
രാജ്യം എന്നു പറയുന്നതു കാലിനടിയിലെ മണ്ണല്ല, അവിടത്തെ ജനങ്ങളാണ് എന്നു പറഞ്ഞത് രവീന്ദ്രനാഥ ടാഗോർ ആണ്. ആ അർത്ഥത്തിൽ ഇന്ത്യയ്ക്കെന്താണു സംഭവിക്കുന്നതെന്ന ചോദ്യം ഇന്ത്യൻ ജനതയ്ക്കെന്താണു സംഭവിക്കുന്നതെന്ന ചോദ്യമായി മാറുന്നു. ഇക്കഴിഞ്ഞ വർഷം ഈ ചോദ്യമുയർത്തിയ മൂന്നു പുസ്തകങ്ങളെക്കുറിച്ചാണ് ഈ കുറിപ്പിൽ പ്രധാനമായും പരാമർശിക്കുന്നത്. കൂട്ടത്തിൽ ഏറെ നിരാശപ്പെടുത്തിയ ഒരു സിനിമയെക്കുറിച്ചും.
ദ ഹിന്ദുവിൽ ഫീച്ചേഴ്സ് എഡിറ്ററായ സിയ ഉസ് സലാം എഴുതിയ 'Being Muslim In Hindu India' (ഹിന്ദു ഇന്ത്യയിലെ മുസ്ലിം ജീവിതം) എന്ന പുസ്തകം കൈയ്യിൽ കിട്ടിയത് ഡിസംബർ ആദ്യവാരമാണ്. ഈ വർഷം ജൂൺ 30-ന് സിയ ദ ഹിന്ദുവിന്റെ എഡിറ്റോറിയൽ പേജിൽ ഇതേ വിഷയവുമായി ബന്ധപ്പെട്ട് ഒരു ലേഖനമെഴുതിയിരുന്നു. ''To be a Muslim in India is to be voiceless'' എന്ന വാക്യത്തോടെയാണ് സിയ ലേഖനം തുടങ്ങിയത്. സമകാലിക ഇന്ത്യയിൽ മുസ്ലിങ്ങൾ നേരിടുന്ന പ്രതിസന്ധിയുടെ ആഴവും പരപ്പും ഇത്രയും ഹൃദയസ്പർശിയായും വസ്തുനിഷ്ഠമായും എഴുതിയ മറ്റൊരു കുറിപ്പ് അതുവരെ വായിച്ചിരുന്നില്ല. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ പത്രപ്രവർത്തകൻ കരൺ ഥാപ്പർ സിയയുമായി നടത്തിയ അഭിമുഖം ദ വയറിന്റെ യുട്യൂബ് ചാനലിൽ വന്നു. ഗംഭീരം എന്നു മാത്രമേ ആ അഭിമുഖത്തെ വിശേഷിപ്പിക്കാനാവൂ! ഒരു ലേഖനത്തിലും അഭിമുഖത്തിലും അവസാനിക്കേണ്ടതായിരുന്നില്ല സിയ ഉയർത്തിയ ചോദ്യങ്ങൾ. അതുകൊണ്ടുതന്നെ സിയയുടെ പുസ്തകം സമകാലിക ഇന്ത്യയ്ക്കായി 2023 ബാക്കിവെയ്ക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രേഖകളിലൊന്നാവുന്നു. ഉൾക്കിടിലത്തോടെയും രോഷത്തോടെയും സങ്കടത്തോടെയും അല്ലാതെ ഈ പുസ്തകം വായിച്ചുതീർക്കാനാവില്ല.
1947-ൽ സ്വമനസ്സാലെ ഇന്ത്യയെ സ്വീകരിച്ചവരാണ് ഇന്ത്യയിലെ മുസ്ലിങ്ങൾ. മതരാഷ്ട്രമായ പാക്കിസ്താനല്ല മതേതര രാജ്യമായ ഇന്ത്യയാണ് തങ്ങളുടെ നാടെന്നു തീരുമാനിച്ചവർ. 14 ശതമാനമാണ് നിലവിൽ ഇന്ത്യയിൽ മുസ്ലിങ്ങളുടെ ജനസംഖ്യ. രാജ്യത്തെ ഏറ്റവും വലിയ മത ന്യൂനപക്ഷം. ഈ ന്യൂനപക്ഷ സമുദായത്തിൽനിന്ന് ഇന്നിപ്പോൾ രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായ ബി.ജെ.പിയിൽ ഒരു എം.പിയോ എം.എൽ.എയോ ഇല്ലെന്ന് സിയ ചൂണ്ടിക്കാട്ടുന്നു. ഗുജറാത്തിൽ ലോക്സഭയിലേക്കും നിയമസഭയിലേക്കുമുള്ള തിരഞ്ഞെടുപ്പുകളിൽ കഴിഞ്ഞ നാല് ദശകങ്ങളായി ഒരു മുസ്ലിമിന് പോലും ബി.ജെ.പി. സീറ്റ് നൽകിയിട്ടില്ല.വോട്ടർ പട്ടികയിൽനിന്ന് അപ്രത്യക്ഷരാവുന്ന മുസ്ലിങ്ങളുടെ എണ്ണവും നാൾക്കുനാൾ കൂടിക്കൂടി വരികയാണെന്ന് സിയ എഴുതുന്നു. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഫ്റ്റ്വെയർ പ്രൊഫഷനൽ ഖാലിദ് സൈഫുള്ള നടത്തിയ പഠനത്തിൽ തെളിഞ്ഞത് 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ രാജ്യത്തെ വോട്ടർ പട്ടികയിൽനിന്ന് പേര് നീക്കംചെയ്യപ്പെട്ട 15 ശതമാനം പേരിൽ 25 ശതമാനം മുസ്ലിങ്ങളും 20 ശതമാനം ദളിതരുമാണെന്നാണ്.

ബിൽക്കിസ് ബാനു നമ്മുടെ അമ്മയും പെങ്ങളുമായിരുന്നെങ്കിൽ?
മുസ്ലിങ്ങൾ എങ്ങിനെയാണ് അന്യവത്കരിക്കപ്പെടുന്നതെന്നതിന് ബിൽക്കിസ് ബാനു കേസിൽ ഇന്ത്യൻ എക്സ്പ്രസ്സിൽ വന്ന ഒരു ലേഖനം സിയ ഉദാഹരിക്കുന്നു. ''Who is Bilkis Bano? Just because she is a muslim that does not mean that atrocities against her, rape and murder of her child is pardonable. Had it been our mother or sister? Where has our sensitivity gone in the case of Bilkis Bano? Neither the PM nor the Home Minister have spoken a word on this. What is the reaosn?'' ബിൽക്കിസ് ബാനുവിനോട് അനുതാപം പ്രകടപിപ്പിക്കുന്ന ഈ ലേഖനത്തിൽ പോലും മുസ്ലിങ്ങളുടെ അപരവത്കരണം പ്രകടമാണെന്ന് സിയ ചൂണ്ടിക്കാട്ടുന്നു. നമ്മുടെ അമ്മയും പെങ്ങളുമായിരുന്നെങ്കിലോ എന്ന് ലേഖകൻ ചോദിക്കുന്നുണ്ട്. ബിൽക്കിസ് ബാനു നമ്മുടെ അമ്മയും പെങ്ങളുമാണെന്ന് സങ്കൽപിക്കാൻ ലേഖകന് ആകാതെ പോവുന്നത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് സിയ ഉയർത്തുന്നത്.
പശുവിന്റെ പേരിലുള്ള കൊലകൾ, പള്ളികളുടെ തകർക്കൽ, വീടുകൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരപ്പാക്കുന്നത്, ഹിജാബിന്റെ പേരിൽ മുസ്ലിം പെൺകുട്ടികൾക്കു വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നത്, കൊറോണയുടെ മറവിൽ മുസ്ലിങ്ങൾക്കുനേരെ നടന്ന അതിക്രമങ്ങൾ (തബ്ലിഗി ജമാഅത്ത് പ്രവർത്തകർ കൊറോണ പടർത്തുന്നുവെന്ന നിന്ദ്യമായ വ്യാജപ്രചാരണം), ലൗ ജിഹാദും ഘർ വാപസിയും മുസ്ലിങ്ങൾക്കെതിരായുള്ള രാഷ്ട്രീയ ആയുധങ്ങളായി പരിണമിക്കുന്നത്, എന്നിങ്ങനെ ഇന്ത്യയിൽ മുസ്ലിങ്ങൾ ഇന്നു നേരിടുന്ന പ്രതിസന്ധികൾ വസ്തുകളുടെയും വിവരങ്ങളുടെയും വെള്ളിവെളിച്ചത്തിലാണ് സിയ സമഗ്രമായി പരിശോധിക്കുന്നത്. വിവിധ മതാനുഷ്ഠാനങ്ങളുടെ പേരിൽ എൺപത് ദിവസത്തോളം യു.പിയിൽ മാംസവിൽപന തടയപ്പെടുമ്പോൾ അതു സാധാരണക്കാരായ മുസ്ലിങ്ങളുടെ ജീവിതത്തിലുണ്ടാക്കുന്ന ആഘാതം ആരെങ്കിലും ഓർക്കുന്നുണ്ടോ എന്ന് സിയ ചോദിക്കുന്നു.
2014-നുശേഷം ഇതര രാജ്യങ്ങളിലേക്കു കുടിയേറുന്ന ഇന്ത്യൻ മുസ്ലിങ്ങളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണെന്ന് സിയ ചൂണ്ടിക്കാട്ടുന്നു. 2022-ൽ യു.പിയിൽ പശു ഇറച്ചി കൈവശം വെച്ചെന്ന ആരോപണത്തെതുടർന്ന് നിഷ്ഠൂരമായി വധിക്കപ്പെട്ട മുഹമ്മദ് അഖ്ലാക്കിന്റെ ഗ്രാമത്തിലേക്കു പോകാൻ ശ്രമിച്ച തന്നെ പ്രവേഷ് കുമാർ എന്ന ഓട്ടോ ഡ്രൈവർ നിരുത്സഹപ്പെടുത്തിയത് സിയ സ്മരിക്കുന്നു. അത് താക്കൂർമാരുടെ ഗ്രാമമാണെന്നും സിയ അങ്ങോട്ടു പോകുന്നതു സുരക്ഷിതമാവില്ലെന്നുമാണ് പ്രവേഷ്കുമാർ പറഞ്ഞത്. മുസ്ലിം പേരുള്ള ഒരു പത്രപ്രവർത്തകനു പോലും ഒരു ഇന്ത്യൻ ഗ്രാമത്തിലേക്കു സഞ്ചരിക്കാനാവാത്ത അവസ്ഥ എത്രമാത്രം ഭീതിദമാണ്.

പ്രതീക്ഷകൾ അസ്തമിക്കുന്നില്ല
1992-ൽ ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ നോയിഡയിൽ തന്റെ വീടുള്ള ഹൗസിങ് കോളനിയിൽ സംഘപരിവാറുകാർ അക്രമോത്സുകമായ മുദ്രാവാക്യങ്ങൾ ഉയർത്തി മാർച്ച് ചെയ്തപ്പോൾ ആ കോളനിയിലെ ഒരു ഹിന്ദു വീട്ടിൽനിന്നും അവിടത്തെ ഏറ്റവും മുതിർന്ന സ്ത്രീ തന്റെ വീട്ടിലെത്തി ആ ദിവസങ്ങളിൽ തങ്ങളോടൊപ്പം താമസിച്ചത് സിയ ഈ പുസ്കത്തിൽ എടുത്തുപറയുന്നുണ്ട്. ആദ്യം അവർ സിയയേയും കുടുംബത്തേയും അവരുടെ വീട്ടിലേക്കു ക്ഷണിച്ചു. സിയ അതിനു തയ്യാറാവാതെ വന്നപ്പോൾ അവർ സിയയുടെ അമ്മയുമായി സംസാരിച്ചു: ''ഇന്നു രാത്രി നിങ്ങളുടെ അമ്മ ഞാനായിരിക്കും. നിങ്ങളുടെ അമ്മ എന്റെ വീട്ടിൽ താമസിക്കും. നിങ്ങളെ തനിച്ചാക്കി ഞാൻ പോവില്ല. നിങ്ങളുടെ അമ്മയുടെ സ്ഥാനത്ത് ഇന്ന് ഇവിടെ ഞാനുണ്ടാവും. ആരെങ്കിലും കതകിൽ മുട്ടിയാൽ ഞാൻ വാതിൽ തുറക്കും.''
2020 ഓഗസ്റ്റ് അഞ്ചിന് അയോദ്ധ്യയിൽ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഭൂമിപൂജ നടന്നപ്പോഴും സിയയുടെ ഹൗസിങ് കോളിനിയിൽ സംഘപരിവാറുകാർ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയർത്തി മാർച്ച് നടത്തി. പക്ഷേ, 1992-ലേതുപോലെ ഒരു ഹിന്ദു കുടുംബവും സിയയുടെ വീട്ടിലേക്ക് പിന്തുണയുമായി വന്നില്ല. സമകാലിക ഇന്ത്യയിൽ മുസ്ലിങ്ങൾ പരിത്യക്തരും നിരാലംബരുമായി മാറുന്നതിന്റെ ഉള്ളറകളാണ് സിയ തന്റെ പുസ്തകത്തിൽ തുറന്നിടുന്നത്.
സിയയുടെ പുസ്തകത്തിന്റെ ഒരു മേന്മ ഈ ഇരുട്ടിനു നടുവിലും സിയ ശുഭാപ്തി വിശ്വാസം വെടിയുന്നില്ലെന്നതാണ്. മൗലവിമാരെ അവഗണിച്ച് ഷഹിൻബാഗിൽ ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലിം വനിതകൾ നടത്തിയ പ്രതിഷേധ സമരങ്ങൾ മുസ്ലിം ജനസമൂഹത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന വലിയ മാറ്റത്തിന്റെ സൂചനയാണെന്ന് സിയ പറയുന്നു. 2019-ൽ ഡൽഹി ജുമാ മസ്ജിദിൽ ഇമാം അഹ്മദ് ബുഖാരിയുടെ വാക്കുകൾ അവഗണിച്ച് മുസ്ലിങ്ങൾ ദളിത് നേതാവ് ചന്ദ്രശേഖർ രാവണിനൊപ്പം മാർച്ച് ചെയ്തതും കാണാതിരിക്കാനാവില്ലെന്ന് സിയ പറയുന്നു. ദ ഹിന്ദുവിലെ ലേഖനത്തിന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഹിന്ദു സമുദായത്തിൽ പെട്ട നിരവധി പേർ പിന്തുണയുമായി ടെലിഫോണിൽ വിളിച്ചതും കത്തുകൾ എഴുതിയതും ഇന്ത്യയിലുള്ള തന്റെ നിതാന്തവിശ്വാസം ഊട്ടിയുറപ്പിക്കുന്നുണ്ടെന്ന് സിയ വ്യക്തമാക്കുന്നു.
കരൺ ഥാപ്പറുമായുള്ള അഭിമുഖം സിയ അവസാനിപ്പിച്ചത് ഇങ്ങനെയാണ്: ''ഞാൻ ജനിച്ചത് ഇന്ത്യക്കാരനായാണ്. മരിക്കുന്നതും ഇന്ത്യക്കാരനായിട്ടായിരിക്കും. ഇതു ഞങ്ങളുടെയോ നിങ്ങളുടെയോ ഇന്ത്യയല്ല, നമ്മുടെ ഇന്ത്യയാണ്. മുസ്ലിം മുക്ത ഇന്ത്യ എന്ന മോഹം ആർക്കെങ്കിലുമുണ്ടെങ്കിൽ അതു നിറവേറ്റാൻ ഞാൻ ഒരിക്കലും സമ്മതിക്കില്ല.'' സമാനമായ ശുഭാപ്തി വിശ്വാസം തന്നെയാണ് പുസ്തകത്തിലെ അവസാനവാക്യങ്ങളിലും സിയ മുന്നോട്ട് വെയ്ക്കുന്നത്. ''രാത്രി ഇപ്പോഴും കഴിഞ്ഞിട്ടില്ല. ഇരുട്ടാണ്, കടുത്ത ഇരുട്ടാണ് ചുറ്റിലും. എങ്കിലും നേരിയൊരു പ്രകാശം കടന്നുവരുന്നതുപോലെ തോന്നുന്നു. ഒരു പുതിയ പ്രഭാതം ചിലപ്പോൾ ഉദിച്ചുയർന്നേക്കും.'' ഇന്ത്യൻ ജനാധിപത്യത്തെക്കറിച്ച് ഒരു തരിയെങ്കിലും താൽപര്യമുള്ളവർ സിയയുടെ പുസ്തകം തീർച്ചയായും വായിച്ചിരിക്കണം.

മോന്തായം വളഞ്ഞാൽ
ഡോ. പറക്കാല പ്രഭാകറിന്റെ ''The Crooked Timbre Of New India'യും സമകാലിക ഇന്ത്യയുടെ നേർക്കു തിരിച്ചുപിടിച്ചിരിക്കുന്ന കണ്ണാടിയാണ്. മോദി ഭരണകൂടത്തിനു മുഖാമമുഖം നിന്നുകൊണ്ട് ഇത്രയും ശക്തമായി വിമർശം ഉന്നയിക്കുന്ന മറ്റൊരു പുസ്തകം 2023-ൽ ഇറങ്ങിയിട്ടില്ല. 2014-ൽ വികസനത്തിന്റെ പതാക ഉയർത്തിപ്പിടിച്ച് ഇന്ദ്രപ്രസ്ഥത്തിലേക്കെത്തിയ നരേന്ദ്ര മോദിക്ക് കീഴിൽ ഇന്ത്യ എങ്ങിനെയാണ് ഒരു മജോറിറ്റേറിയൻ വ്യവസ്ഥയിലക്കേു നീങ്ങുന്നതെന്നതിന്റെ വസ്തുനിഷ്ഠമായ വിവരണമാണ് പറക്കാല പ്രഭാകർ നൽകുന്നത്. ഇന്ത്യൻ ധനമന്ത്രിയും ബി.ജെ.പിയുടെ സിനിയർ നേതാക്കളിലൊരാളുമായ നിർമ്മല സീതാരാമന്റെ ജീവിതപങ്കാളിയാണ് മോദി ഭരണകൂടത്തിനെതിരെ ഇത്രയും നിശിതമായ വിമർശം ഉന്നയിക്കുന്നതെന്നത് സംഘപരിവാറിനെ ശരിക്കും ഉലയ്ക്കുന്ന സംഗതിയാണ്.
ഡോ. പറക്കാലയുടെ പുസ്തകത്തിൽനിന്നുള്ള ചില ഭാഗങ്ങൾ ഇവിടെ എടുത്തുചേർക്കുന്നു: ''ഇന്ത്യ 7.2% വളർച്ച നേടിക്കഴിഞ്ഞെന്നും ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത് എന്നുമാണ് മോദി ഭരണകൂടത്തിന്റെ അവകാശവാദം. കോവിഡ് കാലത്തെ സമ്പ്ദ വ്യവസ്ഥയുമായി താരതമ്യം ചെയ്താൽ ഏതു ചെറിയ വളർച്ചയും വലിയ വളർച്ചയായി തോന്നും. വാസ്തവത്തിൽ അതിനുമുമ്പ് ഇന്ത്യ കൈവരിച്ച സാമ്പത്തിക വളർച്ചയുമായാണ് ഇപ്പോഴത്തെ വളർച്ച നമ്മൾ തട്ടിച്ചുനോക്കേണ്ടത്. ഇപ്പോഴത്തെ ഈ 7.2% വളർച്ചയിൽ എന്താണുള്ളത്? പൊതുഭരണത്തിൽ മുഖ്യമായും വരുന്നത് ശമ്പളം, പെൻഷൻ, പ്രതിരോധം എന്നിവയിലുള്ള ചെലവുകളാണ്. എന്നാൽ നിർമ്മാണ മേഖലയിൽ 1.3% മാത്രമാണ് വളർച്ച. നേരത്തെ നാലു വരിപ്പാത ഒരു കിലോ മീറ്റർ വികസിപ്പിച്ചാൽ അത് ഒരു കിലോ മീറ്ററായിരുന്നു. എന്നാൽ ഇപ്പോഴത് നാല് കിലോ മീറ്റർ വികസനമായിട്ടാണ് ചിത്രീകരിക്കപ്പെടുന്നത്.''
''ഭരണകൂടത്തിന്റെ വലിയ അവകാശവാദങ്ങൾക്കിടയിലും ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിൽനിന്നു സ്വകാര്യ മേഖല പിന്മാറുകയാണ്. ഫോറിൻ ഇൻസ്റ്റിറ്റിയൂഷനൽ നിക്ഷേപകർ ഇന്ത്യയിൽനിന്നു വിട്ടുപോവുന്നതാണ് നമ്മൾ മറക്കരുതാത്ത മറ്റൊരു കാര്യം. ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ 2014-ന് ശേഷം വലിയ വർദ്ധന ഉണ്ടായിട്ടുണ്ടെന്നതും കാണാതിരിക്കാനാവില്ല. 2021-ൽ മാത്രം ഏഴരക്കോടി ജനങ്ങളാണ് ഇന്ത്യയിൽ ദാരിദ്ര്യരേഖയ്ക്ക് കീഴിലേക്കു പുതുതായി കൂട്ടിച്ചേർക്കപ്പെട്ടത്. 1990-കൾക്ക് ശേഷം ഈ തലത്തിലുണ്ടായ ഏറ്റവും വലിയ വർദ്ധന. ലോകത്തെ ദരിദ്രരുടെ 60 ശതമാനമാണിത്. യുവാക്കളുടെ തൊഴിലില്ലായ്മ ഇപ്പോൾ 23 ശതമാനമാണ്. യെമൻ, സിറിയ, ലെബനൻ, ഇറാൻ എന്നീ രാജ്യങ്ങളുമായാണ് ഇക്കാര്യത്തിൽ നമ്മുടെ കൂട്ടുകെട്ട്. ബംഗ്ളാദേശിൽ യുവാക്കളുടെ തൊഴിലില്ലായ്മ ഇന്ത്യയുടെ പകുതിയോളമേ ഉള്ളു. ഇതു ജനങ്ങൾക്കു പ്രശ്നമല്ലെങ്കിൽ, ഭരണകൂടത്തിന് ഇതു പ്രശ്നമല്ലെങ്കിൽ അടിസ്ഥാനപരമായി എവിടെയോ പിശകുണ്ടെന്നാണർത്ഥം. ശതകോടീശ്വരന്മാരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ടെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ, ദാരിദ്ര്യരേഖയുടെ താഴേക്കു പുതുതായി വന്നവർ ഏഴര കോടിയാണ്. ഭക്ഷ്യവസ്തുക്കളുടെ മേലുള്ള പണപ്പെരുപ്പം വളരെക്കൂടുതലാണ്. നിക്ഷേപം ഇറക്കാൻ മടിച്ചുനിൽക്കുന്ന സ്വകാര്യ മേഖല- ഇതെല്ലാം എന്താണ് നമ്മോട് പറയുന്നത്. ഇന്ത്യൻ റിപ്പബ്ലിക്ക് ഒരു തകർച്ചയുടെ മുനമ്പിലാണെന്നാണ് ഇവ വിളിച്ചുപറയുന്നത്. അതുകൊണ്ടാണ് ഞാൻ എന്റെ പുസ്തകത്തിന്റെ ഉപ ശീർഷകം 'Essays on a Republic in Crisis' എന്നാക്കിയത്.''

വിമർശിക്കാനുള്ള അവകാശം
മൾട്ടി നാഷണൻ കമ്പനികൾ ചൈനയിൽനിന്നു ഇന്ത്യയിലേക്ക് കുടിയേറുമെന്ന അവകാശവാദവും ഡോ. പറക്കാല പൊളിക്കുന്നുണ്ട്. തൊഴിൽ വൈദഗ്ധ്യത്തിന്റെ മേഖലയിൽ വലിയ പ്രതിസന്ധിയാണ് ഇന്ത്യ നേരിടുന്നത്. ഇന്ത്യൻ ജനതയിൽ 54% പേരും 25 വയസ്സിൽ താഴെയുള്ളവരാണ്. പക്ഷേ, ഇവരിൽ ഭൂരിപക്ഷവും നൈപുണ്യത്തിൽ പിന്നാക്കമാണ്. നമ്മുടെ തൊഴിൽസേനയിൽ വെറും അഞ്ചു ശതമാനത്തിന് മാത്രമേ ഏതെങ്കിലും ഒരു തൊഴിലിൽ വൈദഗ്ധ്യമുള്ളു. ഇംഗ്ളണ്ടിൽ ഇത് 65 ശതമാനവും ജർമ്മനിയിൽ 75 ശതമാനവും അമേരിക്കയിൽ 52 ശതമാനവും ജപ്പാനിൽ 80 ശതമാനവും ദക്ഷിണ കൊറിയയിൽ 96 ശതമാനവുമാണ്. അടിസ്ഥാന സൗകര്യ മേഖലയിൽ 2022-നുള്ളിൽ രാജ്യത്ത് വിദഗ്ധരായ 15 കോടി തൊഴിലാളികളുടെ അഭാവമുണ്ടായിട്ടുള്ളതായാണ് കേന്ദ്ര സർക്കാർ കണക്കാക്കുന്നത്.
വാഹന നിർമ്മാണ മേഖലയിൽ മൂന്നരക്കോടി വിദഗ്ധ തൊഴിലാളികളുടെ കുറവുണ്ട്. അതായത് നമ്മുടെ തൊഴിലാളികളിൽ യുവാക്കളുടെ എണ്ണം ഏറുമെങ്കിലും അതുകൊണ്ട് വലിയ പ്രയോജനമൊന്നും ഇന്ത്യയ്ക്കുണ്ടാവാൻ പോവുന്നില്ല. അതായത് ജനസംഖ്യാശാസ്ത്രപരമായ മെച്ചം വെറുതെയാവുന്നു. ഭരണപരവും രാഷ്ട്രീയപരവുമായ സുസ്ഥിരത വെറുതെയാവുന്നു. തുടർച്ചയായിക്കിട്ടിയ ജനവിധികൾ പാഴാവുന്നു. ഒമ്പതര വർഷം തുടർച്ചയായി ഭരിക്കാനായിട്ടും മോദി സർക്കാരിനു രാജ്യത്തിനായി ഒന്നും ചെയ്യാനാവുന്നില്ലെന്ന് പറക്കാല ചൂണ്ടിക്കാട്ടുന്നു.
ഭരണകൂടത്തിന്റെ കൂടെ നിൽക്കുന്ന ഒരു കൂട്ടം ചങ്ങാത്ത മുതലാളിമാർ പണം വാരിക്കൂട്ടുകയും ബഹുഭൂരിപക്ഷം വരുന്ന സാധാരണ മനുഷ്യരുടെ ജീവിതം അനുദിനം ദുഃസ്സഹമാവുകയും ചെയ്യുമ്പോൾ തനിക്ക് നിശ്ശബദനായി ഇരിക്കാനാവില്ലെന്നും മോദി സർക്കാരിനെ വിമർശിക്കാൻ ഒരു ഇന്ത്യൻ പൗരനെന്ന നിലയിൽ തനിക്ക് എല്ലാ വിധത്തിലുള്ള അവകാശമുണ്ടെന്നും വ്യക്തമാക്കുന്ന ഡോക്ടർ പറക്കാലയുടെ പുസ്തകം 2023 ലെ പ്രകാശ ഗോപുരങ്ങളിൽ ഒന്നാണ്.

അടിയന്തരാവസ്ഥയുടെ പുതുരൂപങ്ങൾ
ന്യൂസ്ക്ലിക്ക് പത്രാധിപർ പ്രബിർ പുർകായസ്തയുടെ ആത്മകഥയാണ് മൂന്നാമത്തെ പുസ്തകം. 'Keeping Up The Good Fight : From The Emergency To The Present Day' എന്ന് പേരിട്ടിട്ടുള്ള ഈ പുസ്തകവും സമകാലിക ഇന്ത്യയുടെ വ്യത്യസ്തമാർന്ന അടരുകൾ ഒന്നൊന്നായി തുറന്നെടുക്കുന്നുണ്ട്. രണ്ടു ഭരണകൂടങ്ങൾ അറസ്റ്റ് ചെയ്തു തുറുങ്കിലടച്ച വ്യക്തിയാണ് പ്രബിർ. ആദ്യത്തെ അറസ്റ്റ് അടിയന്തരാവസ്ഥയിൽ 1975 സെപ്റ്റംബർ 12-നായിരുന്നു. രണ്ടാമത്തേത് മോദി സർക്കാരിനു കീഴിൽ ഇക്കഴിഞ്ഞ ഒക്ടോബർ മൂന്നിനും. ഏകാധിപത്യ സ്വഭാവമുള്ള ഭരണകൂടങ്ങൾ വിയോജിപ്പുകളെ എങ്ങിനെയാണു നേരിടുന്നതെന്നതിന്റെ ഉത്തമ ഉദാഹരണമാണ് പ്രബിർ. എഞ്ചിനീയറിങ് ബിരുദം നേടിയ ശേഷമാണ് പ്രബിർ ജെ.എൻ.യുവിൽ ബിരുദാനന്തര ബിരുദ പഠനത്തിനെത്തുന്നത്. അവിടെ എസ്.എഫ്.ഐ. പ്രവർത്തകനായിരുന്ന പ്രബിറിനെ ആളുമാറിയാണ് ഡൽഹി പോലിസ് അറസ്റ്റ് ചെയ്യുന്നത്. എസ്.എഫ്.എയുടെ ജെ.എൻ.യു. യൂണിറ്റ് പ്രസിഡന്റ് ദേവി പ്രസാദ് ത്രിപാഠിയാണെന്നു കരുതിയാണ് പോലിസ് പ്രബിറിനെ പൊക്കിയത്. ആളുമാറിയ കാര്യം അറിഞ്ഞിട്ടും പോലിസ് അതു തുറന്നുസമ്മതിക്കാൻ തയ്യാറവാതിരുന്നതുകൊണ്ട് ഒരു കൊല്ലത്തോളമാണ് പ്രബിറിന് അടിയന്തരാവസ്ഥയിൽ ജയിലിൽ കഴിയേണ്ടി വന്നത്.
മോദി സർക്കാരിനെ കുഴപ്പത്തിലാക്കിയ കർഷക പ്രക്ഷോഭവും സി.എ.എ. വിരുദ്ധ സമരവും സമഗ്രമായി റിപ്പോർട്ട് ചെയ്്ത ചുരുക്കം ചില മാദ്ധ്യമങ്ങളിൽ ഒന്നായിരുന്നു പ്രബിറിന്റെ പത്രാധിപത്യത്തിലുള്ള ന്യൂസ്ക്ലിക്ക്. സ്വതന്ത്ര പത്രപ്രവർത്തനം മോദി സർക്കാർ എത്രമാത്രം ശത്രുതാപരമായാണു കാണുന്നതെന്നതിന്റെ ഒന്നാന്തരം തെളിവായിരുന്നു പ്രബീറിന്റെയും ന്യൂസ്ക്ലിക്ക് എച്ച്.ആർ. മേധാറവിയുടെയും അറസ്റ്റ്. നാൽപതോളം പത്രപ്രവർത്തകരുടെ മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ എന്നിവയും ഇതോടൊപ്പം പോലിസ് പിടിച്ചെടുത്തു. ഒരാളെ ഇല്ലാതാക്കുന്നതിനു തുല്ല്യമാണ് അവരുടെ ഫോണുകളും പ്രവർത്തനോപാധികളും പിടിച്ചെടുക്കുന്നത്.
മനുഷ്യർ അവരുടെ സ്വന്തം ചരിത്രം സൃഷ്ടിക്കുന്നു എന്ന മാർക്സിയൻ വചനവും ചരിത്രം മറക്കുന്നവർക്കു ചരിത്രം തീർക്കാനാവില്ലെന്ന അംബദ്കറിയൻ ദർശനവും ഉദ്ധരിച്ചുകൊണ്ടാണ് പ്രബിർ ആത്മകഥ തുടങ്ങുന്നത്. ഓരോ തലമുറയ്ക്കും ഒരു അടിയന്തരാവസ്ഥ നേരിടേണ്ടി വരുന്നുണ്ടോ എന്ന ശീർഷകത്തിലുള്ള ആദ്യ അദ്ധ്യായം മുതൽ 'രാഷ്ട്രീയം ജീവിക്കുമ്പോൾ' എന്ന അവസാന അദ്ധ്യായം വരെ പ്രബിർ മുന്നോട്ടുവെയ്ക്കുന്ന വിവരണങ്ങൾ ഒരു രാഷ്ട്രീയ വിദ്യാർത്ഥിക്ക് ഒരിക്കലും അവഗണിക്കാനാവില്ല. തീവ്ര വലതുപക്ഷത്തോടും തീവ്ര ഇടതുപക്ഷത്തോടും ഒരു പോലെ അകലം പാലിക്കുന്ന രാഷ്ട്രീയമാണ് പ്രബീറിന്റേത്. ഇതിനുള്ള ഏറ്റവും നല്ല വേദി സി.പി.എമ്മിന്റേതാണെന്ന് പ്രബിർ കരുതുന്നു. പ്രബീറിന്റെ ആത്മകഥയിൽ ഒരു പോരായ്മയുണ്ടെങ്കിൽ അത് സി.പി.എമ്മിന്റെ വ്യതിയാനങ്ങളും വീഴ്ചകളും പ്രബിർ രേഖപ്പെടുത്തുന്നില്ല എന്നതാണ്.
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മാതൃകയിൽ ഡൽഹി സയൻസ് ഫോറം കെട്ടിപ്പടുക്കുന്നതിൽ പ്രബിർ വഹിച്ച പങ്ക് നിസ്തുലമാണ്. ജെ.എൻ.യുവിൽ എസ്.എഫ്.ഐ. പ്രവർത്തകയായിരുന്ന അശോകയാണ് പ്രബിറിന്റെ ജിവിതപങ്കാളിയായത്. ബൃന്ദ കാരാട്ടിനൊപ്പം സി.പി.എമ്മിന്റെയും മഹിള സംഘടനകളുടെയും പ്രവർത്തനങ്ങളിൽ സജിവമായിരുന്ന അശോകയുടെ അപ്രതീക്ഷിത മരണം 1983-ൽ പ്രബിറിനെ ഉലച്ചുകളഞ്ഞു. മൂന്നു മാസം മാത്രം പ്രായമുളള മകനുമായി ആ ദിവസങ്ങളിൽ ജീവിതത്തെ നേരിട്ടതിയെനക്കുറിച്ച് പ്രബിർ ആത്മകഥയിൽ അനുസ്മരിക്കുന്നുണ്ട്. ശാസ്ത്രം ജനങ്ങളിലേക്കെത്തിക്കുന്നതിൽ കേരളത്തിൽ പരിഷത്തിനൊപ്പം മുൻനിരയിലുണ്ടായിരുന്ന എം.പി. പരമേശ്വരനുമായി നടത്തിയിരുന്ന സംവാദങ്ങളും പ്രബിർ ഓർക്കുന്നു.
പ്രബിറിന്റെ ആത്മകഥയ്ക്ക് മുഖവുര എഴുതിയിരിക്കുന്നത് സുഹൃത്തും മുൻ നാവികസേന മേധാവി അഡ്മിറൽ രാംദാസിന്റെ ഭാര്യയുമായ ലളിത രാംദാസാണ്. പ്രബിറിന്റെ ആത്മകഥയിലെ ഓരോ താളിലും നമുക്കെല്ലാവർക്കുമുള്ള പാഠങ്ങളുണ്ടെന്ന് ലളിത എഴുതുന്നു. ജനങ്ങൾക്കിടയിൽ ജിവിക്കുകയും അവരിൽനിന്നു പാഠങ്ങൾ പഠിക്കുകയും ചെയ്യുന്ന പ്രബീറിന്റെ പോരാട്ടങ്ങൾ അവസാനിക്കുന്നില്ലെന്നും ലളിത വായനക്കാരെ ഓർമ്മിപ്പിക്കുന്നു. യു.എ.പി.എ. എന്ന കരിനിയമത്തിന് കീഴിലാണ് പ്രബിറിനെ മോദി ഭരണകൂടം അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റ് ചെയ്യപ്പെടുന്നതിനുമുമ്പ് പ്രബിർ ആത്മകഥ പൂർത്തിയാക്കിയിരുന്നുവെന്നു വേണം കരുതാൻ. പ്രബീർ എന്നാണു പുറംലോകം വീണ്ടും കാണുകയെന്നറിയില്ല. അധികാരത്തോടു സത്യം വിളിച്ചുപറയുക മാത്രമല്ല അധികാരത്തെ ചോദ്യം ചെയ്യുന്നു എന്നതുകൂടിയാണ് പ്രബിറിന്റെ ആത്മകഥയെ വ്യത്യസ്തമാക്കുന്നത്.

കാതൽ: നാട്യങ്ങളുടെ കൂടാരം
2023-ൽ പല സിനിമകളും കണ്ടു. മനസ്സിൽ തങ്ങിനിൽക്കുന്ന ചില സിനിമകളുണ്ട്. ക്രിസ്റ്റഫർ നൊളന്റെ ഓപ്പൺഹൈമർ ആണതിലൊന്ന്. ഏറ്റവുമധികം നിരാശപ്പെടുത്തിയത് ജിയോ ബേബിയുടെ കാതൽ ദ കോർ എന്ന സിനിമയാണ്. കല, അതിപ്പോൾ എഴുത്തായാലും സിനിമയായാലും ചിത്രമായാലും ശിൽപമായാലും, സ്വാഭാവികതയുണ്ടാവണം. കൃത്രിമത്വം വന്നു പോയാൽ കല കലയുടെ വഴിക്കും ജീവിതം ജീവിതത്തിന്റെ വഴിക്കും പോകും. അടിമുടി നാട്യങ്ങളിൽ കുളിച്ചു നിൽക്കുന്ന സിനിമയാണ് 'കാതൽ'.
സ്വവർഗ്ഗാനുരാഗം പ്രമേയമാക്കുന്നതുകൊണ്ട് ഒരു സിനിമ മികച്ച സിനിമയാകുന്നില്ല. ജനപ്രിയ നായകനായ മമ്മൂട്ടിയാണ് നായകൻ എന്നതുകൊണ്ടും ഒരു സിനിമ മികച്ച സിനിമയാവില്ല. ഒരു പാർട്ടിയുടെയും പ്രചാരണമാവരുത് സംവിധായകന്റെ ലക്ഷ്യം. ചെരിപ്പ് ആദ്യമേയുണ്ടാക്കിയിട്ട് അതിനനുസരിച്ചു കാലു മുറിക്കുന്ന പരിപാടിയാണ് ജിയോ ബേബി 'കാതലി'ൽ ചെയ്യുന്നത്. സ്വവർഗ്ഗാനുരാഗിയെ അംഗീകരിക്കുന്ന പാർട്ടിയും അദ്ദേഹത്തെ വിജയിപ്പിക്കുന്ന വാർഡും ആദ്യമേ അങ്ങു തീർപ്പാക്കുന്നു. എന്നിട്ട് അതിനുവേണ്ടി ഒരു സിനിമ എടുക്കുന്നു. നായകനും നായികയുമായി മമ്മൂട്ടിയും ജ്യോതികയുമായാൽ ബാക്കിയെല്ലാം ഒപ്പിച്ചെടുക്കാനാവുമെന്നു കരുതിയിട്ടുണ്ടാവും. അങ്ങിനെ സിനിമയ്ക്കായി ഒരു വെള്ളരിക്കാഗ്രാമവും അവിടെ കുറെ പ്ലാസ്റ്റിക് കഥാപാത്രങ്ങളെയും സൃഷ്ടിക്കുന്നു. ചിത്രത്തിന്റെ അവസാന ഫ്രെയ്മിൽ എന്റെ ദൈവമേ എന്നു വിളിച്ച് മമ്മൂട്ടിയുടെ കഥാപാത്രം ജ്യോതികയുടെ കഥാപാത്രത്തെ കെട്ടിപ്പടിക്കുന്നുണ്ട്. സിനിമ എങ്ങിനെയാണ് നാടകമാവുന്നതെന്ന് ഈ ഒരൊറ്റ ദൃശ്യം സാക്ഷ്യപ്പെടുത്തും.
കേരളത്തിൽ നിലനിൽക്കുന്ന യാഥാർത്ഥ്യവുമായി ഒട്ടുംതന്നെ പൊരുത്തപ്പെടുന്ന സിനിമയല്ല ജിയോ ബേബിയുടേത്. തിരുവനന്തപുരത്ത് അനുപമ എന്ന യുവതി സ്വന്തം കുഞ്ഞിനു വേണ്ടി നടത്തിയ പോരാട്ടത്തിൽ പാർട്ടി ആർക്കൊപ്പമാണു നിന്നതെന്ന് ജിയോ ബേബി മറന്നാലും നമ്മൾ നാട്ടുകാർക്കു മറക്കാനാവില്ല. ജൈവികമായ വളർച്ചയാണു ജീവിതത്തെയെന്ന പോലെ കലയേയും സുന്ദരമാക്കുന്നത്. 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചനി'ൽ ഈ സ്വാഭാവികത സമൃദ്ധമായുണ്ടായിരുന്നു. ഹിന്ദുത്വയേയും പാട്രിയാർക്കിയേയും സൂക്ഷ്മതലങ്ങളിൽ തുറന്നുകാട്ടിയ ആ സിനിമയിൽ കൃത്രിമത്വം ഒട്ടുംതന്നെ അനുഭവപ്പെട്ടിരുന്നില്ല. മുട്ട ഉള്ളിൽനിന്നു പൊട്ടുമ്പോഴാണ് ഒരു ജീവനു തുടക്കമാവുന്നത്. പുറത്തുനിന്നു പൊട്ടിച്ചാൽ അതു ജീവന്റെ നാശമാണ്. 'കാതലി'ൽ ജിയോ ബേബി മുട്ട പുറത്തുനിന്നു പൊട്ടിക്കുന്നു, അതോടെ അതിന്റെ കഥ കഴിയുകയും ചെയ്യുന്നു.

പിണറായിയുടെ ജീവൻരക്ഷാ പ്രവർത്തനം
2023-ൽ ഏറ്റവും നിരാശപ്പെടുത്തിയ ഡയലോഗ് വന്നത് മുഖ്യമന്ത്രി പിണറായി വിജയനിൽനിന്നാണ്. ഒരിടത്തുമെത്താതെ പോയ നവകേരള സദസ്സിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നിർദ്ദയം മർദ്ദിച്ച സി.പി.എം. അനുഭാവികളെ ന്യായീകരിച്ചുകൊണ്ട് അവർ ജീവൻ രക്ഷാപ്രവർത്തനമാണ് നടത്തിയതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ ജനാധിപത്യ കേരളത്തിനു മേൽ തീരാക്കളങ്കമായി. ഒരു ഭരണാധികാരിയും ഒരിക്കലും പറയരുതാത്ത വാക്കുകളാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്.

ജസ്റ്റിസ് റൊഹിൻടൺ നരിമാന്റെ പ്രഭാഷണം
2023-ൽ കേട്ട ഏറ്റവും മികച്ച പ്രസംഗത്തെക്കുറിച്ച് കൂടി പറയാതെ ഈ കുറിപ്പ് അവസാനിപ്പിക്കാനാവില്ല. ഇക്കഴിഞ്ഞ ഡിസംബർ 15-ന് ജസ്റ്റിസ് റൊഹിൻടൺ നരിമാൻ നടത്തിയ ബെൻസാരി ഷെത്ത് സ്മാരക പ്രഭാഷണം ജനാധിപത്യ വിശ്വാസികൾ ആവർത്തിച്ചു കേൾക്കേണ്ടതായുണ്ട്.
2023-ൽ ഇന്ത്യ നേരിട്ട നാല് ഗുരുതര പ്രതിസന്ധികൾ അനാവരണം ചെയ്യുന്ന പ്രഭാഷണമായിരുന്നു നരിമാന്റേത്. ബി.ബി.സി. ഓഫീസുകളിൽ നടന്ന ഐ.ടി. റെയ്ഡ്, കേരളത്തിൽ ജനങ്ങൾ തിരഞ്ഞെടുത്ത നിയമസഭയേയും സർക്കാരിനെയും ഗവർണർ തകർക്കാൻ ശ്രമിക്കുന്നത്, തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്ന പാനലിൽനിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പകരം ക്യാബിനറ്റ് മന്ത്രിയെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതിയ നിയമം, ജമ്മു കശ്മീരിനെ രണ്ടാക്കിക്കൊണ്ട് ജനാധിപത്യം അട്ടിമറിച്ചത് എന്നീ നാലു സംഭവങ്ങളാണ് ഈ പ്രഭാഷണത്തിൽ ജസ്റ്റിസ് നരിമാൻ ആഴത്തിൽ പരിശോധിക്കുന്നത്. നരിമാന്റെ പ്രഭാഷണം യുട്യൂബിൽ ലഭ്യമാണ്.
വഴിയിൽ കേട്ടത്: രാമക്ഷേത്ര വിഷയത്തിൽ കോൺഗ്രസിനല്ല ചില വ്യക്തികൾക്കു മാത്രമാണു ക്ഷണമെന്ന് വി.ഡി. സതീശൻ. സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ എന്നുമുതലാണ് കോൺഗ്രസിനു വ്യക്തികൾ മാത്രമായതെന്നുകൂടി വി..ഡി.എസ്. മൊഴിയണം. ചുമ്മാ വീണിടത്തു കിടന്നുരുളാതെ നിലപാട് പറ എന്റെ സതീശാ!
Content Highlights: Three booka, Ziya Us Salam, Dr. Parakkala Prabhakar, Prabhir Purkayastha, Vazhipokkan
Published: 03 Jan 2024, 12:30 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്ത്തകളോടു പ്രതികരിക്കുന്നവര് അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented