നോട്ടുനിരോധനത്തിന്റെ കാലം മുതല്‍ക്കാണ് സഹകരണ മേഖലയ്ക്ക് ശനിദശ തുടങ്ങിയത്. പൊടുന്നനെ ഒരു രാത്രി ആയിരത്തിന്റെയും അക്കാലത്തെ അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ചു. പണമിടപാടുകള്‍ മുഴുവന്‍ സ്തംഭിച്ചു. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളും സാമ്പത്തിക സംവിധാനങ്ങളും അതിന്റെ ആഘാതം ഏറ്റുവാങ്ങേണ്ടി വന്നു. 

To advertise here,

പക്ഷേ സഹകരണ മേഖലയ്ക്ക് ഇരട്ടി പ്രശ്‌നങ്ങളാണ് നേരിടേണ്ടി വന്നത്. ഉപഭോക്താക്കളെ കൃത്യമായി മറ്റു ബാങ്കുകളെ പോലെ മനസ്സിലാക്കാതെ ആരുടെയും പണം എപ്പോള്‍ വേണമെങ്കിലും എത്ര വേണമെങ്കിലും നിക്ഷേപിക്കാവുന്ന കള്ളപ്പണക്കാര്‍ക്ക് പണം സൂക്ഷിക്കാന്‍ കഴിയുന്ന ഒരു സംവിധാനമാണ് സഹകരണ മേഖലയെന്ന് അന്ന് പലരും പറഞ്ഞുനടന്നു. കേരളത്തേക്കാളുപരി ഗുജറാത്ത് അടക്കമുള്ള നിരവധി സംസ്ഥാനങ്ങളില്‍ ഇത്തരത്തിലുള്ള കള്ളപ്പണ നിക്ഷേപങ്ങള്‍ സഹകരണമേഖലയില്‍ ഉണ്ടായിരുന്നുവെന്നത് ശരിയുമായിരുന്നു. 

പക്ഷേ കേരളത്തിലെ സഹകരണ പ്രസ്ഥാനം ഇന്ത്യയിലെ സഹകരണ പ്രസ്ഥാനങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. ഇന്ത്യയിലെ ക്രെഡിറ്റ് സഹകരണ മേഖലയുടെ സിംഹഭാഗവും കേരളത്തിലാണ്. മറ്റുസംസ്ഥാനങ്ങളില്‍ പഞ്ചസാര മില്ലുകളും തുണി മില്ലുകളും വളം നിര്‍മാണ ശാലകളും പാലുല്പാദന കേന്ദ്രങ്ങളുമെല്ലാം സഹകരണ മേഖലയുടെ തലപ്പത്തുനില്‍ക്കുമ്പോള്‍ കേരളത്തില്‍ സഹകരണ മേഖലയെ നയിക്കുന്നത് ക്രെഡിറ്റ് സെക്ടറാണ്. അതുകൊണ്ട് ഇന്ത്യയിലെ സഹകരണ ക്രെഡിറ്റ് മേഖലയുടെ നേതൃസ്ഥാനം കേരളത്തിനുമാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ നേതൃത്വം കേരളത്തിലെ സഹകരണ മേഖലയ്‌ക്കെതിരേ നിരവധി അവാസ്തവജഡിലമായ ആരോപണങ്ങള്‍ അക്കാലത്ത് ഉയര്‍ത്തിയത് വായനക്കാര്‍ ഓര്‍ക്കുന്നുണ്ടായിരിക്കും. അതിനര്‍ഥം കേരളത്തിലെ ഒരു സഹകരണ സംഘത്തിലും തെറ്റായതൊന്നും നടക്കുന്നില്ല എന്നുമല്ല. 

അതുകഴിഞ്ഞപ്പോഴാണ് കേരളത്തില്‍ രണ്ടുവെള്ളപ്പൊക്കങ്ങളുണ്ടായത്. അതിനുശേഷം കോവിഡും വന്നു. ഈ രണ്ട് പ്രകൃതി ദുരന്തങ്ങളും അതിലും വലിയ രോഗ ദുരന്തവും സഹകരണ മേഖലയെ വീണ്ടും പിടിച്ചുലച്ചു. വായ്പയെടുത്തവര്‍ക്ക് തിരിച്ചടയ്ക്കാനാവാത്ത സാഹചര്യം സൃഷ്ടിക്കപ്പെട്ടു. നിരവധി ബാങ്കുകള്‍ അവരുടെ നിക്ഷേപകര്‍ക്ക് നിക്ഷേപം തിരിച്ചുകൊടുക്കാന്‍ പറ്റാതെ, എന്നാല്‍ വായ്പ നല്കിയ തുക ഫലപ്രദമായി തിരിച്ചുപിടിക്കാന്‍ കഴിയാതെ പ്രതിസന്ധിയിലുമായി. 

പക്ഷേ ഈ ദുരന്തങ്ങളിലെല്ലാം കേരളത്തിലെ സഹകരണ മേഖല പിടിച്ചുനിന്നു. നോട്ടുനിരോധന സമയത്ത് കേരള സര്‍ക്കാരും പ്രതിപക്ഷമായ യുഡിഎഫും ഒറ്റക്കെട്ടായി സഹകരണ മേഖലയ്‌ക്കൊപ്പം നിന്നു. പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്നു. സഹകാരികള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. അതില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ അക്കാലത്ത് തന്നെ സഹകരണ മേഖല പ്രത്യേകിച്ചും ക്രെഡിറ്റ് മേഖല, കേരളത്തില്‍ കൂപ്പുകുത്തുമായിരുന്നു. 

വെള്ളപ്പൊക്കത്തിന്റെയും കോവിഡിന്റെയും കാലത്ത് നേരിട്ട പ്രതിസന്ധികള്‍ വളരെ വലുതായിരുന്നുവെങ്കിലും പതുക്കെ അതിനെയും അതിജീവിക്കാനും മറികടക്കാനും സഹകരണ മേഖല തയ്യാറെടുത്ത് മുന്നോട്ട് പോവുകയും അതിലേറെയൊക്കെ വിജയിക്കുകയും ചെയ്ത സമയത്താണ് സഹകരണ രംഗത്ത് ഉണ്ടായ പുഴുക്കുത്തുകള്‍ പുറത്തുവന്നത്.

നൂറുവര്‍ഷം പഴക്കമുള്ള കരുവന്നൂര്‍ സഹകരണ ബാങ്ക് തൃശ്ശൂര്‍ ജില്ലയില്‍ പഴയ കൊച്ചി രാജ്യത്ത് ആരംഭിച്ച ആദ്യകാല സഹകരണ പ്രസ്ഥാനമാണ്. ആ സഹകരണ സംഘത്തിലെ നഗ്നമായ അഴിമതികള്‍ കേരളത്തിന്റെ സഹകരണ മേഖലയെ പിടിച്ചുലച്ചു. കരുവന്നൂര്‍ സഹകരണ സംഘത്തിലെ ഉദ്യോഗസ്ഥന്മാരും ഡയറക്ടര്‍മാരും ചേര്‍ന്നുകൊണ്ട് അവിടുത്തെ പണം കൊള്ളയടിക്കുന്നു എന്നതായിരുന്നു കേസ്. ഈ സന്ദര്‍ഭത്തില്‍ സഹകാരികള്‍ പരിഭ്രാന്തരാകുന്നത് സ്വാഭാവികം. അന്ന് സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ ലേഖകനടക്കം സാമാന്യബോധമുള്ള എല്ലാ സഹകാരികളും ഒരേസ്വരത്തില്‍ സര്‍ക്കാരിനോട് ഒരുകാര്യം പറഞ്ഞു. സഹകരണ രംഗത്തുണ്ടാകുന്ന കളവുകളും അഴിമതികളും സഹകാരികളോട് കാണിക്കുന്ന ചതിയും കഠിനമായി തന്നെ ശിക്ഷിക്കപ്പെടേണ്ടതാണ്. ബാങ്ക് കവര്‍ച്ചയും കൊള്ളയും ഒരു നിലയ്ക്കും അംഗീകരിക്കാന്‍ സാധ്യമല്ല. എന്നാല്‍ സഹകാരികള്‍ക്ക്, അതിലെ നിക്ഷേപകര്‍ക്ക് അവരുടെ നിക്ഷേപം തിരിച്ചുകൊടുത്തുകൊണ്ട് സഹകരണ മേഖലയിലെ വിശ്വാസം വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം എന്നുള്ളതായിരുന്നു എല്ലാവരുടെയും അഭിപ്രായം.  അതിനുവേണ്ടി കോഴിക്കോട്ടെ പ്രമുഖ സഹകാരിയായ വിജയകൃഷ്ണന്റെയും മറ്റും നേതൃത്വത്തില്‍ എല്ലാ വിഭാഗത്തിലുംപെട്ട സഹകാരികള്‍ ഒരു കണ്‍സോര്‍ഷ്യമുണ്ടാക്കി തങ്ങള്‍ ആ സംഘത്തിനെ സഹായിക്കാമെന്ന് സര്‍ക്കാരിന് വാഗ്ദാനം നല്‍കി.  പക്ഷേ സര്‍ക്കാര്‍ അത് ചെവികൊണ്ടില്ല. മറിച്ച് സര്‍ക്കാരിന് തന്നെ ആ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന വാദമാണ് അവര്‍ ഉന്നയിച്ചത്. പക്ഷേ, സര്‍ക്കാര്‍ ദയനീയമായി ഇക്കാര്യത്തില്‍ പരാജയപ്പെട്ടു. 

ക്രെഡിറ്റ് സഹകരണ മേഖലയില്‍ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ നിക്ഷേപകര്‍ക്ക് പണം കിട്ടുന്നതിന് എന്തെങ്കിലും ബുദ്ധിമുട്ട് വരുന്ന സന്ദര്‍ഭങ്ങളിലെല്ലാം ട്രബിള്‍ ഷൂട്ടറായി പ്രവര്‍ത്തിച്ച സംവിധാനമായിരുന്നു ജില്ലാ ബാങ്കുകള്‍. പക്ഷേ പിണറായി സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണമില്ലാത്ത നടപടിയുടെ ഭാഗമായി ജില്ലാ ബാങ്കുകളെ സംസ്ഥാന ബാങ്കില്‍ ലയിച്ചിപ്പിച്ചു. ആ ലയനം ഏഴുവര്‍ഷമായിട്ടും പൂര്‍ത്തിയായിട്ടില്ലെന്നത് മറ്റൊരു കാര്യം. ജില്ലാ ബാങ്കുകള്‍ സംസ്ഥാന ബാങ്കിന്റെ ഭാഗമായതോടെ ഷെഡ്യൂള്‍ഡ് ബാങ്കായി. എല്ലാവരുടേയും സ്വത്തുക്കള്‍ കൂട്ടിച്ചേര്‍ത്ത് കേരള ബാങ്കെന്ന ഓമനപ്പേരിട്ടെങ്കിലും അതിന്നും കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്കിന്റെ ലൈസന്‍സിലാണ് പ്രവര്‍ത്തിക്കുന്നത്. വിളിപ്പേര് കേരള ബാങ്കെന്നും. ചെക്കും മറ്റും ഇപ്പോഴും ജില്ലാ ബാങ്കുകളുടെ തന്നെ. ഇത്തരത്തില്‍ ഒരു മുക്കൂട്ട് പ്രസ്ഥാനമായി കേരള ബാങ്ക് നില്‍ക്കുകയാണ്. 

സാധാരണ സഹകരണ മേഖലയില്‍ പ്രശ്‌നമുണ്ടാകുമ്പോള്‍ ജില്ലാ ബാങ്കുകള്‍ സര്‍ക്കാരിന്റെ നിര്‍ദേശത്തില്‍ അവിടെ കടന്നുചെന്ന് ആദ്യം നിക്ഷേപകര്‍ക്ക് പണം വാഗ്ദാനം ചെയ്യും. കൃത്യമായ വാഗ്ദാനം വരുമ്പോള്‍ തന്നെ നിക്ഷേപകര്‍ പണം പിന്‍വലിക്കാറുമില്ല. ആവശ്യമുള്ളവര്‍ക്ക് പണം കൊടുക്കും. തകരാറിലായ പ്രൈമറി ബാങ്കില്‍ നിന്ന് ആസ്തികള്‍ സംഭരിക്കാനും കൊടുത്ത കടങ്ങള്‍ തിരിച്ചുപിടിക്കാനും അവിടെ സൂക്ഷിച്ചിട്ടുള്ള സ്വര്‍ണം വില്‌ക്കേണ്ടി വന്നാല്‍ അത് വില്‍ക്കാനും അറ്റകൈക്ക് ബാങ്കിന്റെ തന്നെ സ്ഥാവര ജംഗമ വസ്തുക്കള്‍ സമാഹരിച്ച് ജില്ലാ ബാങ്ക് കൊടുത്ത സഹായം തിരിച്ചുപിടിക്കാനും എത്രയോ തവണ ഫലപ്രദമായി കേരളത്തിന് സാധിച്ചിട്ടുണ്ട്. 

പക്ഷേ കരുവന്നൂര്‍ ബാങ്കില്‍ പ്രതിസന്ധിയുണ്ടായപ്പോള്‍ ഇതൊന്നും നടന്നില്ല. ആശുപത്രിയില്‍ കിടന്ന് മരിച്ച ഒരു ഓട്ടോറിക്ഷാ ഡ്രൈവറുടെ ഭാര്യയുടെ കഥ അന്നത്തെ പത്രങ്ങളില്‍ വന്നു. അവര്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരിയായിരുന്നു. അവരുടെ പണം കരുവന്നൂരില്‍ ഡെപ്പോസിറ്റ് ചെയ്തത് ചികിത്സയ്ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന വിധം തിരിച്ചുകിട്ടിയില്ല. പക്ഷേ പ്രശ്‌നം വലുതായപ്പോള്‍ ഇരിങ്ങാലക്കുടയെ പ്രതിനിധീകരിക്കുന്ന മന്ത്രി നേരിട്ട് ചെന്ന് അവര്‍ക്കുള്ള പണം കൊടുത്തു. പക്ഷേ മറ്റനേകം നിക്ഷേപകര്‍ പെരുവഴിയില്‍ തന്നെ നിന്നു. ഇതിനിടയില്‍ ക്രൈംബ്രാഞ്ചുകാര്‍ കേസെടുത്തു. ബാങ്കിലെ ഡയറക്ടര്‍മാര്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ പോകേണ്ടി വന്നു. 

ഈയിടെ അവരുടെ വിലാപം നാം കേട്ടു. ബാങ്കിലെ സെക്രട്ടറി ഭരണകക്ഷിയായ സിപിഎമ്മിന്റെ ലോക്കല്‍സെക്രട്ടറി കൂടിയാണ്. പേര് സുനില്‍ കുമാര്‍. പാര്‍ട്ടിയുടെയും സഹകരണ സംഘത്തിന്റെയും സെക്രട്ടറി ഒരാള്‍ തന്നെയായിരുന്നത്‌കൊണ്ട് ഫലത്തില്‍ ഒരു പാര്‍ട്ടി ഭരണം തന്നെയാണ് കരുവന്നൂരില്‍ നടന്നത്. സാധാരണ ഡയറക്ടര്‍മാര്‍ സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും ഇടപാടുകളെ കുറിച്ച് സത്യസന്ധമായി മനസ്സിലാക്കിയിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ഉന്നത സിപിഎം നേതാക്കന്മാര്‍ക്ക് തൃശ്ശൂരില്‍ ഇതുമായി ബന്ധമുണ്ട് എന്ന ആക്ഷേപം ഉണ്ടായി. സിപിഎമ്മിന്റെ ഇരിങ്ങാലക്കുട മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായിരുന്ന സി.കെ.ചന്ദ്രന്‍ അറിയപ്പെടുന്ന നേതാവാണ്. അദ്ദേഹത്തിന്റെ പേരില്‍ ഗുരുതരമായ ആരോപണങ്ങള്‍ വന്നു. അതൊന്നും തന്നെ ഇത്രയും കാലമായി ചാര്‍ജ് ഷീറ്റ് ചെയ്യപ്പെട്ടിട്ടിട്ടില്ല എന്നാണ് കേള്‍ക്കുന്നത്.

പക്ഷേ ഇപ്പോഴുണ്ടായ പ്രശ്‌നം അതൊന്നുമല്ല. കരുവന്നൂര്‍ ബാങ്ക് ഒരു വലിയ കള്ളപ്പണം വെളുപ്പിക്കല്‍ സംവിധാനത്തിന്റെ കേന്ദ്ര ബിന്ദുവായിരുന്നു എന്നതാണ് പുതിയ പ്രശ്‌നം. കരുവന്നൂര്‍ ബാങ്കിലെ ഡയറക്ടര്‍മാരും ഉദ്യോഗസ്ഥന്മാരും നടത്തിയ ബിസിനസ്സിലെ കുഴപ്പങ്ങള്‍ മാത്രമായിരുന്നില്ലേ്രത അവിടുത്തെ പ്രശ്‌നം. തൃശ്ശൂര്‍ ജില്ലയിലെ ഇതര സഹകരണബാങ്കുകളില്‍നിന്ന് കടമെടുത്ത് ജപ്തി ചെയ്യപ്പെടാന്‍ പോകുന്ന വസ്തുക്കളുള്ള കടക്കാരുടെ കടം ഏറ്റെടുക്കുന്ന ഒരു ഏജന്‍സി തൃശ്ശൂരില്‍ പ്രത്യക്ഷപ്പെട്ടു. അതിന്റെ നേതൃത്വം കൊടുത്തത് കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിയായ സതീഷ് കുമാറാണ്. 

ആ സൂത്രം ഇങ്ങനെയാണ്. ഒരു സംഘത്തില്‍ നിന്ന് ഒരാള്‍ കടമെടുക്കുന്നു. ആ കടം വര്‍ഷങ്ങള്‍ക്ക് ശേഷം ജപ്തി നടപടിയിലേക്ക് നീങ്ങുന്നു. ജപ്തി നേരിടാന്‍ പോകുന്ന കടക്കാരന്‍ രാഷ്ട്രീയ നേതാവ് കൂടിയായ ബാങ്ക് പ്രസിഡന്റിനെ കാണുന്നു. ബാങ്ക് പ്രസിഡന്റ് അദ്ദേഹത്തോട് പറയുന്നു താങ്കള്‍ സതീഷിനെ പോയി കാണൂ. അദ്ദേഹം നിങ്ങളുടെ പേരിലുള്ള കടം വീട്ടാനാവശ്യമായ പണം നിങ്ങള്‍ക്ക് തരും. ഉദാഹരണത്തിന് പത്തുലക്ഷം ലോണുള്ള ഈ കടക്കാരന്‍ കള്ളപ്പണക്കാരനായ ഇടനിലക്കാരനില്‍ നിന്ന് പത്തുലക്ഷം രൂപ വാങ്ങി ബാങ്കിലെ തന്റെ കടം അടച്ചതീര്‍ക്കുന്നു. പക്ഷേ കഥ അവിടെ അവസാനിക്കുന്നില്ല. ഈ പണം കടക്കാരന്‍ ഇടനിലക്കാരന് തിരിച്ചുകൊടുക്കണം. അതിനെന്താണ് മാര്‍ഗം? രണ്ടുപേരും കരുവന്നൂര്‍ ബാങ്കിലേക്ക് പോകുന്നു അതല്ലെങ്കില്‍ അതുപോലുള്ള മറ്റൊരിടത്തേക്ക് പോകുന്നു. അവിടെ ചെന്ന് ഇതേ ഈട്,  ഉദാഹരണത്തിന് സ്ഥലത്തിന്റെ ആധാരം നല്‍കിക്കൊണ്ട് പത്തിനുപകരം പന്ത്രണ്ടോ പതിനാലോ പതിനഞ്ചോ ലക്ഷം കടമെടുക്കുന്നു. മതിയായ ഈടാണോ അതെന്ന് ഈ കൊള്ളസംഘം പരിശോധിക്കുന്നില്ലെന്നത് മറ്റൊരു വിഷയം. ഇങ്ങനെ ലഭിച്ച പുതിയ കടത്തിന്റെ നല്ലൊരു ശതമാനം പത്തുലക്ഷം രൂപ അഡ്വാന്‍സ് ചെയ്ത ഇടനിലക്കാരന് ഉള്ളതാണ്. ഇടനിലക്കാരന് ഒന്നോ രണ്ടോ ആഴ്ചകള്‍ കൊണ്ട് ലക്ഷക്കണക്കിന് രൂപ പലിശ കിട്ടുന്നു.  അത് ഈ സംവിധാനത്തിന് ഒരുക്കങ്ങള്‍ നടത്തിയ പലര്‍ക്കുമായി വീതിക്കുന്നു. വലിയൊരു തുക അയാള്‍ കീശയിലാക്കുന്നു. വീണ്ടും അടുത്ത ലോണുകാരന്റെ അടുത്തേക്ക് ഇടനിലക്കാരനെ പറഞ്ഞയയ്ക്കുന്നു. ഈ വൃത്തം വീണ്ടും കറങ്ങിക്കൊണ്ടേയിരിക്കുന്നു. 

ഈ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് 78 വര്‍ഷം പഴക്കമുള്ള അയ്യന്തോള്‍ സഹകരണ സംഘത്തിലും ഏതാണ്ട് 20 വര്‍ഷം പഴക്കമുള്ളൂവെങ്കിലും തൃശ്ശൂരില്‍ തലയെടുപ്പോടെ നിന്ന തൃശ്ശൂര്‍ സര്‍വീസ് സഹകരണ ബാങ്കിലും ഇഡിയുടെ ഉദ്യോഗസ്ഥന്മാര്‍ പരിശോധന നടത്തിയത്. ഈ പരിശോധനയുടെ ഭാഗമായി എന്തെല്ലാം നടപടികളുണ്ടാകുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. ഈ ഇടനിലക്കാര്‍ക്ക് സഹകരണ മന്ത്രിയായിരുന്ന എ.സി.മൊയ്തീനുമായി ബന്ധമുണ്ടായിരുന്നു എന്ന അര്‍ഥത്തില്‍ അദ്ദേഹം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. കേരള ബാങ്കിന്റെ വൈസ് പ്രസിഡന്റായ എം.കെ.കണ്ണനും തൃശ്ശൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് എന്ന നിലയില്‍ ചോദ്യം ചെയ്യപ്പെടുകയും അദ്ദേഹത്തിന്റെ ബാങ്ക് മണിക്കൂറുകള്‍ നീണ്ട പരിശോധനയ്ക്ക് വിധേയമാവുകയും ചെയ്തു. 

എവിടെയോ എന്തോ ചീഞ്ഞുനാറുന്നുണ്ടെന്ന് വ്യക്തം. ഒരു സഹകരണ സംഘത്തില്‍ അഥവാ ഒരു ബാങ്കില്‍ അവിടുത്തെ ഡയറക്ടര്‍മാരും ഉദ്യോഗസ്ഥന്മാരും ചേര്‍ന്ന് തിരിമറികള്‍ നടത്തുന്നത് ഒരു പുതിയ കാര്യമല്ല. അത്തരം സന്ദര്‍ഭങ്ങളില്‍ നേരത്തേ പറഞ്ഞതുപോലെ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും സ്വത്തുപോലും കണ്ടുകെട്ടുകയും ചെയ്യുന്ന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ തൃശ്ശൂരുണ്ടായ പുതിയ പ്രശ്‌നം അതിനേക്കാള്‍ സങ്കീര്‍ണമാണ്. രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധമുള്ള ഇടനിലക്കാരുടെ കൈയില്‍ കോടാനുകോടി കള്ളപ്പണം കുമിഞ്ഞുകൂടിയിരിക്കുന്നു. അത് സര്‍ക്കാരുമായി ബന്ധപ്പെട്ടോ അല്ലാതെയോ ഉണ്ടാക്കിയ കോടികളാണ്. മട്ടന്നൂരിലെ വിമാനത്താവളത്തിനടുത്തുള്ള സ്ഥലക്കച്ചവടങ്ങളിലൂടെ നേടിയ കോടികളും തൃശ്ശൂരിലേക്ക് കടന്നുവന്നിട്ടുണ്ടത്രേ. ഈ പണം ഉപയോഗിച്ചുകൊണ്ട് മുന്‍കാലങ്ങളില്‍ സംഭവിക്കാത്തതുപോലെ നന്നായി നടക്കുന്ന സഹകരണ സംഘങ്ങളുടെ നേതാക്കളുടെ കടങ്ങള്‍ ഏറ്റെടുക്കുക എന്ന പുതിയ ഒരു സംവിധാനമാണ് തൃശ്ശൂരില്‍ നടന്നതെന്നതാണ് വാര്‍ത്തകളില്‍ നിന്നും മനസ്സിലാകുന്നത്. 

ഇതില്‍ ആരെല്ലാം കുറ്റക്കാരാണെന്ന് കണ്ടുപിടിക്കേണ്ടത് പോലീസും ഇഡിയും അന്വേഷണ ഏജന്‍സികളുമാണ്. പക്ഷേ ഒരു കാര്യം വ്യക്തമാണ്. പണ്ടുണ്ടായിരുന്നത് പോലെ സഹകരണ സംഘത്തിലെ പ്രശ്‌നം മാത്രമായിരുന്നില്ല കരുവന്നൂര്‍. മറിച്ച് രാഷ്ട്രീയ നേതാക്കളുടെ ഏറിയുംകുറഞ്ഞുമുള്ള അവിഹിതബന്ധങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ബോധപൂര്‍വം കള്ളപ്പണക്കാരായ ഇടനിലക്കാര്‍ സഹകരണ സംഘത്തിലേക്ക് കടന്നുവന്നിരിക്കുന്നു എന്നതാണ് പുതിയ വിഷയം. 

ഇതിനെക്കുറിച്ച് ദീര്‍ഘകാലത്തെ മൗനം അവസാനിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി ഒുരു പത്രസമ്മേളനം നടത്തി. അതില്‍ അദ്ദേഹം പറഞ്ഞത് ഇത് നോട്ടുനിരോധനം മുതല്‍ തുടങ്ങിയ കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടികളുടെ തുടര്‍ച്ച മാത്രമാണെന്നാണ്. ഗൗരവത്തോടെ തന്നെ പറയട്ടേ, മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന തീര്‍ത്തും തെറ്റാണ്. മുഖ്യമന്ത്രി എന്ന നിലയില്‍ നോട്ടുനിരോധന കാലത്ത്  എടുത്ത നല്ല നടപടികള്‍ക്ക് കലവറയില്ലാത്ത പിന്തുണയാണ് പ്രതിപക്ഷം നല്‍കിയത്. അദ്ദേഹവും അദ്ദേഹത്തിന്റെ മന്ത്രിസഭാ അംഗങ്ങളും റിസര്‍വ് ബാങ്കിന്റെ മുന്നില്‍ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കരുത് എന്നാവശ്യപ്പെട്ട് നടത്തിയ ഏകദിന സത്യാഗ്രഹം വാസ്തവത്തില്‍ സഹകരണ മേഖലയ്ക്ക് വലിയ ഉണര്‍വാണ് നല്‍കിയത്. പക്ഷേ ഇന്ന് ചുരുളഴിയുന്നത് വ്യത്യസ്തമായ വിഷയങ്ങളാണ്. 

ഇന്ന് കണ്ണൂരും തൃശ്ശൂരും തമ്മില്‍ നേരല്ലാത്ത ബന്ധമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തൃശ്ശൂരില്‍ സിപിഎമ്മിന്റെ ജില്ലാക്കമ്മിറ്റിയില്‍ പ്രതിസന്ധി ഉണ്ടായപ്പോള്‍ ജില്ലാ സെക്രട്ടറിയായി വന്ന ഇ.പി.ജയരാജനാണേ്രത കണ്ണൂരിലെ പണ ലോബിയുമായി തൃശ്ശൂരിലെ നേതാക്കന്മാരെ കണ്ണി ചേര്‍ത്തത്. ഇ.പി.ജയരാജന്‍ ഇക്കാര്യങ്ങളില്‍ നേരിട്ട് ഇടപെട്ടിട്ടുണ്ടെന്ന് വ്യക്തമായിട്ടില്ലെങ്കിലും അന്നാരംഭിച്ച കൊള്ളലും കൊടുക്കലും ഇന്നതിന്റെ പാരമ്യത്തിലെത്തി സ്‌ഫോടനാത്മകമായിരിക്കുകയാണ്. അതുകൊണ്ട് ഏതാനും ദിവസങ്ങളായി തൃശ്ശൂരില്‍ നടക്കുന്ന റെയ്ഡുകള്‍ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി മാത്രം നടക്കുന്നതാണെന്ന് എഴുതിത്തള്ളുന്നത് സഹകരണ മേഖലയ്‌ക്കോ ഇടതുപക്ഷ പ്രസ്ഥാനത്തിനോ പ്രത്യേകിച്ച് ഗുണമാകില്ല എന്നാണ് ഈ ലേഖകന്റെ അഭിപ്രായം. 

മുഖ്യമന്ത്രി പറയേണ്ടിയിരുന്നത് കുറ്റക്കാരെ കഠിനമായി ശിക്ഷിക്കുമെന്നാണ്. കരുവന്നൂരില്‍ ആ പ്രസ്താവന വന്നെങ്കിലും ഇപ്പോഴും ചാര്‍ജ് ഷീറ്റിലേക്കോ ശിക്ഷാ നടപടികളിലേക്കോ ഇനിയും നടപടികളെത്തിയിട്ടില്ല. മുഖ്യമന്ത്രിതന്നെയാണ് ആഭ്യന്തര മന്ത്രിയെന്ന് ഓര്‍ക്കുക. ഇന്നിപ്പോള്‍ അതിലും വലിയ ത്രികോണ തട്ടിപ്പുകള്‍ വന്നിരിക്കുന്നു. കള്ളപ്പണക്കാരനും കടംകൊടുത്ത സംഘവും കടംഏറ്റെടുക്കുന്ന സംഘവും തമ്മിലുള്ള ഈ ത്രികോണം കേരളത്തിലെ സഹകരണ മേഖലയിലെ പുതിയ അനുഭവമാണ്. 

നോട്ടുനിരോധന കാലത്ത് ബിജെപി നേതാക്കള്‍ നടത്തിയ നിരുത്തരവാദപരമായ പ്രസ്താവനകള്‍ക്ക് വിലകൊടുക്കാത്തവരാണ് കേരളീയര്‍. അവരില്‍ ചിലര്‍ ഇപ്പോഴും ആ ആരോപണം ആവര്‍ത്തിക്കുന്നുണ്ടെങ്കില്‍പോലും കണ്ണൂര്‍-തൃശ്ശൂര്‍ സംയുക്ത ലോബിയുടെ, തട്ടിപ്പുകള്‍ ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പണിയാണ്. കുറ്റക്കാരെ ശിക്ഷിച്ചേ പറ്റൂ. ഇഡിയെ കുറിച്ചും പലപ്പോഴും കേരളത്തിന് വലിയ മതിപ്പില്ല. മല പോലെ വരികയും എലി പോലെ മറിഞ്ഞുപോവുകയും ചെയ്യുന്ന ഒരു സംവിധാനമാണ് ഇഡിയെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. അന്വേഷണം നടത്തുകയും വാര്‍ത്തകള്‍ സൃഷ്ടിക്കുകയും പിന്നീട് കാണാമറയത്തേക്ക് ഒളിച്ചുപോവുകയും ചെയ്യുന്ന നിരവധി അനുഭവങ്ങള്‍ ഉണ്ട്. അതിവിടെ വിവരിക്കേണ്ടതില്ല. 

പക്ഷേ, ജനങ്ങള്‍ സത്യമറിയണം. ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ഇക്കാര്യത്തില്‍ സ്വമേധയാ ഇടപെടണമെന്നാണ് ഈ ലേഖകന്റെ അഭിപ്രായം. സഹകരണ മേഖലയിലെ കേസുകള്‍ ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ നടക്കണം. കാരണം മുന്‍ സഹകരണ മന്ത്രി പോലും ആരോപണ വിധേയനാണ്. കേരള ബാങ്കിന്റെ ഏറ്റവും ഉത്തരവാദിത്തപ്പെട്ട ആളുകള്‍ കളങ്കിത ത്രികോണത്തിന്റെ ഭാഗമായി ഉണ്ടോയെന്ന് സംശയിക്കപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ കൃത്യമായി ജുഡീഷ്യല്‍ നിരീക്ഷണത്തോട് കൂടിയുള്ള അന്വേഷണം സഹകാരികള്‍ ആഗ്രഹിക്കുന്നു. അതിനുള്ള നടപടികള്‍ അടിയന്തരമായി എടുക്കണം. കേരളത്തിലെ സഹകരണ മേഖല തകര്‍ന്നുകൂടാ. 

ഏതാണ്ട് ഒരു നൂറ്റാണ്ടായി ലക്ഷോപലക്ഷം സാധാരണക്കാരുടെ അത്താണിയായി നില്‍ക്കുകയാണ് സഹകരണ മേഖല. വലിയ നൂലാമാലകള്‍ ഇല്ലാതെ സാധാരണക്കാര്‍ക്ക് പണം നിക്ഷേപിക്കാനും കടം കിട്ടാനും കഴിയുന്ന മേഖലയാണത്. ഏതൊരു കര്‍ഷകനും സാധാരണക്കാരനും തൊഴിലാളിക്കും ഒരു അംഗമെന്ന നിലയ്ക്ക് അവിടെ കയറിച്ചെന്ന് ഇടപാട് നടത്തി മടങ്ങാം. സമസ്തമേഖലയിലേക്കും ഇന്ന് സഹകരണ മേഖല വളര്‍ന്നുകഴിഞ്ഞു. കേരളത്തില്‍ ഉടനീളം നൂറുകണക്കിന് കോടി നിക്ഷേപമുള്ള സംഘങ്ങളെ കാണാം. ആയിരം കോടിയിലധികം നിക്ഷേപമുള്ള സംഘങ്ങള്‍ തന്നെ കേരളത്തില്‍ കുറവല്ല. വലുതും ചെറുതുമായ സഹകരണസംഘങ്ങള്‍ക്ക് ആശങ്കയുണ്ട്. അത് ദുരീകരിക്കേണ്ടത് സര്‍ക്കാരാണ്. 

സര്‍ക്കാര്‍ തന്നെ മുന്‍കയ്യെടുത്ത് ഇതിനകം സി.ബി.ഐ. അന്വേഷണം കൊണ്ടുവരാതിരുന്നത് തെറ്റായി പോയി. അതിനി അവര്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുമില്ല. പ്രത്യേകിച്ച് മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ പ്രസ്താവന വന്ന സാഹചര്യത്തില്‍. അതുകൊണ്ട് ആവര്‍ത്തിക്കട്ടേ, ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കുകയും കേരളത്തിലെ മഹത്തായ സഹകരണ പ്രസ്ഥാനത്തിലെ പുഴുക്കുത്തുകള്‍ മാറ്റുന്നതിന് വേണ്ടി, പ്രസ്ഥാനത്തെ നിലനിര്‍ത്തുന്നതിന് വേണ്ടി നടപടികള്‍ എടുക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.