പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എഎപി നേതാവും ഡെല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനുമടിയില്‍ പ്രത്യക്ഷത്തില്‍ ഗോചരമല്ലാത്ത ചില കണ്ണികളുണ്ട്. രണ്ടു പേരുടെയും വോട്ട് ബാങ്ക്
മുഖ്യമായും മധ്യവര്‍ഗ ഹിന്ദുക്കളാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ഡെല്‍ഹിയില്‍ സംഭവിച്ചത് നോക്കിയാല്‍ ഇക്കാര്യം വ്യക്തമാവും. 2015ലും 20ലും നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ എഎപി വന്‍ഭൂരിപക്ഷം നേടിയപ്പോള്‍ 2014ലും 19ലും നടന്ന ലോക്സഭ തിരഞ്ഞെടുപ്പുകളില്‍ ഏഴില്‍ ഏഴും ബിജെപിയാണ് നേടിയത്. നിയമസഭയിലേക്ക് കെജ്രിവാളിനും ലോക്സഭയിലേക്ക് മോദിക്കും ഒരു പോലെ വോട്ടു ചെയ്യുന്നവര്‍. രാമനാണ് മോദിയുടെ ആരാധ്യ പുരുഷനെങ്കില്‍ രാമഭക്തനായ ഹനുമാനാണ് കെജ്രിവാളിന്റെ വഴികാട്ടി.

To advertise here,

അഴിമതിക്കെതിരേ കുരിശുയുദ്ധം എന്ന പ്രഖ്യാപനവുമായാണ് ഇരുവരും രാഷ്ട്രീയജീവിതം തുടങ്ങിയത്. ആര്‍എസ്എസ്സുമായുള്ള ബന്ധമാണ് ഇരുവരേയും കൂട്ടിയിണക്കുന്ന മറ്റൊരു കണ്ണി. യുപിഎ സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെയുള്ള പോരാട്ടത്തിന് 2010 ല്‍ ഡെല്‍ഹിയില്‍ അരങ്ങൊരുക്കുമ്പോള്‍ അതിന്റെ മുഖം ആരാവണം എന്ന കെജ്രിവാളിന്റെ അന്വേഷണത്തിന് മറുപടി നല്‍കിയത് ശ്രീ ശ്രീ രവിശങ്കറാണ്. സമരത്തിന്റെ മുഖമായി അണ്ണാ ഹസാരെ വരട്ടെ എന്ന് കെജ്രിയോട് ആദ്യം പറഞ്ഞത് രവിശങ്കറാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അണ്ണാ ഹസാരെയുമായി തങ്ങള്‍ക്ക് ദിര്‍ഘകാലത്തെ അടുപ്പമുണ്ടെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതും 2011 ല്‍ കെജ്രിവാള്‍ തന്നെ പലവട്ടം കണ്ടിരുന്നുവെന്ന് ആര്‍എസ്എസ് സഹയാത്രികന്‍ ഗോവിന്ദാചാര്യ പറഞ്ഞതും ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം. 

അണ്ണാ ഹസാരെയും കെജ്രിവാളും നേതൃത്വം നല്‍കിയ ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍ (ഐഎസി) ആര്‍എസ്എസ്സിന്റെയും ബിജെപിയുടെയും അള്‍ത്താരയില്‍ അര്‍പ്പിക്കപ്പെട്ട കുര്‍ബ്ബാനയായിരുന്നുവെന്ന് ഈ പ്രസ്ഥാനത്തിലും പിന്നീട് എഎപിയിലും സജീവമായിരുന്ന പ്രശസ്ത അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞതും മറക്കാനാവില്ല.  ഐഎസിയുടെ മാസ്റ്റര്‍ ബ്രെയ്ന്‍ കെജ്രിയായിരുന്നുവെങ്കിലും അതിന്റെ നേട്ടം ഏറ്റവുമധികം കൊയ്തത് നരേന്ദ്ര മോദിയും ബിജെപിയുമായിരുന്നു. അങ്ങിനെ നോക്കുമ്പോള്‍ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള രണ്ടുപേരുടെയും വരവ് ഒരേ പാതയിലൂടെയായിരുന്നു.
placeholder
അരവിന്ദ് കെജ്​രിവാളും അന്ന ഹാസരേയും. Photo: PTI

കെജ്രിവാള്‍ ഒരു സ്ട്രീറ്റ് ഫൈറ്റര്‍ ആണ്. ആരുമായും കൊമ്പ് കോര്‍ക്കുന്നതിനും ഒരു മടിയുമില്ലാത്തയാള്‍. 2013 ല്‍ ഡെല്‍ഹിയില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഷില ദീക്ഷിത്തിനെ പരാജയപ്പെടുത്തിക്കൊണ്ടാണ് കെജ്രിവാള്‍ വരവറിയിച്ചത്. തൊട്ടടുത്ത കൊല്ലം വാരാണസിയില്‍ മോദിക്കെതിരേ കളത്തിലറങ്ങിയ കെജ്രിവാളിനെയും മറക്കാനാവില്ല. ഗംഗയില്‍ മുങ്ങി നിവര്‍ന്ന് വാരാണസിയിലെ തിരഞ്ഞെടുപ്പ് കളത്തിലിറങ്ങുമ്പോള്‍ കെജ്രിവാളിന്റെ മൂലധനം അപാരമായ ആത്മവിശ്വാസം ഒന്നുമാത്രമായിരുന്നു. മോദിക്കെതിരെയുള്ള പോരാട്ടത്തില്‍ അന്ന് രണ്ടാമതെത്തിയത് കെജ്രിവാളായിരുന്നു എന്നത് മറക്കാനാവില്ല. അന്ന് കോണ്‍ഗ്രസും എസ്പിയും ബിഎസ്പിയും അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കെജ്രിയെ തുണച്ചിരുന്നെങ്കില്‍ വാരാണസി ചിലപ്പോള്‍ മറ്റൊരു കഥയായിരിക്കും പറയുമായിരുന്നത്. കെജ്രിയെ അന്നുതന്നെ നരേന്ദ്രമോദി നോട്ടമിട്ടിട്ടുണ്ടായിരിക്കണം. 2015 ല്‍ കെജ്രി മോദിയെ ഒന്നുകൂടി ഞെട്ടിച്ചു. ഡെല്‍ഹി നിയമസഭയിലെ 70 സീറ്റുകളില്‍ 67 ലും എഎപി വെന്നിക്കൊടി നാട്ടിയപ്പോള്‍ അത് ബിജെപിക്ക് മാത്രമല്ല മോദി എന്ന സര്‍വപ്രതാപിയായ നേതാവിനും ഏറ്റ തിരിച്ചടിയായിരുന്നു. 2020ല്‍ കെജ്രി അധികാരം നിലനിര്‍ത്തിയതും ചെറിയ സംഗതിയായിരുന്നില്ല. രണ്ട് വര്‍ഷം മുമ്പ് ഡെല്‍ഹി  മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിലും എഎപി മുന്നേറിയതോടെ ദേശീയ തലസ്ഥാനത്ത് ബിജെപിയുടെ നില ശരിക്കും പരുങ്ങലിലായി.

കൈവെള്ളയിലെ രേഖകള്‍

കെജ്രിയുടെ ചിറകുകള്‍ അരിയാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഡെല്‍ഹി ഭരണകൂടത്തിന്റെ അധികാരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചത്. പക്ഷേ, ഇതുകൊണ്ടൊന്നും കെജ്രി കുലുങ്ങിയില്ല. തലയ്ക്ക് മുകളില്‍ വെള്ളമെങ്കില്‍ വെള്ളത്തിന് മുകളില്‍ താന്‍ എന്നതായിരുന്നു കെജ്രിയുടെ സമീപനം. മോദി ഗുജറാത്ത് മോഡല്‍ സൃഷ്ടിച്ചതിന് സമാനമായി കെജ്രി ഡെല്‍ഹി മോഡല്‍ തീര്‍ത്തു. ഈ മാതൃകയുടെ പിന്‍ബലത്തില്‍ പഞ്ചാബിലും എഎപിയെ ഭരണത്തിലേറ്റി. കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയേയും പോലെ കെജ്രിവാള്‍ കളിക്കുന്നത് മോദിയുടെ എതിര്‍ തട്ടകത്തില്‍ നിന്നുകൊണ്ടല്ല. മോദിയുടെ സ്വന്തം ഹൈന്ദവ ഭൂമികയാണ് കെജ്രിയുടെയും കളിസ്ഥലം. ഇതാണ് മോദിക്കും ബിജെപിക്കും തലവേദനയുണ്ടാക്കുന്നത്. ബിജെപി ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന സംഗതി (എഎപി-കോണ്‍ഗ്രസ് കൂട്ടുകെട്ട്) സംഭവിക്കുന്നത് ഇതിനിടയിലാണ്. ഇതോടെ മോദിയും അമിത് ഷായും അപകടം മണത്തു. കെജ്രിയുടെ കുതിരയെ എങ്ങിനെയും പിടിച്ചുകെട്ടണം എന്ന ആലോചന ശക്തമാവുന്നത് ഈ പശ്ചാത്തലത്തിലാണ്.

ഇക്കഴിഞ്ഞ മാര്‍ച്ച് 21 ന് രാത്രി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തപ്പോള്‍  അഴിമതി മുക്ത ഭാരതത്തിലെ സുവര്‍ണ അദ്ധ്യായം എന്നാണ് ബിജെപി ആവേശം കൊണ്ടത്. പക്ഷേ,  ഒരു മിനിമം സെന്‍സെങ്കിലും ഉള്ളവര്‍ക്ക് ഈ മുദ്രാവാക്യം തൊണ്ട തൊടാതെ വിഴുങ്ങാന്‍ ആവുമോ എന്ന ചോദ്യം ഒരു ചോദ്യം തന്നെയാണ്. ഡെല്‍ഹിയിലെ മദ്യ നയം എഎപി സര്‍ക്കാര്‍ പൊളിച്ചെഴുതിയത് വന്‍ അഴിമതിക്ക് കളമൊരുക്കി എന്നാണ് ഇഡി പറയുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലായിരുന്ന മദ്യ വില്‍പന പൊതു ലേലത്തിലൂടെ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുകയാണ് എഎപി ചെയ്തത്. ഇങ്ങനെ ലൈസന്‍സ് കിട്ടിയ സ്വകാര്യ കമ്പനികള്‍ എഎപിക്ക് തങ്ങളുടെ ലാഭവിഹിതത്തില്‍ നിന്നും നൂറ് കോടി രൂപയോളം കൈമാറിയെന്നാണ് ഇഡിയുടെ കേസ്.

placeholder
അരവിന്ദ് കെജ്​രിവാളിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു. Photo: PTI:

രണ്ടുകൊല്ലമായി ഇഡി ഈ കേസിന് പിന്നിലുണ്ടെങ്കിലും ഇതുവരെ കാര്യമായ ഒരു തെളിവും ഹാജരാക്കാന്‍ അന്വേഷണ ഏജന്‍സിക്ക് കഴിഞ്ഞിട്ടില്ല. ഒരു തെളിവുമില്ലെങ്കിലും പ്രതിസ്ഥാനത്തുള്ളവര്‍ ജയിലില്‍ കിടക്കേണ്ടി വരുമെന്നതാണ് പ്രിവന്‍ഷന്‍ ഒഫ് മണി ലോണ്ടറിങ് ആക്റ്റിനെ (പിഎംഎല്‍എ) കരിനിയമമാക്കുന്നത്. പിഎംഎല്‍എയുടെ 45 ാം വകുപ്പ് അനുസരിച്ച് പ്രതികള്‍ക്ക് ജാമ്യം കിട്ടണമെങ്കില്‍ പ്രഥമദൃഷ്ട്യാ കേസില്‍ കഴമ്പില്ലെന്ന് ജഡ്ജിക്ക് തോന്നണം. വിചാരണ തുടങ്ങാതെ കേസിന്റെ മെറിറ്റ് ജഡ്ജിക്ക് വിലയിരുത്താനാവില്ല. ജാമ്യത്തിനുള്ള അപേക്ഷ പരിഗണിക്കുമ്പോള്‍ കോടതിയുടെ മുന്നില്‍ ഇഡി നിരത്തുന്ന കുറ്റങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. അതുകൊണ്ടുതന്നെ ഇഡിയുടെ വാദങ്ങള്‍ തള്ളിക്കളഞ്ഞ് പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുക ജഡ്ജിമാരെ സംബന്ധിച്ച് എളുപ്പമല്ല. ഇഡി എതിര്‍ക്കാതിരുന്നാല്‍ മാത്രമേ ഇത്തരം കേസുകളില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കുകയുള്ളു. കഴിഞ്ഞ ദിവസം ഇതേ കേസില്‍ സഞ്ജയ് സിങ് എംപിക്ക് ജാമ്യം ലഭിച്ചത് ഇഡി എതിര്‍ക്കാതിരുന്നത് കൊണ്ടാണ്. സുപ്രീംകോടതി കേസിന്റെ മെറിറ്റിലേക്ക് കടക്കുമോ എന്ന പേടിയിലായിരിക്കണം സഞ്ജയ് സിങ്ങിന്റെ ജാമ്യാപേക്ഷ ഇഡി എതിര്‍ക്കാതിരുന്നത്. എഎപി നേതാവും ഡെല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയുമായ മനിഷ് സിസോദിയയുടെ കേസ് വാദത്തിന് വന്നപ്പോള്‍ കേസ് നിലനില്‍ക്കുന്ന കാര്യത്തില്‍ സുപ്രീംകോടതി സംശയം പ്രകടിപ്പിച്ചിരുന്നു.

കെജ്രിവാളിനും കൂട്ടര്‍ക്കുമെതിരേ നിലവില്‍ ഇഡിയുടെ കൈയില്‍ മൊഴികള്‍ മാത്രമാണുള്ളത്. ഈ കേസില്‍ ഇഡി ആദ്യം പ്രതിപ്പട്ടികയില്‍ ചേര്‍ത്ത ശരത്ചന്ദ്ര റെഡ്ഡിയെപ്പോലുള്ളവരുടെ മൊഴികള്‍. ഡെല്‍ഹി മദ്യ കുംഭകോണത്തിന്റെ ആസൂത്രകനാണ് ശരത് എന്നാണ് ഇഡി പറയുന്നത്. എന്നാല്‍ ശരത്തിന്റെ ആദ്യ മൊഴികളില്‍ കെജ്രിവാളിനെതിരെ ഒരു മൊഴിയുമുണ്ടായിരുന്നില്ല. ശരത്തിനെ ഇഡി അറസ്റ്റ് ചെയ്തതോടെ കഥ മാറി മറിഞ്ഞു.. ശരത് ഇഡിയുടെ സാക്ഷിയായി, കെജ്രിവാളിനെതിരെ മൊഴി നല്‍കുകുകയും ചെയ്തു.

ഇതേ ശരത്തിന്റെ കമ്പനി 59.5 കോടി രൂപയാണ് ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ബിജെപിക്ക് നല്‍കിയത്. ഇഡിയുടെ കേസ് വാസ്തവമാണെങ്കില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്നയാള്‍ തനിക്കെതിരേ നീങ്ങിയ ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്ക് നല്‍കിയ കൈക്കൂലി ആയിട്ട് മാത്രമേ ഈ പണത്തെ കാണാനാവുകയുള്ളൂ. മദ്യ കമ്പനികള്‍ പണം എഎപി നേതാക്കള്‍ക്ക് കെകമാറിയതിന് തെളിവായി മൊഴികള്‍ മാത്രമേയള്ളുവെന്ന വാദം പഴയൊരു സിനിമയില്‍ രേഖ എവിടെ എന്ന് ചോദിക്കുമ്പോള്‍ കൈരേഖ കാണിക്കുന്ന ശങ്കരാടിയുടെ കഥാപാത്രത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്.

എഎപിയുടെ ചെറുത്ത്‌നില്‍പ്

ഒരു സിറ്റിങ് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്ത സംഭവം ഇന്ത്യയില്‍ ഇതാദ്യമായിരുന്നു. തിരഞ്ഞെടുപ്പ്  തൊട്ടു മുന്നില്‍ നില്‍ക്കെ ഒരു പ്രതിപക്ഷ പാര്‍ട്ടിയുടെ പരമോന്നത നേതാവിനെ, ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുക എന്ന് പറഞ്ഞാല്‍ അതിന് പിന്നില്‍ ഭരണകൂടത്തിന്റെയും ഭരണകക്ഷിയുടെയും രാഷ്ട്രീയ താല്‍പര്യങ്ങള്‍ കാണാതിരിക്കാന്‍ ഇന്നലെ പിറന്നുവീണ കുഞ്ഞുങ്ങള്‍ക്ക് മാത്രമേ കഴിയൂ. എഎപിയെ സംബന്ധിച്ചിടത്തോളം കെജ്രിവാളിന്റെ അറസ്റ്റ് വലിയ ആഘാതമായിരുന്നു. ഉപമുഖ്യമന്ത്രി സിസോദിയയും മറ്റ് സുപ്രധാന നേതാക്കളായ സത്യേന്ദ്ര ജയിനും സഞ്ജയ് സിങ്ങും ഇതിനകം തന്നെ ജയിലിലായിരുന്നു. ഇവര്‍ക്കൊപ്പം മുഖ്യമന്ത്രി കെജ്രിവാള്‍ കൂടി ജയിലിലായതോടെ എഎപി എന്ന രാഷ്ട്രീയ പ്രസ്ഥാനം ശരിക്കും ആടിയുലഞ്ഞു. 

പക്ഷേ, ബിജെപിയെ അത്ഭുതപ്പെടുത്തിക്കൊണ്ട് എഎപി ഒന്നടങ്കം കെജ്രിക്ക് പിന്നില്‍ അണിനിരക്കുന്ന കാഴ്ചയാണ് ഈ ദിവസങ്ങളില്‍ രാഷ്ട്രം കണ്ടത്. അതിഷിയെയും സൗരഭ് ഭരദ്വാജിനെയും പോലുള്ള നേതാക്കള്‍ പൊടുന്നനെ എഎപിക്ക് പുതിയൊരു നേതൃമുഖം നല്‍കി. അസാധാരണ ഘട്ടങ്ങള്‍ സാധാരണ മനുഷ്യരെ ഹീറോകളാക്കുമെന്ന് പറയുന്നത് വെറുതെയല്ലെന്നാണ് കെജ്രിവാളിന്റെ അഭാവത്തിലും ഉണര്‍ന്നു പ്രവര്‍ത്തിക്കുന്ന എഎപി തെളിയിക്കുന്നത്.

ബിജെപിയും മോദി ഭരണകൂടവും കാണിച്ചത് വിനാശകാലേ വിപരീത ബുദ്ധിയാണെന്നുള്ള വിമര്‍ശം ഉയരുന്നത് ഈ പരിസരത്തിലാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി പരസ്പരം പോരടിച്ചിരുന്ന എഎപിയുടെയും കോണ്‍ഗ്രസിന്റെയും ബാന്ധവം വാസ്തവത്തില്‍ ഈ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നല്ലൈാരു രാഷ്ട്രീയ ആയുധമാവേണ്ടതായിരുന്നു. ഇത്രയും കാലം തമ്മിലടിച്ചിട്ട് ഒരു സുപ്രഭാതത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുക എന്നത് എഎപിയുടെയും കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകര്‍ക്കും എളുപ്പമായിരുന്നില്ല. എന്നാല്‍ കെജ്രിയുടെ അറസ്റ്റ് ഈ വിഷമസന്ധിയില്‍ നിന്നും ഇരുപാര്‍ട്ടികളേയും രക്ഷിച്ചു. തോളോടു തോള്‍ ചേര്‍ന്നുനിന്ന് ബിജെപിക്കെതിരെ സമരം ചെയ്യുന്നതിന് ഇരു പാര്‍ട്ടികള്‍ക്കും മോദി ഭരണകൂടം തന്നെ നല്ലൊരു കാരണം  കൈയിലേക്കിട്ടു കൊടുക്കുകയായിരുന്നു. കോണ്‍ഗ്രസിനും എഎപിക്കും മാത്രമല്ല കെജ്രിയുടെ അറസ്റ്റ് ഉന്മേഷം പകര്‍ന്നത്. ഡിഎംകെയും എസ്പിയും ടിഎംസിയും ശിവസനേയും സടകുടഞ്ഞെഴുന്നേറ്റു. രാഷ്ട്ര തലസ്ഥാനത്ത് നിന്ന് ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാമെങ്കില്‍ ഇന്ത്യയില്‍ എവിടെ നിന്നും ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ മോദി ഭരണകൂടത്തിന് മടിയുണ്ടാവില്ലെന്ന തിരിച്ചറിവിന്റെ വെളിച്ചത്തിലാണ്  ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരുവിലിറങ്ങിയത്.

placeholder
അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെതിരേ ന്യൂഡൽഹിയിൽ പ്രതിഷേധിക്കുന്ന ആതിഷി

തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് രണ്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ അറസ്റ്റ് ചെയ്യപ്പെട്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാണുന്നില്ലേയെന്ന് കോണ്‍ഗ്രസ് അടക്കുമള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ചോദിക്കുന്നുണ്ട്. ജനാധിപത്യത്തില്‍ ഒരു പാര്‍ട്ടിക്കും മറ്റൊരു പാര്‍ട്ടിയേക്കാള്‍ സവിശേഷ ആനുകൂല്യങ്ങള്‍ അനുഭവിക്കാനാവില്ല. ലെവല്‍ പ്ലെയിങ് ഫീല്‍ഡ് എന്ന് പറയുന്നത് ജനാധിപത്യത്തില്‍ അവശ്യം വേണ്ട ഘടകമാണ്. എല്ലാ കളിക്കാര്‍ക്കും ഒരു പോലെ കളിക്കാന്‍ അവസരമില്ലെങ്കില്‍ ആ കളി ജനാധിപത്യത്തിന് പുറത്താണ് നടക്കുക.  പക്ഷേ, ഇന്ത്യയില്‍ ഇന്നിപ്പോള്‍ ബിജെപി ഇതര പാര്‍ട്ടികളേക്കാള്‍ പല തലങ്ങളിലും മുന്നിലാണ്. ഇലക്ടറല്‍ ബോണ്ടുകള്‍ വഴിയുള്ള പണ സമാഹരണത്തില്‍ ബിജെപിയെ അപേക്ഷിച്ച് എത്രയോ പിന്നിലാണ് ഇതര പാര്‍ട്ടികള്‍. മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ പല ബാങ്ക് അക്കൗണ്ടുകളും ആദായ നികുതി വകുപ്പ് മരവിപ്പിച്ചതും വന്‍ തുക പിഴ ചുമത്തിയിരിക്കുന്നതും ഈ ഘട്ടത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. പ്രചാരണത്തിനിറങ്ങാന്‍ നേതാക്കള്‍ക്ക് തീവണ്ടി ടിക്കറ്റ് എടുത്തുകൊടുക്കാന്‍ പോലും കാശില്ലെന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറയുന്നത്. ഇതിനിടയിലാണ് പ്രധാനപ്പെട്ട രണ്ട് പാര്‍ട്ടികളുടെ മുഖ്യ നേതാക്കളെ- കെജ്രിവാളിനെയും ഹേമന്ത് സോറനെയും-അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരിക്കുന്നത്. 

ലോകക്കപ്പ് ഫുട്ബോളില്‍ ബ്രസീലിനെയും അര്‍ജന്റീനയെയും തകര്‍ക്കുന്നതിനുള്ള എളുപ്പവഴി നെയ്മറേയും മെസ്സിയേയും റെഡ് കാര്‍ഡ് കാട്ടി പുറത്താക്കുകയാണെന്ന് വന്നാല്‍ മരിച്ചുവീഴുന്നത് ഫുട്ബോള്‍ എന്ന എക്കാലത്തെയും മനോഹരമായ കളി തന്നെയായിരിക്കും. സമാനമായ കൃത്യമാണ് ഇന്നിപ്പോള്‍ മോദി ഭരണകൂടം ഇന്ത്യന്‍ ജനാധിപത്യത്തോട് ചെയ്തുകൊണ്ടിരിക്കുന്നത്.
placeholder
നീതി ആയോഗ് മുൻ സി.ഇ. ഒ അമിതാഭ് കാന്ത് ഒരു യോഗത്തിൽ. Photo: PTI

ടൂ മച്ച് ഡെമോക്രസി

ഭീതിയാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ മുഖമുദ്ര. എന്തിനേയും ഏതിനേയും പേടിക്കുന്ന  ഭരണകൂടമായി അതിവേഗം പരിണമിക്കുകയാണ് ഈ സര്‍ക്കാര്‍. ജനാധിപത്യത്തിന്റെ മാതാവാണ് ഇന്ത്യ എന്ന് നാഴികയ്ക്ക് നാല്‍പത് വട്ടം പുരപ്പുറത്ത് നിന്ന് വിളിച്ചുകൂവുമ്പോഴും എതിര്‍പ്പിന്റെ, വിയോജിപ്പിന്റെ സ്വരങ്ങള്‍ എങ്ങിനെ ഇല്ലാതാക്കാം എന്നാണ് മോദി സര്‍ക്കാര്‍ ആലോചിച്ചുകൊണ്ടിരിക്കുന്നത്. എണ്‍പത് വയസ്സോളം പ്രായമുണ്ടായിരുന്ന ഫാദര്‍ സ്റ്റാന്‍ സ്വാമിയെ യുഎപിഎയ്ക്ക് കീഴില്‍ അറസ്റ്റ് ചെയ്യാന്‍ മടിയില്ലാതിരുന്ന ഭരണകൂടമാണിത്. പാര്‍ക്കിന്‍സണ്‍സ് രോഗം കാരണം സദാ കൈകള്‍ വിറച്ചുകൊണ്ടിരുന്ന ഫാദര്‍ സ്റ്റാന്‍ സ്വാമിക്ക് ഒരു സിപ്പര്‍ പോലും നല്‍കാന്‍ മടി കാണിച്ച ഭരണകൂടം.  

102 കൊല്ലം മുമ്പ് 1922 ലാണ് ടിഎസ് ഏലിയറ്റ്  ദ വേ്സ്റ്റ് ലാന്റ് എന്ന കവിത എഴുതിയത്. പ്രവചന സ്വഭാവമുള്ള ആ രചനയില്‍ ഏലിയറ്റ് ഇങ്ങനെ കുറിച്ചു :
''മനുഷ്യപുത്രാ , ഈ ചുവന്ന പാറയുടെ അടിയിലേക്ക് വരൂ,
ഒരു പിടി പൊടിയില്‍ നിനക്ക് ഞാന്‍ ഭയം കാണിച്ചുതരാം.''

പ്രധാനമന്ത്രി മോദിയുടെ വാക്കുകളിലും ചെയ്തികളിലും ഈ പേടി നിഴലിക്കുന്നുണ്ട്. കെജ്രിവാളില്‍ ചിലപ്പോള്‍ തനിക്കൊത്തൊരു പ്രതിയോഗിയെ മോദി കാണുന്നുണ്ടാവാം. ഗോലിയാത്തിന്റെയും ദാവീദിന്റെയും കഥ, സുഗ്രീവന്റെയും ബാലിയുടെയും കഥ, പുരാണങ്ങളുടെ ഏടുകള്‍ കടന്ന് മോദിയുമായി മുഖാമുഖം നില്‍ക്കുന്നുണ്ടാവാം. ജനാധിപത്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ മോദിയെ അലോസരപ്പെടുത്തുന്നത് ഇത്കൊണ്ടാവാം. അവകാശങ്ങളെക്കുറിച്ചുള്ള അമിത ചിന്ത ഇന്ത്യയെ പിന്നിലേക്ക് പിടിച്ചുവലിക്കുകയാണെന്ന് അദ്ദേഹം സംശയിക്കുന്നു. ''Too much democracy'' ആണ് ഇന്ത്യയുടെ കുഴപ്പം എന്ന് മൂന്ന് വര്‍ഷം മുമ്പ് പറഞ്ഞത് മോദിയുടെ വിശ്വസ്തനും നീതി ആയോഗ് മുന്‍ മേധാവിയുമായ അമിതാഭ് കാന്താണ്. ജനാധിപത്യമാണ് മോദിക്ക് രണ്ട് വട്ടം ഇന്ത്യയുടെ പരമാധികാര സ്ഥാനത്തേക്ക് എത്താന്‍ അവസരമൊരുക്കിയത്. എന്നാല്‍ ഇപ്പോള്‍ ഇതേ ജനാധിപത്യത്തില്‍ അദ്ദേഹം പിശകുകളും പോരായ്മകളും കാണുന്നു. കഴിഞ്ഞ പത്ത് വര്‍ഷം വെറും ട്രയല്‍ മാത്രമായിരുന്നെന്നും ശരിക്കുള്ള കാഴ്ച ഇന്ത്യന്‍ ജനത കാണാനിരിക്കുന്നതേയുള്ളുവെന്നുമാണ് കഴിഞ്ഞ ദിവസം ബിഹാറിലെ തിരഞ്ഞെടുപ്പ് റാലിയില്‍ മോദി പ്രസംഗിച്ചത്. കെജ്രിവാളിന്റെ അറസ്റ്റ് പേടി പിടികൂടിയ ഒരു ഏകാധിപതിയെയാണ് കാണിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറയുന്നത് വെറുതെയല്ല.

രാമക്ഷേത്രവും ജമ്മു-കശ്മീരില്‍ 370 ാം വകുപ്പ് നിര്‍വീര്യമാക്കിയതും സിഎഎയുടെ നടപ്പാക്കലുംകൊണ്ട് മാത്രം മൂന്നാം വട്ടവും അധികാരം പിടിക്കാന്‍ പറ്റിയേക്കില്ല എന്ന ഭയം മോദിയുടെ തലയ്ക്ക് മുകളില്‍ ഡെമോക്ലിസിന്റെ വാളുപോലെ തൂങ്ങിക്കിടക്കുന്നുണ്ടെന്ന് തോന്നുന്നു. മഹാരാഷ്ട്രയിലും ബംഗാളിലും ആന്ധ്രയിലും ഒഡിഷയിലും കൂടുതല്‍ സീറ്റുകള്‍ നേടുകയും കര്‍ണാടകത്തില്‍ കഴിഞ്ഞ തവണ കിട്ടിയ 25 സീറ്റുകള്‍ നിലനിര്‍ത്തുകയും ചെയ്യാനായാല്‍ മാത്രമേ 370 സീറ്റുകള്‍ എന്ന ലക്ഷ്യത്തിലേക്ക് ബിജെപിക്ക് എത്താനാവുകയുള്ളൂ. പക്ഷേ, ഇതത്ര എളുപ്പമല്ല. ഡെല്‍ഹിയില്‍ കോണ്‍ഗ്രസ്-എഎപി സഖ്യം ബിജെപിക്ക് കടുത്ത വെല്ലുവിളിയാണ്. കര്‍ണാടകത്തിലും തെലങ്കാനയിലും കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാവും എന്നാണ് സൂചനകള്‍. മഹാരാഷ്ട്രയില്‍ അജിത് പവാറിനെയും ഏകനാഥ് ഷിന്‍ഡെയെയും കൂടെക്കൂട്ടിയിട്ടുണ്ടെങ്കിലും ഉദ്ധവ് താക്കറെയ്ക്കും ശരത് പവാറിനും പകരക്കാരല്ല ഇവരെന്ന് ബിജെപി തിരിച്ചറിയുന്നുണ്ട്. അടുത്ത കൊല്ലം ആര്‍എസ്എസ്സിന്റെ ശതാബ്ദിയാണ്. 

സംഘത്തിന് നൂറ് വയസ്സ് തികയുമ്പോള്‍ ഇന്ത്യയുടെ ഭരണചക്രം തിരിക്കാന്‍ ബിജെപിയെ അല്ല ജനം തിരഞ്ഞെടുക്കുന്നതെന്ന് വന്നാല്‍ മോദിയോടും അമിത് ഷായോടും ഒരു കാലത്തും സംഘപരിവാറിന് ക്ഷമിക്കാനാവില്ല.
placeholder
അടിയന്തരാവസ്ഥയിലെ ദിനങ്ങൾ. ചിത്രീകരണം: പ്രശാന്ത് ഒളവിലം

അടിയന്തരാവസ്ഥയും    ഇന്ദിരയുടെ വീഴ്ചയും

അധികാരം നഷ്ടപ്പെട്ടേക്കുമെന്ന പേടിയാണ് 1975ല്‍ അടിയന്തരവാസ്ഥ പ്രഖ്യാപിക്കാന്‍ ഇന്ദിരയെ പ്രേരിപ്പിച്ചത്. രാത്രിക്ക് രാത്രി ജയപ്രകാശ് നാരായണനും മൊറാര്‍ജി ദേശായിയും വാജ്പേയിയും ചന്ദ്രശേഖറും അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. അടിയന്തരാവസ്ഥ പ്രഖ്യാപനം പുലിപ്പുറത്ത് കയറലായിരുന്നവെന്ന് ഇന്ദിര പിന്നീട് തിരിച്ചറിഞ്ഞതായി അവരുടെ ജീവചരിത്രകാരികൂടിയായ പുപുല്‍ ജയ്കര്‍ എഴുതുന്നുണ്ട്. എത്ര നേതാക്കളെ ജയിലില്‍ അടച്ചാലും ജനാധിപത്യം ഇല്ലാതാക്കാനാവില്ലെന്നും അനിവാര്യമായ പതനം ഒഴിവാക്കാനാവില്ലെന്നും ഇന്ദിരയ്ക്ക് കാലം ബോധ്യപ്പെടുത്തിക്കൊടുത്തു. ജയിലിനുള്ളില്‍ കിടന്നാണ് ജോര്‍ജ് ഫെര്‍ാണ്ടസിനെപ്പോലുള്ളവര്‍ മത്സരിച്ചതും വന്‍ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടതും. ഇന്ദിരയ്ക്കും പാര്‍ട്ടിക്കും അന്ന് പണത്തിനോ അധികാരത്തിനോ ഒരു കുറവുമുണ്ടായിരുന്നില്ല. ജുഡീഷ്യറി അടക്കമുള്ള സ്ഥാപനങ്ങള്‍ അന്ന് ഇന്ദിരയ്ക്കൊപ്പം ജനാധിപത്യ ധ്വംസനത്തില്‍ പങ്കാളികളായി. എന്നിട്ടുമെന്നിട്ടും 1977 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇന്ദിരയുടെ കാലിടറി. റായ്ബറേലി എന്ന കോണ്‍ഗ്രസ് കോട്ടയില്‍ രാജ്നാരായണ്‍ എന്ന താരതമ്യേന അറിയപ്പെടാത്ത സോഷ്യലിസ്റ്റ് നേതാവിനോട് അവര്‍ പരാജയപ്പെട്ടു. അടിയന്തരാവസ്ഥയുടെ ജീവാത്മാവും പരമാത്മാവുമായിരുന്ന സഞ്ജയ് ഗാന്ധി അമേത്തിയിലും ജനങ്ങളുടെ തിരസ്‌കാരത്തിന്റെ കയ്പ് അറിഞ്ഞു.

ജയപ്രകാശ് നാരായണനെപ്പോലൊരു നേതാവ് ഇന്നിപ്പോള്‍ പ്രതിപക്ഷ നിരയുടെ മുന്നിലില്ലെന്നത് വാസ്തവമാണ്. ഹിന്ദുത്വയുടെ അത്രയും ആഴവും പരപ്പുവുമാര്‍ന്ന ഒരു പ്രത്യയശാസ്ത്ര പദ്ധതിയും സംഘപരിവാറിനെപ്പോലാെരു സംഘടനയുടെ പിന്തുണയും ഇന്ദിര ഗാന്ധിക്കില്ലായിരുന്നുവെന്നതും യാഥാര്‍ത്ഥ്യമാണ്. പക്ഷേ, ചില ഘട്ടങ്ങളില്‍ ഇന്ത്യന്‍ ജനത സ്വയം എടുക്കുന്ന ചില തീരുമാനങ്ങളുണ്ട്. 2004 ല്‍ വാജ്പേയിയും അദ്വാനിയും നയിച്ച ബിജെപി പരാജയപ്പെടുന്നത് ഇത്തരമൊരു ചരിത്ര മുഹൂര്‍ത്തത്തിലാണ്. വാജ്പേയിക്കും അദ്വാനിക്കും പകരം വെയ്ക്കാവുന്ന ഒരു നേതാവും അന്ന് പ്രതിപക്ഷ നിരയിലുണ്ടായിരുന്നില്ല. എന്നിട്ടും ജനങ്ങള്‍ ബിജെപിയെ തിരസ്‌കരിക്കുകയും കോണ്‍ഗ്രസ് നിയിച്ച യുപിഎ മുന്നണിക്ക് അധികാരം നല്‍കുകയും ചെയ്തു. അവിടെ നിന്നാണ് മന്‍മോഹന്‍ സിങ്ങ് എന്ന പ്രധാനമന്ത്രി ഉദയം ചെയ്തത്. കെജ്രിവാളിന്റെ അറസ്റ്റ് ഇത്തരമൊരു ചരിത്ര നിര്‍മിതിക്ക് അവസരമൊരുക്കിയാല്‍ അത്ഭുതപ്പെടേണ്ടതില്ല. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശിലകള്‍ ഉയര്‍ത്തപ്പെട്ടിരിക്കുന്നത് ഗാന്ധിജിയടക്കം ലക്ഷക്കണക്കിന് സ്വാതന്ത്ര്യ സമര സേനാനികളുടെ വിയര്‍പ്പിലും രക്തത്തിലുമാണ്. ആ ത്യാഗം പാഴാവുന്നതിന്, വൃഥാവിലാവുന്നതിന് കാലവും ചരിത്രവും കൂട്ടുനില്‍ക്കുമെന്ന് തോന്നുന്നില്ല.

വഴിയില്‍ കേട്ടത് : ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നേതാജി സുഭാഷ് ചന്ദ്ര ബോസ് ആണെന്ന് നടിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ കങ്കണ റണാവത്ത്. എന്റയര്‍ പൊളിറ്റിക്കല്‍ സയന്‍സിലാണോ മാഡത്തിന്റെയും ബിരുദം?