ഇറച്ചിക്ക് എന്താ സ്വാദ്. ഇനിയും ഒരെണ്ണത്തിനെ കിട്ടിയാൽ നന്നായിരുന്നു!''
ഇതുകേട്ടതും സിംഹത്തിന്റെ ഉള്ളൊന്നു കാളി. 'ദൈവമേ, ഇവൻ സിംഹത്തെയും തിന്നുമോ! എങ്കിൽ ഇവൻ അപകടകാരിയാണല്ലോ...', ഇങ്ങനെചിന്തിച്ച് സിംഹം പിന്നോട്ടു നടന്നു. നായയുടെ കണ്ണിൽനിന്നു മറഞ്ഞതും സിംഹം ജീവനുംകൊണ്ട് ഓടി.
ഇതെല്ലാം മരത്തിലിരുന്ന് ഒരു കുരങ്ങൻ കാണുന്നുണ്ടായിരുന്നു.
'അതുശരി, കാട്ടിലെത്തി ഞങ്ങളുടെ മൃഗരാജാവിനെ പറ്റിച്ചിട്ട് രക്ഷപ്പെടാമെന്നോ. എന്തായാലും ഇക്കാര്യം സിംഹരാജാവിനെ അറിയിച്ചിട്ടുതന്നെ കാര്യം...' എന്നു തീരുമാനിച്ച് കുരങ്ങൻ സിംഹത്തിനു പുറകേ പോയി. സിംഹത്തിനടുത്തെത്തി കുരങ്ങൻ കാര്യങ്ങൾ വിശദീകരിച്ചു: ''പ്രഭോ, അവനെ അങ്ങനെ വിട്ടാൽ പറ്റില്ല. നമുക്ക് പകരം വീട്ടണം,'' കുരങ്ങൻ സിംഹത്തെ പ്രേരിപ്പിച്ചു.
''പക്ഷേ, എനിക്കൊരു പേടി... നീയുംകൂടി വരാമെങ്കിൽ ഞാൻ അവന്റെ അടുത്തുപോകാം,'' സിംഹം പറഞ്ഞു. ''എങ്കിൽ ശരി, ഞാനും വരാം'' എന്നുപറഞ്ഞ് കുരങ്ങൻ സിംഹത്തിന്റെ തോളിൽ കയറിയിരുന്നു. സിംഹം കുരങ്ങനെയുംകൊണ്ട് നായയുടെ അടുത്തേക്ക് നടന്നു.
നായ ഇത് ദൂരെനിന്നേ കണ്ടു.
'ഹമ്മേ, കുഴപ്പമായല്ലോ... ആ കുരങ്ങൻ എന്തോ ഒപ്പിച്ചുകൊണ്ടുള്ള വരവാണ്. ഇപ്പോൾ ഓടിപ്പോയാൽ അത് നാണക്കേടാവും...' നായ എന്തോ ആലോചിച്ചിട്ട് കുരങ്ങനെ നോക്കി ഇങ്ങനെ വിളിച്ചുചോദിച്ചു: ''നീ എന്തുപണിയാ കാണിച്ചത്... രണ്ടു സിംഹത്തെ കൊണ്ടുവരാമെന്ന് പറഞ്ഞിട്ട് ഇപ്പോ ഒരെണ്ണെത്തിനെയേ കിട്ടിയുള്ളോ? ഇവനെ എനിക്ക് ഒരുനേരത്തേക്കുപോലും തികയില്ല! വേഗം അടുത്തതിനെക്കൂടി കൊണ്ടുവാ.''
ഇതുകേട്ടതും സിംഹം പേടിച്ചുപോയി. അത് അലറിക്കൊണ്ട് കുരങ്ങനെ കുടഞ്ഞെറിഞ്ഞ് വാലുംപൊക്കി ഓടെടാ ഓട്ടം! കുരങ്ങൻ വേഗംതന്നെ മരത്തിൽ കയറി രക്ഷപ്പെട്ടു.
സമയോചിതമായി ബുദ്ധി പ്രയോഗിച്ചാൽ ഏത് പ്രശ്നത്തെയും തരണംചെയ്യാമെന്നാണ് ഈ കഥ പഠിപ്പിക്കുന്നത്.
Content Highlights: Highlights how intelligence can overcome physical strength
Published: 27 May 2026, 12:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented