ചേരാനല്ലൂരിലെ കാർ അപകടക്കേസിൽ പോലിസിന് തുടക്കത്തിൽ വീഴ്ച പറ്റിയെന്ന് പറഞ്ഞത് കേരള സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ്. പൊതുവേ നമ്മുടെ ഭരണാധികാരികൾ കുറ്റം ഏറ്റു പറയാറില്ല. സ്വന്തം വകുപ്പിൽ എന്തെങ്കിലും വീഴ്ചയുണ്ടായാൽ അതിനെ എങ്ങിനെ ന്യായീകരിക്കാം എന്നാണ് ഭരണകൂടത്തിന്റെ തലപ്പത്തിരിക്കുന്നവർ ആലോചിക്കുക. പോലീസിന്റെ മനോവീര്യം തകരും എന്ന നിലപാടിന്റെ മറയിൽ മുഖ്യമന്ത്രിമാരും ആഭ്യന്തര മന്ത്രിമാരും പോലീസിന്റെ എത്രയോ നിർദ്ദയ പ്രവൃത്തികൾ ന്യായീകരിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ പങ്കെടുത്തിരുന്ന പൊതുയോഗങ്ങളിൽ കറുത്ത മാസ്‌ക് ധരിച്ചെത്തുന്നവരെപ്പോലും പുറത്താക്കുന്ന പോലീസ് നടപടിക്കെതിരെ ഒരു വാക്ക് പോലും അന്നത്തെ ഭരണാധികാരികളുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. നക്‌സൽ സാഹിത്യം കയ്യിലുണ്ടായിരുന്നു എന്ന കുറ്റത്തിന് രണ്ട് ചെറുപ്പക്കാരെ യു.എ.പി.എ. നിയമപ്രകാരം അറസ്റ്റ് ചെയ്തപ്പോഴും അതിനെ ന്യായീകരിക്കാനായിരുന്നു ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്തിരുന്ന പിണറായി വിജയൻ ഉത്സാഹിച്ചത്.

To advertise here,

1958 ജൂലായിൽ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള പ്രഥമ കമ്മ്യൂണിസ്റ്റ് സർക്കാർ ഭരിക്കുമ്പോൾ കൊല്ലം ചന്ദനത്തോപ്പിൽ സമരം ചെയ്യുകയായിരുന്ന കശുവണ്ടിത്തൊഴിലാളികൾക്ക് നേരെ പോലിസ് വെടിവെച്ചപ്പോൾ രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ടു. തിരുവനന്തപുരത്ത് പാർട്ടിയുടെ സംസ്ഥാന സമിതി യോഗം ചേരുന്നതിനിടെയാണ് ഈ ദാരുണ വാർത്ത കേട്ടതെന്ന് കമ്മ്യൂണിസ്റ്റ് നേതാവ് കെ. ദാമോദരൻ എഴുതിയിട്ടുണ്ട്. തൊഴിലാളിവർഗ്ഗ പാർട്ടി ഭരിക്കുമ്പോൾ തൊഴിലാളികളെ പോലിസ് വെടിവെച്ചു കൊല്ലുന്നത് ആലോചിക്കാൻ പോലും ആവുമായിരുന്നില്ല. പക്ഷേ, പാർട്ടിയും ഭരണകൂടവും എടുത്ത നിലപാട് പോലിസിന്റെ മനോവീര്യം തകർക്കുന്ന ഒരു നടപടിയും തത്ക്കാലം വേണ്ടെന്നായിരുന്നു. വെടിവെപ്പ് ന്യായീകരിക്കാൻ പാർട്ടി ചുമതലപ്പെടുത്തിയ ഒരാൾ ദാമോദരനായിരുന്നു. ഒരൊറ്റത്തവണയേ തനിക്കാ വെടിവെപ്പിനെ ന്യായീകരിക്കാനായുള്ളു എന്നും അതിനുശേഷം തനിക്കനുഭവപ്പെട്ട ആത്മനിന്ദ പറഞ്ഞറിയിക്കാനാവില്ലായിരുന്നു എന്നും ദാമോദരൻ എഴുതിയിട്ടുണ്ട്.

പോലിസിന്റെ മനോവീര്യം

പോലീസിന്റെ മനോവീര്യം പിന്നിടങ്ങോട്ട് മിക്കവാറും എല്ലാ ഭരണാധികാരികളുടെയും ദൗർബ്ബല്യമായിരുന്നു. അടിയന്തരാവസ്ഥയിൽ പോലിസ് നടത്തിയ നരനായാട്ടിനെ അന്നത്തെ ആഭ്യന്തര മന്ത്രി കെ.കരുണാകരൻ ന്യായീകരിച്ചതും 2003-ൽ വയനാട്ടിലെ മുത്തങ്ങയിൽ ആദിവാസികൾക്കു നേരെ പോലിസ് നടത്തിയ വെടിവെയ്പിനെ അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണി ന്യായീകരിച്ചതും ഈ കാഴ്ചപ്പാടിന്റെ പുറത്തായിരുന്നു. 1984-ലെ സിഖ് വിരുദ്ധ കലാപത്തിലും 2002-ലെ ഗുജറാത്ത് കലാപത്തിലും പോലിസ് നോക്കുകുത്തിയായപ്പോൾ അന്നത്തെ ഭരണാധികാരികൾക്ക് അതിലൊരു മനഃസാക്ഷിക്കുത്തുമുണ്ടായില്ല. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ പ്രതിപക്ഷ പാർട്ടി പ്രവർത്തകർക്കും വിദ്യാർത്ഥികൾക്കുമെതിരെ പോലിസ് നടത്തിയ മർദ്ധനമുറകളെ അപലപിക്കാനോ ഖേദം പ്രകടിപ്പിക്കാനോ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇനിയും തയ്യാറായിട്ടില്ലെന്നതും ഇതോടൊപ്പം ചേർത്ത് വായിക്കണം.

കാക്കിയിട്ട പോലീസുകാരുടെ പെരുമാറ്റമാണ് ഭരണകൂടത്തിനെ പലപ്പോഴും നിർണ്ണയിക്കുന്നതും നിർവ്വചിക്കുന്നതും. അടിയന്തരാവസ്ഥ അടിയന്തരാവസ്ഥയായത് പോലീസുകാരുടെ പെരുമാറ്റം കൊണ്ടാണ്. അന്ന് ആ പോലീസ് ഭീകരതയ്ക്ക് ഇരയായ പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയായിരിക്കെയാണ് വരാപ്പുഴയിലെ കസ്റ്റഡി മരണമുണ്ടായത്. അപ്പോഴും പോലിസിന്റെ മനോവീര്യത്തിനായിരുന്നു മുൻതൂക്കം. സഖാവ് അച്യുതമേനോൻ ഭരിച്ചപ്പോഴായിരുന്നു പോലീസ് കസ്റ്റഡിയിൽ രാജൻ കൊല്ലപ്പെട്ടത്. പക്ഷേ, അച്ച്യുതമേനോനല്ല കെ. കരുണാകരനായിരുന്നു അന്ന് ആഭ്യന്തര മന്ത്രി. ഇന്ദിരയുടെയും സഞ്ജയ് ഗാന്ധിയുടെയും വിശ്വസ്തനായിരുന്ന കരുണാകരൻ അന്ന് പല തലത്തിലും മുഖ്യമന്ത്രിക്ക് മേലെയായിരുന്നു. ഈ വസ്തുതകൾക്ക് പോലും രാജൻ വധത്തിന്റെ കളങ്കത്തിൽ നിന്ന് അച്യുതമേനോനെ രക്ഷിക്കാനായിട്ടില്ല. മുഖ്യമന്ത്രിയെന്ന നിലയിൽ വിലയിരുത്തുമ്പോൾ അച്യുതമേനോന്റെ തലയ്ക്ക് മേലെ ഇന്നും രാജന്റെ മരണത്തിന്റെ കരിനിഴലുണ്ട്.

നിയമത്തിന് മുന്നിലെ സമത്വം

കാക്കി പ്രതീകവും ചിഹ്‌നവുമാണ്. അധികാരത്തിന്റെ മാസ്മരിക പ്രഭാവം നമ്മൾ സാധാരണക്കാർ ആദ്യം അറിയുന്നത് കാക്കിയിലൂടെയാണ്. ഇവിടെയാണ് രമേശ് ചെന്നിത്തല വ്യത്യസ്തനാവുന്നത്. ചേരാനല്ലൂരിൽ പോലിസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായി എന്ന് പറയാൻ കേരളത്തിന്റെ ആഭ്യന്തര മന്ത്രിക്ക് ഒരു മടിയുമുണ്ടായില്ല. ഇക്കഴിഞ്ഞ ഒക്‌ടോബർ 27-ന് നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട് ചെന്നിത്തല നടത്തിയ പ്രസ്താവന ജനാധിപത്യ കേരളത്തിന്റെ ചരിത്രത്തിൽ എന്നെന്നും ഓർമ്മിക്കപ്പെടും എന്നതിൽ ഒരു സംശയവുമില്ല.

ആരും നിയമത്തിന് അതീതരല്ല എന്നാണ് ചെന്നിത്തല പോലിസിനെ ഓർമിപ്പിച്ചത്. ജഡ്ജിയും സാധാരണ മനുഷ്യരും നിയമത്തിന് മുന്നിൽ തുല്യരാണ്. നിയമത്തിന് മുന്നിലുള്ള ഈ സമത്വം ഇന്ത്യൻ ഭരണഘടനയുടെ 14-ാം വകുപ്പ് ഉറപ്പ് നൽകുന്ന മൗലികാവകാശമാണത്. അപകടത്തിനിടയാക്കിയ കാർ ഓടിച്ച പയ്യന്റെ പിതാവായ ജഡ്ജി പോലിസ് സ്‌റ്റേഷനിൽ എത്തിയപ്പോൾ കവാത്ത് മറന്ന പോലിസുകാർ നീതിക്കൊപ്പമായിരുന്നില്ല എന്നാണ് ചെന്നിത്തല അസന്നിഗ്ദ്ധമായി വ്യക്തമാക്കിയത്. 55 വയസ്സുള്ള ജയബാലകൃഷ്ണൻ എന്ന സാധാരണ മനുഷ്യനാണ് കാറപകടത്തിൽ കൊല്ലപ്പെട്ടത്. നിർദ്ധന കുടുംബത്തിന്റെ അത്താണിയായിരുന്നു ഈ മനുഷ്യൻ. കൊലപാതകമല്ലാത്ത നരഹത്യയാണ് ഇവിടെയുണ്ടായത് എന്ന് പകൽ പോലെ വ്യക്തമായിരുന്നു. എന്നിട്ടും ഇതുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിതയുടെ 105-ാം വകുപ്പ് പോലീസ് ആദ്യം ചുമത്തിയില്ല. അതോടെ ജുവൈനൽ ജസ്റ്റിസ് ബോർഡിൽ നിന്നും പ്രതികൾക്ക് ജാമ്യം കിട്ടാൻ ഒരു പ്രയാസവുമുണ്ടായില്ല.

എം.പി. നാരായണപിള്ളയുടെ ‘പരിണാമം’ എന്ന നോവലിൽ ഡിവൈഎസ്പി കേശവൻ നായർ പറയുന്ന ഒരു ഡയലോഗുണ്ട്: ‘പോലിസും കള്ളനും തമ്മിലുള്ള അന്തരം കുറയുന്നത് മനസ്സിലാക്കാം. പക്ഷേ, പരസ്പരം മാറിപ്പോകാനും തുടങ്ങിയിരിക്കുന്നു അല്ലേ?'’ ഇത്തരമൊരു ഡയലോഗ് ജനം ഏറ്റെടുക്കുംമുമ്പുള്ള അവസരോചിതമായ ഇടപെടലായിരുന്നു ചെന്നിത്തലയുടേത്.

പി.വിജയന്റെ അന്വേഷണം

ജനത്തെ കൈയിലെടുക്കാനുള്ള വെറും വാക്കുകളായിരുന്നില്ല തന്റേതെന്ന് ആഭ്യന്തര മന്ത്രി തെളിയിച്ചു. എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം ചേരാനല്ലൂരിലെത്തി തെളിവെടുപ്പ് നടത്തുന്നത് അങ്ങിനെയാണ്. ക്രമസമാധാന പരിപാലനത്തിന്റെ ചുമതലയുള്ള എഡിജിപിയാണ് പി.വിജയൻ. കേരള പോലിസിലെ സുപ്രധാന പദവികളിൽ ഒന്ന്. ഡിജിപി രവത ചന്ദ്രശേഖറാണ് വിജയനും മുകളിലുള്ളത്. പിണറായി സർക്കാരിന്റെ കാലത്താണ് രവത ചന്ദ്രശേഖർ ഈ സ്ഥാനത്തേക്കെത്തിയത്. വിജയനെ നിലവിലുള്ള സ്ഥാനത്തേക്ക് കൊണ്ടുവന്നത് യു.ഡി.എഫ്. സർക്കാരാണ്. മുഖ്യമന്ത്രി സതീശന്റെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെയും പിന്തുണയില്ലാതെ ഒരു പോലിസ് ഓഫീസർക്ക് ഈ സ്ഥാനത്തെത്താനാവില്ല. യു.ഡി.എഫ്. ഭരണകൂടത്തിന്റെ വിശ്വസ്തനാണ് പി.വിജയൻ എന്ന് ചുരുക്കം. അത്തരമൊരു ഓഫീസറെ ചേരനല്ലൂരിൽ അന്വേഷണത്തിന് വിട്ടാൽ അതിന്റെ അർഥം ഈ കേസ് യു.ഡി.എഫ്. സർക്കാർ അത്രമേൽ ഗൗരവതരമായി കാണുന്നുവെന്നു തന്നെയാണ്.

പി.വിജയന്റെ അന്വേഷണത്തിന് പിന്നാലെ ശക്തമായ നടപടിയുണ്ടായി. ചേരാനല്ലൂർ പോലിസ് സ്‌റ്റേഷനിലെ സർക്കിൾ ഇൻസ്‌പെകട്രർ അടക്കം നാല് പോലിസുകാർ സസ്‌പെന്റ് ചെയ്യപ്പെട്ടു. ജില്ലാ പോലിസ് മേധാവിയായ സിറ്റി കമ്മീഷണറെ സ്ഥലം മാറ്റി. ഏത് പടച്ച തമ്പുരാൻ സമ്മർദ്ദം ചെലുത്തിയാലും പോലിസുകാർ അതിന് വഴങ്ങരുതെന്ന കൃത്യമായ സന്ദേശമാണ് ഇതിലൂടെ ആഭ്യന്തര വകുപ്പ് നൽകിയത്. ജുഡീഷ്യൽ ഓഫിസർമാർക്കെതിരെയുള്ള നിയമനടപടികൾക്ക് സുപ്രീംകോടതിയുടെ വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങളുണ്ട്. ഹൈക്കോടതി അറിയാതെ ഒരു തരത്തിലുള്ള നടപടിയും ജുഡീഷ്യൽ ഓഫീസർമാർക്കെതിരെ എടുക്കാനാവില്ല. അതുകൊണ്ട് തന്നെ കാർ ഓടിച്ച പയ്യന്റെ പിതാവായ ജഡ്ജിക്കെതിരെ നടപടി എടുക്കുന്നതിൽ പോലിസിന് പരിമിതികളുണ്ട്. പക്ഷേ, ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം ജഡ്ജിയെ വിശദമായി ചോദ്യം ചെയ്തിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പ് നിയമം 199 എ പ്രകാരമുള്ള നടപടികൾ എടുക്കുന്നതിൽ ഒരു തരത്തിലുള്ള അലംഭാവമുണ്ടാവില്ലെന്നും ചെന്നിത്തല ഉറപ്പു നൽകിയിട്ടുണ്ട്.

മക്കളെ അറിഞ്ഞാലും അറിയാത്തവർ

പ്രായപൂർത്തിയാവാത്ത ഒരാൾ വണ്ടി ഓടിക്കുന്നത് നിയമ വിരുദ്ധമാണ്. 18 വയസ്സുണ്ടെങ്കിലേ ഇന്ത്യയിൽ ഡ്രൈവിങ് ലൈസൻസ് കിട്ടുകയുള്ളൂ. ചേരാനല്ലൂർ കേസിലെ അപകടത്തിനിടയാക്കിയ കാർ ഓടിച്ചത് 17 കാരനാണ്. പ്രായപൂർത്തിയാവാത്ത ഒരാൾ വണ്ടിയോടിച്ചാൽ അതിന്റെ ഉത്തരവാദിത്വം വണ്ടി ഉടമയ്ക്കാണ്. അഡീഷണൽ സെഷൻസ് ജഡ്ജിയുടെ പേരിലുള്ള വാഹനമാണ് പയ്യൻ ഓടിച്ചതെന്നാണറിയുന്നത്. അതുകൊണ്ടുതന്നെ ജഡ്ജിക്ക് ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറാനാവില്ല. താനറിയാതെയാണ് മകൻ വണ്ടി ഓടിക്കുന്നതെന്ന് തെളിയിക്കേണ്ട ബാദ്ധ്യത 199 എ പ്രകാരം വാഹന ഉടമയ്ക്കാണ്. ഒരു സുപ്രഭാതത്തിൽ ഒരാൾക്കും പൊതു നിരത്തിലൂടെ വണ്ടി ഓടിക്കാനാവില്ല. എത്രയോ നാളുകൾ വണ്ടി ഓടിച്ച് ഓടിച്ചാണ് അതിനുള്ള ആത്മവിശ്വാസം നമ്മൾ ആർജ്ജിക്കുന്നത്. മകൻ ഇത്രയും നാൾ കാർ ഓടിച്ചിട്ടും അതറിയാതെ പോയെങ്കിൽ പിതാവായ ജഡ്ജി ഈ ഭൂമിയിലൊന്നുമായിരിക്കില്ല താമസിക്കുന്നത്. വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന മാന്യ ദേഹമാണ് ഈ ജഡ്ജിയെന്നാണറിയുന്നത്.

ഒക്‌ടോബർ 25-ന് പുലർച്ചെ രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. രണ്ടാഴ്ച മുമ്പാണ് നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ ഇതുപോലെ തന്നെ പുലർച്ചെ കാറപകടമുണ്ടായത്. ഈ അപകടവാർത്ത കേരളത്തിൽ നിറഞ്ഞു നിന്നിട്ടും സ്വന്തം മക്കൾ ഇതേ വഴിയിലൂടെ സഞ്ചരിക്കുന്നത് അറിയാതെ പോവുന്ന രക്ഷിതാക്കളെക്കുറിച്ച് എന്താണ് പറയേണ്ടതെന്നറിയില്ല. പോലിസ് സ്‌റ്റേഷനിലെത്തിയ ജഡ്ജി അങ്ങേയറ്റം ധിക്കാരത്തോടെയാണ് തങ്ങളോട് പെരുമാറിയതെന്നാണ് അപകടത്തിനിരയായ ജയബാലകൃഷ്ണന്റെ കുടുംബാംഗങ്ങൾ ആരോപിക്കുന്നത്. '' എന്നോട് സംസാരിക്കാൻ നിങ്ങളായിട്ടില്ല'' എന്നാണ് ജഡ്ജി പറഞ്ഞതെന്നാണ് ആക്ഷേപം. ഫ്യൂഡൽ വാഴ്ചയും രാജ ഭരണവുമൊക്കെ ഇവിടെ നിന്ന് 1947-ൽ സ്ഥലം കാലിയാക്കിയതാണെന്ന വസ്തുത തിരിച്ചറിയാത്തവർ ഇപ്പോഴുമുണ്ടെന്നത് അത്യധികം പരിഹാസ്യമാണ്. ഈ ഫ്യൂഡൽ ചിന്താഗതിക്കാരെയാണ് നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്ന് രമേശ് ചെന്നിത്തല ഓർമ്മിപ്പിച്ചത്.

രാഹുൽ ഗാന്ധിയുടെ ഇടപെടൽ

ഭരണമാറ്റം ജനങ്ങൾക്കനുഭവപ്പെടണമെങ്കിൽ അടിസ്ഥാനപരമായി ഉദ്യോഗസ്ഥ സമൂഹത്തിലും പോലിസിലും മാറ്റമുണ്ടാവണം. കരുണാകരന്റെ പോലിസ് തന്നെയാണ് പിണറായിയുടെയും പോലിസ് എന്ന് വന്നാൽ ഭരിക്കുന്ന പാർട്ടി മാത്രമേ മാറുകയുള്ളു, ഭരണം മാറില്ല. ഇവിടെയാണ് കേരളത്തിലെ പോലിസിന് ചെന്നിത്തല നൽകിയിരിക്കുന്ന ഈ ഷോക്ക് ട്രീറ്റ്‌മെന്റിന്റെ പ്രസക്തി.

കെ.കരുണാകരന്റെ സ്‌കൂളിൽ രാഷ്ട്രീയം അഭ്യസിച്ച ചെന്നിത്തല പോലിസ് വകുപ്പിൽ അദ്ദേഹത്തിന്റെ കാൽപാടുകൾ പിന്തുടരുന്നില്ല എന്നുള്ളത് കാണാതിരിക്കാനാവില്ല. കരുണാകരന്റെ എതിർച്ചേരിയിലായിരുന്ന പിണറായി വിജയൻ ആഭ്യന്തരം കൈകാര്യം ചെയ്തപ്പോൾ അതേ വഴിയിലൂടെയാണ് സഞ്ചരിച്ചത് എന്നോർക്കുമ്പോഴാണ് ചെന്നിത്തലയുടെ സമീപനത്തിലെ വ്യത്യാസം ശ്രദ്ധേയമാവുന്നത്. അധികാരമാണ് കരുണാകരനെ നിർവ്വചിച്ചതും നിർണ്ണയിച്ചതും. ഇതേ അധികാരം തന്നെയാണ് പിണറായിയെയും അടയാളപ്പെടുത്തിയത്. എന്നാൽ അധികാരിയല്ല ജനസേവകരാണ് ഭരണാധികാരികൾ എന്ന കാഴ്ചപ്പാടിന്റെ വെള്ളിവെളിച്ചമാണ് രാഹുൽ ഗാന്ധിയെപ്പോലുള്ളവർ പ്രസരിപ്പിക്കുന്നത്. ഡൽഹിയിൽ പോലിസുകാർ നിർദ്ദയം മർദ്ധിച്ച ഒരു മലയാളി പെൺകുട്ടിയെ അടുത്തിരുത്തി കുറച്ചു ദിവസങ്ങൾക്ക് മുമ്പ് രാഹുൽ ഗാന്ധി രമേശ് ചെന്നിത്തലയെ ഫോണിൽ വിളിച്ചതും ഈ ഘട്ടത്തിൽ ഓർക്കണം. നിയമം കൈയ്യിലെടുത്ത ഡൽഹി പോലീസിനെതിരെ കേരളത്തിൽ എഫ്ഐആർ രേഖപ്പെടുത്താനാവുമോ എന്നാണ് രാഹുൽ ഗാന്ധി ചെന്നിത്തലയോട് ചോദിച്ചത്. ജനാധിപത്യത്തിന്റെ സുവർണ്ണ ശോഭയിൽ നിന്നുടലെടുത്ത ആ ചോദ്യത്തിന്റെ അന്തഃസത്ത കേരളത്തിന്റെ ആഭ്യന്തര മന്ത്രി ഉൾക്കൊണ്ടിരിക്കുന്നു എന്നതിന്റെ സുവ്യക്തമായ സൂചനയാണ് ചേരാനല്ലൂർ കേസിൽ ദൃശ്യമാവുന്നത്.

പോലിസിനെയും പട്ടാളത്തിനെയും എവിടെ നിർത്തണം എന്നതിനെക്കുറിച്ച് നമ്മുടെ സ്വാതന്ത്ര്യ സമര നേതാക്കൾക്ക് ഇക്കാര്യത്തിൽ ഒരു തരത്തിലുള്ള ചിന്താക്കുഴപ്പവും ഉണ്ടായിരുന്നില്ല. സ്വാതന്ത്ര്യത്തിന് മുന്നോടിയായി 1946 സെപ്റ്റംബറിൽ ഇടക്കാല സർക്കാരുണ്ടാക്കിയപ്പോൾ നെഹ്രുവായിരുന്നു വൈസ്‌റോയിയുടെ എക്‌സിക്യൂട്ടിവ് കൗൺസിലിൽ വൈസ്പ്രസിഡന്റ്. അതായത് നമ്മുടെ ഇന്നത്തെ പ്രധാനമന്ത്രിയുടെ പൂർവ്വ രൂപം. വൈസ് പ്രസിഡന്റെന്ന നിലയിൽ നെഹ്രു ആദ്യം ചെയ്തത് കൗൺസിലിൽ പ്രതിരോധ വകുപ്പിന്റെ ചുമതലക്കാരനായി സിവിലിയനായ ബൽദേവ് സിങ്ങിനെ കൊണ്ടുവരിക എന്നതായിരുന്നു. അതുവരെ പട്ടാള മേധാവി ആയിരുന്നു ഈ സ്ഥാനത്ത്. പ്രതിരോധ മന്ത്രാലയം ഭരിക്കേണ്ടത് ജനപ്രതിനിധിയായ സിവിലിയനായിരിക്കണമെന്ന് നെഹ്രുവിന് ഉത്തമ ബോദ്ധ്യമുണ്ടായിരുന്നു.

ആത്മാഭിമാനവും അന്തസ്സും

1947 ഓഗസ്റ്റ് 15-ന് ഇന്ത്യൻ പതാക ഉയർത്തുന്ന ചടങ്ങിൽ പൊതു ജനത്തിന് പ്രവേശനം നൽകേണ്ടതില്ലെന്ന് പറഞ്ഞ് അന്നത്തെ ബ്രിട്ടീഷ് കമാൻഡർ ഇൻ ചീഫ് ജനറൽ റോബ് ലൊക്കാർട്ട് ഉത്തരവിട്ടപ്പോൾ ആ ഉത്തരവ് റദ്ദാക്കുന്നതിന് നെഹ്രുവിന് രണ്ടു വട്ടം ആലോചിക്കേണ്ടിയിരുന്നില്ല. രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായി അധികാരമേറ്റപ്പോൾ ഔദ്യോഗിക വസതിയായി നെഹ്രു തിരഞ്ഞെടുത്തത് അതുവരെ പട്ടാള മേധാവി താമസിച്ചിരുന്ന ഫ്ളാഗ് സ്റ്റാഫ് ഹൗസായിരുന്നു എന്നതും മറക്കരുത്. ഈ വീടാണ് പിന്നീട് തീൻമൂർത്തി ഭവൻ എന്നറിയപ്പെട്ടത്.

കാക്കിയിട്ട പോലീസുകാർ അധികാരത്തിന്റെ പ്രത്യക്ഷ ചിഹ്‌നമാണ്. പൊതുവഴിയിലൂടെ ചീഫ് സെക്രട്ടറിയും പോലിസ് കോൺസ്റ്റബിളും നടന്നുപോയാൽ ജനം ബഹുമാനിക്കുക പോലിസുകാരനെയായിരിക്കും. ആ കോൺസ്റ്റബിളിന്റെ അങ്ങേയറ്റത്തുള്ള ഡിജിപിയുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ടുവരെ എഴുതാൻ അധികാരമുള്ള വ്യക്തിയാണ് തൊട്ടടുത്തുള്ളതെന്ന് ജനം തിരിച്ചറിയണമെന്നില്ല. വർഷങ്ങൾക്ക് മുമ്പ് മാതൃഭൂമിയിൽ മുൻ ഡിജിപി എ ഹേമചന്ദ്രൻ ഒരു ലേഖനം എഴുതിയിരുന്നു. 'അതാവണം പോലീസ് 'എന്ന ശീർഷകത്തിലുള്ള ലേഖനത്തിൽ ഹേമചന്ദ്രൻ ആവർത്തിച്ചു പറഞ്ഞത് ഇതായിരുന്നു : '' മനുഷ്യന്റെ അന്തസ് പൂർണ്ണമായും പാലിക്കുന്ന സേവനത്തിന്റെ ഉപകരണമാവണം കേരള പോലിസ്.'' അന്തസ് എന്നു പറഞ്ഞാൽ ആത്മാഭിമാനം എന്നു കൂടി വായിക്കണം. ദ്രവീഡിയൻ രാഷ്ട്രീയത്തിന്റെ അടിക്കല്ലാണ് ആത്മാഭിമാനം. ഒരാളും ഒരാൾക്കും പിന്നിലല്ലെന്ന തിരിച്ചറിവ്.

ജനാധിപത്യത്തിൽ അടിമയും ഉടമയുമില്ല. രാജാവും പ്രജയുമില്ല. നന്ദി, രമേശ് ചെന്നിത്തല. ഈ ലളിത സത്യം ഉറക്കെ വിളിച്ചുപറഞ്ഞതിന്!

വഴിയിൽ കേട്ടത് : ഇസ്രയേലിൽ നെതന്യാഹുവിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ പ്രതിപക്ഷത്തിന് അറബ് പാർട്ടികളുമായി കൂട്ടുകൂടേണ്ടി വരും. 2015-ൽ ജമ്മു കാശ്മീരിൽ പിഡിപിയും ബിജെപിയും കൂട്ടുചേർന്നതും 2019-ൽ മഹാരാഷ്ട്രയിൽ കോൺഗ്രസും ശിവസേനയും സഖ്യമുണ്ടാക്കിയതും ആലോചിച്ചാൽ ഐസൻകോട്ടിന്റെ യാഷർ പാർട്ടിക്ക് കൂടുതൽ തല പുകയേണ്ടി വരില്ല!