പൊടുന്നനെയാണ് ഓഗസ്റ്റ് ആദ്യവാരത്തില്‍ കേരളത്തിന്റെ രാഷ്ട്രീയം കലങ്ങിമറിയാന്‍ തുടങ്ങിയത്. ഇന്‍കംടാക്‌സിന്റെ സെറ്റില്‍മെന്റ് ട്രിബ്യൂണല്‍ ഒരു വിധി പ്രസ്താവിച്ചു. കരിമണല്‍ കൈകാര്യം ചെയ്യുന്ന സി.എം.ആര്‍.എല്‍ എന്ന കമ്പനി അതിന്റെ റീടെയ്‌നറായി മുഖ്യമന്ത്രിയുടെ മകളെ നിശ്ചയിച്ചിരുന്നു. കമ്പനിക്കാവശ്യമായ ഐടി മേഖലയിലുള്ള സര്‍വീസുകള്‍ നല്‍കുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രിയുടെ മകള്‍ നേതൃത്വം കൊടുക്കുന്ന എക്‌സാലോജിക് എന്ന കമ്പനിയെ നേരത്തേ പറഞ്ഞ കമ്പനി അവരുടെ സ്ഥിരം റീടെയ്‌നറായി നിലനിര്‍ത്തിയത്. ഈ വകയില്‍ പ്രതിമാസം അഞ്ചുലക്ഷം രൂപയാണ് കമ്പനി മുഖ്യമന്ത്രിയുടെ മകള്‍ക്ക് നല്‍കിക്കൊണ്ടിരുന്നത്. സെറ്റില്‍മെന്റ് ട്രിബ്യൂണല്‍ കമ്പനിയുടെ ഇതുസംബന്ധിച്ച കണക്കുകള്‍ പരിശോധിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ മകള്‍ക്ക് നല്‍കിയ പണം ചെലവിനത്തില്‍ എഴുതാന്‍ കഴിയില്ലെന്ന് വിധി പ്രസ്താവിച്ചു. അതിനര്‍ഥം മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് നല്‍കിയ ഒന്നേമുക്കാല്‍കോടി കൂടി ആദായത്തില്‍ കാണിക്കേണ്ടിയിരിക്കുന്നു. ഈ ഒന്നേമുക്കാല്‍ കോടിക്ക് കൂടി നികുതി കൊടുക്കണം എന്നര്‍ഥം. 

To advertise here,

ആ കമ്പനിയെ സംബന്ധിച്ചിടത്തോളം ഇത് നല്ലൊരു തിരിച്ചടി തന്നെയാണ്. എത്ര രൂപ ഇന്‍കം ടാക്‌സ് ആയി നല്‍കണം എന്നതിലുപരി രാഷ്ട്രീയത്തില്‍ വലിയ പിടിപാടുള്ള ഒരു വലിയ നേതാവിന്റെ മകളെ കമ്പനിയുടെ സ്ഥിരം വരുമാനക്കാരിയായി നിലനിര്‍ത്തുന്നത് തെറ്റായ കീഴ്‌വഴക്കമാണെന്നുകൂടി ട്രിബ്യൂണല്‍ പറഞ്ഞത് കരിമണല്‍ ശുദ്ധീകരണ കമ്പനിക്ക് തീര്‍ച്ചയായും ദോഷകരമായി ബാധിച്ചു. പക്ഷേ വിഷയം രാഷ്ട്രീയമായി മാറി. സാങ്കേതികമായി മുഖ്യമന്ത്രിയുടെ മകളും കാബിനറ്റിലെ പിഡബ്ല്യുഡി മന്ത്രിയുടെ ഭാര്യയുമായ ഒരു വ്യക്തിക്ക് ഇത്തരത്തില്‍ സര്‍ക്കാരിനുകൂടി പതിമൂന്നര ശതമാനം ഷെയറുള്ള ഒരു കമ്പനിയുടെ സ്ഥിരം റിയെ്‌നറായി പ്രവര്‍ത്തിക്കാനാകുമോ എന്നതാണ് നിയമപരമായ പ്രശ്‌നം. അതും പ്രത്യേകിച്ച് ഒരു സേവനവും ചെയ്തിട്ടില്ല എന്ന ട്രിബ്യൂണലിന്റെ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍. സേവനങ്ങള്‍ കൃത്യമായി ചെയ്തിരുന്നുവെങ്കില്‍ പോലും ഒരു മന്ത്രിയുടെ ഭാര്യയെ, മുഖ്യമന്ത്രിയുടെ മകളെ സര്‍ക്കാരിന് കൂടി പങ്കാളിത്തമുളള കമ്പനി റീട്ടെയ്‌നറാക്കി വെക്കുന്നത് നിയമപരമായോ ധാര്‍മികമായോ ശരിയല്ല എന്നതാണ് ഈ ലേഖകന്റെ അഭിപ്രായം. ഒരു സാധാരണ സഹകരണ സംഘത്തിന്റെ പ്രസിഡന്റിന്റെ ഭാര്യയെ ആ സംഘത്തിന്റെ ലീഗല്‍ ഓഫീസറായി നിയമിക്കുന്നത് പോലെയാണ് ഇത്. 

നിയമം വിലക്കിയാലും ഇല്ലെങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് അതിന്റെതായ നിയമാവലികളുണ്ട്. പാര്‍ട്ടി നേതാക്കന്മാര്‍ മറ്റെല്ലാ ബൂര്‍ഷ്വാ നേതാക്കന്മാരും ചെയ്യുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടരുത് എന്നതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികളെ മറ്റുപാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതെന്ന് അവര്‍ തന്നെ പറയാറുണ്ട്. ഈ പ്രശ്‌നം പുറത്തുവന്നതോടുകൂടി എല്ലാവരും സിപിഎമ്മിന്റെ പ്രതികരണം കാത്തുനിന്നു. കേരളീയരെ അത്ഭുതപ്പെടുത്തിക്കൊണ്ട് സിപിഎമ്മിന്റെ സെക്രട്ടേറിയറ്റ് പറഞ്ഞത് 'ഒരു കമ്പനി മറ്റൊരു കമ്പനിയുമായി ഉണ്ടാക്കിയ സുതാര്യമായ കരാര്‍, അതില്‍ മറ്റാര്‍ക്ക് എന്താണ് കാര്യം?' അതായത് രണ്ടുകമ്പനികള്‍ കച്ചവടം ചെയ്യുമ്പോള്‍ മൂന്നാമതൊരാള്‍ പൊന്നുരുക്കുന്നിടത്ത് പൂച്ചയെ പോലെ അത് നോക്കി നില്‍ക്കേണ്ട കാര്യമില്ല. ഒരു മുതലാളിയുടെ കമ്പനിയുമായി ഒരു രാഷ്ട്രീയ നേതാവിന്റെ മകനോ, മകളോ പ്രത്യേകിച്ചൊരു സര്‍വീസും ചെയ്യാതെ പണം വാങ്ങുന്നുണ്ടെങ്കില്‍ അതിന്റെ പേര് അഴിമതി എന്നാണ് എന്ന് അറിയാത്തവരല്ല നമ്മുടെ നാട്ടിലെ ജനങ്ങള്‍. 

ഇഷ്ടപ്പെട്ട മുതലാളിമാരുമായി ബന്ധപ്പെടുകയും അവരുമായി തൊട്ടുതൊട്ടില്ലെന്ന മട്ടിലുള്ള ബന്ധങ്ങളുണ്ടാക്കി അവരില്‍ നിന്ന് പണം വാങ്ങുകയും ചെയ്യുന്നതിനെയാണ് ക്രോണി ക്യാപിറ്റലിസംഅഥവാ ചങ്ങാത്ത മുതലാളിത്തം എന്ന് ഇടതുപക്ഷ നിഘണ്ടുവില്‍ വിളിക്കുന്നത്. ചങ്ങാത്ത മുതലാളിത്തത്തിന് ഇതിനേക്കാള്‍ നല്ല എന്ത് ഉദാഹരണമാണ് മുന്നോട്ടുവെക്കാവുന്നത്. 

പക്ഷേ ഇക്കാര്യം വിമര്‍ശിച്ചവര്‍ക്ക് നേരെ ശക്തമായ ആയുധപ്രയോഗമാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്. അസംബ്ലി അവസാനിക്കാന്‍ പോകുന്ന ദിവസമായതുകൊണ്ട് അസംബ്ലിയില്‍ പ്രതിപക്ഷത്തിന്റെ പ്രമേയങ്ങള്‍ വരുന്നതിന് സാങ്കേതികമായ പരിമിതികള്‍ ഉണ്ടായിരുന്നു. പക്ഷേ അസംബ്ലിക്ക് പുറത്തുതന്നെ ഇക്കാര്യം പ്രതിപക്ഷം എടുത്തുപറഞ്ഞു. 

പ്രതിപക്ഷാംഗമായ മാത്യു കുഴല്‍നാടന്‍ അസംബ്ലിയുടെ വേദി ഉപയോഗിച്ചുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ കടുത്ത വിമര്‍ശനം നടത്തിയത് സിപിഎമ്മിന് തീരെ പിടിച്ചില്ല. പിന്നീടുള്ള ദിവസങ്ങളില്‍ നാം കാണുന്നത് കുഴല്‍നാടന്‍എന്ന എംഎല്‍എയുടെ സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള സിപിഎം ജില്ലാക്കമ്മറ്റിയുടെ കടന്നാക്രമണമാണ്. കുഴല്‍നാടന്‍ പങ്കുവഹിക്കുന്ന നിയമകമ്പനിക്കും കുഴല്‍നാടന്‍ നടത്തിയ വസ്തു ഇടപാടുകള്‍ക്കും വലിയ കുഴപ്പം പറ്റിയിട്ടുണ്ടെന്നാണ് ഇപ്പോള്‍ സിപിഎം പറയുന്നത്. ഇവിടെ ഒറ്റ മറുചോദ്യം മാത്രമാണ് ഞാന്‍ ഉന്നയിക്കുന്നത്. മുഖ്യമന്തിയുടെ മകള്‍ക്കെതിരേ ആരോപണം ഉന്നയിക്കുന്നതുവരെ എന്തുകൊണ്ട് തിരഞ്ഞെടുപ്പ് വേളകളില്‍ പോലും കുഴല്‍നാടനെതിരായി സിപിഎം എറണാകുളം ജില്ലാകമ്മിറ്റി ഇത്തരത്തില്‍ ആരോപണം ഉന്നയിച്ചില്ല. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരേ ആരോപണമുന്നയിച്ചപ്പോഴാണോ കുഴല്‍നാടനെന്ന 'അതിഭയങ്കരനായ നികുതിവെട്ടിപ്പുകാര'ന്റെ കാര്യം സിപിഎമ്മിന് ഓര്‍മ വന്നത്? 

കുഴല്‍നാടനാകട്ടേ ഒരു പ്രത്യേക രീതിയിലാണ് പ്രശ്‌നം കൈകാര്യം ചെയ്തത്. തന്റെ രേഖകള്‍ പൂര്‍ണമായും പരിശോധിക്കാന്‍ അദ്ദേഹം സിപിഎമ്മിനെ വെല്ലുവിളിച്ചു എന്നുമാത്രമല്ല ഇക്കാര്യം തുറന്ന ചര്‍ച്ചയ്ക്ക് വിധേയമാക്കാമെന്ന് തോമസ് ഐസക്കിനെ പോലെ പരിണിതപ്രജ്ഞനായ ഒരാള്‍ തന്റെ എല്ലാ റെക്കോഡുകളും പരിശോധിക്കട്ടേ എന്നദ്ദേഹം പറഞ്ഞു. ചിന്നക്കലാലിലെ തന്റെ ഇടപാടുകളുടെ കാര്യത്തില്‍ എംഎം മണിക്ക് പോലും ഇത് പരിശോധിക്കാമെന്ന് അദ്ദേഹം വെല്ലുവിളിച്ചു. ഇത് സിപിഎമ്മിനെ കുറേക്കൂടി ചൊടിപ്പിക്കുകയാണ് ചെയ്തത്. ഒരു ചാനല്‍ റിപ്പോര്‍ട്ടര്‍ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി കുഴല്‍നാടന്റെ വെല്ലുവിളിയെ കുറിച്ച് എന്തുപറയുന്നു എന്നുചോദിച്ചപ്പോള്‍ 'ഓനാരെടാ വെല്ലുവിളിക്കാന്‍' എന്ന ധാര്‍ഷ്ട്യം നിറഞ്ഞ ആക്രോശമാണ് നാം കേട്ടത്. എവിടേക്കാണ് ഇടതുപക്ഷ രാഷ്ട്രീയം പോകുന്നത് എന്ന് ഈ ഘട്ടത്തില്‍ പരിശോധിക്കുന്നത് നന്നായിരിക്കും. 

കേരളത്തിലെ ഇടതുപക്ഷത്തിന് വലിയൊരു ചരിത്രമുണ്ട്. കമ്യൂണിസ്റ്റ് നേതാക്കന്മാര്‍ അവര്‍ സ്വത്തുവിറ്റ് പാര്‍ട്ടിക്ക് കൊടുത്തവരാണ്. എകെജിയും ഇകെ നായനാരും വലിയ ഭൂപ്രഭുക്കന്മാരുടെ കുടുംബത്തില്‍ നിന്ന് കടന്നുവന്ന് സാധാരണക്കാരായി ജീവിക്കുകയും ജയിലില്‍ പോകുകയും മര്‍ദനമേറ്റുവാങ്ങുകയും കഠിനമായ തരത്തില്‍ പീഡനങ്ങള്‍ സഹിക്കുകയും ചെയ്തവരാണ്. ഇഎംഎസാകട്ടേ കഠിനമായ മര്‍ദനങ്ങളേറ്റിട്ടില്ലെങ്കിലും പലതവണ ജയിലിലും ഒളിവിലും കഴിഞ്ഞു എന്നുമാത്രമല്ല ഇന്നത്തെ നിലയ്ക്ക് കോടാനുകോടി രൂപ വിലയുള്ള തന്റെ സ്വത്തുക്കള്‍ എഴുതിവിറ്റ് അദ്ദേഹം ദേശാഭിമാനിക്കും പാര്‍ട്ടിക്കും നല്‍കി. തികച്ചും ഒരു സാധാരണക്കാരനെപ്പോലെയാണ് ഇഎംഎസ് തിരുവനന്തപുരത്ത് താമസിച്ചത്. അദ്ദേഹം താമസിച്ച ശാന്തിനഗര്‍ പത്താംനമ്പര്‍ വീട് കുടുംബ ആവശ്യങ്ങള്‍ക്ക് വേണ്ടി പിന്നീട് വിറ്റുകളഞ്ഞു. അതിനുശേഷം ഇഎംഎസിന് ഒരു വീട് ഉണ്ടായില്ല. അതിനുശേഷം അദ്ദേഹം മക്കളുടെ വീട്ടില്‍ മാറി മാറി താമസിക്കുകയായിരുന്നു. ഏലങ്കുളം മന കേരളത്തിലെ വലിയ സമ്പത്തുള്ള മനയായിരുന്നു. വലിയ സ്വത്തുളള മനയില്‍ നിന്ന് വന്ന ഇഎംഎസ് ഒരു സാധാരണക്കാരനെപ്പോലെ ജീവിച്ചുവെന്നത് ഈ ലേഖകനുള്‍പ്പടെയുള്ള ലക്ഷക്കണക്കിന് ചെറുപ്പക്കാരെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിച്ച ഘടകമാണ്. 

മറുഭാഗത്ത് തൊഴിലാളി കുടുംബങ്ങളില്‍ നിന്ന് കടന്നുവന്ന ധാരാളം പേര്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നയിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ ആര്‍.സുഗതന്‍ ഒരു ലുങ്കിയുടുത്താണ് നിയമസഭയില്‍ പോലും വന്നത്. പാര്‍ട്ടി ഓഫീസില്‍ ചുരുണ്ട് കിടന്നാണ് അദ്ദേഹം ജീവിച്ചത്. ചാത്തുണ്ണി മാസ്റ്റര്‍ ഒരു സാധാരണ അധ്യാപകനായിരുന്നു. ഒരു കൊച്ചുവീട് മാത്രമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ഭാര്യ ക്ഷയരോഗം വന്ന് മരിക്കുകയും കൊച്ചുകുട്ടികളുമായി അദ്ദേഹം നരകയാതന അനുഭവിച്ച് ജീവിക്കുകയും ചെയ്തത് രാഷ്ട്രീയ രംഗത്ത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. സിപിഎമ്മിലെ തന്നെ ഇന്ന് സജീവ രംഗത്ത് ഇല്ലെങ്കിലും നേതാവാണ് കെ.എന്‍.രവീന്ദ്രനാഥ്. എറണാകുളം എംജി റോഡിലുളള കോടാനുകോടി വിലമതിക്കുന്ന സ്വത്തുക്കള്‍ പാര്‍ട്ടിക്കുവേണ്ടി പണയപ്പെടുത്തിയും നഷ്ടപ്പെടുത്തിയും ലളിതജീവിതം നയിച്ച ഇന്നും നയിക്കുന്ന ഒരു വ്യക്തിത്വമാണ് അദ്ദേഹം. പേരുകളെണ്ണി പറയുന്നില്ല. ഒരു സാധാരണജീവിതം നയിച്ച് ഒരു കാറപകടത്തില്‍ മരിക്കുമ്പോള്‍ എന്‍.ശ്രീധരന് കാര്യമായ സ്വത്തുക്കളൊന്നും ഉണ്ടായിട്ടില്ല. എംവിആര്‍ ധാരാളം സ്ഥാപനങ്ങള്‍ പൊതുജനങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കിയെങ്കിലും അദ്ദേഹത്തിന്റെ വീട് കൂത്തുപറമ്പ് സംഭവത്തിന് ശേഷം തീവെച്ചപ്പോള്‍ കണ്ണൂരില്‍ വേറൊരുവീട് വാങ്ങാനുള്ള പണം അദ്ദേഹത്തിന് ഇല്ലാതിരുന്നതും സുഹൃത്തുക്കളില്‍ നിന്ന് കടംവാങ്ങിയതും എനിക്ക് നേരിട്ട് അറിയാം. 

കെ.ആര്‍.ഗൗരിയമ്മയുടെ അച്ഛന്‍ അയ്യായിരം പറ പാട്ടത്തിന് കൃഷി ചെയ്ത സമ്പന്നനായ മനുഷ്യനായിരുന്നു. ഗൗരിയമ്മയ്ക്ക് ആലപ്പുഴ പട്ടണത്തില്‍ ഒരു വീട് ഉണ്ടായിരുന്നുവെങ്കിലും ഒരിടത്തരക്കാരുടെ ജീവിതത്തിന് അപ്പുറത്തേക്ക് പലതവണ മന്ത്രിയായിരുന്ന ഗൗരിയമമ്മ ജീവിച്ചിരുന്നില്ല. അതുതന്നെയാണ് പികെ ചന്ദ്രാനന്ദന്റെയും അതുപോലെതന്നെയുള്ള കമന്യൂണിസ്റ്റ് നേതാക്കളുടെയും കഥ. വിഎസ് അച്യുതാനന്ദനും മുഖ്യമന്ത്രിയായിരിക്കേ വലിയ പണം സമ്പാദിച്ചതായി അദ്ദേഹത്തിന്റെ ശത്രുക്കള്‍ പോലും ആരോപിക്കുന്നില്ല. 

കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വളര്‍ന്നുവന്ന നേതാക്കന്മാര്‍ ജീവിതത്തില്‍ മാതൃക കാട്ടിയവരാണ്. എല്ലാ ക്ലാസിലും സ്വര്‍ണ മെഡല്‍ വാങ്ങി ജയിച്ച അച്യുതമേനോന്‍ കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിമാരില്‍ ഒരാളായിരുന്നു. ഒരു കുട ചൂടി തൃശ്ശൂര്‍ പൂരപ്പറമ്പിലൂടെ നടന്നുപോകുന്ന അച്യുതമേനോന്റെ ലാളിത്യത്തെ അദ്ദേഹത്തിന്റെ ശത്രുക്കള്‍ പോലും നോക്കിനിന്നിട്ടുണ്ട്. മുഖ്യമന്ത്രിയായ ശേഷവും പി.കെ.വാസുദേവന്‍ നായര്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ്സില്‍ യാത്ര ചെയ്ത് വളരെ വൈകി വീട്ടിലെത്തിയിരുന്നത് സര്‍വസാധാരണമായ ഒരു കാഴ്ചയായിരുന്നു. സി.പി.ഐ.യുടെ നേതാക്കളായിരുന്ന വെളിയം ഭാര്‍ഗവനും എന്‍.ഇ.ബാലറാമും അടക്കമുള്ള ആരെക്കുറിച്ചും അവര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വന്ന് പണം ഉണ്ടാക്കിയെന്നും അവരുടെ മക്കളെ വലിയ കമ്പനി ഉടമസ്ഥന്മാരാക്കിയെന്നും ആക്ഷേപം കേട്ടിട്ടുള്ളവരല്ല. 

ഒന്നേമുക്കാല്‍കോടി രൂപ സുതാര്യമായ രീതിയിലാണ് വാങ്ങിയതെന്ന വിശദീകരണവുമായി വരുന്ന സിപിഎമ്മിന്റെ സെക്രട്ടറിയേറ്റിനോട് പറയാനുള്ളത് ഇതാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കളുടെ ജീവിതം സാധാരണക്കാര്‍ക്ക് മാതൃകാപരമായിരിക്കണം. അവര്‍ക്ക് മുതലാളിമാരുമായി ബന്ധവും പരിചയവും ഉണ്ടെങ്കില്‍ പോലും ആ മുതലാളി കമ്പനിയില്‍ നിന്ന് സ്വന്തം കുടുംബത്തേക്ക് നീര്‍ച്ചാല്‍ വെട്ടി അതിന് ന്യായീകരണങ്ങള്‍ കണ്ടെത്തുന്നത് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് ശീലമുള്ള കാര്യമേയല്ല. അതുകൊണ്ട് ഈ നടപടി തെറ്റായിപ്പോയെന്ന് സിപിഎം വിലയിരുത്തുകയാണ് വേണ്ടത്. അതല്ലാതെ അതിനെ വിമര്‍ശിച്ചവരുടെ ആധാരം പരിശോധിക്കാന്‍ പോവുകയല്ല. കുഴല്‍നാടന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് നേരത്തേ പറയാമായിരുന്നു. ഇനിയും പറയുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷേ കുഴല്‍നാടന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തന്നെ അത് സെറ്റില്‍മെന്റ് ട്രിബ്യൂണല്‍ വിധി പറഞ്ഞ ആ തെറ്റിന് ന്യായീകരണമാകുന്നില്ല എന്നതാണ് പ്രശ്‌നം. കുഴല്‍നാടനെ ഒരുപക്ഷേ കള്ളക്കേസില്‍ കുടുക്കിയേക്കാന്‍ കഴിയും. പക്ഷേ അതുകൊണ്ട് ഒന്നേമുക്കാല്‍ കോടി വാങ്ങിച്ചത് ശരിയായി തീരുമോ? ഒരുതെറ്റിനെ മറയ്ക്കാന്‍ വിമര്‍ശകരുടെ തെറ്റുകള്‍ അന്വേഷിച്ചുപോകുന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അന്തസ്സിന് ചേര്‍ന്നതല്ലെന്ന് തുറന്നുപറയേണ്ടിയിരിക്കുന്നു. 

എന്തായാലും ശരി കേരള രാഷ്ട്രീയത്തില്‍ സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ സംഭവിക്കുന്നു. പിശകുപറ്റിയിട്ടുണ്ടെങ്കില്‍ പിശകാണെന്ന് സമ്മതിക്കുന്നതിന് പകരം ഓനാരെടാ എന്ന രാഷ്ട്രീയം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ എന്നല്ല ഒരു പാര്‍ട്ടിയെയും എവിടെയും കൊണ്ടുചെന്നെത്തിക്കില്ല എന്നുറപ്പാണ്. അതുകൊണ്ട് സെറ്റില്‍മെന്റ് ട്രിബ്യൂണല്‍ നടത്തിയ പ്രസ്താവനയെ മാനിച്ചുകൊണ്ട് അതില്‍പറഞ്ഞ കാര്യങ്ങളെ മുഖവിലയ്‌ക്കെടുത്തുകൊണ്ട് ആ പണം തിരിച്ചുകൊടുക്കുകയാണ് വേണ്ടത്. അതിന്റെ പേരില്‍ കമ്പനി ടാക്‌സ് കൊടുക്കണമെങ്കില്‍ കൊടുക്കട്ടേ. കമ്യൂണിസ്റ്റ് പ്രസ്ഥാനം എല്ലാകാലത്തും സംശുദ്ധരായ നേതാക്കന്മാരുടെ സാന്നിധ്യത്തില്‍ വളരുന്ന പ്രസ്ഥാനമാണ്. നേതാക്കന്മാര്‍ അടിതൊട്ട് മുടി വരെ പ്രസ്ഥാനത്തെ താങ്ങിനിര്‍ത്തുകയാണ് ചെയ്തത്. എന്നാല്‍ ഇപ്പോള്‍ നേതാക്കന്മാരെ ചുമക്കേണ്ട ഗതികേടിലാണ് സാധാരണ സഖാക്കന്മാര്‍ എത്തിപ്പെട്ടിരിക്കുന്നത്. ഇത് തിരുത്തണം. വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളണം. അതിനുപകരം ആരെടാ വിളി നടത്തിയിട്ട് കാര്യമില്ല. സ്വന്തം തെറ്റുതിരുത്തുന്നതിന് പകരം വിമര്‍ശിക്കുന്നവരുടെ തെറ്റ് അന്വേഷിച്ചുപോകുന്നത് ഭീരുക്കളുടെ ലക്ഷണമാണ്. 

ചോദ്യം ചോദിച്ച കുട്ടിയെ രണ്ട് അടിയും കൊടുത്ത് ക്ലാസില്‍ നിന്ന് പറഞ്ഞുവിടാം. പക്ഷേ ചോദിച്ച ചോദ്യം ക്ലാസില്‍ തന്നെ നിലനില്‍ക്കുമെന്ന എംഎന്‍ വിജയന്‍ മാഷിന്റെ പ്രസിദ്ധമായ പ്രസ്താവന ഇത്തരത്തില്‍ ഓര്‍ക്കാവുന്നതാണ്.