1945 ജൂലായ് 24-ന് ബെര്‍ലിനില്‍ ജര്‍മ്മന്‍ അച്ചുതണ്ടിന്റെ ഭാഗധേയം തീരുമാനിക്കാന്‍ ലോകത്തെ മൂന്നു വന്‍ശക്തികളുടെ തലവന്മാര്‍ ഒത്തുചേര്‍ന്നു. ബ്രിട്ടനില്‍നിന്ന് വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍, അമേരിക്കയില്‍നിന്ന് ഹാരി ട്രുമാന്‍, സോവിയറ്റ് യൂണിയനില്‍നിന്ന് ജോസഫ് സ്റ്റാലിന്‍. 

To advertise here,

അമേരിക്ക ആദ്യത്തെ ആറ്റംബോംബ് വിജയകരമായി പരീക്ഷിച്ച വിവരം സ്റ്റാലിനെ അറിയിക്കാന്‍ ഈ അവസരമാണ് ട്രുമാന്‍ തിരഞ്ഞെടുത്തത്. വന്‍നാശം വിതയ്ക്കുന്ന ഒരു ബോംബ് തങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് സ്റ്റാലിന്‍ അറിഞ്ഞിരിക്കണമെന്നും ആ അറിവ് അമേരിക്കയ്ക്ക് സന്ധിസംഭാഷണങ്ങളില്‍ മേല്‍ക്കെ നല്‍കുമെന്നും ട്രുമാന്‍ കരുതി. സോവിയറ്റ് യൂണിയനെയും സ്റ്റാലിനെയും ഒന്നു ഞെട്ടിക്കണമെന്ന് ചര്‍ച്ചിലിനും താല്‍പര്യമുണ്ടായിരുന്നു. തന്റെ ദ്വിഭാഷിയെ മാറ്റിനിര്‍ത്തിയാണ് ട്രുമാന്‍ ഈ വന്‍വാര്‍ത്ത സ്റ്റാലിനോട് പറഞ്ഞത്. 

സ്റ്റാലിന്റെ ദ്വിഭാഷി റഷ്യനിലേക്ക് മൊഴിമാറ്റി. കുറച്ചകലെ സ്റ്റാലിന്റെ മുഖഭാവം സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് ട്രുമാന്റെ സഹായികള്‍. ആറ്റംബോംബ് എന്ന വാക്ക് ട്രുമാന്‍ ഉപയോഗിച്ചില്ല. മാരകനാശത്തിന് കാരണമാവുന്ന ഒരു ആയുധം വികസിപ്പിച്ചിട്ടുണ്ടെന്നാണ് ട്രുമാന്‍ പറഞ്ഞത്. പക്ഷേ, ഈ വന്‍വാര്‍ത്ത സ്റ്റാലിനില്‍ ഒരു ഭാവഭേദവുമുണ്ടാക്കിയില്ല. ഒരു രഹസ്യം കേള്‍ക്കുന്ന പ്രതീതിപോലും സ്റ്റാലിനില്‍ കാണാതിരുന്നത്  അമേരിക്കന്‍ സംഘത്തെ അത്ഭുതപ്പെടുത്തി.  നല്ല കാര്യമാണെന്നും ജപ്പാനെതിരെ ഇത് നന്നായി ഉപയോഗിക്കണമെന്നുമാണ് സ്റ്റാലിന്‍ പ്രതികരിച്ചത്.

സ്റ്റാലിന്‍ ഞെട്ടാതിരുന്നതിന്റെ കാരണം അധികം വൈകാതെ തന്നെ അമേരിക്കയ്ക്കും ബ്രിട്ടനും പിടി കിട്ടി. മന്‍ഹാട്ടന്‍  പദ്ധതി എന്ന് വിശേഷിപ്പിക്കപ്പെട്ട ആദ്യ ആറ്റംബോംബ് നിര്‍മ്മാണ പ്രക്രിയയുടെ മിക്കവാറും എല്ലാ വിവരങ്ങളും തന്നെ സോവിയറ്റ് റഷ്യയുടെ ചാരന്മാര്‍ക്ക് കിട്ടിയിരുന്നു. ഈ പദ്ധതിയില്‍ ഉടനീളമുണ്ടായിരുന്ന ക്ലാസ് ഫ്യുക്സ് എന്ന ശാസ്ത്രജ്ഞന്‍ പിന്നീട് ചാരവൃത്തിയുടെ പേരില്‍ 1950-കളില്‍ ബ്രിട്ടനില്‍ ജയിലിലടയ്ക്കപ്പെടുകയും ചെയ്തു. ചാരവൃത്തി ഒരു ദ്വീപല്ല. ഒരു വഴിക്ക് മാത്രം സഞ്ചരിക്കുന്ന സന്ദേശങ്ങളുമല്ല ചാരപ്പണി. അതൊരു രാവണന്‍കോട്ട പോലെയാണ്. ചിലപ്പോള്‍ അത് കൈവിട്ടുപോവും. ചാരന്മാര്‍ ജാരന്മാരും ജാരന്മാര്‍ ചാരന്മാരുമാവും.

സ്റ്റാലിനെയും ട്രുമാനെയും ഓര്‍ക്കാന്‍ കാരണം ദവീന്ദര്‍ സിങ്ങ്  എന്ന പോലീസ് ഓഫിസറാണ്. ഇക്കഴിഞ്ഞ ജനവരി 11-ന് ദവീന്ദര്‍ സിങ്ങിനെ ജമ്മു കാശ്മിര്‍ പോലിസ് അറസ്റ്റ് ചെയ്തപ്പോള്‍ അത് ഇന്ത്യന്‍ ഭരണകൂടത്തിലെ ഉന്നതരെയോ രഹസ്യപ്പോലിസ് മേധാവികളെയൊ ഞെട്ടിക്കുകയോ അത്ഭുതപ്പെടുത്തുകയോ ചെയ്തിരിക്കാനിടയില്ല. ദവീന്ദര്‍ സിങ് നിഷ്‌കളങ്കനും ശുദ്ധരില്‍ ശുദ്ധനുമാണെന്ന്‌  ഇവരാരും തന്നെ കരുതിയിരിക്കാനുമിടയില്ല. 

കാരണം 15 വര്‍ഷം മുമ്പു തന്നെ ദവീന്ദര്‍ സിങ്ങിനെതിരെ  അഫ്സല്‍ ഗുരു  വ്യക്തമായ ആരോപണം ഉന്നയിച്ചിരുന്നു. 2001-ലെ പാര്‍ലമെന്റ് ആക്രമണക്കേസില്‍ പ്രതിയായി തൂക്കിലേറ്റപ്പെട്ട അഫ്സല്‍ ഗുരു അഭിഭാഷകനെഴുതിയ കത്തില്‍ ദവീന്ദറിനെതിരെ ഉന്നയിച്ച ആരോപണം ഗുരുതരമായിരുന്നു. പാര്‍ലമെന്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട മുഹമ്മദ് എന്ന ഭീകരനെ ഡെല്‍ഹിയിലെത്തിക്കാന്‍ തന്നോടാവശ്യപ്പെട്ടത് ദവീന്ദറായിരുന്നുവെന്നാണ് അഫ്സല്‍ ഗുരു പറഞ്ഞത്. 

ഈ ആരോപണവുമായി ബന്ധപ്പെട്ട് അന്വേഷണമെന്തെങ്കിലും ഉണ്ടായതായി അറിയില്ല. കസ്റ്റഡിയിലെടുക്കുന്നവരെ നിര്‍ദ്ദയം പീഡിപ്പിക്കുന്ന സ്വഭാവമുള്ളയാളാണ് ദവീന്ദര്‍ എന്നതും ഇടക്കാലത്ത് പുറത്ത് വന്നിരുന്നു. പക്ഷേ, ഇതിന്റെയൊന്നും പേരില്‍ ദവീന്ദറിന് എന്തെങ്കിലും പ്രശ്നം നേരിട്ടതായി അറിവില്ല. 2018-ല്‍ ജമ്മു കാശ്മീര്‍ സംസ്ഥാന സര്‍ക്കാരിന്റെ അത്യുന്നത ബഹുമതികളിലൊന്ന് ദവീന്ദറിന് കിട്ടുകയും ചെയ്തു.

ദവീന്ദര്‍ ഹിസ്ബുള്ള ഭീകരരെ ഡെല്‍ഹിയിലേക്ക് കടത്താന്‍ ശ്രമിച്ചുവെന്നാണ് ഇപ്പോള്‍ പോലിസ് പറയുന്നത്. അപ്പോള്‍ അഫ്സല്‍ ഗുരുവിന്റെ ആരോപണങ്ങളെക്കുറിച്ച് പോലിസിന് എന്താണ് പറയാനുള്ളത്? പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടതില്‍ ദവീന്ദറിന് എന്തെങ്കിലും പങ്കുണ്ടോ?  ഈ ചോദ്യങ്ങള്‍ക്ക് ഇന്ത്യയിലെ പൗരസമൂഹം മറുപടി അര്‍ഹിക്കുന്നുണ്ട്. പക്ഷേ, മറുപടി ലഭിക്കുമോ എന്ന കാര്യത്തില്‍ ഒരു നിശ്ചയവുമില്ല. രാഷ്ട്രവുമായി ബന്ധപ്പെട്ട കറുത്ത അദ്ധ്യായങ്ങള്‍ പലപ്പോഴും പ്രഹേളികകളായി തുടരുകയാണ് പതിവ്.

2001 ഡിസംബര്‍ 13-നാണ് ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമിക്കപ്പെട്ടത്. ഈ കേസിലാണ് അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയത്. പാര്‍ലമെന്റ് ആക്രമണത്തിന്റെ ഉള്ളുകള്ളികള്‍ ഇപ്പോഴും പൊതുസമൂഹത്തിന് അജ്ഞാതമാണ്. കടങ്കഥയ്ക്കുള്ളിലെ  പ്രഹേളികയെന്നാണ് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയും അഭിഭാഷകയുമായ നന്ദിത ഹക്സര്‍ ഇതെക്കുറിച്ച് പറഞ്ഞത്. അഫ്സല്‍ ഗുരുവിന് നീതിപൂര്‍വ്വമായ വിചാരണ കിട്ടിയില്ലെന്ന് നന്ദിത തുറന്നടിക്കുകയും ചെയ്തു. ഇന്ദിര ഗാന്ധിയുടെ മുഖ്യ ഉപദേഷ്ടാവായിരുന്ന പി.എന്‍. ഹക്സറുടെ മകളാണ് നന്ദിത. പാര്‍ലമെന്റ് ആക്രമണം വിശകലനം ചെയ്തുകൊണ്ടുള്ള അരുന്ധതി റോയിയുടെ ലേഖനവും ദവീന്ദര്‍ സിങ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പുനര്‍വായന ആവശ്യപ്പെടുന്നുണ്ട്.

ചോദ്യങ്ങളില്ലെങ്കില്‍ ജനാധിപത്യമില്ല. വാട്ടര്‍ ഗേറ്റും പെന്റഗണ്‍ പേപ്പേഴ്സും ഉയര്‍ത്തിയ ചോദ്യങ്ങളാണ് അമേരിക്കന്‍ ജനാധിപത്യത്തെ പരിപോഷിപ്പിച്ചത്. 1644-ല്‍ കവി ജോണ്‍ മില്‍ട്ടണ്‍ എഴുതിയ അരിയോപജിറ്റിക്ക എന്ന പ്രബന്ധം ബ്രിട്ടീഷ് ജനാധിപത്യത്തിന് നല്‍കിയ ഊര്‍ജ്ജം അനന്യമായിരുന്നു. 1976-ല്‍ അടിയന്തരവാസ്ഥക്കാലത്ത് ഇന്ദിരാഭരണകൂടത്തെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിക്കപ്പെട്ട ഹേബിയസ് കോര്‍പസ് ഹര്‍ജിയിന്മേലുള്ള  വിധിയില്‍ ജസ്റ്റിസ് ഖന്ന എഴുതിയ വിയോജനക്കുറിപ്പ്  ഇന്ത്യന്‍ ജനാധിപത്യത്തിന് നല്‍കിയ ആര്‍ജ്ജവവും ചില്ലറയായിരുന്നില്ല.

ദവീന്ദറിന്റെ അറസ്റ്റ് ശൂന്യതയില്‍ നിന്നുണ്ടായതല്ല. ഒരു ദിവസം കൊണ്ടല്ല റോം ഉണ്ടായതെന്ന് പറയുംപോലെ, ഒരു ചാരനും ഒരു ദിവസം കൊണ്ടല്ല സൃഷ്ടിക്കപ്പെടുന്നത്. ദവീന്ദറിനെ ദവീന്ദറാക്കിയതാരാണെന്നറിയാനുള്ള അവകാശം ഇന്ത്യന്‍ ജനതയ്ക്കുണ്ട്. ആ അവകാശമാണ് 1947 ആഗസ്ത് 15-ന് നമ്മള്‍ നേടിയെടുത്തത്. ഒരു ദിവസം കൊണ്ട് നേടിയെടുത്ത അവകാശമല്ല അത്. രഹസ്യങ്ങള്‍ക്കുള്ളിലെ രഹസ്യമായി ദവീന്ദറിനെപ്പോലുള്ളവര്‍ മാറിയാല്‍ നിഷേധിക്കപ്പെടുന്നത് ആത്യന്തികമായി ജനാധിപത്യ ഇന്ത്യയുടെ ഈ അടിസ്ഥാന അവകാശം തന്നെയായിരിക്കും.

വഴിയില്‍ കേട്ടത്: ഇന്ത്യയുടെ മാര്‍ഗ്ഗം സംവാദമെന്ന് പ്രധാനമന്ത്രി മോദി.  ഉത്തര്‍പ്രദേശില്‍ ഈ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിച്ചവരില്‍ പലരും ഇപ്പോള്‍ പരലോകത്താണ്. ജാമിയ മിലിയയിലും ജെ.എന്‍.യുവിലും അലിഗഡിലും ഈ മാര്‍ഗ്ഗം അവസാനിച്ചത് ആസ്പത്രികളിലെ ഐ.സി.യുവിലാണ്.

Content Highlights: Davindar Singh and Pulwama