
ഡല്‍ഹിയില്‍ ശൈത്യകാലം വാര്‍ത്തകളുടെ പെരുമഴക്കാലമാണ്. രാഷ്ട്രീയ സംഭവവികാസങ്ങള്‍, കലാപങ്ങള്‍, സംഘര്‍ഷങ്ങള്‍, പ്രക്ഷോഭങ്ങള്‍, സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച കുറ്റകൃത്യങ്ങള്‍. രാഷ്ട്രീയവും സ്‌പോര്‍ട്‌സും കഴിഞ്ഞാല്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് കുറ്റകൃത്യങ്ങളായിരുന്നു. അതും ബലാത്സംഗക്കേസുകള്‍. ഉത്തരേന്ത്യയില്‍ ഉത്തര്‍പ്രദേശും ഡല്‍ഹിയും ബിഹാറുമായിരുന്നു ബലാത്സംഗത്തിന്റേയും പീഡനങ്ങളുടേയും കേന്ദ്രം. ഇന്ത്യയ്ക്കുള്ളിലെ മറ്റൊരു ഇന്ത്യയാണ് ഉത്തര്‍പ്രദേശ്. നമ്മുടെ അനുഭവ പരിസരത്തിന് പുറത്തുള്ള ലോകം. ജാതീയ ഉച്ചനീചത്വങ്ങള്‍ വേരൂന്നിയ മണ്ണില്‍ ബലാത്സംഗം ശിക്ഷാരീതിയാണ്. ഹാഥ്‌റാസിലേയും ഉന്നാവിലേയും ബദായിലേയും പെണ്‍കുട്ടികള്‍ ഇരകളും. ഇരകള്‍ തനിക്കുണ്ടായ ദുര്‍ഗതി പലപ്പോഴും പുറത്തുപറയാറില്ല. അതിനാല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യുറോ കണക്കുകളിലൊന്നും കുറ്റകൃത്യങ്ങളുണ്ടാകില്ല. പത്രങ്ങളുടെ പിന്നാമ്പുറങ്ങളില്‍ ഒതുങ്ങിപ്പോകുന്ന പീഡനങ്ങള്‍ രാജ്യശ്രദ്ധയിലേക്ക് വരുന്നത് അതിക്രൂരതയോ അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവമോ ആകുമ്പോഴാണ്. അതുമല്ലെങ്കില്‍ ജീവനുവേണ്ടി യാചിക്കുന്ന ഇരകളെ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് കൊണ്ടുവരുമ്പോള്‍.
2020-ലെ ഹാഥ്‌റസ് ബലാത്സംഗ കൊലപാതകക്കേസും ഇത്തരത്തിലുളളതായിരുന്നു. ബലാത്സംഗം. ക്രൂരപീഡനം. ഒടുവില്‍ വീട്ടുകാരെ അറിയിക്കാതെ മൃതദേഹം ദഹിപ്പിക്കല്‍. ഹാഥ്‌റസ് കേട്ടുകേള്‍വിയില്ലാത്ത കൊടുംക്രൂരതയുടെ അധ്യായമായിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളും പോലീസും ഭാഗമായ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ക്രൂരത. ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലാണ് ഹാഥ്‌റസ് ചര്‍ച്ചയായത്. അലിഗഡ് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ജീവിതത്തിനും മരണത്തിനുമിടയിലെ 19-കാരിയുടെ ദിനങ്ങള്‍. ഓരോ മണിക്കൂര്‍ കഴിയുംതോറും ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള അവളുടെ സാധ്യത കുറഞ്ഞു. ആരോഗ്യനില വഷളായി. രണ്ടാഴ്ചക്കാലം ഉത്തര്‍പ്രദേശിന്റെ മധ്യ പടിഞ്ഞാറന്‍ മേഖലയില്‍ സാധാരണ സംഭവം മാത്രമായിരുന്നു അവളുടെ ദുര്‍വിധി. ഓഗസ്റ്റ് 28-ന് ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ എത്തിയശേഷം അവള്‍ വാര്‍ത്തയായി.
ജീവിതത്തിനും മരണത്തിനുമിടയിലെ പാലത്തിലൂടെ യാത്ര തുടര്‍ന്നു. വിരലിലെണ്ണാവുന്ന മാധ്യമങ്ങള്‍ ആശുപത്രി ഗെയ്റ്റിനു പുറത്ത് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡല്‍ഹിയിലെന്ത് സംഭവിച്ചാലും ആദ്യം ഓടിയെത്തുന്ന പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ മലയാളികളാണ്. ദക്ഷിണേന്ത്യയിലെ തമിഴ്, കന്നട, തെലുങ്ക് ഭാഷ മാധ്യമങ്ങള്‍ മിക്കവാറും അതത് സംസ്ഥാനത്തെ വിഷയങ്ങള്‍ക്കായിരുന്നു പ്രാധാന്യം നല്‍കിയത്. പക്ഷേ, മലയാളികള്‍ക്ക് വാര്‍ത്താ അവബോധം കൂടുതലായതിനാല്‍ കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ ഡല്‍ഹിയുടെ മുക്കിലും മൂലയിലും വാര്‍ത്തകള്‍ക്കായി പരതി. ചികിത്സ പുരോഗമിക്കുമ്പോള്‍ ആശുപത്രിക്ക് പുറത്ത് പ്രതിഷേധമായിരുന്നു. ഇരയ്ക്ക് നീതി തേടി ഏതാനും സാമൂഹ്യ പ്രവര്‍ത്തകര്‍. പിന്നെ പെണ്‍കുട്ടിയുടെ കുടുംബവും. ഡല്‍ഹി പോലീസിലെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. ഇടയ്ക്കിടെ കൈവിട്ടു പോകാവുന്ന തരത്തില്‍ യു.പി. സര്‍ക്കാരിനെതിരേ മുദ്രാവാക്യം വിളികള്‍. ഏതാനും കോണ്‍ഗ്രസുകാരും പ്രതിഷേധിക്കാനെത്തി. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രാവണ്‍ പ്രതിഷേധത്തിന്റെ കുന്തമുനയായി. പോലീസും സമരക്കാരും നേര്‍ക്കുനേര്‍ എത്തിയെങ്കിലും രക്തച്ചൊരിച്ചിലുണ്ടായില്ല.
പ്രാര്‍ഥനകളെല്ലാം വിഫലമായി. പിറ്റേന്ന് അവള്‍ ക്രൂരതകളില്ലാത്ത ലോകത്തേക്ക് യാത്രയായി. ഇവിടംവരെ ഹാഥ്‌റസ് അസാധാരണത്വം അവകാശപ്പെടാനില്ലാത്ത സംഭവമായിരുന്നു. യു.പിയില്‍ സ്ഥിരം ബലാത്സംഗ വാര്‍ത്തകളില്‍ ഒന്നുമാത്രം. പോലീസിന്റെ ഒളിച്ചുകളിയാണ് സംഭവത്തെയാകെ മാറ്റിമറിച്ചത്. മൃതദേഹം വിട്ടുകൊടുക്കുന്നതില്‍ പോലും ഉണ്ടായി യു.പി. പോലീസിന്റെ തരംതാഴ്ന്ന നാടകങ്ങള്‍. ഡല്‍ഹി- യുപി പൊലീസുകള്‍ കൈകോര്‍ത്തതോടെ പെണ്‍കുട്ടിയുടെ കുടുംബം കാര്യങ്ങളറിയാതെ ആശങ്കയിലായി. സഫ്ദര്‍ജംഗില്‍നിന്ന് മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് പുറത്തുകടത്തിയ മൃതദേഹം എവിടെയെന്ന് അറിയാത്ത മണിക്കൂറുകള്‍.
ഡല്‍ഹിയില്‍നിന്ന് 200 കിലോ മീറ്റര്‍ അകലെയാണ് ഹാഥ്‌റസ്. യമുന അതിവേഗ പാതയിലൂടെ രണ്ടു മണിക്കൂര്‍ സഞ്ചരിച്ചാല്‍ കായം വ്യാപാര കേന്ദ്രമായ ഹാഥ്‌റസിലെത്താം. നമുക്ക് ആ പത്തൊമ്പതുകാരിയെ രണ്ടാം നിര്‍ഭയയെന്ന് വിളിക്കാം. ജാതിയാണ് ദുര്‍വിധിക്ക് വഴിവെച്ച ഒരേയൊരു കാരണം. നിര്‍ഭയ കേസിലെതുപോലെ സ്ത്രീ സുരക്ഷയെക്കുറിച്ചോ സദാചാര പുരുഷ വൈകൃത മനോനിലയെക്കുറിച്ചോ ഹാഥ്‌റസിലെത്തുമ്പോള്‍ സംസാരിക്കേണ്ടി വരില്ല. കാരണം ഇവിടെ ബലാത്സംഗമെന്നത് കാലങ്ങളായി ജാതീയമായ അടിച്ചമര്‍ത്താനുള്ള ആയുധം മാത്രമാണ്. യു.പിയില്‍ ബലാത്സംഗത്തിന് ഇരയാകുന്നവരില്‍ തൊണ്ണൂറ്റിയഞ്ചു ശതമാനവും ദളിത് പെണ്‍കുട്ടികളാണ്. പുറത്തുവന്ന, വരാത്ത പീഡന കേസുകളിലെ പ്രതികളില്‍ അധികവും സവര്‍ണരും. ഹാഥ്‌റസ് സംഭവത്തില്‍ രാജ്യം നടുങ്ങിയപ്പോഴും ഉത്തര്‍പ്രദേശിന് യാതൊരു കുലുക്കവും സംഭവിച്ചില്ല, കാരണം മുഖ്യധാരാ ഇന്ത്യയില്‍നിന്ന് ഏറെ പിന്നിലായിരുന്നു യു.പി.
പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടുകാരറിയാതെ പോലീസും ഭരണകൂടവും തൊട്ടടുത്ത വയലില്‍ ദഹിപ്പിച്ചതോടെ വാര്‍ത്തയുടെ മാനം മാറി. ഡല്‍ഹിയില്‍നിന്ന് കാറില്‍ ഉച്ചയോടെയാണ് ഹാഥ്‌റസിലേക്ക് പോയത്. യമുന എക്‌സ്പ്രസ് വേയിലൂടെ വാഹനം പാഞ്ഞു. അതിവേഗ പാതയില്‍നിന്ന് മഥുരയിലേക്ക് തിരിയുന്ന വഴിയിലൂടെ പുറത്തുകടന്നു. മായാവതി പ്രതികൂട്ടിലായ താജ് ഇടനാഴിയാണ് യുമന എക്‌സ്പ്രസ് വേ. രാജ്യത്തെ ആദ്യത്തെ സ്വകാര്യ അതിവേഗപാത. സൈനിക വിമാനങ്ങള്‍ വരെ ലാന്‍ഡ് ചെയ്യാന്‍ കഴിയുന്ന റോഡ്. അധികം വൈകാതെ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ അതിപിന്നാക്ക ജില്ലകളിലൊന്നായ ഹാഥ്‌റസിലെത്തി. നഗരത്തില്‍ പ്രവേശിക്കാതെ ബൈപ്പാസിലൂടെ വാഹനം മുന്നോട്ട്. ഒടുവില്‍ ഭൂല്‍ഗുഡി ഗ്രാമത്തിലെത്തി. വഴിനീളെ പോലീസ് ഉദ്യോഗസ്ഥരും അവരുടെ വാഹനങ്ങളും. പ്രധാന റോഡില്‍ അങ്ങിങ്ങായി പ്രതിഷേധക്കാര്‍. പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകാനുളള വഴി ബാരിക്കേഡിനാല്‍ അടച്ചിരുന്നു. സായുധ പോലീസിന്റെ കാവല്‍. തലേന്ന് മാധ്യമ പ്രവര്‍ത്തകരെ കയറ്റിവിടാതിരുന്ന പോലീസ് പ്രതിഷേധവും സമ്മര്‍ദവും കാരണം തീരുമാനം മാറ്റി. ഐഡന്റിറ്റി കാര്‍ഡ് പരിശോധിച്ച ശേഷമാണ് പോലീസ് ഞങ്ങളെ കടത്തിവിട്ടത്. ഗോതമ്പ് പാടങ്ങള്‍ക്കിടയിലൂടെ ചെറിയ ടാറിട്ട വഴി. വയലില്‍ ഇടയ്ക്ക് കടുകും ചോളവും കൃഷി.
ഉത്തര്‍ പ്രദേശിലെ അതി പിന്നാക്ക ഗ്രാമങ്ങളുടെ പരിച്ഛേദമാണ് ഭൂല്‍ഗുഡി ഗ്രാമം. എല്ലാവരാലും എളുപ്പത്തില്‍ മറന്നുപോയേക്കാവുന്ന ഒരിടം. പതിനഞ്ച് ബ്രാഹ്മണ കുടുംബങ്ങളും നൂറ് താക്കൂര്‍ കുടുംബങ്ങളും അരികു പറ്റി പെണ്‍കുട്ടിയുടേത് അടക്കം നാല് ദളിത് വല്‍മികി വീടുകള്‍. ഹിന്ദുസ്ഥാനില്‍ ഇതുപോലെ ഒരുപാട് ജാതിസ്ഥാനുകളുണ്ട്. സവര്‍ണ ഭൂരിപക്ഷ പ്രദേശങ്ങളിലെ അഴക്കുമൂലകള്‍. മറ്റുള്ളവരുടെ അഴുക് പേറി ജീവിതം നിറംകെട്ട് പോകുന്നവര്‍. കൂലിയില്ലാതെ ഗ്രാമത്തിന്റെ മുഴുവന്‍ അഴുക്ക് പേറാന്‍ വിധിക്കപ്പെട്ടവര്‍. സവര്‍ണ അധികാരവും രാഷ്ട്രീയ പ്രതിനിധ്യവും ഭൂരിപക്ഷത്തിനുമേല്‍ കുന്നുകൂടുമ്പോള്‍ ദളിത് ജീവിതം തീര്‍ത്തും ദുസ്സഹമാകുന്നു.
കേരളത്തെ ഒരു നൂറ്റാണ്ട് പിറകിലേക്ക് വലിച്ചാല്‍ ഭൂല്‍ഗുഡിയില്‍ എത്താം. സര്‍വാണി സദ്യയുടെയും തൊട്ടുകൂടായ്മയുടെയും മൂര്‍ത്തരൂപങ്ങള്‍ ഇരുപത്തിഒന്നാം നൂറ്റാണ്ടിലും പതിവ് കാഴ്ച. ഉന്നതജാതിക്കാരുടെ കച്ചവട സ്ഥാപനങ്ങളില്‍ ദളിതുകള്‍ അനുഭവിക്കുന്നത് കൊടിയ വിവേചനം. തീണ്ടാപ്പാട് അകലെനിന്നും വേണം പൊതുയിടങ്ങളിലെ ഇടപാടുകള്‍. പെണ്‍കുട്ടിയുടെ വീട്ടിലേക്കുളള ചെറിയ ഇടവഴിയില്‍ കനത്ത സുരക്ഷയുണ്ട്. അതും സായുധ പോലീസിന്റെ. തൊട്ടടുത്തെ വീടുകള്‍ അടഞ്ഞു കിടക്കുകയാണ്. കാരണം അഞ്ചെണ്ണം ഒഴികെ ബാക്കിയെല്ലാം സവര്‍ണ സമുദായക്കാരുടെ ഭവനങ്ങളാണ്. പെണ്‍കുട്ടി മരിച്ചതിനു പിന്നാലെ പലരും ഇവിടെനിന്ന് ബന്ധുക്കളുടെ വീടുകളിലേക്ക് മാറി.
മാധ്യമപ്രവര്‍ത്തകരേയും കുടുംബക്കാരേയും അല്ലാതെ ഇരയുടെ വീട്ടിലേക്ക് മറ്റാരേയും കടത്തി വിടുന്നില്ല. ചെറുതും വലുതമായ മണ്ണുപാകിയ നിരവധി വീടുകള്‍. രണ്ടു പേര്‍ക്കു മാത്രം കഷ്ടിച്ച് നടന്നുപോകാന്‍ കഴിയുന്ന വഴിയില്‍ അങ്ങിങ്ങായി ആളുകള്‍ അടക്കം പറയുന്നു. തിരക്കുപിടിച്ച് നടന്നുപോകുന്ന പോലീസ് ഉദ്യോഗസ്ഥര്‍. ലൈവ് സംപ്രേക്ഷണവുമായി മാധ്യമ പ്രവര്‍ത്തകര്‍. ചാണകം മെഴുകിയ മുറ്റത്തേക്ക് കയറുമ്പോഴുളള കാഴ്ച ദയനീയമായിരുന്നു. ചിതാഭസ്മവുമായി നിറകണ്ണുകളോടെ സഹോദരനും ബന്ധുക്കളും നടന്നുവരുന്നു. ബന്ധുക്കളാരും മിണ്ടാന്‍ കൂട്ടാക്കുന്നില്ല. വീടിന്റെ വരാന്തയില്‍ തുണികൊണ്ടുളള ഷീറ്റ് വിരിച്ചിരുന്നു. അതില്‍ ശുഭ്രവസ്ത്രധാരികളായ വൃദ്ധര്‍ മുറുക്കിയും ഹുട്ക വലിച്ചും ഇരിക്കുന്നു.
ഞാന്‍ പതിയെ വിടിനകത്തേക്ക് കയറി. ഇരുട്ടാണ് എങ്ങും. കയറ്റുകട്ടിലില്‍ ആരോ കിടക്കുന്നുണ്ട്. തോര്‍ത്തു കൊണ്ട് തല മൂടി കെട്ടിയിരിക്കുന്നു. പ്രതികരണം അനിവാര്യമായതിനാല്‍ മനസില്ലാ മനസോടെ അയാളുടെ ഉറക്കം കെടുത്താന്‍ ഞാന്‍ തീരുമാനിച്ചു. പെണ്‍കുട്ടിയുടെ സഹോദരനായിരുന്നു അത്. എന്നോട് കട്ടിലില്‍ ഇരിക്കാന്‍ പറഞ്ഞു. അയാളുടെ ദയനീയ നോട്ടത്തിനു മുന്നില്‍ ആദ്യമൊന്ന് പതറിയെങ്കിലും പതിയെ ഞാന്‍ സംസാരിച്ചുതുടങ്ങി. സഹോദരിക്ക് വേണ്ടിയുളള പോരാട്ടത്തില്‍ രാജ്യമാകെ കൂടെ ഉണ്ടെന്ന് ധൈര്യപ്പെടുത്തി. കേരളം ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളിലും ഇരയ്ക്ക് നീതി തേടി പ്രതിഷേധങ്ങളുണ്ടെന്നും പറഞ്ഞു. അതോടെ സംസാരിക്കാന്‍ അയാള്‍ തയ്യാറായി.
സഹോദരിക്ക് നേരിട്ട ദുര്‍വിധി അയാളുടെ വാക്കുകളില്‍ ഇങ്ങനെയായിരുന്നു. 'പതിവ് സായാഹ്നത്തിലൊന്നില്‍ അമ്മയ്ക്കൊപ്പം പുല്ലറക്കാന്‍ പോയതാണ് അവള്‍. ചാണകം മെഴുകിയ മുറ്റത്ത് അവളുടെ കാല്‍പാട് ഇപ്പോഴും മായാതെ കിടക്കുന്നുണ്ട്. പാതി പാകമായ ചോളപ്പാടത്തിന്റെ മറവില്‍ അക്രമികള്‍ അവളെ ഞങ്ങളില്‍ നിന്നും അകറ്റി. കഴുത്തില്‍ ദുപ്പട്ട കുരുക്കി ദുരിതപര്‍വത്തിലേക്ക് വലിച്ചിഴച്ചു. ക്രൂരതയുടെ കൊടിയ രൂപങ്ങള്‍, സഹോദരിയുടെ ശബ്ദമില്ലാതാക്കാന്‍ നാവറത്തും പ്രതിരോധിക്കാതിരിക്കാന്‍ നട്ടെല്ല് അടിച്ചുടച്ചും മനുഷ്യനെന്ന പദത്തിന് ചേരാത്തവിധം പ്രവര്‍ത്തിച്ചു. കാണാതായ ഉറ്റവളെ തേടിയുള്ള അലച്ചില്‍ ചോരയില്‍ കുതിര്‍ന്ന ദുപ്പട്ടയിലേക്കും പിന്നെ ചോരയില്‍ കുളിച്ചു കിടന്ന അവളിലേക്കുമെത്തിച്ചു. എന്നിട്ടും കുടുംബത്തിന്റെ ദുരിതം തീര്‍ന്നില്ല ' സഹോദരന്‍ പറഞ്ഞു നിര്‍ത്തി.
മണ്‍കുടത്തില്‍ നിന്ന് വെളളം കുടിച്ചശേഷം അയാള്‍ തുടര്‍ന്നു. 'പ്രതിഷേധിച്ചുനിന്നപ്പോള്‍ കുടുംബത്തെ അനുനയിപ്പിക്കാന്‍ ചര്‍ച്ചകളും ഭീഷണിയുമായിരുന്നു. യോഗിയുടെ പോലീസ് നയം വ്യക്തമാക്കി തുടങ്ങി. സഹോദരിയുടെ മരണം സംഭവിച്ചതിനുപിന്നാലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങണമെന്ന് പോലീസ് ഭീഷണിപ്പെടുത്തി. അച്ഛനൊപ്പം എന്നെയും ബലമായി ഹാഥ്‌റസിലേക്ക് പോലീസ് അകമ്പടിയില്‍ മടക്കിയയച്ചു. ഞങ്ങള്‍ കരുതി മൃതദേഹം ഞങ്ങള്‍ക്കു പിന്നാലെ വരുന്നുണ്ടെന്ന്. പക്ഷേ, അതുണ്ടായില്ല. ഭൂല്‍ഗുഡിയില്‍ കുടുംബവും ബന്ധുക്കളും ഉറങ്ങാതെ മൃതദേഹത്തിനായി കാത്തിരുന്നു. രാത്രി ഏറെ വൈകിയിട്ടും മൃതദേഹം മാത്രം എത്തിയില്ല. പുലര്‍ച്ചെ മൂന്നു മണിക്ക് ഞങ്ങളെ പോലും അറിയിക്കാതെ അവളെ പോലീസ് ഉദ്യോഗസ്ഥര്‍ അഗ്‌നിക്കിരയാക്കി. വീട്ടില്‍നിന്ന് വിളിപ്പാടകലെ, പാടത്തിന്റെ ഓരത്ത്. പെട്രോള്‍ ഒഴിച്ച് ചവര്‍കൂന കത്തിക്കുന്ന ലാഘവത്തോടെ അവര്‍ എന്റെ സഹോദരിയെ വീണ്ടും കൊന്നു.' ഇത്രയും പറഞ്ഞപ്പോഴേക്കും അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
ചാനല്‍ മൈക്ക് മാറ്റിയ ഞാന്‍ റിപ്പോര്‍ട്ടറില്‍നിന്ന് ഒരു മനുഷ്യനായി മാറി. അയാളെ ചേര്‍ത്തുപിടിച്ചു. ധൈര്യമായിരിക്കു എന്ന് ആശ്വാസിപ്പിച്ച് കൊണ്ട് ചുമലില്‍ തട്ടി. അവസാനമായി അവളെ കാണാനാകാതെ ഹല്‍ദി ഉള്‍പ്പെടെയുള്ള മരണാനന്തര ചടങ്ങുകള്‍ നടത്താനാകാതെ നിസഹായരായി നോക്കി നില്‍ക്കേണ്ടിവന്ന ആ കുടുംബത്തിന്റെ അവസ്ഥ എത്ര ഭീകരമായിരിക്കുമെന്ന് ഞാനൂഹിച്ചു.
പ്രതിഷേധത്തെതുടര്‍ന്ന് പ്രതികളായ സന്ദീപ്, രാമു, ലവ് കുശ്, രവി എന്നീ താക്കൂര്‍ കുടുംബക്കാരെ പോലീസ് നേരത്തേ തന്നെ പിടികൂടിയിരുന്നു. മൊഴിമാറ്റാന്‍ ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും നിരന്തരസമ്മര്‍ദവും കുടുംബത്തിനുണ്ടായി. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തും വീട് വളഞ്ഞും പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബന്ധുക്കളെ പോലും കടത്തിവിടാതെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചു. ഇതോടെ രാജ്യം അവള്‍ക്കായി തെരുവിലിറങ്ങി. പ്രതിഷേധത്തിന്റെ നേതൃത്വം കോണ്‍ഗ്രസ് ഏറ്റെടുത്തു.
രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹാഥ്‌റസിലേക്ക് പോകാന്‍ ഒരുങ്ങിയതോടെ സംഭവത്തിന് രാഷ്ട്രീയമാനം കൈവന്നു. ഇരു നേതാക്കളുടെയും ആദ്യയാത്ര യു.പി. പോലീസിന്റെ ഗുണ്ടായിസത്തിന് മുന്നില്‍ മുടങ്ങി. ഗ്രേറ്റര്‍ നോയിഡയില്‍ വെച്ച് യു.പി. പോലീസ് ഇരുവരോടും ശത്രുതയോടെ പെരുമാറി. ജനപ്രതിനിധിയെന്ന പരിഗണനപോലും നേതാക്കള്‍ക്ക് കിട്ടിയില്ല. പ്രതിഷേധച്ചൂടില്‍ രണ്ടാം ശ്രമത്തില്‍ രാഹുലിനും പ്രിയങ്കയ്ക്കും അതിര്‍ത്തി കടക്കാന്‍ അനുമതി ലഭിച്ചു. പ്രതിപക്ഷത്തെ ഇനിയും പിന്തിരിപ്പിക്കുന്നത് തിരിച്ചടിയാകുമെന്ന ബോധോദയമാണ് യോഗിയെ മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. പെണ്‍കുട്ടിയുടെ കുടുംബത്തെ ചേര്‍ത്തുപിടിച്ചും കണ്ണീരൊപ്പിയും നേതാക്കള്‍ ഇന്ത്യയുടെ വികാരം അവരെ അറിയിച്ചു.
ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന പോസ്റ്റുമോര്‍ട്ടം, ഫോറന്‍സിക് പരിശോധനഫലങ്ങള്‍ ഉയര്‍ത്തി കാട്ടിയുളള പൊലീസ് അവകാശവാദം വിമര്‍ശനത്തിനു വഴിവെച്ചു. ഇതിനിടെ ബലാത്സംഗം നടന്നതായി പെണ്‍കുട്ടി വെളിപ്പെടുത്തുന്ന വീഡിയോ പുറത്തായി. എന്നാല്‍ ഇത് കണ്ടില്ലെന്നു നടിക്കുകയായിരുന്നു പൊലീസ്. ബലാത്സംഗ സാധ്യത തളളാതെയുളള മെഡിക്കോ ലീഗല്‍ റിപ്പോര്‍ട്ട് പുറത്തുവന്നെങ്കിലും സര്‍ക്കാര്‍ മുന്‍നിലപാടില്‍ ഉറച്ചുനിന്നു. ബലാത്സംഗം ഉണ്ടായിട്ടില്ല. ജനവികാരം എതിരായതോടെ അതുവരെ മൗനം പാലിച്ച ബി.ജെ.പി. നേതാക്കളില്‍ പലരും പോലീസിനെതിരെ രംഗത്തുവരാന്‍ തുടങ്ങി. പ്രധാനമന്ത്രി ശക്തമായ ഇടപെട്ടതോടെ സര്‍ക്കാര്‍ എസ്ഐടി അന്വേഷണം പ്രഖ്യാപിച്ചു. സമ്മര്‍ദത്തിലായ ഭരണകൂടം മാധ്യമവിലക്കും നീക്കി. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിതുമ്പിയ കുടുംബം പോലീസിന്റെ കിരാതവാഴ്ച വിശദീകരിച്ച് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടു. ഇതിനിടെ പൊലീസ് വീഴ്ച്ച സമ്മതിച്ചു. നീതിനിഷേധത്തിനു പുറമെ മൃതദേഹത്തോട് അനാദരവ് കാണിച്ചതും യോഗി സര്‍ക്കാരിനെ കടുത്ത പ്രതിരോധത്തിലേക്ക് തളളിവിട്ടു. പിന്നാലെ ഗത്യന്തരമില്ലാതെ സി.ബി.ഐ. അന്വേഷണം പ്രഖ്യാപിച്ചു.
ഇതാദ്യമല്ല അവള്‍ക്കുനേരെ അക്രമികളുടെ കണ്ണെത്തുന്നത്. മുന്‍പ് രണ്ടു തവണയും പീഡനശ്രമങ്ങളില്‍നിന്ന് രക്ഷപ്പെട്ടതാണ്. കേസിലെ പ്രധാന പ്രതിയായ താക്കൂര്‍ പയ്യന്റെ ശല്യം മൂലം പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. കുടുംബവും താക്കൂര്‍മാരും തമ്മില്‍ കടുത്ത ശത്രുതയിലായിരുന്നു. 2001-ല്‍ പെണ്‍കുട്ടിയുടെ മുത്തച്ഛന് നേരെ വധശ്രമമുണ്ടായി. കേസില്‍ മുപ്പത് ദിവസം രണ്ടു താക്കൂര്‍മാര്‍ ജയിലില്‍ കിടന്നു. ആ പക ഒടുങ്ങിയത് മൂന്നാം തലമുറയിലാണ്. നൂറ്റാണ്ടുകള്‍ക്ക് അപ്പുറം തുടരുന്ന ജാതിവെറിയുടെ കഥകള്‍ കേട്ടാണ് ഇവിടെ തലമുറകള്‍ വളരുന്നത്. ഓരോ തലമുറയ്ക്കും പറയാനുണ്ടാകും ജാതിച്ചൂളയില്‍ പൊള്ളിയ ഓര്‍മകള്‍. സവര്‍ണ കുടുംബങ്ങളില്‍ ആഘോഷം നടക്കുമ്പോള്‍ ബാക്കിയാകുന്ന ഭക്ഷണം കഴിക്കാന്‍ വാല്‍മീകി സമുദായക്കാര്‍ എത്തണം. ദൂരെ മാറി വെറും നിലത്ത് ഭക്ഷണം വലിച്ചെറിഞ്ഞാണ് നല്‍കുക. വൃത്തിഹീനമായ മണ്ണില്‍ ഭക്ഷണം വീണാലും തിന്നാതെ മടങ്ങാന്‍ ഇവര്‍ക്ക് അവകാശമില്ല. സ്വന്തം വീട്ടിലെ ആഘോഷങ്ങള്‍ക്ക് സവര്‍ണരുടെ അനുമതി വാങ്ങേണ്ട ഗതികേടും ഇവര്‍ക്കുണ്ട്. പൊതു ഇടങ്ങളില്‍ ദളിതര്‍ക്ക് ഇരിക്കാന്‍ അവകാശമില്ല. സവര്‍ണര്‍ കണ്ടാല്‍ വളഞ്ഞിട്ട് ആക്രമിക്കും.
വാല്മീക വീടുകളിലെ ഇളമുറയില്‍ പെട്ടവരും മരണം മുന്നില്‍ കണ്ട നിമിഷം. ഒരു സവര്‍ണ കുട്ടിയുടെ ഭക്ഷണപ്പൊതിയില്‍ തൊട്ടു പോയെന്ന് ആരോപിച്ച് ഒരു താക്കൂര്‍ പടയാണ് പന്ത്രണ്ടുകാരനെ തല്ലാന്‍ എത്തിയത്. കരഞ്ഞു കാലുപിടിച്ചും പുതിയ ഭക്ഷണപ്പൊതി വാങ്ങാന്‍ ഇരട്ടി പണം നല്‍കിയുമാണ് ദളിത് ബാലന്റെ അമ്മൂമ്മ അവനെ മരണത്തില്‍നിന്നു രക്ഷിച്ചെടുത്തത്. 'താക്കൂര്‍മാര്‍ക്കും ബ്രാഹ്മണര്‍ക്കുമെതിരെ ശബ്ദമുയര്‍ത്തരുത്. ഉയര്‍ത്തിയാല്‍ പിന്നെ ജീവിതം ദുസ്സഹമാണെന്ന്' പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വീട്ടമ്മ പറഞ്ഞു. മറ്റുള്ളവരുടെ ജീവിതത്തില്‍ ഇടപെടാതിരിക്കുന്നതാണ് ഭൂല്‍ഗുഡിയിലെ സൈ്വര്യ ജീവിതത്തിന് നല്ലതെന്ന് പശു വളര്‍ത്തല്‍ക്കാരനായ സന്തോഷ് കുമാറും ഞങ്ങളോട് പറഞ്ഞു. വാര്‍ത്താ തിരക്കുകള്‍ കഴിയുമ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ ഇവിടം വിടും. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ ഏജന്‍സികളും. സവര്‍ണ അധികാര ഭൂരിപക്ഷത്തിന്റെ അരികില്‍ ഭയത്തിന്റെ പുതപ്പിനുള്ളില്‍ ജീവിതം കഴിച്ചുകൂട്ടേണ്ടത് ദളിത് കുടുംബങ്ങളാണ്. രണ്ടു ദിവസം ഭൂല്‍ഗുഡിയില്‍ താമസിച്ച ശേഷം ഡല്‍ഹിക്ക് മടങ്ങുമ്പോള്‍ കുടുംബത്തിന് നീതി കിട്ടുമോയെന്ന ചോദ്യം ബാക്കിയായിരുന്നു.
വീണ്ടും ഹാഥ്‌റസിലേക്കും ഭൂല്‍ഗുഡിയിലേക്കും പോകുമെന്ന് കരുതിയിരുന്നില്ല. രണ്ടു വര്‍ഷത്തിനിപ്പുറം നിയമസഭാ തിരഞ്ഞെടുപ്പ് കവര്‍ ചെയ്യാനായി അവിചാരിതമായി വീണ്ടും അവിടെയെത്തി. നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണവിഷയമായിരുന്നു സ്ത്രീസുരക്ഷ. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ക്രൂരതയുടെ പുതിയ അധ്യായങ്ങള്‍ ചേര്‍ക്കപ്പെടുന്ന സംസ്ഥാനമായി ഉത്തര്‍ പ്രദേശ് മാറിയിരുന്നു. ഭൂല്‍ഗുഡിയിലേക്ക് ചെല്ലുന്നതിനു മുന്‍പ് തന്നെ ഇരയുടെ സഹോദരനെ ഫോണില്‍ വിളിച്ചിരുന്നു. ഭൂല്‍ഗുഡിയില്‍ കണ്ടത് സുരക്ഷയുടെ പേരിലുളള ഒറ്റപ്പെടുത്തലായിരുന്നു. തടവറ തീര്‍ത്ത് കേന്ദ്ര സായുധ പൊലീസിന്റെ കാവല്‍. കുടുംബത്തെ കാണാനെത്തുന്ന ബന്ധുക്കള്‍ക്ക് പോലും സുരക്ഷാ ഉദ്യോഗസ്ഥരുടെ അനുമതി വാങ്ങണം. പേരെഴുതി ഒപ്പിട്ട് മെറ്റല്‍ ഡിറ്റക്റ്റര്‍ കടന്നുവേണം വീട്ടിലെത്താന്‍. സന്ദര്‍ശകര്‍ക്ക് ഒപ്പം നിഴലുപോലെ പോലീസ് കൂടെയുണ്ടാകും. വീട്ടിലേക്കുളള പ്രധാന വഴിയിലും വാതിലനരികിലും ടെറസിലും സുരക്ഷാ സാന്നിധ്യം. സ്വകാര്യതയ്ക്ക് ഭംഗം വരുത്തി, ചുറ്റിലും കണ്ണിമ ചിമ്മാതെ സി.സി.ടി.വി ക്യാമറകള്‍. കൂടുതല്‍ ഒറ്റപ്പെടുകയായിരുന്നു കുടുംബം. പോലീസ് സാന്നിധ്യത്തില്‍ അവരുടെ പ്രതികരണം പോലും നിയന്ത്രിക്കപ്പെട്ടു.
ഭീഷണികള്‍ക്കു നടുവിലെ ഭീതിദമായ ജീവിതത്തില്‍നിന്ന് രക്ഷപ്പെടാനുള്ള മോഹങ്ങള്‍ക്ക് ഭരണകൂടമായിരുന്നു വിലങ്ങുതടി. പ്രതികളുടെ ബന്ധുക്കള്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി ഇരയുടെ സഹോദരന്‍ വെളിപ്പെടുത്തി. 'മൊബൈല്‍ ഫോണിലൂടെ ഭീഷണി സന്ദേശങ്ങള്‍. പത്ത് ദിവസം മുന്‍പ് ജയിലുളള പ്രതിയുടെ ബന്ധു വിളിച്ചു. ഫോണ്‍ എടുത്തില്ല. അപായപ്പെടുത്താന്‍ അവരെന്ത് ഗൂഢതന്ത്രമാണ് മെനയുകയെന്ന് പറയാനാവില്ലല്ലോ. ജോലിക്ക് പോകാനാകുന്നില്ല. ജീവന്‍ അപകടത്തിലാകുമോയെന്ന് പേടി. പുറത്തിറങ്ങിയാല്‍ ബ്രാഹ്മണ-താക്കൂര്‍മാരുടെ പകയോടെയുളള നോട്ടം നേരിടാന്‍ വയ്യ. ഇവിടം വിടണമെന്ന് ആഗ്രഹമുണ്ടെങ്കിലും സര്‍ക്കാര്‍ സഹായം നല്‍കുന്നില്ല. വേറെ സ്ഥലത്ത് വീടുവെച്ചു നല്‍കാമെന്ന് വാഗ്ദാനമുണ്ടായിരുന്നു. ജോലി പ്രഖ്യാപിച്ചിരുന്നെങ്കിലും സര്‍ക്കാരിനിപ്പോള്‍ ഒന്നിലും താത്പര്യമില്ല.' - ആശങ്കയും ആകുലതയും അയാള്‍ വാക്കുകളിലൊതുക്കി.
സഹോദരനോട് സംസാരിക്കുമ്പോഴെല്ലാം കാതും കൂര്‍പ്പിച്ച് തൊട്ടരികില്‍ സായുധ പോലീസുണ്ടായിരുന്നു. ഇരയുടെ കുടുംബം ഇപ്പോഴും വേട്ടയാടപ്പെടുകയാണ്. ജാതി മേല്‍ക്കോയ്മയില്‍ വീണ്ടും വീണ്ടും അവര്‍ പാര്‍ശ്വവത്കരിക്കപ്പെടുമ്പോള്‍ ഭരണകൂടം ഇവിടെ നോക്കുകുത്തിയാണ്....
Content Highlights: hathras gangrape ttar radesh ogi adityanath inc bjp dalit
Published: 28 Jun 2023, 04:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented