ചില കഥകള്‍ കാലാതിവര്‍ത്തിയാണ്.
അതിലൊന്ന് ആവര്‍ത്തിക്കാം.
പണ്ട് ഒരു നമ്പൂതിരി ഉണ്ടായിരുന്നു. (പൊളിറ്റിക്കല്‍ കറക്ട്‌നസ് ചോദിക്കരുത്. എഴുത്തും വായനയും ധ്യാനവും സവര്‍ണാവസരങ്ങളായിരുന്ന കാലമാണ്). ശിരോലിഖിതങ്ങള്‍ വായിക്കലായിരുന്നു അദ്ദേഹത്തിന്റെ വിനോദം. ഒരിക്കല്‍ അദ്ദേഹം കടല്‍ത്തീരത്ത് നടക്കുകയായിരുന്നു. പെട്ടെന്ന് കാലില്‍ ഒരു തലയോട്ടി തടഞ്ഞു. കൗതുകത്തോടെ അദ്ദേഹം അതെടുത്തു വായിച്ചു. അതില്‍ എഴുതിയിരുന്നു, മരിച്ച ശേഷവും അനുഭവിക്കും.

To advertise here,

എല്ലാം അവസാനിക്കുന്നത് മരണം. പിന്നീടെന്ത്? ആ ജിജ്ഞാസയാല്‍ നമ്പൂതിരി തലയോട്ടി എടുത്തു. മുണ്ടില്‍ പൊതിഞ്ഞു, വീട്ടിലേക്ക് എടുത്തു. എന്നും രാവിലെ എണീറ്റാല്‍ തലയോട്ടി തുറന്നു നോക്കും. ഭാര്യക്ക് സംശയമായി. പഴയ കാമുകിയുടേതോ മറ്റോ ആണോ? കുറച്ചുനാള്‍ കഴിഞ്ഞു. നമ്പൂതിരി ഒരു ദിവസം നോക്കിയപ്പോള്‍ തലയോട്ടി ഇല്ല.

നമ്പൂതിരി ഭാര്യയോട് ചോദിച്ചു, ഇവിടെവെച്ചിരുന്ന പൊതി എന്തുചെയ്തു?
ഭാര്യ പറഞ്ഞു, 'ഇന്നലെ കുടിച്ച പാലില്‍ അത് പൊടിച്ച് കലക്കിത്തന്നിട്ടുണ്ട്.. കാമുകിയെ ഇനി എന്നും ഓര്‍ക്കാം.' മരിച്ചശേഷം അനുഭവിക്കും എന്ന തലവരയുടെ അര്‍ത്ഥം അന്നേരം നമ്പൂതിരിക്ക് മനസ്സിലായി.

പറയാനുള്ളത് കെ കരുണാകരനെക്കുറിച്ചാണ്.

1
പത്മജാ വേണുഗോപാല്‍ 2004-ല്‍ മത്സരിക്കുകയാണ്. ആദ്യ പൊതുയോഗങ്ങളിലളിലൊന്ന് ചാലക്കുടിയിലാണ്. പഴയ മുകുന്ദപുരം മണ്ഡലം. എതിരാളി ലോനപ്പന്‍ നമ്പാടന്‍. കോണ്‍ഗ്രസ്സുകാര്‍ തടിച്ചുകൂടിയിട്ടുണ്ട്. സ്ത്രീകളും ധാരാളം. മുഖ്യ ആകര്‍ഷണം പത്മജതന്നെ.

പരിചിതയാണ് പത്മജ. കരുണാകരന്റെ മകള്‍. ലീഡര്‍ക്കൊപ്പം മകളായിരുന്നു കൂടുതല്‍. അച്ഛന്റെ പതനകാലം. പക്ഷേ, പ്രജ എന്ന സിനിമയില്‍ എന്‍ഫ് വര്‍ഗ്ഗീസിന്റെ കെ.എം മാണി കഥാപാത്രം പരിചയപ്പെടുത്തുന്ന റോളിലായിരുന്നു അന്ന് പത്മജ. നല്ല ഡ്രസ്സ് സെന്‍സ്.
ചാലക്കുടിയിലെ യോഗത്തിലേക്ക് കുങ്കുമപ്പൂക്കളുള്ള വെളുത്തസാരിയുമായി പത്മജ വന്നു. അതേനിറത്തിലുള്ള ബ്ലൗസ്.  ലിപ്സ്റ്റിക്കിട്ട് അലങ്കരിച്ച മുഖം. ഉറച്ച കോണ്‍ഗ്രസ്സുകാര്‍ക്കുപോലും സ്വീകരിക്കാനാവാത്ത ഭാവങ്ങള്‍.
പത്മജക്ക് പക്ഷേ, ഡ്രസ്സ് സെന്‍സിനേക്കാള്‍ കോമണ്‍സെന്‍സും ഉണ്ടായിരുന്നു. ആ യോഗത്തേപ്പറ്റി പിന്നീട് അവര്‍ പറഞ്ഞു.
'അവിടെ കൂടിയിരുന്ന ആള്‍ക്കാരുടെ മുഖത്ത് നോക്കിയപ്പോഴേ എനിക്ക് മനസ്സിലായി, ഞാന്‍ പൊട്ടുമെന്ന്'

പിന്നീട് രണ്ടുവട്ടം നിയമസഭയിലേക്കും പത്മജ പൊട്ടി. കരുണാകരന്‍ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും.

2
അടിയന്തരാവസ്ഥക്കാലം.
കണ്ണൂരിലെ ബസ് സ്റ്റാന്‍ഡ് പരിസരം. ജനസംഘത്തിന്റെ പ്രകടനം. സി.കെ പത്മനാഭന്‍ അതിലൊരാള്‍. ചെറുപ്പം. പ്രകടനത്തെ പോലീസ് തല്ലിച്ചതച്ചു. സി.കെ.പി. ഉറച്ചുനിന്നു. അടി കൂടുതല്‍ കിട്ടി. ലാത്തിപ്പാടില്‍ ചോരപൊടിഞ്ഞു. തല പൊട്ടി ബോധംകെട്ടു സി.കെ. പത്മനാഭന്‍ വീണു.

അടിയന്തരാവസ്ഥ പിന്‍വലിച്ചു. കോഴിക്കോട് മാനാഞ്ചിറയിലെ ഫുട്‌ബോള്‍ മൈതാനത്തിന് ചുററും വീണ്ടും ജനസംഘത്തിന്റെ പ്രകടനം. അന്ന് കോഴിക്കോട് ലോ കോളേജ് വിദ്യാര്‍ത്ഥി ആയിരുന്ന പി.എസ്. ശ്രീധരന്‍ പിള്ള പ്രകടനത്തിന്റെ മുന്നിലുണ്ട്. പോലീസ് ഫോട്ടോഗ്രാഫര്‍മാര്‍ ചിത്രമെടുക്കുന്നു. ചില നേതാക്കള്‍ കയ്യില്‍ കരുതിയ കടലാസു കൊണ്ട് മുഖം മറച്ചു.  ആവേശപൂര്‍വം മുദ്രാവാക്യം വിളിക്കുന്ന പിള്ളയോട് അവര്‍ പറഞ്ഞു. 'മോനേ സൂക്ഷിച്ചോ. ഫോട്ടോയില്‍ പെടേണ്ട. കരുണാകരന്‍തന്നെ വരും. ജീവിതം തുലയ്‌ക്കേണ്ട.'

ആ അടിയന്തരാവസ്ഥക്കാലത്ത് കൊല്ലുന്ന ഇന്ദിരാഗാന്ധിയുടെ തിന്നുന്ന മന്ത്രി കേരളത്തില്‍ കെ. കരുണാകരനായിരുന്നു. ആ.ആര്‍.എസ്.എസ്സുകാരുടെ പിന്‍തലമുറ ഇനി ആവേശത്തോടെ മോദിക്കൊപ്പം പത്മജയ്ക്കും മുദ്രാവാക്യം വിളിക്കും.

3
അതേ അടിയന്തരാവസ്ഥക്കാലം. നിയമസഭയില്‍ ചോരപുരണ്ട വസ്ത്രവുമായി വിജയന്‍ എന്ന എം.എല്‍.എ. പൊട്ടിത്തെറിച്ചു. ഈ ചോര നിങ്ങളുടെ കാക്കിപ്പടയുടെ സമ്മാനം. ജനപ്രതിനിധിക്കുപോലും രക്ഷയില്ല.
കട്ടിഫ്രെയിമുള്ള കറുത്ത കണ്ണടയ്ക്കുള്ളില്‍ കെ. കരുണാകരന്റെ  കണ്ണുകള്‍ ചിരിച്ചു.
കരുണാകരന്‍ പിന്നീട് കോണ്‍ഗ്രസ് വിട്ടു.
2004-ല്‍ ഡെമോക്രാറ്റിക് ഇന്ദിരാ കോണ്‍ഗ്രസ് കരുണാകരന്‍ എന്ന പാര്‍ട്ടി വന്നു. അക്കാലം പഴയ വിജയന്‍, പിണറായി വിജയന്‍ എന്ന സിപിഎം സംസ്ഥാന സെക്രട്ടറി. കെ. കരുണാകരനുമായി സിപിഎം രഹസ്യ ചര്‍ച്ചകള്‍ നടത്തി. ഡിഐസി ഇടതുമുന്നണിയിലേക്ക് എന്ന പ്രതീതി വന്നു. വി.എസ്. അച്യുതാനന്ദന്‍ എതിര്‍ത്തതിനാല്‍ ആ മുന്നണി പ്രവേശനം നടന്നില്ല.

ഡിഐസി പിന്നീട് അപ്രസക്തമായി. എന്‍സിപിയിലേക്ക് പോയി. മുരളീധരനുവേണ്ടി കരുണാകരന്‍ ഉണ്ടാക്കിയ പാര്‍ട്ടി കരുണാകരനോ മുരളീധരനോ ഗുണംചെയ്തില്ല. കരുണാകരന്‍ കോണ്‍ഗ്രസ്സിലേക്ക് തിരിച്ചെത്തി. അച്ഛന്‍ മരിക്കുവോളം കെ. മുരളീധരന് അച്ഛന്റെ പാര്‍ട്ടിയിലേക്ക് തിരിച്ചെത്താന്‍ സാധിച്ചില്ല. ഈച്ചരവാര്യര്‍ അനുഭവിച്ച അതേ പുത്രദു:ഖവുമായി കരുണാകരനും വിടപറഞ്ഞു.

4

കെ കരുണാകരനും എ.കെ ആന്റണിയും കഴിഞ്ഞ അരനൂറ്റാണ്ടിലെ കോണ്‍ഗ്രസ് മുഖങ്ങളാണ്. കേരളത്തില്‍ കോണ്‍ഗ്രസ്സിനെ വളര്‍ത്തിയതും പിളര്‍ത്തിയതും തളര്‍ത്തിയതും ഇവരുടെ നിലപാടുകളാണ്. ഇവരുടെ തമ്മിലടികളാണ്.

രാജന്‍ കേസില്‍ പെട്ട് കരുണാകരന്‍  പടിയിറങ്ങിയപ്പോള്‍ ആന്റണി മുഖ്യമന്ത്രിയായി. അതിനുംമുമ്പേ എം.എ. ജോണിനെപ്പോലുള്ള നേതാക്കളെ ആന്റണി പിന്നില്‍നിന്ന് കുത്തിയിരുന്നു. അധികാര രാഷ്ട്രീയം മാത്രമായിരുന്നു എന്നും രണ്ടു നേതാക്കളുടേയും ലക്ഷ്യം. മറുവശത്ത് സിപിഎമ്മും പ്രായോഗിക രാഷ്ട്രീയത്തിന്റെ പാഠങ്ങളിലേക്ക് വീണു. എണ്‍പതുകള്‍. പ്രായോഗികമായി എന്തിനേയും ന്യായീകരിക്കാമെന്ന് കെ. കരുണാകരനും പ്രത്യശാസ്ത്രപരമായി എന്തിനേയും ന്യായീകരിക്കാമെന്ന് ഇഎംഎസ് നമ്പൂതിരിപ്പാടും മലയാളിയെ പഠിപ്പിച്ചു. മുന്നണി മാറുന്നതിനനുസരിച്ച് രാഷ്ട്രീയ കക്ഷികള്‍ വര്‍ഗ്ഗീയവും സ്വര്‍ഗ്ഗീയവുമായി.

ആ പതിറ്റാണ്ടുകളില്‍ കോണ്‍ഗ്രസ് അതിന്റെ ചരിത്രത്തിലെ ദയനീയമായ പതനങ്ങള്‍ കണ്ടു. ആന്റണി വിഭാഗവും കരുണാകരന്‍ വിഭാഗവും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. കോണ്‍ഗ്രസ്സുകാര്‍ ചെവി പൊത്തേണ്ടുംവിധം പരസ്പരം പുലഭ്യംവിളിച്ചു. ഗുരുവായൂരില്‍ കെ. മുരളീധരന്‍ ഗാന്ധിജയന്തി പ്രഭാഷണം നടത്തിയതിന് പിന്നാലെ കോണ്‍ഗ്രസ്സുകാര്‍ കസേര എടുത്ത് അടിച്ച് ഗോത്രയുദ്ധം നടത്തി. പല നേതാക്കള്‍ക്കും ഉടുമുണ്ടു പോയി. ചിലരെങ്കിലും ആശുപത്രിയിലായി.

കോണ്‍ഗ്രസ്സുകാര്‍ തമ്മിലടിച്ചു കളിക്കുന്ന നേരത്ത് സംസ്ഥാനത്ത് സിപിഎമ്മും ദേശീയ തലത്തില്‍ ബിജെപിയും കോണ്‍ഗ്രസ്സിനെ നിഷ്പ്രഭമാക്കി വളരുകയായിരുന്നു. ആന്റണിയുടേയും കരുണാകരന്റേയും ഓരോ മക്കള്‍ ഇപ്പോള്‍ ബിജെപിയിലാണ്. ഇരു പാര്‍ട്ടികളും നിലനില്‍പിനായുള്ള പെടാപ്പാടിലുമാണ്.

5

91-ല്‍ കരുണാകരന്‍ മുഖ്യമന്ത്രി ആയപ്പോഴാണ് പത്മജാ വേണുഗോപാല്‍ ആദ്യമായി രാഷ്ട്രീയ അധികാരകേന്ദ്രമാവുന്നത്. മലബാറില്‍ കെ. മുരളീധരനേയും തിരുക്കൊച്ചിയില്‍ പത്മജയേയും അധികാരകേന്ദ്രമാക്കലായിരുന്നു അന്ന് മുഖ്യമന്ത്രിയായിരുന്ന കരുണാകരന്റെ ലക്ഷ്യം. 

ഉമ്മന്‍ ചാണ്ടി അതേ ദശകത്തില്‍ കോണ്‍ഗ്രസ്സിന്‍റെ എ/ഐ വിഭാഗങ്ങളെ പൊളിച്ചെഴുതി. കോണ്‍ഗ്രസ്സില്‍ കരുണാകര വിഭാഗവും കരുണാകര വിരുദ്ധ വിഭാഗവും മാത്രമേയുള്ളൂ എന്ന വിധത്തില്‍ കാര്യങ്ങളെത്തി. ഇത് ആത്യന്തികമായി തനിക്ക് നഷ്ടമുണ്ടാക്കുമെന്ന് ആന്റണി വൈകാതെ തിരിച്ചറിഞ്ഞു. അരി കുംഭകോണവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സ്ഥാനം വലിച്ചെറിഞ്ഞ് ആന്റണി കേരളത്തിലേക്ക് തിരിച്ചെത്തി.

സാവിത്രി ലക്ഷ്മണനെ മാറ്റി പത്മജയെ ചാലക്കുടി എംഎല്‍എ ആക്കണമെന്ന് കരുണാകരന്‍ ആവശ്യപ്പെട്ടു. സിറ്റിങ് എംഎല്‍എമാരെ മാറ്റരുതെന്ന കെ. മുരളീധരന്‍ നിര്‍ബന്ധിച്ചു. മക്കള്‍മാഹാത്മ്യം കരുണാകരനെ ഡിഎസികെ രൂപീകരണത്തിലേക്ക് എത്തിച്ചതും ചരിത്രം.

2001-ല്‍ പത്മജ കെടിഡിസി ചെയര്‍മാനായി. കെ.വി. തോമസ് ആയിരുന്നു അന്ന് ടൂറിസം മന്ത്രി. കേന്ദ്രവും സംസ്ഥാനവും തമ്മില്‍ പാലം പണിയാന്‍ കെ.വി. തോമസ് ഇപ്പോള്‍ ദല്‍ഹിയിലാണ്. ജെ.പി.നദ്ദയെ കണ്ട് പഴയ കാലണ മെംബര്‍ഷിപ് വലിച്ചെറിയാന്‍ പത്മജയും ദല്‍ഹിയിലാണ്.

6
ആദ്യം ആന്റണിയുടേയും പിന്നാലെ കരുണാകരന്റേയും ചോര കാവി തൊടുകയാണ്. പൈതൃകങ്ങള്‍ പരാതിപ്പെടേണ്ടതില്ല. എന്തെന്നാല്‍, ആദ്യം സിപിഎമ്മുമായി ബന്ധമുണ്ടാക്കിയ ആന്റണിക്കോ പിന്നീട് സ്വന്തം സ്ഥാനാര്‍ത്ഥിയെ തോല്‍പിക്കാന്‍ ടി.വി. കാണാന്‍ പറഞ്ഞ കരുണാകരനോ അതിന് അര്‍ഹതയില്ല. അവസരവാദികളായ മക്കള്‍ക്ക് ബിജെപി മറ്റൊരു അധികാരപ്പാര്‍ട്ടി മാത്രം.

പിംഗലി വെംഗയ്യ രൂപകല്‍പന ചെയ്ത്,  ഗാന്ധിജി പിടിച്ച മുന്നിറക്കൊടി ഇവര്‍ പിടിച്ചിട്ടില്ല. സാമുദായികസമവാക്യങ്ങളാണ് സമൂഹമെന്ന് പഠിച്ചിറങ്ങിയ മക്കളാണ് ഇവര്‍. ആന്റണിയും കരുണാകരനും വെട്ടിനിരത്തിയ പഴയ പാവപ്പെട്ട കോണ്‍ഗ്രസ്സുകാരുണ്ട്. ആന്റണി വന്നപ്പോള്‍ ആര്യാടന്‍ മുഹമ്മദിന് വേണ്ടി സിപിഎം തള്ളിപ്പറഞ്ഞ നിലമ്പൂരിലെ കുഞ്ഞാലിയുണ്ട്. കെ. സുരേന്ദ്രന് വേണ്ടി വെട്ടിവീഴ്ത്തപ്പെട്ട പഴയ നേതാക്കളുണ്ട്.

രാഷ്ട്രീയം ജനങ്ങളെ കബളിപ്പിക്കുന്ന കലയാവുന്നുണ്ട്. അപ്പോള്‍ ചില തലവരകളുണ്ട്. ചത്താലും അനുഭവിക്കാന്‍ ബാക്കികിടക്കുന്നവ.
കരുണാകരന്റെ മക്കള്‍ വീണ്ടും പരസ്പരം പോരടിക്കട്ടെ. വിലക്കയറ്റത്താലും ക്ഷാമത്താലും പൊറുതിമുട്ടുന്ന പരമവിരസമായ നമ്മുടെയൊക്കെ ജീവിതങ്ങളിലും ചില നര്‍മ്മമുഹൂര്‍ത്തങ്ങള്‍ അനിവാര്യമാണല്ലോ.
അതിനാല്‍ വരൂ, ആസ്വദിക്കാം.
ഒറ്റുകാരുടെ തലമുറ അവസാനിക്കുന്നില്ല. രക്തബീജന്മാരെപ്പോലെ ഓരോ തുള്ളിച്ചോരയില്‍നിന്നും ഒരായിരം പേരുയരട്ടെ.