
കഴിഞ്ഞ വർഷം മെയിൽ മമത ബാനർജിയുടെ ബംഗാൾ സർക്കാർ കേരള സ്റ്റോറി എന്ന സിനിമ നിരോധിച്ചു. സമുദായ സൗഹാർദ്ദം തകർക്കുന്ന സിനിമയാണെന്ന് പറഞ്ഞായിരുന്നു നിരോധനം. ബംഗാൾ സർക്കാരിന്റെ 'കിരാത' നടപടിയിൽ പ്രകോപിതനായ ബി.ജെ.പി. നേതാവ് ദശരഥ് ടിർക്കി വെറുതെയിരുന്നില്ല. ബംഗാളിലെ അലിപുർദ്വാർ ഗ്രാമത്തിൽനിന്ന് പെൺകുട്ടികളും മുതിർന്ന വനിതകളും അടങ്ങുന്ന 140 അംഗ സംഘത്തെ ടിർക്കി രണ്ട് ബസ്സുകളിലായി 120 കിലോ മീറ്റർ അപ്പുറത്ത് അസമിലുള്ള ഒരു തിയേറ്ററിലേക്ക് കൊണ്ടുപോയി കേരള സ്റ്റോറി കാണിച്ചുകൊടുത്തു. ഒരു വെക്കേഷൻ ട്രിപ് പോലെയുണ്ടായിരുന്നെന്നും ഒരു സിനിമ കാണാൻ ജീവിതത്തിലിന്നു വരെ ഇത്രയും ദൂരം സഞ്ചരിച്ചിട്ടില്ലെന്നും സംഘത്തിലുണ്ടായിരുന്ന സുഷമ ഗാരിയ എന്ന സ്ത്രീ കൊൽക്കെത്തയിൽനിന്ന് ഇറങ്ങുന്ന ടെലിഗ്രാഫ് പത്രത്തിന്റെ റിപ്പോർട്ടറോട് പറഞ്ഞു. കേരള സ്റ്റോറിയുമായി ബന്ധപ്പെട്ട് ഇപ്പോൾ കേരളത്തിൽ ഉയർന്നിട്ടുള്ള വിവാദം ഈ വനിതകൾ അറിഞ്ഞിട്ടുണ്ടാവുമോ എന്നറിയില്ല. വാസ്തവത്തിൽ ഒരാഴ്ചകൂടി ടിർക്കി കാത്തിരുന്നെങ്കിൽ ഇത്രയും സാഹസം വേണ്ടിവരുമായിരുന്നില്ല. കാരണം സുപ്രീം കോടതി ഇടപെട്ടതോടെ കേരള സ്റ്റോറി മെയ് അവസാനവാരം ബംഗാളിൽ പ്രദർശിപ്പിച്ചു.
സിനിമയായാലും പുസ്തകമായാലും മറ്റേത് കലാരൂപമായാലും നിരോധനം ഒരു തല്ലിപ്പൊളി ഇടപാടാണ്. തമിഴ് എഴുത്തുകാരൻ പെരുമാൾ മുരുകന്റെ നോവൽ 'മാതൊരുഭാഗൻ' (ഒരു ഭാഗം സ്ത്രീ) എന്ന നോവലിന്റെ നിരോധനം റദ്ദാക്കിക്കൊണ്ട് മദ്രാസ് ഹൈക്കോടതി പറഞ്ഞത് ഇഷ്ടമില്ലാത്ത പുസ്തകമാണെങ്കിൽ അത് വായിക്കാതെ മടക്കി വെക്കാം എന്നാണ്. നിങ്ങൾക്ക് ഇഷ്ടമില്ലെന്ന് കരുതി നോവൽ രചയിതാവിന്റെ മെക്കിട്ട് കയറരുതെന്നും ഈ കേസിൽ വിധി എഴുതിയ അന്നത്തെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ പറഞ്ഞു.
ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തിലുള്ള പർസാനിയ എന്ന സിനിമ ഇറങ്ങിയപ്പോൾ ആ സിനിമ ഗുജറാത്തിൽ മാത്രം പ്രദർശിപ്പിക്കപ്പെട്ടില്ല. ഔദ്യോഗികമായി നിരോധനമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, ഗുജറാത്തിലെ തിയേറ്റർ ഉടമകൾ സംഗതി പ്രദർശിപ്പിക്കേണ്ടെന്നങ്ങ് തീരുമാനിച്ചു. നിരോധിക്കാതെ തന്നെ ഒരു സിനിമയുടെ പ്രദർശനം തടയേണ്ടതെങ്ങിനെയാണെന്നും രാഷ്ട്രീയക്കാർക്ക് നന്നായി അറിയാം. കേരള സർക്കാർ അങ്ങിനെ ഒരു കളിയും കേരള സ്റ്റോറിയുടെ കാര്യത്തിൽ കളിച്ചില്ല. പക്ഷേ, കേരളത്തിലെ ജനങ്ങൾ കേരള സ്‌റ്റോറിയോട് പൊതുവെ പുറംതിരിഞ്ഞുനിന്നു. കേരളത്തിൽ 32,000 വനിതകൾ ഇസ്ലാമിലേക്ക് മതം മാറിയെന്നും ഐ.എസ്.ഐ.എസ് എന്ന ഭികര സംഘടനയിൽ അംഗങ്ങളായെന്നുമൊക്കെയുള്ള കൊടുംനുണകൾ പ്രചരിപ്പിക്കുന്ന ഒരു സിനിമയോട് എന്താണ് ചെയ്യേണ്ടതെന്ന് കേരളത്തിലെ ജനങ്ങൾക്ക് കൃത്യമായി അറിയാമായിരുന്നു.

വേവാതെ പോവുന്ന പരിപ്പുകൾ
കശ്മീർ പണ്ഡിറ്റുകളെക്കുറിച്ചുള്ള 'കാശ്മിർ ഫയൽസ്' എന്ന സിനിമയ്ക്ക് പിന്നാലെയാണ് കേരള സ്റ്റോറി വന്നത്. പ്രധാനമന്ത്രി മോദിയെക്കുറിച്ചും വാജ്‌പേയിയെക്കുറിച്ചും വി.ഡി. സവർക്കറെക്കുറിച്ചും ഇതിനിടയിൽ സിനിമകൾ വന്നു. ഈ സിനിമകളൊന്നും തന്നെ നിഷ്‌കളങ്കമായി എടുക്കപ്പെട്ടവയല്ല. കൃത്യമായ രാഷ്ട്രീയലക്ഷ്യത്തോടെയാണ് ഇവയെല്ലാം തന്നെ നിർമ്മിക്കപ്പെട്ടത്. സംഘപരിവാറിന്റെ രാഷ്ട്രീയത്തോട് അനുഭാവം പുലർത്തുന്ന ഈ സിനിമകൾ ഉദ്ദേശിച്ച ലക്ഷ്യം നേടാതെ പോയതുകൊണ്ടാവാം ഒരു കളി കൂടി കളിച്ചേക്കാമെന്ന് ഇതിന് പിന്നിലുള്ളവർ കരുതിയത്.
അയ്യായിരത്തോളം ശാഖകളാണ് കേരളത്തിൽ ആർ.എസ്.എസിനുള്ളത്. ശാഖകളുടെ എണ്ണം കാര്യമായി വർദ്ധിച്ച സാഹചര്യത്തിൽ ഇക്കഴിഞ്ഞ മാർച്ചിലാണ് സംഘം കേരളത്തിലെ യൂണിറ്റിനെ രണ്ടാക്കി വിഭജിച്ചത്. വരുന്ന കൊല്ലം അതായത് സംഘത്തിന് നൂറ് വയസ്സ് തികയുന്ന വേളയിൽ കേരളത്തിലെ ശാഖകൾ എണ്ണായിരമാക്കണമെന്നാണ് സംഘം പദ്ധതിയിടുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത്രയധികം ശാഖകളുണ്ടായിട്ടും നേമം നിയമസഭ സീറ്റ് പോലും നിലനിർത്താനായില്ലന്നതാണ് കേരളത്തിൽ സംഘപരിവാർ നേരിടുന്ന സമസ്യ. അതുകൊണ്ടുതന്നെ ഈ ലോക്സഭ തിരഞ്ഞെടുപ്പിൽ കാര്യങ്ങൾ ഒന്നു മാറിമറിയണമെന്ന് ബി.ജെ.പി. നേതൃത്വം ചിന്തിക്കുന്നതിൽ തെറ്റ് പറയാനാവില്ല. ഒന്നാഞ്ഞുപിടിച്ചാൽ കേരളത്തിൽ പത്ത് സീറ്റെങ്കിലും കൂടെ പോരുമെന്നാണ് പ്രധാനമന്ത്രി മോദി പത്തനംതിട്ടയിലെ പ്രചാരണ റാലിയിൽ ആവേശം കൊണ്ടത്. പക്ഷേ, കേരളം പിടിക്കാൻ ഈ ആവേശം കൊണ്ട് മാത്രമാവില്ലെന്നും അതിനുള്ള കളി വേറെ കളിക്കണമെന്നും സംഘപരിവാറിനറിയാം.
ഏത് പരിപ്പ് എവിടെ എങ്ങിനെ വേവിക്കണമെന്ന് സംഘപരിവാറിനെ ആരും പഠിപ്പിച്ചുകൊടുക്കേണ്ട കാര്യമില്ല. തൃശ്ശൂരിലും എറണാകുളത്തും പ്രധാനമന്ത്രി മോദിയുടെ അതിഗംഭീര റോഡ് ഷോ നടന്നു. തൃശ്ശൂരിലെ ബി.ജെ.പി. സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ മകളുടെ കല്ല്യാണത്തിന് ഗുരുവായൂരിലേക്കും പ്രധാനമന്ത്രി എത്തി. 29 രൂപയ്ക്ക് ഭാരത് അരി വന്നു. കരുവന്നൂർ സഹകരണ ബാങ്ക് അഴിമതിയെക്കുറിച്ചുള്ള ആശങ്കകൾക്ക് അവസാനം ഉടനെയുണ്ടാവുമെന്ന് ആലത്തൂരിലെ എൻ.ഡി.എ. സ്ഥാനാർത്ഥി പ്രൊഫസർ സരസുവിന് പ്രധാനമന്ത്രി മോദി ഉറപ്പുകൊടുക്കുന്ന ഫോൺ സന്ദേശം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ഇതുവരെ കാണാത്ത വികസനത്തിനായിരിക്കും അനന്തപുരി ഇനിയങ്ങോട്ട് സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന പ്രഖ്യാപനങ്ങൾ വന്നു. എന്തിന്...! അറ്റകൈക്ക് വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ സുരേന്ദ്രൻജിയെ തന്നെ കളത്തിലിറക്കി. ഇങ്ങനെ പലവിധം പരിപ്പുകൾ പല പല അനുപാതങ്ങളിൽ പല പല വെള്ളങ്ങളിൽ അടുപ്പത്തേക്ക് വെച്ചെങ്കിലും വേവുന്ന കാര്യത്തിൽ മാത്രം എവിടെയോ എന്തോ ഒരു പന്തികേട് ബാക്കി നിന്നു.
മറ്റെവിടെ വെന്തില്ലെങ്കിലും നസ്രാണികളുടെ അടുപ്പിലെ വേവായിരുന്നു മുഖ്യ ലക്ഷ്യം. ക്രിസ്മസ് വിരുന്നുകൾ, സഭാ നേതാക്കളുമായുള്ള കൂടിക്കാഴ്ചകൾ, സ്വർണ്ണക്കിരീട സമർപ്പണം, കുരുത്തോല കൈയ്യിലേന്തൽ എന്നിങ്ങനെയുളള കലാപരിപാടികളും ഇടയ്ക്കൊന്ന് പയറ്റിനോക്കി. പക്ഷേ, വിറകിനും തീക്കൊള്ളിക്കുമിടയിൽ മണിപ്പൂർ കലാപത്തിന്റെ ദൃശ്യങ്ങളും ഫാ. സ്റ്റാൻ സ്വാമിയുടെയും ഗ്രഹാം സ്റ്റെയിനിന്റെയും ആത്മാക്കളും വട്ടം കയറി അങ്ങ് നിന്നു. അപ്പോഴാണ് ദൂരദർശനും കേരള സ്റ്റോറിയും ഓർമ്മയിലേക്കെത്തിയത്. അടുത്ത കാലത്തായി ദൂരദർശൻ മിക്കവാറും ഒരു മ്യൂസിയം പീസാണ്. പക്ഷേ, ഏത് ദൂരദർശനും ഒരു ദിവസമുണ്ടെന്നതാണ് വാസ്തവം. ഇക്കഴിഞ്ഞ ഏപ്രിൽ അഞ്ച് അത്തരമൊരു ദിവസമായിരുന്നു. കേരളത്തിൽ എത്രപേർ ദൂരദർശനിൽ അന്ന് കേരള സ്റ്റോറി കണ്ടെന്നറിയില്ല. കണ്ടവരുടെ സംഖ്യ കണ്ട് കേന്ദ്ര സർക്കാർ ഞെട്ടിയോ എന്നും ഉറപ്പില്ല. ആകെ അറിയാവുന്ന കാര്യം തീക്കൊള്ളിക്ക് ഒരവസരം നൽകാനായി സിറൊ മലബാർ സഭയുടെ ഇടുക്കി രൂപത വിറകുമായി മുന്നോട്ടു വന്നുവെന്നത് മാത്രമാണ്.

ഈ ഭ്രാന്തിന് ഒരു രീതിയുണ്ട്
വർഗ്ഗീയതയെ തീക്കൊള്ളിയോട് ഉപമിച്ചത് എഴുത്തുകാരി അരുന്ധതി റോയിയാണ്. കേരള സ്റ്റോറി ഇറങ്ങി പത്ത് ദിവസം കഴിഞ്ഞപ്പോൾ കൊച്ചിയിൽ നടന്ന ഒരു സാഹിത്യോത്സവത്തിൽ പ്രസംഗിക്കവെയാണ് തീക്കൊള്ളി വിറകിനോട് അവസരം ചോദിക്കുകയാണെന്നും അവസരം കൊടുത്താൽ കേരളം കത്തിച്ചാമ്പലാവുമെന്നും അരുന്ധതി പറഞ്ഞത്. തീക്കൊള്ളി - വിറക് സമാഗമത്തിന് അരങ്ങൊരുക്കാനുള്ള ശ്രമം കേരളത്തിൽ നേരത്തെയുമുണ്ടായിരുന്നു. ചില ഭൂമി ഇടപാടുകൾ വഴി തെറ്റിയപ്പോൾ, കുർബ്ബാന അൾത്താരയ്ക്ക് നേരെ വേണോ ജനത്തിന് നേരെ വേണോ എന്ന കാര്യത്തിൽ അടിപൊട്ടിയപ്പോൾ പ്രണയത്തിലും ലഹരിമരുന്നിലും വർഗ്ഗീയത പുകയുന്നത് കേരളം കണ്ടു.
ലൗ ജിഹാദ്, നാർകോട്ടിക് ജിഹാദ് എന്നൊക്കെയുള്ള വിചിത്രപദങ്ങൾ പൊടുന്നനെ മലയാളിയുടെ ദൈനംദിന ജീവിതത്തിന് മേൽ വിഷം തീണ്ടാനെത്തി. ഈ ഇന്ത്യ മഹാരാജ്യം ഒരു പരമാധികാര ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് റിപ്പബ്ളിക്കാണെന്നും ഇവിടത്തെ പൗരസമൂഹത്തിലെ ആണുങ്ങൾ മാത്രമല്ല പെണ്ണുങ്ങളും സ്വതന്ത്ര ജീവികളാണെന്നുമുള്ള യാഥാർത്ഥ്യം പലരും സൗകര്യപൂർവ്വം മറക്കാൻ ശ്രമിച്ചു. തീക്കൊള്ളിക്ക് വിറക് നൽകാനുള്ള ഈ ശ്രമവും പക്ഷേ, പാളിപ്പോയി. സ്വന്തം ശരീരത്തിനു മേൽ ആണുങ്ങൾക്കുള്ള അതേ അവകാശവും സ്വാതന്ത്ര്യവും പെണ്ണുങ്ങൾക്കുമുണ്ട്. പ്രായപൂർത്തിയായ ഏതു സ്ത്രീക്കും ആരെ വേണമെങ്കിലും പ്രേമിക്കാം, കല്ല്യാണം കഴിക്കാം. അതിനെ ലൗ ജിഹാദ് എന്നൊക്കെ പേരിട്ട് വിളിക്കുമ്പോൾ അതാരുടെ പ്രത്യയശാസ്ത്രബോദ്ധ്യമാണ് മുന്നോട്ടുവെയ്ക്കുന്നതെന്നും ആ കല്ലൻ പരിപ്പ് ഈ അടുക്കളയിൽ വേവില്ലെന്നും കേരള സമൂഹം അന്ന് കൃത്യമായി പറഞ്ഞു.
ദൂരദർശന്റെ കേരള സ്റ്റോറി പ്രദർശനം ഒരു കോളിളക്കവുമുണ്ടാക്കിയില്ല. അന്നേരത്താണ് എന്നാൽ പിന്നെ സംഗതി ഞങ്ങൾ ഏറ്റെടുക്കാം എന്ന് പറഞ്ഞ് ഇടുക്കി രൂപത കളത്തിലിറങ്ങിയത്. ദൂരദർശൻ കേരള സ്റ്റോറി പ്രദർശിപ്പിച്ചത് കേവലം യാദൃശ്ചികതയല്ലെന്ന സന്ദേശമാണ് ഇടുക്കിയിൽനിന്നു വന്നത്. ഗോഡ്ഫാദർ എന്ന നോവലിൽ വിറ്റൊ കോർലിയോണി എന്ന മഫിയ ചീഫ് നടത്തുന്ന ഒരു നിരീക്ഷണം യാദൃശ്ചികതകൾ ഒന്നിലധികമുണ്ടായാൽ പിന്നെ അത് യാദൃശ്ചികത അല്ലെന്നും അതിന് പിന്നിൽ ഒരു പദ്ധതി ഉണ്ടെന്നുമാണ്. ഷേക്സ്പിയറുടെ ഹാംലറ്റിൽ പൊളോണിയസ് എന്ന കഥാപാത്രം പറയുന്നതുപോലെ ഈ ഭ്രാന്തിന് ഒരു രീതിയുണ്ട്.
ലൗ ജിഹാദ് ഒരു മിത്താണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എൻ.ഐ.എ. അടക്കമുള്ള ഒരു ദേശീയ അന്വേഷണ ഏജൻസിയും ലൗ ജിഹാദിന് സാക്ഷ്യപത്രം നൽകിയിട്ടില്ല.
ഏഴ് കൊല്ലം മുമ്പ് 2017 നവംബറിൽ ഹാദിയ എന്നൊരു പെൺകുട്ടി സുപ്രീം കോടതിയിൽ തെളിയിച്ച സംഗതിയായിരുന്നു ഇത്. ഇന്നത്തെ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അടങ്ങുന്ന ബഞ്ചിന് മുന്നിൽ ഹാദിയ അന്ന് ഉറക്കെ വിളിച്ചു പറഞ്ഞത് ''എനിക്ക് സ്വാതന്ത്ര്യം വേണം.''
ലൗ ജിഹാദിന് കേരളത്തിൽ നിർമ്മിക്കപ്പെട്ട പ്രതിരൂപമായിരുന്നു ഹാദിയ.
വീട്ടുതടങ്കലിലായിരുന്ന ഹാദിയ സുപ്രീം കോടതിയിൽ ഹാജരായപ്പോൾ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ആ പെൺകുട്ടിയോട് ചോദിച്ചു: ''എന്താണ് ഭാവിക്കുവേണ്ടിയുള്ള നിങ്ങളുടെ സ്വപ്നം?''
ഈ ചോദ്യത്തിന് ഹാദിയ നൽകിയ മറുപടി നമ്മൾ ഒന്ന് കൂടി മനസ്സിരുത്തി കേൾക്കണം: ''സ്വാതന്ത്ര്യം, മോചനം.''
ശരീരത്തിന്റെ മോചനവും സ്വാതന്ത്ര്യവുമാണ് ആ പെൺകുട്ടി ആവശ്യപ്പെട്ടത്. തനിക്ക് പഠനം പൂർത്തിയാക്കണമെന്നും ഡോക്ടറാവണമെന്നും ഹാദിയ പറഞ്ഞു. ചീഫ് ജസ്റ്റിസ് ദിപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ച് ആ പെൺകുട്ടിയുടെ സ്വാതന്ത്ര്യം ഉറപ്പാക്കി. സേലത്തെ കോളേജിൽ തുടർന്നു പഠിക്കുന്നതിനുള്ള അവസരം ആ പെൺകുട്ടിക്ക് ലഭ്യമാക്കണമെന്ന് സർക്കാരിന് ഉത്തരവ് നൽകി.
പ്രണയം സമരമാണെന്ന് പറയുന്നവരുണ്ട്. ആ സമരം മതിലുകൾക്കും വേലിക്കെട്ടുകൾക്കും എതിരെയാണ്. സ്ത്രീയുടെ ശരീരത്തിനുമേൽ ആധിപത്യം വേണമെന്നത് പുരുഷമേൽക്കോയ്മ കൊടിയടയാളമാക്കിയിട്ടുള്ള എല്ലാ പ്രസ്ഥാനങ്ങളുടെയും നിലപാടാണ്. ആ നിലപാട് പക്ഷേ, ജനാധിപത്യ സമൂഹത്തിന് നിരക്കുന്നതല്ല. ഇത്തരം നിലപാടുകൾക്ക് വർഗ്ഗീയതയുടെ മേലാടകൾ ചാർത്തുന്നതുകൊണ്ട് അവ വിശുദ്ധമാവുകയുമില്ല.

മിഥ്യയും യാഥാർത്ഥ്യവും
1921-ൽ ദ ഗാർഡിയൻ പത്രത്തിന്റെ നൂറാം വാർഷിക വേളയിൽ പത്രാധിപർ സി.പി. സ്‌കോട്ട് പത്രപ്രവർത്തനത്തെക്കുറിച്ച് എഴുതിയ ഗംഭീര ലേഖനമുണ്ട്. ''Comment is free, but facts are sacred'' (അഭിപ്രായങ്ങൾ തുറന്നു പറയാം വസ്തുതകൾ പരിപാവനമാണ്) എന്ന നിരീക്ഷണം സ്‌കോട്ട് മുന്നോട്ടുവെച്ചത് ഈ കുറിപ്പിലാണ്. വസ്തുതകൾക്ക് പകരം വെയ്ക്കാൻ മറ്റൊന്നുമില്ലെന്നതാണ് വാസ്തവം. കേരള സ്റ്റോറി വിവാദത്തിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സർക്കാരിന്റെയും സി.പി.എമ്മിന്റെയും നിലപാട് വ്യക്തമാക്കിയിരുന്നു. കേരളത്തിലെ മതസൗഹാർദ്ദം തകർക്കുന്നതിനുള്ള കെണിയിൽ ആരും വീഴരുതെന്നാണ് പിണറായി പറഞ്ഞത്. ലൗ ജിഹാദ് എന്ന ഉമ്മാക്കി ഉയർത്തി കേരള സമൂഹത്തിൽ ഭിന്നതയുണ്ടാക്കാൻ നീക്കമുണ്ടായപ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ കൃത്യമായി ഇടപെട്ടിരുന്നു. വസ്തുതകൾ നിരത്തിയാണ് അന്നദ്ദേഹം ഈ വിവാദം പൊളിച്ചത്.
2019 വരെയുള്ള കണക്കനുസരിച്ച് 100 മലയാളികളാണ് ഐ.എസിൽ ചേർന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിൽ 72 പേർ വിദേശത്ത് പോയ ശേഷം അവിടെ വെച്ചാണ് ഐ.എസിലേക്കെത്തുന്നത്. ഇതിൽ 71 പേരും മുസ്ലീം സമുദായത്തിൽ പെട്ടവരാണ്. ബാക്കി 28 പേരിൽ അഞ്ച് പേരാണ് മറ്റ് മതങ്ങളിൽനിന്ന് ഇസ്ലാമിലേക്ക് എത്തിയവർ. തിരുവനന്തപുരം സ്വദേശി നിമിഷ വിവാഹം കഴിച്ചത് പാലക്കാട്ടുകാരൻ ക്രിസ്ത്യാനി ബെക്സണെയാണെന്നും എറണാകുളം തമ്മനം സ്വദേശിനി മെറിൻ ജേക്കബ്ബ് കല്ല്യാണം കഴിച്ചത് ബെസ്റ്റിൻ എന്ന ക്രിസ്ത്യാനിയെയാണെന്നുമുള്ള വസ്തുതകൾ മറച്ചുവെച്ചുകൊണ്ടാണ് നിക്ഷ്പിത താൽപര്യക്കാർ ലൗ ജിഹാദിന്റെ കൊടി ഉയർത്തിയത്. അതായത് ഈ ചെറുപ്പക്കാർ വിവാഹിതരാവുമ്പോൾ ഇസ്ലാം ആയിരുന്നില്ല അവരുടെ മതം. കോട്ടയം സ്വദേശിനി അഖില ഹാദിയയായതിന് പിന്നിൽ ലൗ ജിഹാദ് ഇല്ലെന്ന് പറഞ്ഞത് സുപ്രീം കോടതിയാണെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ലൗ ജിഹാദിന്റെ കാര്യത്തിൽ തെറ്റ് തിരുത്തേണ്ടത് പാലാ ബിഷപ്പാണെന്നാണ് മുഖ്യമന്ത്രി് പിണറായി വിജയൻ അസന്നിഗ്ദ്ധമായി പറഞ്ഞത്.
മനുഷ്യർക്കിടയിൽ പല തരം വിഷങ്ങളുണ്ട്. അഴിമതി കൊടിയ വിഷമാണ്. അധികാരഭ്രാന്ത് മറ്റൊരു മുന്തിയ ഇനം വിഷം. ജാതിയും വർഗ്ഗീയതയും ഇതിലും കൂടിയ ഇനങ്ങളാണ്. വർഗ്ഗീയതയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാവരുത് എന്ന നിലപാടായിരുന്നു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നെഹ്രുവിന്. ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രി സർദാർ പട്ടേലിനും ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായമുണ്ടായിരുന്നില്ല. വർഗ്ഗീയതയ്ക്ക് മുന്നിൽ ഒന്ന് പകച്ചാൽ കാര്യങ്ങൾ കൈവിട്ടുപോകുന്നത് എപ്പോഴാണെന്ന് മാത്രം ചോദിച്ചാൽ മതി. വർഗ്ഗീയത ഒരു സമൂഹത്തെയാണ് ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. നമുക്കൊരു തരത്തിലും നിയന്ത്രണമില്ലാത്ത കാര്യമാണ് ഏത് മതത്തിലാണ് നമ്മൾ ജനിക്കുന്നത് എന്ന സംഗതി. ഇതിന് പുറത്താണ് വർഗ്ഗീയ വാദികൾ കളിക്കുന്നത്.
ഒരാൾ ഒരു മതക്കാരനാണെന്നത് കൊണ്ട് അയാളെ ശത്രുവാക്കുന്ന കലാപരിപാടി ഒരു പുരോഗമന സമൂഹത്തിനും അംഗീകരിക്കാനാവില്ല. വർഗ്ഗീയലഹള തുടങ്ങിയാൽ ഒരടി കൊടുക്കേണ്ടിടത്ത് രണ്ടടി കൊടുക്കണം എന്നാണ് മുൻ പഞ്ചാബ് പോലീസ് മേധാവി കെ.പി.എസ്. ഗിൽ പറഞ്ഞത്. ലാത്തി പ്രയോഗിക്കേണ്ടിടത്ത് ആകാശത്തേക്ക് വെടി വെയ്ക്കണം, ആകാശത്തേക്ക് വെടി വെയ്ക്കേണ്ടിടത്ത് കാൽമുട്ടിന് വെടി വെയ്ക്കണം. മുട്ടിന് താഴോട്ട് വെടി വെയ്ക്കേണ്ടിടത്ത് മുകളിലേക്ക് തന്നെ ലക്ഷ്യമിടണം. വേറെ ഏതു കാര്യത്തിലും നമുക്ക് അലസതയാവാം. പക്ഷേ, വർഗ്ഗീയതയുടെ മുന്നിൽ മാത്രം മുട്ടിടിക്കരുത്.

സ്നേഹത്തിന്റെ സുവിശേഷം
അഞ്ച് കൊല്ലം മുമ്പാണ് രണ്ടു മാർപ്പാപ്പമാർ (The Two Popes)എന്ന പേരിൽ ഒരു സിനിമ പുറത്തിറങ്ങിയത്. ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പ രാജിവെയ്ക്കുകയും ഫ്രാൻസിസ് മാർപ്പാപ്പ ചുമതലയേൽക്കുകയും ചെയ്യുന്നതാണ് ഈ സിനിമയുടെ പ്രമേയം. ബനഡിക്ട് പതിനാറാമനായി ആന്തണി ഹൊപ്കിൻസും ഫ്രാൻസിസ് പാപ്പയായി ജൊനാഥൻ പ്രൈസും മത്സരിച്ചഭിനയിച്ച ചിത്രം. ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയും കർദിനാൾ ഹോർഹെ ബൊർഗോഗ്‌ളിയോവും (ഫ്രാൻസിസ് പാപ്പയുടെ ആദ്യ പേര്) തമ്മിലുള്ള സംഭാഷണങ്ങളാണ് സിനിമയുടെ കാതൽ. സഭ ഇന്ന് നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചുള്ള അഗാധമാർന്ന ചിന്തകൾ അതിരിടുന്ന ഭാഷണങ്ങൾ. ഒരിടത്ത് ബനഡിക്ട് പതിനാറാമൻ പറയുന്നു ''കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എനിക്ക് ദൈവത്തിന്റെ ശബ്ദം കേൾക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. പക്ഷേ, ഇപ്പോൾ ഞാൻ അത് കേൾക്കുന്നുണ്ട്. താങ്കളുടെ സ്വരത്തിൽ.'' കാരുണ്യത്തെക്കുറിച്ചും മുറിവുകൾ ഉണക്കുന്നതിനെക്കുറിച്ചുമാണ് കർദിനാൾ ഹോർഹെ ബനഡിക്ട് പതിനാറാമൻ പാപ്പയോട് സംസാരിച്ചത്. ഈ വാക്കുകളിൽ ബനഡിക്ട് പാപ്പ ദൈവത്തിന്റെ സ്വരം കേൾക്കുന്നു. കാരുണ്യവും സ്‌നേഹവുമാണ് ക്രിസ്തുമതത്തിന്റെ കാതൽ. ശരീരത്തെ തടവിലിടുന്നവരുടെ കൂടെയല്ല താനെന്ന് ക്രിസ്തു പ്രഖ്യാപിച്ചത് അസന്നിഗ്ദ്ധമായ ഭാഷയിലാണ്.
കേരളത്തിലെ സഭകളിൽ ബഹുഭൂരിപക്ഷം പേരും തീക്കൊള്ളിക്ക് വിറക് നൽകുന്നവരല്ല എന്ന കാര്യം എടുത്തുപറയേണ്ടതുണ്ട്. മണിപ്പൂർ കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശിപ്പിച്ച കൊച്ചിയിലെ സാഞ്ചോപുരം ഇടവകക്കാർ, റംസാൻ ദിനത്തിൽ ഈദ്ഗാഹിനായി പള്ളിയങ്കണം ഒരുക്കിയ മഞ്ചേരി സി.എസ്.ഐ. ദേവാലയം, മതസൗഹാർദ്ദം തകർക്കുന്നതിനെതിരെ രംഗത്തു വന്ന ഗീവർഗ്ഗിസ് മാർ കൂറിലോസ്, ഫാ. പോൾ തേലക്കാട്ട്, ഫാ. ജെയിംസ് പനവേലിൽ, തീക്കൊള്ളിക്ക് വിറക് നൽകാനില്ലെന്ന് പ്രഖ്യാപിച്ച തലശ്ശേരി രൂപത - ഇവരൊക്കെത്തന്നെ കേരളീയ സമൂഹത്തിന് പ്രതീക്ഷ ചെറുതല്ല.
കഴിഞ്ഞ കൊല്ലം തന്നെ ഇറങ്ങിയ മറ്റൊരു സിനിമയെക്കുറിച്ചും ഇവിടെ പറയേണ്ടതുണ്ട്. സിദ്ദിഖ് പറവൂർ സംവിധാനം ചെയ്ത 'എന്ന് സ്വന്തം ശ്രീധരൻ' എന്ന സിനിമ. നിലമ്പൂരിലെ കാളികാവ് ഗ്രാമത്തിൽ തങ്ങളുടെ വീട്ടിൽ ജോലിക്ക് വന്നിരുന്ന ഹിന്ദു സ്്ത്രീയുടെ മൂന്ന് മക്കളെ എടുത്തു വളർത്തിയ സുബൈദ-അബ്ദുൾ അസീസ് ഹാജി ദമ്പതികളുടെ കഥയാണ് ഈ സിനിമ പറഞ്ഞത്. ഈ മൂന്ന് കുട്ടികളെയും ഹിന്ദുക്കളായി തന്നെ വളർത്തിയ സുബൈദയും അബ്ദുൾ അസിസ് ഹാജിയുമാണ് യഥാർത്ഥ കേരള സ്റ്റോറി. ഈ യാഥാർത്ഥ്യത്തിന്റെ മുകളിലാണ് സുദിപ്തൊ സെന്നും കൂട്ടരും വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും കെട്ടുകഥകളുമായി ഇറങ്ങിയത്. ഈ കഥകൾ തിരഞ്ഞെടുപ്പുവേളയിൽ ഏറ്റെടുക്കുന്നവർ അക്ഷരാർത്ഥത്തിൽ തീക്കൊള്ളിക്ക് വിറക് നൽകുന്നവരാണ്. സ്‌നേഹത്തിന്റെ സുവിശേഷമാണ് ക്രിസ്തു ഈ ലോകത്തിന് നൽകിയത്. കേരള സ്റ്റോറിയുടെ വക്താക്കൾ നിരാകരിക്കുന്നത് നസറായനായ ക്രിസ്തുവിനെത്തന്നെയാകുന്നു.
വഴിയിൽ കേട്ടത്: സുൽത്താൻ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്നാക്കണമെന്ന് കെ. സുരേന്ദ്രൻ. എന്തായാലും ജയിക്കാൻ പോകുന്നില്ല. അപ്പോൾ പിന്നെ, കുത്തിത്തിരിപ്പിനോളം മനഃസുഖം കിട്ടുന്ന വേറെ എന്ത് പണിയാണുള്ളത്!
Content Highlights: Idukki Diocese of the Syro Malabar Church has come forward with the show of the cinema
Published: 13 Apr 2024, 04:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented