മലയാള സിനിമയുടെ ജീനിയസ് എന്ന് നിസ്സംശയം വിളിക്കാവുന്ന കെ.ജി. ജോര്‍ജ് ഇനി നമ്മോടൊപ്പമില്ല. അദ്ദേഹത്തിന്റെ സിനിമാരംഗത്തെ സാമര്‍ഥ്യത്തെ കുറിച്ചും ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ചും ആര്‍ക്കും തര്‍ക്കങ്ങളിലില്ല. ആധുനിക മലയാള സിനിമയുടെ നട്ടെല്ലായിരുന്നു അദ്ദേഹം. സിനിമയും അതിന്റെ കഥയും പഴഞ്ചന്‍ കുടുംബബന്ധങ്ങളിലെ സങ്കീര്‍ണതകളില്‍ ചുറ്റിക്കറങ്ങി നടന്നിരുന്ന ഒരു കാലഘട്ടത്തില്‍ നവസിനിമയുടെ പുതിയ പാത വെട്ടിത്തുറന്ന സംവിധായകനാണ് കെ.ജി. ജോര്‍ജ്. അദ്ദേഹത്തിന്റെ സിനിമാരംഗത്തെ സംഭാവനകളെ കുറിച്ചോ അതിന്റെ കലാമൂല്യങ്ങളെ കുറിച്ചോ ഉപന്യസിക്കുകയല്ല ഈ കുറിപ്പിന്റെ ലക്ഷ്യം. ഒരു കെ.ജി. ജോര്‍ജ് സിനിമ പോലെ തന്നെ അദ്ദേഹത്തിന്റെ മരണം ഒരുപാട് പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്ന വിധം ചര്‍ച്ചകള്‍ക്ക് വിധേയമായിരിക്കുകയാണ്. കേരള സമൂഹത്തില്‍ നിലനില്‍ക്കുന്ന ഏറ്റവും പുതിയ ജീവിത വെല്ലുവിളികളുടെ മുന്നില്‍ അതിനെ മൂടിനിന്ന യവനിക കെ.ജി. ജോര്‍ജിന്റെ മരണത്തോടെ മാറുകയാണ് എന്ന് തോന്നാം. വാര്‍ധക്യം; അതാണ് കെ.ജി. ജോര്‍ജിന്റെ മരണം ചര്‍ച്ച ചെയ്യുന്ന പുതിയ പ്രശ്‌നം. 

To advertise here,

മലയാള സിനിമയില്‍ എന്നല്ല എല്ലാ സാഹിത്യകൃതികളിലും സിനിമകളിലും വാര്‍ധക്യവും വാര്‍ധക്യ പ്രശ്‌നങ്ങളും എക്കാലത്തും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. പ്ലാറ്റോവിന്റെ 'റിപ്പബ്ലിക്കി'ലെ പ്രസിദ്ധമായ പ്രസ്താവന ഏതാണ്ട് ഇതുപോലെയാണ്. വാര്‍ധക്യത്തെ ശപിക്കുന്ന ദരിദ്രന്‍ നല്ലവനാണ്. പക്ഷേ, ദാരിദ്ര്യത്തെ ശപിക്കുന്ന ധനവാന്‍ നല്ലവനല്ല. 2000 വര്‍ഷം മുമ്പുതന്നെ പ്ലാറ്റോയുടെ നിഗമനം ഏറെ അര്‍ഥവത്തായിരുന്നു. പണമുണ്ടെങ്കില്‍, പരിചാരകരുണ്ടെങ്കില്‍ വാര്‍ധക്യത്തെ പഴിക്കേണ്ടതില്ല. അതൊരു യാഥാര്‍ഥ്യമാണ്. പക്ഷേ, പണമില്ലാത്തവര്‍ ചികിത്സിക്കാനും പരിചരിക്കപ്പെടാനും ആളുകളില്ലാത്തവരും ദരിദ്രരായ വൃദ്ധന്മാരും വാര്‍ധക്യത്തെ പഴിക്കുന്നുണ്ടെങ്കില്‍ അത് തീര്‍ച്ചയായും യുക്തിസഹമാണ്. 

ഈ അര്‍ഥത്തില്‍ കെ.ജി. ജോര്‍ജ് ദരിദ്രനായിരുന്നില്ല. അദ്ദേഹം സിനിമാ രംഗത്തുള്ള മറ്റു പ്രമുഖരെ പോലെ ഒരുപാട് ധനം കുന്നുകൂട്ടിയിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ മക്കള്‍ പിതാവിനെ നല്ല നിലയില്‍ പരിചരിക്കാനും സംരക്ഷിക്കാനുമുളള ധനശേഷി ഉള്ളവരായിരുന്നു. അതുകൊണ്ടുതന്നെയാണ് അവര്‍ ഏറ്റവും നല്ല പരിചരണവും വൈദ്യസഹായവും ലഭിക്കത്തക്ക വിധം തളര്‍ന്നു കിടപ്പിലായ അവരുടെ പിതാവിനെ ഒരു വാര്‍ധക്യ പരിചരണ കേന്ദ്രത്തില്‍ താമസിപ്പിക്കാൻ തയ്യാറായത്. കഷ്ടകാലത്തിന് ഭാര്യയും മക്കളുമില്ലാത്ത സന്ദര്‍ഭത്തിലാണ് കെ.ജി. ജോര്‍ജ് അന്തരിച്ചത്. ഇതോടെ മലയാളികളുടെ സ്വാഭാവികമായ നീരസങ്ങള്‍ പരന്നൊഴുകുന്ന കാഴ്ച നാം കണ്ടു. അച്ഛനെ ഉപേക്ഷിച്ച മക്കളെയും ഭര്‍ത്താവിനെ ഉപേക്ഷിച്ച ഭാര്യയെയും എന്താണ് യാഥാര്‍ഥ്യമെന്നോ എന്താണ് പുതിയ സാഹചര്യമെന്നോ മനസ്സിലാക്കാതെ ഭര്‍ത്സിക്കുന്ന കാഴ്ചയാണ് സാമൂഹിക മാധ്യമങ്ങളില്‍ നാം ശ്രദ്ധിച്ചത്. 

ഭര്‍ത്സനമാണ് പുതിയ സാമൂഹിക മാധ്യമ സംസ്‌കാരത്തിന്റെ സ്ഥായീഭാവം. പത്തോ ഇരുപതോ വയസ്സുള്ള ചെറുപ്പക്കാര്‍ അറുപതും എഴുപതും വയസ്സുളള രാഷ്ട്രീയ നേതാക്കളെ മ്ലേച്ഛഭാഷയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുന്നത് നാം എത്രയോ കണ്ടിട്ടുണ്ട്. ആരേയും എന്തും പറയാനുള്ള ലൈസന്‍സ് നവ സാമൂഹിക മാധ്യമ സംസ്‌കാരം മലയാളി സമൂഹത്തിന് ചാര്‍ത്തി കൊടുത്തിട്ടുണ്ട്. രാഷ്ട്രീയകക്ഷികളാകട്ടേ അതിനെ എതിര്‍ക്കുന്നതിന് പകരം അതൊരു അവസരമായി തന്നെ പ്രയോജനപ്പെടുത്തുന്നതും നാം കാണുന്നു. 

അഞ്ചും ആറും പതിറ്റാണ്ടുകളുടെ രാഷ്ട്രീയ പാരമ്പര്യമുള്ള നേതാക്കന്മാരെ അതിമ്ലേച്ഛമായ ഭാഷയില്‍ ആക്ഷേപിക്കുന്നതും ഭര്‍ത്സിക്കുന്നതും ഇന്ന് കേരളത്തിലും ഇന്ത്യയിലും സര്‍വസാധാരണമായ കാഴ്ചയാണ്. ഇവരില്‍ സ്ത്രീകളുണ്ടെങ്കില്‍ പുതിയ മേച്ചിൽപ്പുറങ്ങളും ഈ നവവൈകൃതന്മാർ കണ്ടെത്തും. സ്ത്രീത്വത്തെയും അവരുടെ എല്ലാവിധ സാമൂഹിക പിന്നാക്കാവസ്ഥകളേയും പിച്ചിച്ചീന്തി രസിക്കുന്ന കാഴ്ച കണ്ടാല്‍ പൂമാല പിച്ചിച്ചീന്തുന്ന കുരങ്ങന്റെ വികൃതിയായി മാത്രമേ അതിനെ താരതമ്യപ്പെടുത്താനാവൂ. 

എന്താണ് കെ.ജി. ജോര്‍ജ് എന്ന ജീനിയസ്സിന്റെ മരണത്തിന്റെ ഫ്‌ളാഷ് ബാക്ക്....? കെ.ജി. ജോര്‍ജ് കേരളത്തിലെ വൃദ്ധസമൂഹത്തിന്റെ പ്രതിനിധിയാണ്. സാമാന്യമായ സമ്പത്തും നല്ല നിലയില്‍ കഴിയുന്ന കുട്ടികളുമുള്ള ഒരു പിതാവ്. അദ്ദേഹം പ്രതിനിധീകരിക്കുന്നത് കേരളത്തിന്റെ ആധുനിക വൃദ്ധസമൂഹത്തെയാണ്. ഈ ആധുനിക കേരളീയ വൃദ്ധസമൂഹത്തിന്റെ പരിചരണം എങ്ങനെ ആകണം ആകരുത് എന്ന ചര്‍ച്ചയാണ് കെ.ജി. ജോര്‍ജിന്റെ മരണത്തോടെ മറനീക്കി പുറത്തുവന്നിരിക്കുന്നത്. കേരളത്തിന്റെ ഡെമോഗ്രഫി കഴിഞ്ഞ അരനൂറ്റാണ്ടായി അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ കേരളമൊഴികെയുള്ള പ്രദേശങ്ങളേക്കാള്‍ കൂടുതല്‍ ജനസംഖ്യാ വര്‍ധനവ് 1971-ലെ കണക്ക് അനുസരിച്ച് ഇവിടെ ഉണ്ടായിരുന്നു. ദശാബ്ദ വളര്‍ച്ചാനിരക്ക്  കേരളത്തില്‍ 27 ആയിരുന്നപ്പോള്‍ മൊത്തം ഇന്ത്യയില്‍ 24 ആയിരുന്നു എന്നാല്‍, 2011 സെന്‍സസോടുകൂടി തന്നെ കേരളത്തിന്റെ വളര്‍ച്ചാനിരക്ക് അഞ്ചു ശതമാനത്തിന് താഴേക്ക് എത്തിയിരിക്കുന്നു. ഇന്ത്യ ഇപ്പോഴും 17 ശതമാനത്തില്‍ നില്‍ക്കുന്നു. ഒരു സ്ത്രീക്ക് രണ്ടു കുട്ടികള്‍ എന്ന ഫെര്‍ട്ടിലിറ്റി റേറ്റ് കേരളം ആര്‍ജിച്ചു കഴിഞ്ഞു. 2021-ലെ സെന്‍സസ് കോവിഡ് ഇല്ലായിരുന്നുവെങ്കില്‍ നടക്കുമായിരുന്നു. ഇന്ന് നിലനില്‍ക്കുന്ന 2011-ലെ സെന്‍സസില്‍നിന്ന് കേരളം വീണ്ടും ജനസംഖ്യ ചുരുങ്ങുന്ന, ചെറുപ്പക്കാര്‍ കുറയുന്ന, വൃദ്ധന്മാരുടെ ശതമാനം വര്‍ധിക്കുന്ന ഒരു പാറ്റേണിലേക്ക് എത്തിക്കഴിഞ്ഞു. 

50 വര്‍ഷം നമ്മുടെ ജനസംഖ്യാ ചിത്രം ഒരു ത്രികോണത്തിന്റേതായിരുന്നു. ത്രികോണത്തിന്റെ പരന്ന താഴ്ന്ന ഭാഗത്ത് കുട്ടികളും മുകളില്‍ മധ്യവയസ്‌കരും ഏറ്റവും മുകളില്‍ വൃദ്ധന്മാരും ഉണ്ടായിരുന്ന കാലം എന്നാല്‍, ഇന്നതൊരു ഫ്‌ളവര്‍വേസ് പാറ്റേണിലേക്ക് പതുക്കെ എത്തുകയാണ്. കുട്ടികളുടെ എണ്ണം കുറയുന്നു; വൃദ്ധന്മാരുടെ എണ്ണം കൂടുന്നു. മധ്യവയസ്സുള്ളവരുടെ എണ്ണം കുടവയര്‍ പോലെ വക്രതയുള്ള ഒരു ഫ്‌ളവര്‍വേസ് പോലെ ആയിരിക്കുന്നു. ഇന്ന് നിരവധി യുവജന സംഘടനകളുടെ നേതൃത്വത്തില്‍ 40-45 വയസ്സായവരെ കാണാന്‍ കഴിയും പുതിയ യുവത്വകാലം ഏതാണ്ട് 45 വയസ്സിലേക്ക് നീങ്ങുകയാണ്. എഴുപതുകളിൽ അത് 30 വയസ്സായിരുന്നു. 40 വയസ്സു കഴിഞ്ഞവരെ മധ്യവയ്‌സകര്‍ എന്ന് മാധ്യമങ്ങള്‍ വിളിക്കുമായിരുന്നു. 60 വയസ്സുള്ള ഒരാള്‍ മരിച്ചാല്‍ ആരും അകാലചരമം എന്ന് പറയാറില്ല. ഷഷ്ഠിപൂര്‍ത്തി ആചരണങ്ങള്‍ വാര്‍ധക്യമായി എന്ന പ്രഖ്യാപനമായിരുന്നു. വലിയ വലിയ വ്യക്തിത്വങ്ങളുടെ ഷഷ്ഠിപൂര്‍ത്തി ആഘോഷങ്ങള്‍ കേരളത്തില്‍ പതിവായിരുന്നു. പിന്നീട് അത് സപ്തതിയായി, ഇന്നത് നവതിയായി. അധികം താമസിയാതെ അത് ജന്മശതാബ്ദി ആയി തീരും. ജീവിച്ചിരിക്കുമ്പോള്‍ 100 വയസ്സു തികഞ്ഞ നല്ലൊരു ശതമാനം ജനങ്ങള്‍ ജപ്പാനില്‍ ഉള്ളതായി നമുക്കറിയാം. ആ പട്ടികയിലേക്കാണ് കേരളവും പതുക്കെ നടന്നടുക്കുന്നത്. തീര്‍ച്ചയായും നമ്മുടെ വിജയമാണ് അത്. 

പക്ഷേ, വിജയത്തിന്റെ ഇര(വിക്ടിം ഓഫ് ദ സക്‌സസ്)യായി മാറുകയാണോ കേരളം? വിജയിച്ച കേരളം ഇരയായിക്കൂട. വിജയം വിജയമായി തന്നെ ആഘോഷിക്കേണ്ടതാണ്. വൃദ്ധസമൂഹം സാമൂഹിക ആരോഗ്യത്തിന്റെ സദ്‌ലക്ഷണമാണ്. വൃദ്ധ സമൂഹത്തെ എങ്ങനെ പരിചരിക്കണമെന്ന്‌ ചിന്തിക്കുന്നതിന് മുമ്പ് എങ്ങനെ പ്രയോജനപ്പെടുത്തണം എന്നുതന്നെയായിരിക്കണം നമ്മുടെ ചിന്തകള്‍. കഠിനമായ ശാരീരിക ജോലികള്‍ ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും അറുപതും എഴുപതും വയസ്സു കഴിഞ്ഞ നിരവധി ആളുകളെ അവരുടെ മേഖലകളില്‍ നല്ല രീതിയില്‍ തന്നെ പ്രയോജനപ്പെടുത്താനുള്ള പദ്ധതികള്‍ സര്‍ക്കാരിനല്ല സമൂഹത്തിന് തന്നെ വേണം. വയസ്സായവരെ മൂലയ്ക്ക് ഇരുത്തുകയല്ല, അവരെ ഓമനിക്കുകയുമല്ല; മറിച്ച് ശാരീരിക ബലക്കുറവ് മാത്രമാണ് അവരുടെ പ്രശ്‌നമെന്നും അത് അസിസ്റ്റഡ് ലിവിങ് എന്നറിയപ്പെടുന്ന പുതിയ മാര്‍ഗത്തിലൂടെ പരിഹരിക്കപ്പെടാവുന്നതേയുള്ളൂവെന്ന് അവരേയും സമൂഹത്തേയും ബോധ്യപ്പെടുത്താവുന്നതേയുള്ളൂവെന്നുമാണ് ഏറ്റവും പ്രധാനപ്പെട്ട സാമൂഹികനയം. പക്ഷേ ആ ഘട്ടം കഴിഞ്ഞ് കെ.ജി. ജോര്‍ജിന്റെ കാര്യത്തിലെന്നതുപോലെ പക്ഷാഘാതവും മറ്റും സംഭവിച്ചാല്‍ പിന്നീട് അവരുടെ ജീവിതം അവരില്‍നിന്നും എന്തെങ്കിലും പ്രയോജനകരമായ അധ്വാനം ലഭിക്കാത്ത ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ എങ്ങനെയാകണം എന്നതാണ് ജോര്‍ജിന്റെ മരണം നമ്മോട് ചോദിക്കുന്നത്. 

കെ.ജി. ജോര്‍ജിന്റെ ഭാര്യ വളരെ വിഷമത്തോടുകൂടി രോഗാവസ്ഥയെ കുറിച്ച് വര്‍ണിക്കുന്നുണ്ട്. പക്ഷാഘാതം വന്ന ഭര്‍ത്താവിനെ ശാരീരികമായി ശുശ്രൂഷിക്കാന്‍ വാര്‍ധക്യത്തിലേക്ക് കടന്ന ഭാര്യയ്ക്ക് സാധിക്കില്ല. മക്കള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലാണ്. ജോര്‍ജിന്‌റെ കാര്യത്തില്‍ ഒരാള്‍ ഗോവയിലും ഒരാള്‍ ദോഹയിലും. അവരെല്ലാം ജോലി കളഞ്ഞ് പിതാവിനെ ശുശ്രൂഷിക്കാന്‍ വന്നുനില്‍ക്കണം എന്ന ചിന്ത, വിനയത്തോടെ പറയട്ടേ, പ്രാകൃതമാണ്. അത് അസാധ്യമായതു കൊണ്ടുമാത്രമല്ല അത് ആവശ്യമില്ലാത്തതു കൊണ്ടുകൂടിയാണ്. കുട്ടികള്‍ അവരുടെ ജീവിതത്തിന്റെ ഏറ്റവും നല്ല നിലയിലെത്തുമ്പോഴാണ് 75-80 കഴിഞ്ഞ അച്ഛനമ്മമാര്‍ കിടപ്പിലാകുന്നത്. തീര്‍ച്ചയായും അവരുടെ കൂടെക്കൂടെയുള്ള വരവും സ്‌നേഹപ്രകടനങ്ങളും കൊച്ചുമക്കളുടെ വികൃതികളും തമാശകളുമെല്ലാം വൃദ്ധജീവിതത്തിന്റെ ഏറ്റവും സന്തോഷകരമായ അനുഭവങ്ങളാണ്. അവര്‍ക്ക് ചെയ്യാന്‍ കഴിയുന്നത് ഏറ്റവും മാന്യമായ തരത്തില്‍ ശാസ്ത്രീയമായ തരത്തില്‍ അച്ഛനമ്മമാരെ പരിചരിക്കുന്ന സംരക്ഷണ കേന്ദ്രങ്ങളെ ആശ്രയിക്കുക തന്നെയാണ്. അത്തരത്തില്‍ ഒരു തീരുമാനമാണ് കെ.ജി. ജോര്‍ജിന്റെ കുടുംബമെടുത്തത്.  ദൗര്‍ഭാഗ്യകരമെന്ന് പറയട്ടേ, അവര്‍ ആരുമില്ലാത്ത സന്ദര്‍ഭത്തില്‍ തന്റെ സിനിമയിലെ ഒരു മുഹൂര്‍ത്തം പോലെ അദ്ദേഹം പൊടുന്നനെ മാഞ്ഞുകളഞ്ഞു.കെ.ജി. ജോര്‍ജിന്റെ മരണത്തിലും നടകീയത  നിലനിര്‍ത്തി ചോദ്യങ്ങള്‍ ബാക്കിവെച്ച് അദ്ദേഹം കടന്നുപോയി. 

അദ്ദേഹത്തിന്റെ സിനിമകള്‍ ഉത്തരങ്ങള്‍ പറഞ്ഞവയല്ല. ചോദ്യങ്ങള്‍ ഉന്നയിച്ചവയാണ്. അതിനുവേണ്ടി തന്നെയാണ് പലപ്പോഴും അദ്ദേഹം ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തത്. സ്വന്തം സിനിമകളിലെ ചോദ്യങ്ങള്‍ പോലെ തന്നെ മലയാളിയോട് ചില ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ട് അദ്ദേഹം കാലയവനികയ്ക്കുള്ളിലേക്ക് കടന്നുപോയിരിക്കുന്നു. എന്തായാലും അദ്ദേഹത്തിന്റെ കുടുംബം ഇക്കാര്യത്തില്‍ ഭര്‍ത്സിക്കപ്പെടരുത്, ആക്ഷേപിക്കപ്പെടരുത് എന്നുതന്നെയാണ് ഈ ലേഖകന്റെ അഭിപ്രായം. അവരുടെ അഭാവത്തില്‍ അദ്ദേഹം വേര്‍പിരിഞ്ഞതിലുണ്ടായ ദുഃഖത്തില്‍ പങ്കുചേരാനാണ്, അവരോട് സഹതപിക്കാനാണ് മലയാളി സമൂഹം പഠിക്കേണ്ടത്. മറിച്ച്, സ്വന്തം കുടുംബനാഥന്‍ മരിക്കുമ്പോഴും അവരെ കളിയാക്കുകയും ഭര്‍ത്സിക്കുകയും ചെയ്യുന്നതിലൂടെ അതിപ്രാകൃതമായ ആനന്ദം കണ്ടെത്തുന്ന സമൂഹമായി അധഃപതിക്കുകയല്ല വേണ്ടത്.