മൃതദേഹങ്ങളോ മനുഷ്യശരീരത്തിന്റെ അവശിഷ്ടങ്ങളോ കണ്ടെത്താൻ പ്രത്യേകം പരിശീലനം ലഭിച്ച നായ്ക്കളെയാണ് കഡാവർ നായ്ക്കൾ (Cadaver Dogs) എന്ന് വിളിക്കുന്നത്. ദുരന്തമുഖങ്ങളിലും കുറ്റാന്വേഷണരംഗത്തും ഇവരുടെ സേവനം വിലമതിക്കാനാവില്ല.

To advertise here,

കഡാവർ എന്ന വാക്കിന്റെ അർഥം മൃതദേഹം അല്ലെങ്കിൽ ശവശരീരം എന്നാണ്. മെഡിക്കൽ വിദ്യാർഥികളോ കുറ്റാന്വേഷണ ഫൊറൻസിക് പരിശോധകരോ ആണ് ഈ വാക്ക് കൂടുതലായി ഉപയോഗിക്കുന്നത്. മനുഷ്യശരീരം അഴുകുമ്പോഴുണ്ടാകുന്ന പ്രത്യേക രാസഗന്ധത്തെ കഡാവറിൻ എന്നാണ് പറയുന്നത്. ഇത് തിരിച്ചറിയാൻ പരിശീലിപ്പിച്ചെടുത്തവയാണ് കഡാവർ നായ്ക്കൾ. രാജപാളയം, ബെൽജിയം മാലിനോസ് തുടങ്ങി പല ബ്രീഡിലുമുള്ള നായ്ക്കളെ ഇതിനായി പരിശീലിപ്പിച്ചെടുക്കുന്നുണ്ട്.

കഡാവർ നായകൾ എവിടെയെല്ലാം?
ദുരന്തനിവാരണം: ഉരുൾപൊട്ടൽ, ഭൂകമ്പം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകുമ്പോൾ മണ്ണിനടിയിൽപ്പെട്ട മൃതദേഹങ്ങൾ വേഗത്തിൽ കണ്ടെത്താൻ.

കുറ്റാന്വേഷണം: കൊലപാതകത്തിനുശേഷം ഒളിപ്പിച്ച മൃതദേഹങ്ങൾ കണ്ടെത്താൻ പോലീസിനെ സഹായിക്കുന്നു.

പഴയ അവശിഷ്ടങ്ങൾ: വർഷങ്ങൾ പഴക്കമുള്ള അസ്ഥികൾപോലും കണ്ടെത്താൻ മികച്ച പരിശീലനം ലഭിച്ച കഡാവർ നായ്ക്കൾക്ക് കഴിയും.

സാധാരണ നായ്ക്കൾക്ക് തിരിച്ചറിയാൻ കഴിയാത്തത്ര നേർത്ത ഗന്ധം പോലും (മണ്ണിനടിയിലോ വെള്ളത്തിനടിയിലോ ആണെങ്കിൽപ്പോലും) കണ്ടെത്താൻ ഇവയ്ക്ക് സാധിക്കും. ഇത് വളർത്തിയെടുക്കാൻ പരിശീലനത്തിനിടെ കൃത്രിമഗന്ധങ്ങളോ ശാസ്ത്രീയമായി സൂക്ഷിച്ച അസ്ഥികളോ ഒക്കെ ഉപയോഗിക്കുന്നു. കഡാവറിനോടു സാമ്യമുള്ള കൃത്രിമഗന്ധം അടങ്ങിയ ലായനിയിൽ മുക്കിയ പഞ്ഞിയും മറ്റും പലയിടങ്ങളിൽ ഒളിപ്പിച്ചുവയ്ക്കും. ഇത് തിരഞ്ഞുകണ്ടുപിടിക്കാൻ ഇവയെ പരിശീലിപ്പിക്കും. ഏത് കാലാവസ്ഥയിലും ദുരന്തസാഹചര്യങ്ങളിലും പ്രവർത്തിക്കാൻ വേണ്ട പരിശീലനവും ഇവയ്ക്ക് നൽകും.

പരിശീലനം എപ്പോഴും ഒരേ സ്ഥലത്തുവെച്ച് ചെയ്യില്ല. പകരം, കെട്ടിടാവശിഷ്ടങ്ങൾ (തകർന്നുവീണ കെട്ടിടങ്ങൾക്കിടയിൽ തിരയാൻ), കാട് (ഇലകൾക്കും മരങ്ങൾക്കും ഇടയിലുള്ള ഗന്ധം തിരിച്ചറിയാൻ), ജലാശയങ്ങൾ (ബോട്ടിലിരുന്ന് വെള്ളത്തിനടിയിലുള്ള ഗന്ധം പിടിക്കാൻ) എന്നിങ്ങനെ പല മേഖലകളിലും ഇവയെ പരിശീലിപ്പിക്കുന്നു.

ഈ പരിശീലനത്തിൽ നായയെക്കാൾ പ്രാധാന്യം നായയും ഹാൻഡ്‌ലറും തമ്മിലുള്ള ബന്ധത്തിനാണ്.

നായയുടെ ശരീരഭാഷയിലെ ചെറിയ മാറ്റങ്ങൾപോലും ഹാൻഡ്‌ലർക്ക് മനസ്സിലാക്കാൻ സാധിക്കണം.

പരിശീലനസമയത്ത് നായ്ക്കൾക്ക് ചില വെല്ലുവിളികളുണ്ടാകാം.

കാലാവസ്ഥ: കനത്ത കാറ്റോ മഴയോ ഉള്ളപ്പോൾ ഗന്ധം വ്യാപിക്കുന്നത് തടസ്സപ്പെടാം.

ഭയം: ഉയരമുള്ള സ്ഥലങ്ങളിലോ ഇരുട്ടിലോ കയറാൻ നായ്ക്കൾക്ക് പേടി തോന്നാം. ഇത് മാറ്റാൻ കോൺഫിഡൻസ് ബിൽഡിങ് വ്യായാമങ്ങൾ നൽകുന്നു.

മടുപ്പ്: ഒരേകാര്യം വീണ്ടും ചെയ്യുമ്പോൾ നായക്ക് മടുപ്പുതോന്നാം. അതിനാൽ പരിശീലനം എപ്പോഴും രസകരമായ ഒരു കളിപോലെ നിലനിർത്തണം.

നായ തളരുമ്പോഴോ അല്ലെങ്കിൽ ഗന്ധം കിട്ടുമ്പോഴോ ഉള്ള വ്യത്യാസങ്ങൾ തിരിച്ചറിയാൻ ഹാൻഡ്‌ലർക്ക് പ്രത്യേക പരിശീലനം നൽകുന്നു.

തെളിവുകൾ കണ്ടെത്തിയാൽ അത് എങ്ങനെ അവരുടെതായ രീതിയിൽ പരിശീലകനെ അറിയിക്കണമെന്ന് നായ്ക്കൾക്കും പഠിപ്പിച്ചുകൊടുക്കുന്നു.

കേരളത്തിൽ ഇപ്പോൾ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയും കേരള പോലീസ് അക്കാദമിയും ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫൊറൻസിക് സയൻസും ചേർന്ന് നടത്തുന്ന പ്രൊഫഷണൽ ഡോഗ് ട്രെയിനിങ് ആൻഡ് കനൈൻ ഫൊറൻസിക് കോഴ്‌സുണ്ട്. ഇതിൽ പരിശീലനം ലഭിച്ച ആളുകളും നായ്ക്കളും കഡാവർ ഡിറ്റക്ടിങ് മേഖലയിലേക്ക് എത്തിച്ചേരുന്നുണ്ട്. പത്താം ക്ലാസ് പാസോ അതിനു മുകളിൽ യോഗ്യതയുള്ളവർക്കോ ഈ കോഴ്സിന് അപേക്ഷിക്കാം.

placeholder