പുതുപ്പള്ളി തിരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയത്തിന് പുതിയ മാനങ്ങള്‍ നല്‍കിയിരിക്കുകയാണ്. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ മകന്‍ ചാണ്ടി ഉമ്മന്‍ സഹതാപതരംഗത്തിന്റെ മാത്രം പിന്‍ബലത്തോടെ വിജയിച്ചു എന്നു പറയാനും കരുതാനുമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ശ്രമിക്കുന്നതെങ്കിലും തിരഞ്ഞെടുപ്പ് ഫലം സൂക്ഷ്മമായി വിശകലനം ചെയ്യുമ്പോള്‍ കേവലമായ സഹതാപ തരംഗത്തിന് അപ്പുറത്ത് ഉമ്മന്‍ചാണ്ടി സൃഷ്ടിച്ച ഒരു രാഷ്ട്രീയ തരംഗം നിലനില്‍ക്കുന്നതായി കാണാം. ആദ്യം തിരഞ്ഞെടുപ്പ് ഫലത്തിലേക്ക് സൂക്ഷിച്ച് നോക്കാം. മുപ്പത്തിയേഴായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മന്‍ വിജയിച്ചിരിക്കുന്നത്. അത് ആകെ പോള്‍ ചെയ്ത വോട്ടിന്റെ 61 ശതമാനമാണ്. ഇടതുമുന്നണി സ്ഥാനാര്‍ഥിയും മൂന്നാം തവണ പുതുപ്പള്ളിയില്‍ മത്സരിച്ച സി.പി.എം. നേതാവായ ജെയ്ക് സി. തോമസിന് 31% വോട്ട് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

To advertise here,

അപ്പോഴും ഇടതുമുന്നണിയുടെ പെട്ടിയില്‍ 42,000 വോട്ടുകളുണ്ട് എന്ന് അവര്‍ക്ക് ആശ്വസിക്കാമെങ്കിലും കേരള കോണ്‍ഗ്രസ് മാണിയുടെ ശക്തി കേന്ദ്രങ്ങളാണ് അയര്‍ക്കുന്നം, അകലകുന്നം, കൂരോപ്പട പഞ്ചായത്തുകള്‍. അവിടെ എക്കാലത്തും മാണി വിഭാഗത്തിന് പഞ്ചായത്ത് മെമ്പര്‍മാരും പഞ്ചായത്ത് ഭാരവാഹികളും ഉണ്ടായിരുന്നു. ഇപ്പോള്‍ അവര്‍ക്ക് ഒമ്പത് പഞ്ചായത്ത് അംഗങ്ങളും അയര്‍ക്കുന്നം പഞ്ചായത്തിന്റെ പ്രസിഡന്റ് സ്ഥാനവും ഉണ്ട്. അങ്ങനെ വരുമ്പോള്‍ 42,000 വോട്ടില്‍ നിന്ന് മാണി വിഭാഗത്തിന്റെ വോട്ട് കുറയ്ക്കേണ്ടതായിട്ടുണ്ട്. അതെത്ര കുറയ്ക്കണം എന്ന് തീരുമാനിക്കേണ്ടത് ഇടതു മുന്നണി തന്നെയാണ്. ഏറ്റവും ചുരുങ്ങിയത് 5000 വോട്ട് അവര്‍ക്ക് ഉണ്ട് എന്ന് കരുതിയാല്‍ ജെയ്ക് സി. തോമസിന് പഴയ ഇടതുമുന്നണി സ്ഥാനാര്‍ഥിക്കു ലഭിച്ചതിൽനിന്നു വലിയ ഇടിവ് സംഭവിച്ചതായി കണക്കാക്കാന്‍ സാധിക്കും.

ഈ തിരഞ്ഞെടുപ്പ് ഫലം അതുകൊണ്ട് തന്നെ ഇടതുമുന്നണിയിലെ പ്രമുഖ രാഷ്ട്രീയ കക്ഷിയായ കേരള കോണ്‍ഗ്രസ് എമ്മിന് വളരെ പ്രധാനമാണ്. 2021-ലെ തിരഞ്ഞെടുപ്പില്‍ മുന്‍ തിരഞ്ഞെടുപ്പിനേക്കാള്‍ ഏതാണ്ട് പതിനായിരം വോട്ടുകള്‍ വര്‍ധിച്ചിരുന്നു. അതില്‍ തങ്ങളുടെ വോട്ട് നിര്‍ണായകമായ പങ്ക് വഹിച്ചിട്ടുണ്ട് എന്ന് അവര്‍ക്ക്  ന്യായമായും അവകാശപ്പെടാന്‍ കഴിയുമായിരുന്നു. എന്നാലിപ്പോള്‍, അവരുടെ ശക്തമായ സാന്നിധ്യത്തിലും 2016-നേക്കാള്‍ പുറകിലേക്ക് ഇടതുമുന്നണി പോയിരിക്കുന്നു എന്നു പറയുന്നത് സുപ്രധാനമായ കാര്യം തന്നെയാണ്.

ബി.ജെ.പിയുടെ സ്ഥിതിയാണ് അതിലും ദയനീയമായിട്ടുള്ളത്. വളരെക്കാലത്തിനുശേഷം ബി.ജെ.പിക്ക് കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടിരിക്കുന്നു. ആറായിരത്തോളം വോട്ട് നേടിയ ബി.ജെ.പി. ഇന്ന് മധ്യകേരളത്തില്‍ അപ്രസക്തമായ ഒരു പാര്‍ട്ടി ആവുകയാണോ എന്ന ചോദ്യത്തിന് മറുപടി പറയേണ്ടത് അവര്‍ തന്നെയാണ്. മധ്യകേരളത്തില്‍ പ്രത്യേകിച്ചും മധ്യതിരുവിതാംകൂറില്‍ ബി.ജെ.പിയുടെ ശക്തി നായര്‍ സമുദായത്തില്‍നിന്നു വലിച്ചെടുക്കുന്നതാണ്. പക്ഷേ, ആ സമുദായാംഗങ്ങളെ ബി.ജെ.പിയില്‍ അണിനിരത്തുന്നതില്‍ അവര്‍ ഇന്ന് പഴയതുപോലെ വിജയിക്കുന്നില്ല. അതിലെ നല്ലൊരു ഭാഗം വോട്ടര്‍മാര്‍ അവരുടെ വോട്ടവകാശം ഐക്യ ജനാധിപത്യ മുന്നണിക്ക് വോട്ട് ചെയ്തിട്ടുണ്ട്. കുറച്ചുപേര്‍ ഇടതു മുന്നണിയിലേക്കും ചിതറിപോയിട്ടുണ്ടായിരിക്കാം. എന്തായാലും കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ കെട്ടിവെച്ച കാശ് പോവുന്നത് കേവലം ഒരു ഉപതിരഞ്ഞെടുപ്പിലെ പരാജയം മാത്രമായി വിലയിരുത്താന്‍ സാധ്യമല്ല. കേന്ദ്രത്തില്‍ ബി.ജെ.പി. ഈയിടെയായി കൊണ്ടുവന്ന തിരക്കുപിടിച്ച നടപടികള്‍, ഇന്ത്യ എന്ന പേര് തന്നെ ഉപേക്ഷിക്കല്‍ പോലുള്ള വെപ്രാളം പിടിച്ച രാഷ്ട്രീയ തീരുമാനങ്ങള്‍ അവര്‍ കരുതുന്നതിനേക്കാള്‍ കൂടുതല്‍ ആ പാര്‍ട്ടിയെ ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുത്തിയിരിക്കുന്നു എന്നു വേണം കരുതാന്‍.

placeholder
സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നശേഷം പുതുപ്പള്ളി സെയ്ന്റ് ജോര്‍ജ് പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തി മുട്ടുകുത്തി പ്രാര്‍ഥിക്കുന്ന മകന്‍ ചാണ്ടി ഉമ്മന്‍ | ഫോട്ടോ: ജി.ശിവപ്രസാദ്/ മാതൃഭൂമി

ഉമ്മന്‍ചാണ്ടിയുടെ മരണത്തോടെ അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ച സഹതാപം മാത്രമല്ല കേരളത്തില്‍ അണപൊട്ടിയൊഴുകിയത്. അതിലൊരു രാഷ്ട്രീയമുണ്ട്. ജനാധിപത്യ ലോകത്ത് ജനങ്ങളും രാഷ്ട്രീയ നേതാക്കളും തമ്മിലുള്ള അകലം വര്‍ധിച്ചുവരുകയാണ്. ഒരു കാലത്ത് ഗാന്ധിജിയും നെഹ്റുവും ഏതാരൊള്‍ക്കും ചെന്ന് കാണാന്‍ കഴിയുന്ന രാഷ്ട്രീയ നേതാക്കളായിരുന്നു. അതുകൊണ്ടാണല്ലോ വളരെ എളുപ്പത്തില്‍ ഒരു സുരക്ഷാ ഭടന്റെയും തടസ്സമില്ലാതെ ഗോഡ്സെക്ക് ഗാന്ധിജിയെ വെടിവെച്ചുകൊല്ലാന്‍ സാധിച്ചത്. നെഹ്റുവിന്റെ വീട്ടിലും ആളുകള്‍ യഥേഷ്ടം പോവുകയും വരുകയും ചെയ്യുമായിരുന്നുവെന്ന് നാം കേട്ടിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളുടെ ഭവനങ്ങളും അവരുടെ ആസ്ഥാനങ്ങളും ആര്‍ക്കും എപ്പോഴും കടന്നുവരാന്‍ കഴിയുന്ന രാഷ്ട്രീയ ഇടങ്ങളായിരുന്നു. പക്ഷേ, അടുത്ത കാലത്തായി അവര്‍ തമ്മിലുള്ള അകലം കൂടിക്കൂടി വന്നു. സുരക്ഷാ ഭടന്‍മാരുടെയും കറുത്ത പൂച്ചകളുടെയും തുറിച്ച നോട്ടങ്ങള്‍ക്ക് മുന്നില്‍ രാഷ്ട്രീയ നേതാവിനെ നേതാവാക്കുന്ന സാധാരണക്കാരന്‍ പകച്ചുനില്‍ക്കുകയാണ്. സുരക്ഷാഭടന്‍മാര്‍ക്ക് രാഷ്ട്രീയ നേതാവിനെ സംരക്ഷിക്കുക എന്ന പേരില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരോട് പോലും മോശമായി പെരുമാറാനുള്ള ലൈസന്‍സ് ഉണ്ട് എന്നതാണ് പുതിയ രീതി. ഇത് സഹിക്കുന്നതിന് അപ്പുറത്തേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചിരിക്കുന്നു.
 
മുത്തശ്ശിയും അച്ഛനും കൊല്ലപ്പെട്ട രാഹുല്‍ ഗാന്ധി പക്ഷേ ഈ സുരക്ഷാ ഭടന്‍മാരുടെ വന്‍കവചത്തിനിടയിലും സാധാരണക്കാര്‍ക്ക് കൈ കൊടുക്കാനും ചായക്കടകളില്‍ കയറി കുശലം പറയാനും അവസരം സൃഷ്ടിച്ചെടുക്കുന്നു എന്നത് മറ്റൊരു കാര്യം. ഈ രാഷ്ട്രീയ കാലാവസ്ഥയിലാണ് ഉമ്മന്‍ ചാണ്ടി എല്ലാവിധ സുരക്ഷാ സംവിധാനങ്ങളെയും അവഗണിച്ച് കൊണ്ട് ഏതൊരാള്‍ക്കും എപ്പോഴും കടന്നുചെല്ലാവുന്ന ജനാധിപത്യത്തിന്റെ വാതിലായി മാറിയത്. ഈ ലേഖകന്‍ തന്നെ പലപ്പോഴും നന്നെ കാലത്ത് ആറു മണിക്ക് മുമ്പ് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ നേരിട്ട് വിളിച്ചിട്ടുണ്ട്. ഫോണെടുക്കുന്നത് അങ്ങേ തലയ്ക്കല്‍ മുഖ്യമന്ത്രി തന്നെയായിരിക്കും. രാത്രി പതിനൊന്നു മണിക്ക് ഫോണ്‍ ചെയ്താലും ഉണര്‍ന്നിരിക്കുകയാണെങ്കില്‍ സംസാരിക്കാന്‍ അദ്ദേഹത്തിന് ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല.

ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി സ്വാഭാവികമായും ജനങ്ങളെ അകറ്റി നിര്‍ത്താറുണ്ട്. പക്ഷേ, ബജറ്റ് അവതരിപ്പിക്കുന്ന ദിവസവും ധനമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി കാലത്ത് 6 മണി മുതല്‍ 7 മണി വരെ സാധാരണക്കാരുടെ പരിദേവനങ്ങള്‍ കേള്‍ക്കുമായിരുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്. ഇത്തരത്തില്‍ അധികാരത്തിന്റെ ഏത് ശ്രീകോവിലില്‍ പ്രതിഷ്ഠിക്കപ്പെട്ടാലും അടയാത്ത വാതിലായിരുന്നു ഉമ്മന്‍ചാണ്ടി. ഇത് ഉമ്മന്‍ ചാണ്ടിയുടെ വ്യക്തിപരമായ സ്വഭാവ വിശേഷമായിട്ടാണദ്ദേഹത്തിന്റെ മരണത്തിനു ശേഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത് എങ്കിലും ഈ കുറിപ്പിന്റെ ആദ്യഭാഗത്ത് സൂചിപ്പിച്ചതുപോലെ അത് അതില്‍ തന്നെ ഒരു രാഷ്ട്രീയമാണ്. ജനങ്ങളും അധികാര കേന്ദ്രങ്ങളും തമ്മില്‍ ജനാധിപത്യ സമൂഹങ്ങളിലുണ്ടായ വിടവ് നികത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു എന്നു മാത്രമല്ല അവരുടെ ചെറുതെന്ന് മറ്റുള്ളവര്‍ക്ക് തോന്നുന്ന വലിയ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ സദാ ജാഗരൂകനായിരുന്നു അദ്ദേഹം.

ഈ ജാഗ്രതയ്ക്കാണ് പുതുപ്പള്ളി വോട്ട് ചെയ്തത്. സ്വന്തം മകളുടെ കാന്‍സര്‍ സര്‍ജറി കൃത്യമായി നടത്തിക്കൊടുത്ത ഉമ്മന്‍ ചാണ്ടിയെ ഓര്‍ത്ത് വിലപിക്കുന്ന അമ്മമാരും ഒരു കൊച്ചു ഭവനം ഉണ്ടാക്കുന്നതിന് സഹായം ലഭിച്ച വികലാംഗരും എന്തിന് പാഠപുസ്തകം, അതല്ലെങ്കില്‍ കോവിഡ് കാലത്ത്  ഒരു മൊബൈല്‍ ഫോണ്‍ കിട്ടുന്നതിന് നേരിട്ട് വിളിച്ച അനുഭവമുള്ള വിദ്യാര്‍ഥികളുമെല്ലാം ചേര്‍ന്നപ്പോള്‍ ഉമ്മന്‍ചാണ്ടി എന്ന വ്യക്തി സൃഷ്ടിച്ച അനുഭവ കഥകളുടെ കൂമ്പാരങ്ങള്‍ക്കപ്പുറത്ത് ജനങ്ങളുമായി സാര്‍ഥകമായ തരത്തില്‍ അടുക്കുക അവരുമായുള്ള അകലം ഇല്ലാതാക്കുക എന്ന രാഷ്ട്രീയത്തിന്റെ പ്രതീകമായി ഉമ്മന്‍ ചാണ്ടി മാറുകയായിരുന്നു. ഈ അടുപ്പം തന്നെയാണ് ചാണ്ടി ഉമ്മനെ പുതുപ്പള്ളിയിലെ വോട്ടര്‍മാര്‍ക്ക് പ്രിയങ്കരനാക്കിയത്.

placeholder
ഉമ്മന്‍ചാണ്ടി | ഫോട്ടോ: പി.പി രതീഷ്‌ / മാതൃഭൂമി

80,000 വോട്ട് എന്ന അത്ഭുത സംഖ്യ നേടാന്‍ ചാണ്ടി ഉമ്മന് സാധിച്ചതും അതുകൊണ്ടു തന്നെയാണ്. തിരഞ്ഞെടുപ്പ് വേളയില്‍ നിര്‍ധനയായ ഒരു വോട്ടര്‍ പറയുന്നുണ്ട്. എനിക്ക് ചാണ്ടി ഉമ്മനെ നേരിട്ട് അറിയില്ലെങ്കിലും ഉമ്മന്‍ചാണ്ടി സാര്‍ വളര്‍ത്തിയ മകനല്ലേ, മോശമാകാന്‍ വഴിയില്ല എന്ന്. ഈ ആത്മവിശ്വാസം ജനങ്ങള്‍ക്ക് ലഭിക്കുമ്പോള്‍ അവര്‍ മറ്റെല്ലാം മറന്ന് വോട്ട് ചെയ്യുന്നു എന്നതാണ് പുതുപ്പള്ളി നല്‍കുന്ന പാഠം. ഇത് യു.ഡി.എഫിന് മാത്രമുള്ള പാഠമല്ല. കേരള രാഷ്ട്രീയത്തിനുള്ളതാണ്. മാന്യവും സൗമ്യവുമായ ഭരണാധികാരികളുടെ പെരുമാറ്റം ജനങ്ങളുടെ അവകാശമാണ്. മറിച്ച് ആരുടെയും ഔദാര്യമല്ല. നല്ല പെരുമാറ്റം ഓരോ പൗരനും ജനാധിപത്യത്തില്‍ അര്‍ഹിക്കുന്നുണ്ട്. അത് നല്‍കാന്‍ എല്ലാ ഭരണാധികാരികളും അടി തൊട്ട് മുടിവരെ ചുമതലപ്പെട്ടവരാണ്. ഡീസന്റ് ബീഹേവിയര്‍ അഥവാ മാന്യമായ പെരുമാറ്റം ജനാധിപത്യ ജീവിതരീതിയുടെ തന്നെ ആണിക്കല്ലാണ്. ഇവിടെയാണ് ഇടതുപക്ഷ നേതൃത്വത്തിന്റെ പുതിയ ഭാവങ്ങളെ ജനങ്ങള്‍ അറിയാതെ ഓര്‍ത്തുപോവുന്നത്. 

ആര്‍ക്കും എപ്പോഴും കടന്നുചെന്ന് കാര്യം പറയാനുള്ള അനുവാദം ഇ.എം.എസ്. നല്‍കിയിരുന്നില്ലെങ്കില്‍പ്പോലും അദ്ദേഹം പുറത്തിറങ്ങി വരുമ്പോഴും യാത്ര ചെയ്യുമ്പോഴും ഏറ്റവും സൗമ്യമായ തരത്തില്‍ അപരിചിതരോട് പോലും സംസാരിക്കുകയും സംവദിക്കുകയും ചെയ്തിരുന്നു എന്ന് നേരിട്ട് കണ്ട ഒരാളാണ് ഈ ലേഖകന്‍. നായനാരാകട്ടെ സദാസമയം പുഞ്ചിരിക്കുകയും സംസാരിക്കുകയും ഏതൊരാളോടും കുശലാന്വേഷണം നടത്തുകയും അവരുടെ ആവശ്യങ്ങളുണ്ടെങ്കില്‍ സൗമ്യമായി കേള്‍ക്കുകയും ചെയ്ത ഒരു മുഖ്യമന്ത്രിയായിരുന്നു. പക്ഷേ, അതില്‍നിന്നു വേറിട്ട  ഒരു മുഖ്യമന്ത്രിയെ നാം ഇന്ന് കാണുന്നത് ഇടതുപക്ഷ മനസ്സുകള്‍ക്ക് പോലും ഇഷ്ടമില്ലാത്ത കാര്യമാണെന്ന് കൂടി പുതുപ്പള്ളി പഠിപ്പിക്കുന്നുണ്ട്.

ആവശ്യത്തിലധികമുള്ള വാഹന വ്യൂഹങ്ങളും അരോചകമായ സെക്യൂരിറ്റി സംവിധാനങ്ങളും ഒരു പുരോഗമന പ്രസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ല എന്ന് കൃത്യമായി എഴുതിവെച്ച തിരഞ്ഞെടുപ്പാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്. ഒപ്പം കമ്യൂണിസ്റ്റ് നേതാക്കന്മാര്‍ക്ക് നേരെ ഒരിക്കലും ഉണ്ടായിട്ടില്ലാത്ത സാമ്പത്തിക ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടതിന് ശേഷം നടന്ന ആദ്യത്തെ തിരഞ്ഞെടുപ്പാണിത്. സാങ്കേതികമായി ശരിയാണെങ്കില്‍ പോലും മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്ക് കാബിനറ്റ് മന്ത്രിമാരുടെ ഭാര്യമാര്‍ക്ക് വന്‍കിട കമ്പനികളില്‍നിന്നു വലിയ തുക ശമ്പളമായി കിട്ടിയിരുന്നു എന്നു കേള്‍ക്കാന്‍ കേരളം ഇഷ്ടപ്പെടുന്നില്ല. അതിനെന്തെല്ലാം ന്യായീകരണങ്ങളുണ്ടെങ്കിലും സാങ്കേതികത്വങ്ങളുടെ പിന്‍ബലമുണ്ടെങ്കിലും അത്തരം ന്യായീകരണങ്ങള്‍ വോട്ടുപെട്ടിയില്‍ വോട്ട് കുറയ്ക്കും എന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പഠിക്കുന്നത് നന്നായിരിക്കും എന്ന് പുതുപ്പള്ളി എടുത്തുപറയുന്നു.

placeholder
കോട്ടയം മണര്‍കാട് പള്ളിയില്‍ യാക്കോബായ സുറിയാനിസഭയുടെ ശ്രേഷ്ഠകാതോലിക്ക മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായ്ക്ക് നല്‍കിയ സ്വീകരണപരിപാടിയില്‍ വോട്ടു തേടിയെത്തിയ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനും എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ജെയ്ക് സി. തോമസും സദസ്സിന്റെ മുന്‍നിരയില്‍ ഒരുമിച്ചിരുന്നപ്പോള്‍ | ഫോട്ടോ: ഇ.വി രാഗേഷ് /മാതൃഭൂമി

ചാണ്ടി ഉമ്മന്‍ എന്ന രാഷ്ട്രീയ നേതാവ് ഉദയം ചെയ്തിരിക്കുന്നു. വലിയ ഉത്തരവാദിത്തങ്ങളാണ് ആ ചെറുപ്പക്കാരന്റെ ചുമലില്‍ വന്നുചേര്‍ന്നിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ മകനെന്ന ആനുകൂല്യം ഈ തിരഞ്ഞെടുപ്പില്‍ വേണ്ടുവോളം കിട്ടിയിട്ടുണ്ട്. പക്ഷേ, പുതിയ കാലഘട്ടത്തിന് ചേര്‍ന്ന പുതിയ നേതാവായി ചാണ്ടി ഉമ്മന്‍ വാര്‍ന്നു വീഴുമോ എന്നതാണ് അദ്ദേഹത്തിന് മുന്നിലുള്ള വെല്ലുവിളി. ഉമ്മന്‍ചാണ്ടിയുടെ ട്രൂകോപ്പി ആവലല്ല അദ്ദേഹത്തിന്റെ ചുമതല. തന്റെ പിതാവിന്റെ സദ്ഗുണങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ പുതിയ കാലഘട്ടം ഏല്പിക്കുന്ന ചുമതലകള്‍ ഏറ്റെടുത്തുകൊണ്ട് യുവകേരളത്തിന്റെ പ്രതീകമായി ചാണ്ടി ഉമ്മന് വളരാന്‍ കഴിയുമോ എന്നതാണ് കേരളം ശ്രദ്ധയോടെ നോക്കുന്നത്. 

പുതുപ്പള്ളി ഉള്‍പ്പെടുന്ന കിഴക്കന്‍ കേരളത്തില്‍ റബര്‍ കൃഷി തകര്‍ന്നടിഞ്ഞിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികള്‍ ഇല്ല. ഗാന്ധി യൂണിവേഴ്സിറ്റിയിലെ പല കോളേജുകളിലെയും ക്ലാസ് മുറികള്‍ ഒഴിഞ്ഞുകിടക്കുന്നു. സയന്‍സ് വിഷയങ്ങള്‍ പഠിക്കാന്‍ ഒരു കുട്ടിയും ചേരാത്ത ഒട്ടേറെ കോളേജുകള്‍ ഇന്ന് മധ്യതിരുവിതാംകൂറില്‍ ഉണ്ട്. ഇത്തരത്തില്‍ മൗലികമായ പ്രശ്നങ്ങള്‍ പഠിക്കാനും ശ്രദ്ധിക്കാനും ഒപ്പം അടയാത്ത വാതിലായി ജനങ്ങള്‍ക്കും അധികാര കേന്ദ്രങ്ങള്‍ക്കുമിടയിലുള്ള പാലമായി മാറാനും ചാണ്ടി ഉമ്മന് സാധിച്ചാല്‍ അത് രാഷ്ട്രീയ കേരളത്തിന് വലിയ മുതല്‍ക്കൂട്ടാകും. ചാണ്ടി ഉമ്മന് അഭിനന്ദനങ്ങള്‍.