
ഡിസംബർ മൂന്നിന് നാല് സംസ്ഥാനങ്ങളിലേക്കുള്ള ജനവിധി വന്നപ്പോൾ ഭാരതീയ ജനത പാർട്ടിയുടെ വിപണിമൂല്ല്യം കുത്തനെ മുകളിലേക്കുയർന്നു. ഹിന്ദി ഹൃദയഭൂമിയിൽ ബി.ജെ.പിയുടെ അസ്തിവാരം എത്രമാത്രം ശക്തമാണെന്ന് സംശയരഹിതമായാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ പറഞ്ഞത്. രാജസ്ഥാനും ഛത്തിസ്ഗഢും കോൺഗ്രസിന്റെ കയ്യിൽനിന്നു പിടിച്ചെടുക്കുകയും മദ്ധ്യപ്രദേശിൽ വലിയ ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തുകയും ചെയ്തു. രാജസ്ഥാനിൽ ബി.ജെ.പിയുടെ മുന്നേറ്റം മിക്കവാറും എല്ലാ എക്സിറ്റ്‌പോളുകളും പ്രവചിച്ചിരുന്നു. മദ്ധ്യപ്രദേശും ഛത്തിസ്ഗഢും കോൺഗ്രസിനെ ശരിക്കും ഞെട്ടിച്ചു.
ഇടക്കാലത്ത് ചെറിയൊരു ഇടവേള ഒഴിച്ചു നിർത്തിയാൽ 18 വർഷത്തോളം ഭരണത്തിലുണ്ടായിട്ടും മദ്ധ്യപ്രദേശിൽ ബി.ജെ.പി. ഭരണം നിലനിർത്തുന്നുവെന്നത് ചെറിയ കാര്യമായിരുന്നില്ല. ഛത്തിസ്ഗഢിൽ ബി.ജെ.പി. കാട്ടിയത് ശരിക്കും ഒരു അട്ടിമറിയാണ്. കോൺഗ്രസിന്റെ ജനകീയ മുഖ്ര്യമന്ത്രി എന്ന ലേബലിൽ അറിയപ്പെട്ടിരുന്ന ഭൂപേഷ് ബഘേലിന് ഭരണം നിലനിർത്താനായില്ല എന്നത് കോൺഗ്രസിന്റെ സകല കണക്കുകൂട്ടലുകളും തെറ്റിച്ചു. ഈ മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസിന് വോട്ട് ഷെയർ കുറഞ്ഞിട്ടില്ലെന്നത് ഒരു വസ്തുതയാണ്. പക്ഷേ, തിരഞ്ഞെടുപ്പിൽ വിജയം തന്നെയാണ് പ്രധാനം. ഹിന്ദി ഹൃദയഭൂമിയിൽ (ബിഹാറിലും യു.പിയിലും കോൺഗ്രസിന്റെ അതിജീവനം ഇതര പ്രതിപക്ഷ പാർട്ടികളുടെ കാരുണ്യത്തിലാണ്) അധികാരം പിടിക്കാനാവുന്നില്ലെന്നത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയ ആത്മപരിശോധന ആവശ്യപ്പെടുന്ന യാഥാർത്ഥ്യമാണ്. കാരണം ബി.ജെ.പിയുടെ ഈ കോട്ടയാണ് ഇന്ദ്രപ്രസ്ഥത്തിലെ ആ വലിയ അധികാര കേന്ദ്രത്തിലേക്കുള്ള സുപ്രധാന താക്കോൽ.
ഈ കോളം ചർച്ച ചെയ്യുന്നത് കോൺഗ്രസിന്റെ പരാജയമല്ല. മറിച്ച് വിജയങ്ങളിൽ ആറാടി നിൽക്കുന്ന ബി.ജെ.പിക്ക് ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റമാണ്. 1953 ജൂൺ 23-ന് ജമ്മു കാശ്മീരിലെ ജയിലിൽ മരിക്കുമ്പോൾ ശ്യാമപ്രസാദ് മുഖർജിക്ക് 52 വയസ്സായിരുന്നു. ഭാരതീയ ജനസംഘം സ്ഥാപിച്ചിട്ട് അപ്പോൾ രണ്ട് കൊല്ലം തികഞ്ഞിട്ടുണ്ടായിരുന്നില്ല. നെഹ്രു മന്ത്രിസഭയിൽനിന്നു രാജിവെച്ചിട്ടാണ് ശ്യാമപ്രസാദ് മുഖർജി ജനസംഘത്തിന് രൂപം നൽകിയത്. സംഘത്തിന്റെ ആദ്യനാളുകളിൽ മുഖർജിക്കൊപ്പം ഒട്ടേറെ യാത്രകൾ നടത്തിയിട്ടുള്ള അടൽ ബിഹാരി വാജ്പേയി അദ്ദേഹത്തിന്റെ ലാളിത്യം പല കുറിപ്പുകളിലും വരച്ചിടുന്നുണ്ട്. മാറ്റിയുടുക്കാനുള്ള ഒരു ജോഡി വസ്ത്രങ്ങളും ഒന്ന് രണ്ട് പുസ്തകങ്ങളും മാത്രമേ മുഖർജിയുടെ ചെറിയ പെട്ടിയിൽ ഉണ്ടാകുമായിരുന്നുള്ളു എന്ന് വാജ്പേയി ഓർമ്മിക്കുന്നുണ്ട്. ജനസംഘം വളരുന്നതും ബി.ജെ.പി. എന്ന പുതുരൂപത്തിൽ ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്നതും കാണാൻ മുഖർജിക്കായില്ല. 1952-ലെ പൊതു തിരഞ്ഞെടുപ്പിൽ ജനസംഘത്തിന് മൂന്ന് സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്. മുഖർജി മത്സരിച്ച ദക്ഷിണ കൊൽക്കത്തയായിരുന്നു അതിലൊന്ന്.
ഗാന്ധിവധത്തിന്റെ നിഴലിലായിരുന്ന ഹിന്ദു മഹാസഭയിൽനിന്ന് രാജി വെച്ചാണ് മുഖർജി ജനസംഘം സ്ഥാപിച്ചത്. ആർ.എസ്.എസ്. തലവൻ ഗോൾവാൾക്കറിന് തുടക്കത്തിൽ പുതിയൊരു രാഷ്ട്രീയ പാർട്ടിയോട് വലിയ താൽപര്യമുണ്ടായിരുന്നില്ല. പക്ഷേ, ഓരോ സംസ്ഥാനത്തും ആർ.എസ്.എസിൽനിന്ന് രണ്ടു പേരെ വീതം ജനസംഘത്തിന്റെ പ്രവർത്തനങ്ങൾക്കായി വിട്ടു നൽകാമെന്ന് മുഖർജിക്ക് ഗോൾവാൾക്കർ വാക്ക് നൽകി. മുഖർജിയുടെ അകാലമരണം ജനസംഘത്തിനേൽപിച്ച ആഘാതത്തെക്കുറിച്ച് വാജ്പേയി എഴുതുകയും പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്. 33-ാം വയസ്സിൽ കൊൽക്കത്ത സർവ്വകലാശാല വൈസ് ചാൻസലറായിരുന്ന മുഖർജിയുടെ വ്യക്തിപ്രഭാവമുള്ള മറ്റൊരു നേതാവ് അന്ന് ജനസംഘത്തിലുണ്ടായിരുന്നില്ല.
കോൺഗ്രസിന്റെ കോട്ടയിൽപോലും ജനക്കൂട്ടത്തെ ആകർഷിക്കാൻ മുഖർജിക്കാവുമായിരുന്നു. 1951-ൽ നെഹ്രു സർക്കാർ ഭരണഘടനയുടെ ആദ്യ ഭേദഗതി (സംസാര സ്വാതന്ത്ര്യമുൾപ്പെടെയുള്ള ചില മൗലികാവകാശങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിനായിരുന്നു ഭേദഗതി) പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ നെഹ്രുവിന്റെ വാദഗതികൾക്കെതിരെ ഏറ്റവും ശക്തമായ നിലപാടെടുത്തവരിൽ ഒരാൾ മുഖർജിയായിരുന്നു. താൻ കേട്ടിട്ടുള്ളതിൽ ഏ്റ്റവും ഗംഭീരമായ പ്രസംഗങ്ങളിലൊന്ന് എന്നാണ് പ്രമുഖ പാർലമെന്റേറിയൻ എൻ.ജി. രംഗ മുഖർജിയുടെ പ്രസംഗത്തെ വിശേഷിപ്പിച്ചത്.
ദീൻദയാൽ ഉപാധ്യായയും ബൽരാജ് മധോക്കും നാനാജി ദേശ്മുഖുമൊക്കെ ഉണ്ടായിരുന്നെങ്കിലും ജനസംഘത്തിന്റെ പിന്നീടുള്ള ഏറ്റവും ശ്രദ്ധേയമായ ജനകീയ മുഖം വാജ്പേയി തന്നെയായിരുന്നു. 1980-ൽ ജനസംഘം ബി.ജെ.പിയായി പരിണമിച്ചപ്പോൾ അതിന്റെ സുപ്രധാന നേതാക്കൾ വാജ്പേയിയും അദ്വാനിയുമായിരുന്നു. 1996-ലും 98-ലും 99-ലും ബി.ജെ.പിക്ക് ഇന്ത്യയെ നയിക്കാൻ അവസരം കിട്ടിയപ്പോൾ പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി വാജ്പേയി ആയതിൽ ആർക്കും തന്നെ അത്ഭുതമുണ്ടായിരുന്നില്ല. മുഖർജിയും വാജ്പേയിയും തലയെടുപ്പുള്ള നേതാക്കളായിരുന്നു. നാവിൽ സരസ്വതിയുള്ളയാൾ എന്നാണ് ജയപ്രകാശ് നാരായൺ വാജ്പേയിയെ വിശേഷിപ്പിച്ചത്. 1977-ലെ തിരഞ്ഞെടുപ്പിൽ ജയപ്രകാശ് നാരായൺ കഴിഞ്ഞാൽ ഏറ്റവുമധികം ആളുകൾ തടിച്ചുകൂടിയിരുന്നത് വാജ്പേയിയുടെ പ്രസംഗം കേൾക്കാനായിരുന്നു. ഏതു വിഷയവും അമ്മാനമാടാൻ കഴിഞ്ഞിരുന്ന ജഗ്ജീവൻ റാമിനു പോലും വാജ്പേയിയുടെ വാഗ്ധോരണിയെ മറികടക്കാൻ കഴിഞ്ഞിരുന്നില്ല. നരേന്ദ്ര മോദിയുടെ പ്രഭാഷണ മികവിനെ വാഴ്ത്തുന്ന ബി.ജെ.പി. നേതാക്കൾ പോലും സ്വകാര്യമായി മാർക്കിട്ടാൽ വാജ്പേയിക്കായിരിക്കും ഒന്നാം സ്ഥാനം.
ഏറ്റവും വലിയ പാർട്ടി

ശ്യാമപ്രസാദ് മുഖർജിയും അടൽ ബിഹാരി വാജ്പേയിയും ജീവിച്ചിരിപ്പില്ല. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്ന പാർട്ടിയായി ബി.ജെ.പി. മാറിക്കഴിഞ്ഞു. ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ മുഖർജിയും വാജ്പേയിയും ഒരിക്കൽപോലും വിഭാവനം ചെയ്തിട്ടില്ലാത്ത തലങ്ങളിലാണ് ബി.ജെ.പി. ഇന്ന് വിഹരിക്കുന്നത്. 43 വയസ്സിലെത്തി നിൽക്കുന്ന ബി.ജെ.പി. ലോകത്തെ തന്നെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയാണെന്നാണ് നേതാക്കൾ അവകാശപ്പെടുന്നത്. മൂന്ന് വർഷം മുമ്പ് പാർട്ടി പ്രസിഡന്റ് ജെ.പി. നഡ്ഡ പറഞ്ഞത് ബി.ജെ.പി. അംഗങ്ങളുടെ എണ്ണം 18 കോടി കടന്നെന്നാണ്. ലോകത്ത് ഏഴ് രാജ്യങ്ങളിൽ മാത്രമേ ഇതിൽ കൂടുതൽ ജനങ്ങളുള്ളൂ എന്നും നഡ്ഡ പറഞ്ഞു.
പാർട്ടിയുടെ ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടം 1984-ലായിരുന്നു. അന്ന് 7.74% വോട്ടും വെറും രണ്ട് സീറ്റുമായിരുന്നു ബി.ജെ.പിയുടെ ബാക്കിപത്രം. അവിടെനിന്നാണ് 303 സീറ്റും 37.36% വോട്ടും എന്ന നിലയിലേക്ക് ബി.ജെ.പി. വളർന്നത്. ചരിത്രകാരനായ ആർനോൾഡ് ടോയൻബി നിരീക്ഷിച്ചതുപോലെ 'Absorb, Assimilate, Annihilate'( ഉൾക്കൊള്ളുക, സ്വാംശീകരിക്കുക, ഉന്മൂലനം ചെയ്യുക) എന്ന തന്ത്രമാണ് ഈ വളർച്ചയിൽ ആർ.എസ്.എസും ബി.ജെ.പിയും ആധാരമാക്കിയ മൂലമന്ത്രം.
വേദങ്ങളെയും ദൈവങ്ങളെയും തള്ളിപ്പറഞ്ഞ ബുദ്ധനെയും സൈദ്ധാന്തികമായും പ്രായോഗികമായും എതിർചേരിയിലായിരുന്ന അംബദ്കറെയും തങ്ങളുടെ പ്രസ്ഥാനത്തെ നിരോധിച്ച സർദാർ പട്ടേലിനെയും എന്തിന് ഹിന്ദുത്വയുടെ അടിസ്ഥാനശിലകൾക്കെതിരെ പൊരുതിയ ഗാന്ധിജിയേയും ഏറ്റെടുക്കാൻ സംഘപരിവാറിന് ഒരു മടിയുമുണ്ടായില്ല. പട്ടേലിന് ആദ്യം പ്രതിമ തീർക്കുന്നതും പിന്നീട് അദ്ദേഹത്തിന്റെ പേരിലുള്ള സ്റ്റേഡിയത്തിന് മോദിയുടെ പേര് നൽകുന്നതും ഈ വഴിക്കുള്ള സഞ്ചാരമാണ്. ഗാന്ധിയൻ സോഷ്യലിസമാണ് തങ്ങളുടെ വഴി എന്ന് പറഞ്ഞുകൊണ്ടാണ് ഇന്ത്യൻ രാഷ്ട്രീയ മണ്ഡലത്തിൽ വേരുകളാഴ്ത്താനുള്ള ശ്രമം ബി.ജെ.പി. തുടങ്ങിയത്. അധികാരം കിട്ടിയതോടെ ഗാന്ധിയൻ സോഷ്യലിസം പെരുവഴിയിലായി. 1990-കളിൽ നരസിംഹ റാവുവും കൂട്ടരും കൊണ്ടുവന്ന നവ ഉദാരവത്കരണ സാമ്പത്തിക നയങ്ങളുടെ കടുത്ത വിമർശകരായിരുന്നു ബി.ജെ.പി. എന്നാൽ, ഇപ്പോൾ റാവു തിരിച്ചുവന്നാൽ ബി.ജെ.പിയുടെ സാമ്പത്തിക നയങ്ങൾ കണ്ട് അന്തം വിടും.
ബി.ജെ.പിയുടെ വളർച്ചയിൽ നിസ്തുലവും നിർണ്ണായകവുമായ പങ്ക് ആർ.എസ്.എസിനുണ്ടെന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. ആർ.എസ്.എസിന്റെ പിന്തുണയ്ക്കായി ശ്യാമപ്രസാദ് മുഖർജി നടത്തിയ ശ്രമങ്ങളോട് തുടക്കത്തിൽ വലിയ അനുകൂല മനോഭാവമൊന്നും പ്രകടിപ്പിപ്പിച്ചില്ലെങ്കിലും അധികാര രാഷ്ട്രീയത്തിന്റെ പ്രസക്തി അധികം വൈകാതെ തന്നെ ഗോൾവാൾക്കറും കൂട്ടരും തിരിച്ചറിഞ്ഞു. സവർക്കറുടെയും ഗോൾവാൾക്കറുടെയും ആശയാഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിന് ഇന്ദ്രപ്രസ്ഥത്തിലെ ആ വലിയ അധികാരകേന്ദ്രം എത്രമാത്രം സുപ്രധാനമാണെന്ന തിരിച്ചറിവിലായിരിക്കണം ആർ.എസ്.എസിലെ അംഗത്വം ഉപേക്ഷിച്ചാലേ ജനസംഘത്തിന് ജനത പാർട്ടിയിൽ ഇടമുണ്ടാവൂ എന്ന ജയപ്രകാശ് നാരായണന്റെ ആവശ്യം അംഗീകരിച്ചോളൂ എന്ന് വാജ്പേയിയോടും അദ്വാനിയോടും ബാലസാഹെബ് ദേവറസ് പറഞ്ഞത്. ഈ വാക്ക് പാലിക്കപ്പെടാതിരുന്നതാണ് പിന്നീട് ജനത പാർട്ടിയുടെ പിളർപ്പിന് കാരണമായതെന്നത് മറ്റൊരു കാര്യം.

വ്യക്തിയും പ്രസ്ഥാനവും
ആർ.എസ്.എസ്. എപ്പോഴും ആവർത്തിക്കുന്ന ഒരു കാര്യം സംഘം വ്യക്തിപൂജയ്ക്ക് എതിരെയാണെന്നതാണ്. സംഘത്തിനുള്ളിൽ കൃത്യമായ ഹയരാർക്കിയുണ്ട്. പക്ഷേ, ഒരു സർസംഘചാലകും അതിപ്പോൾ ഹെഡ്‌ഗെവാർ ആയാലും ഗോൾവാൾക്കർ ആയാലും മോഹൻ ഭാഗവത് ആയാലും സംഘത്തിന് അതീതമല്ലെന്നതാണ് കാലാകാലങ്ങളായി സംഘം മുന്നോട്ടുവെയ്ക്കുന്ന നിലപാട്. ജനസംഘത്തിന്റെയും ബി.ജെ.പിയുടെയും ഘടനയും സമാനസ്വഭാവമാണെന്ന് നിരീക്ഷണമുണ്ട്. ശ്യാമപ്രസാദ് മുഖർജിയും വാജ്പേയിയും ഒരിക്കലും പാർട്ടിയെ വെല്ലുന്ന നേതാക്കളായിട്ടില്ല എന്ന് ബി.ജെ.പിയിലെ മുതിർന്ന നേതാക്കൾ ഓർക്കുന്നുണ്ടാവും.
കോൺഗ്രസിൽ ഇന്ദിര ഗാന്ധിയാണ് പാർട്ടിയുടെ ആഭ്യന്തര ജനാധിപത്യം ശിഥിലമാക്കിയത്. ജനാധിപത്യത്തിൽ സീസർമാർ പാടില്ലെന്ന് പറഞ്ഞയാളാണ് ജവഹർലാൽ നെഹ്രു. സർദാർ പട്ടേൽ 1950-ൽ മരിച്ചപ്പോൾ സ്വതന്ത്ര ഇന്ത്യ കണ്ട ആദ്യ ഏകാധിപതിയാവാനുള്ള പരിസരമുണ്ടായിരുന്നെങ്കിലും നെഹ്രു ആ വഴിക്ക് നീങ്ങിയില്ലെന്ന് നീരജ ചൗധരി ഒരു ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. കോൺഗ്രസിനുള്ളിൽ നെഹ്രുവിന്റെ കാലത്ത് ഉൾപാർട്ടി ജനാധിപത്യം സ്പന്ദിക്കുന്ന സാന്നിദ്ധ്യമായിരുന്നു. മരുമകനും യുവ കോൺഗ്രസ് നേതാവുമായിരുന്ന ഫിറോസ് ഗാന്ധിയായിരുന്നു നെഹ്രുവിന്റെ ഏറ്റവും വലിയ വിമർശകരിലൊരാൾ. രാജാജിയെപ്പോലുള്ളവർ പ്രതിഭ കൊണ്ടും നേതൃശേഷി കൊണ്ടും നെഹ്രുവിന് താഴെയായിരുന്നില്ല. കോൺഗ്രസ് വിട്ടുപോകുന്നതിന് മുമ്പ് നെഹ്രു വിമർശം ഒരു സപര്യപോലെയാണ് രാജാജി കൊണ്ടുനടന്നത്.
1962-ൽ ചൈനയുമായുള്ള യുദ്ധത്തിൽ ഇന്ത്യയുടെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് വി.കെ. കൃഷ്ണമേനോൻ രാജിവെയ്ക്കണമെന്ന് പരസ്യമായി ആവശ്യപ്പെടാൻ കോൺഗ്രസ് നേതാക്കൾക്ക് മടിയുണ്ടായിരുന്നില്ല. കൃഷ്ണമേനോൻ പോകുന്നില്ലെങ്കിൽ നെഹ്രു പോകേണ്ടി വരുമെന്നാണ് നെഹ്രുവിന്റെ മുഖത്ത് നോക്കി എം.പിയായ മഹാവീർ ത്യാഗി പറഞ്ഞത്. പുൽവാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് അന്നത്തെ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് രാജിവെയ്ക്കണമെന്നാവശ്യപ്പെടാൻ ബി.ജെ.പിയിൽ ഒരു എം.പി. പോലും ഉണ്ടായിരുന്നില്ലെന്ന് മറക്കരുത്.

ഇന്ദിരയുടെ കോൺഗ്രസ്
നെഹ്രുവിന്റെ മകൾ ഇന്ദിര ഗാന്ധി പക്ഷേ, പിതാവിന്റെ വഴിയിൽനിന്നു മാറിനടന്നു. ആ അപഭ്രംശത്തിന്റെ ആത്യന്തിക ഫലമായിരുന്നു അടിയന്തരാവസ്ഥ. മോദിക്ക് മുമ്പ് ഇന്ത്യ കണ്ട അധികാര സ്വരൂപമായിരുന്നു ഇന്ദിര ഗാന്ധി. അധികാരം കൈവിട്ടുപോവുമെന്ന പേടിയിലാണ് 1975 ജൂൺ 25-ന് ഇന്ദിര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇന്ത്യൻ ഭരണഘടനയുടെ ശവമടക്കമാണ് ഇന്ദിര അന്ന് നടത്തിയത്. ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങൾ അടിയന്തരാവസ്ഥയിൽ നിലനിൽക്കില്ലെന്ന വിധിയോടെ സുപ്രീം കോടതി ഈ ജനാധിപത്യ ധ്വംസനത്തിന് കൂട്ടുനിന്നു. പ്രധാനപ്പെട്ട ഭരണഘടന സ്ഥാപനങ്ങളെല്ലാം തന്നെ അന്ന് ഇന്ദിരയ്ക്ക് മുന്നിൽ വിനീതവിധേയരായി കൂറ് പ്രഖ്യാപിച്ചു.
അരക്ഷിതാവസ്ഥയുടെ വലിയൊരു നിഴൽ എന്നും ഇന്ദിരയ്ക്കൊപ്പമുണ്ടായിരുന്നു. ഇന്ത്യയിലെ ഏറ്റവും പ്രമുഖമായ കുടുംബത്തിലാണ് ജനിച്ചുവീണതെങ്കിലും അമ്മയും അമ്മായിമാരും തമ്മിലുള്ള സംഘർഷങ്ങളാണ് ഇന്ദിരയുടെ ബാല്യം നിർണ്ണയിച്ചത്. അമ്മ കമല അലഹബാദിലെ ആനന്ദഭവനിൽ അനുഭവിച്ച ഒറ്റപ്പെടൽ ഇന്ദിരയെ ജിവിതത്തിലുടനീളം പിന്തുടർന്നു. കാമരാജിന്റെ നേതൃത്വത്തിലുള്ള സിൻഡിക്കറ്റിനോടുള്ള ഏറ്റുമുട്ടൽ, ഫിറോസുമായുള്ള അടുപ്പവും അകൽച്ചയും ഒക്കെത്തന്നെ ഇന്ദിരയെ സദാ അസ്ഥിരയും സന്ദേഹിയുമാക്കി. ഈ ജീവിതപരിസരത്തിലാണ് ഇന്ദിര അടിയന്തരാവസ്ഥയിലേക്ക് തിരിഞ്ഞത്. അടിയന്തരാവസ്ഥയ്ക്കെതിരെ വിധി എഴുതിക്കൊണ്ട് 1977-ൽ ഇന്ത്യൻ ജനത ഇന്ദിര ഭരണകൂടം കുഴിച്ചുമൂടാൻ ശ്രമിച്ച ഭരണഘടന വീണ്ടെടുക്കുകയും ചെയ്തു.
അധികാര കേന്ദ്രീകരണത്തിനുള്ള ഇന്ദിരയുടെ ഉദ്യമം കോൺഗ്രസ് എന്ന രാഷ്ട്രീയ പാർട്ടിയെ വല്ലാതെ ദുർബ്ബലമാക്കി. ഇന്ദിരയാണ് ഇന്ത്യയെന്നും ഇന്ത്യ ഇന്ദിരയാണെന്നും പ്രഖ്യാപിച്ച കോൺഗ്രസ് പ്രസിഡന്റായിരുന്നു ഡി.കെ. ബറുവ. കോൺഗ്രസിന്റെ ശക്തരായ പ്രാദേശിക നേതാക്കളെ എല്ലാവരേയും ഒന്നടങ്കം വെട്ടിനിരത്തിയാണ് ഇന്ദിര കുടുംബാധിപത്യം കൊണ്ടുവന്നത്. കാമരാജും അതുല്യഘോഷും നിജലിംഗപ്പയും എസ്.കെ. പാട്ടീലുമൊക്കെ ഇന്തിരയുടെ ക്രോധത്തിനരയായി. ഇന്ത്യയിലൊരിടത്തും കോൺഗ്രസിന്റെ പ്രാദേശിക നേതൃത്വം നെഹ്രു കുടുംബത്തിനെയും മറികടന്ന് വളരുന്നില്ലെന്ന് ഇന്ദിര ഉറപ്പ് വരുത്തി. ഇന്നിപ്പോൾ സംഘടനാ തലത്തിൽ കോൺഗ്രസ് നേരിടുന്ന വലിയ പ്രതിസന്ധിയുടെ വേരുകൾ ഇന്ദിരയുടെ കാലഘട്ടത്തിലേക്കാണ് നീണ്ടുപോകുന്നത്. പക്ഷേ, മോദി അനുഭവിക്കുന്ന അപ്രമാദിത്വം ഇന്ദിരയ്ക്കും ലഭിച്ചിരുന്നില്ല.
അടിയന്തരാവസ്ഥയിലും ഇന്ദിരയെ ധിക്കരിക്കാൻ കോൺഗ്രസിൽ ആളുണ്ടായിരുന്നു. ഇന്ദിരയുടെ വിശ്വസ്തരായിരുന്ന ചന്ദ്രശേഖറും മോഹൻ ധാരിയയും അടങ്ങുന്ന യുവതുർക്കികൾ ഇന്ദിരയുടെ ഏകാധിപത്യ പ്രവണതയ്ക്കെതിരെ ഉറച്ച നിലപാടെടുത്തു. നിർണ്ണായകഘട്ടത്തിൽ ഇന്ദിരയ്ക്കെതിരെ നീങ്ങിയ ജഗ്ജീവൻ റാമിനെയും ബഹുഗുണയേയും ഈ ഘട്ടത്തിൽ ഓർക്കേണ്ടതുണ്ട്. പാർട്ടിക്കുള്ളിൽ ആഭ്യന്തര ജനാധിപത്യം തകർത്തെങ്കിലും പാർട്ടിയുടെ മതേതര സ്വഭാവവും ബഹുസ്വരതയും തകർക്കാൻ ഇന്ദിര ശ്രമിച്ചില്ലെന്നതും ഓർക്കണ്ടതായുണ്ട്.

അശോക് ഗെഹ്ലോത്തും ശശി തരൂരും
1991-ൽ രാജീവ് ഗാന്ധിയുടെ ദാരുണമായ കൊലപാതകം ഏൽപിച്ച ആഘാതത്തിൽനിന്നു കോൺഗ്രസ് തിരിച്ചുവന്നത് നരസിംഹ റാവു എന്ന അനിതരസാധാരണനായ നേതാവിലൂടെയാണ്. നെഹ്രു കുടുംബത്തിന്റെ അധീശത്വത്തിൽനിന്നു കുറച്ചുകാലത്തേക്ക് കോൺഗ്രസ് മോചിതമായെങ്കിൽ അതിന്റെ ഉത്തരവാദി റാവുവാണ്. പക്ഷേ, ബാബറി മസ്ജിദ് തകർക്കപ്പെട്ടത് റാവുവിന്റെ രാഷ്ട്രീയ അതിജീവനം അസാദ്ധ്യമാക്കി. സോണിയ ഗാന്ധി പാർട്ടി നേതൃത്വത്തിലേക്ക് വന്നതോടെ കോൺഗ്രസ് വീണ്ടും നെഹ്രു കുടുംബത്തിന്റെ വരുതിയിലാവുകയും ചെയ്തു. ഇന്നിപ്പോൾ പക്ഷേ, നെഹ്രു കുടുംബത്തിന് പാർട്ടിക്ക് മേലുള്ള പിടി ഒന്നയഞ്ഞിട്ടുണ്ട്. പാർട്ടിയിൽ രണ്ടാം നിര നേതാക്കളെ ഉയർത്തിക്കൊണ്ടുവരാനുള്ള രാഹുൽ ഗാന്ധിയുടെ ശ്രമം കണ്ടില്ലെന്ന് നടിക്കാനാവില്ല. രാജസ്ഥാനിൽ സച്ചിൻ പൈലറ്റിനെയും മദ്ധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യയേയും ഭരണകൂടത്തിന്റെ അമരത്തേക്ക് കൊണ്ടുവരാനുള്ള രാഹുലിന്റെ ശ്രമം വിജയിച്ചിരുന്നെങ്കിൽ ചിലപ്പോൾ ഇത്തവണ ഇരു സംസ്ഥാനങ്ങളും കോൺഗ്രസിനൊപ്പം തന്നെ നിലയുറപ്പിക്കുമായിരുന്നു.
കർണാടകത്തിൽ സിദ്ധരാമയ്യയും ശിവകുമാറും തെലങ്കാനയിൽ രേവന്ത് റെഡ്ഡിയും കേരളത്തിൽ വി.ഡി. സതീശനും പാർട്ടിയുടെ മുൻനിരയിലേക്ക് വന്നതിൽ രാഹുലിന്റെ ഇടപെടൽ നിർണ്ണായകമായിരുന്നു. ഉൾപാർട്ടി ജനാധിപത്യത്തിന്റെ കാര്യത്തിൽ കോൺഗ്രസ് ഉദാത്ത മാതൃകയാണെന്നല്ല ഇതിന്റെ അർത്ഥം. പക്ഷേ, ശശി തരൂരിനെപ്പോലൊരാൾ പാർട്ടി നേതൃത്വത്തെ ധിക്കരിച്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിട്ടും പാർട്ടിയുടെ പ്രവർത്തക സമിതിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടുവെന്നത് ചെറിയ കാര്യമല്ല. പാർട്ടി പ്രസിഡന്റാവണമെന്ന ഹൈക്കമാന്റിന്റെ നിർദ്ദേശം അവഗണിച്ചിട്ടും അശോക് ഗെഹ്‌ലോത്തിന് രാജസ്ഥാൻ മുഖ്യമന്ത്രിയായി തുടരാനായി എന്നതും ഇതോട് ചേർത്ത് വായിക്കണം.
ഇതല്ല ബി.ജെ.പിയുടെ അവസ്ഥ. സമസ്ത അധികാരവും കയ്യടക്കിവെച്ചിരിക്കുന്ന ഒരൊറ്റ നേതാവിന് മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കേണ്ടിവരുന്ന ഗതികേടിലാണ് ബി.ജെ.പി. കർണാടകത്തിലായാലും ഗുജറാത്തിലായാലും രാജസ്ഥാനിലായാലും മദ്ധ്യപ്രദേശിലായാലും ബി.ജെ.പിക്ക് ഒരൊറ്റ നേതാവേയുള്ളു. എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുന്നത് നരേന്ദ്ര മോദിയാണ്. എന്തിനും എവിടെയും ഗ്യാരന്റി നിൽക്കുന്നത് മോദിയാണ്. താൻ തന്നെയായിരിക്കും അടുത്ത തവണയും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന് സങ്കോചമേതുമില്ലാതെ ചെങ്കോട്ടയിൽനിന്ന് രാജ്യത്തോട് പറയാനാവുന്ന അവസ്ഥയിലേക്ക് വളർന്നു കഴിഞ്ഞ നേതാവ്. മോദിയുടെ ഈ വളർച്ച ബി.ജെ.പി. എന്ന രാഷ്ട്രീയ പാർട്ടിയെ എങ്ങിനെയാണ് ബാധിക്കുന്നതെന്നതാണ് രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ വെളിച്ചത്തിൽ പരിശോധിക്കേണ്ടത്.

ദക്ഷിണേന്ത്യയുടെ രാഷ്ട്രീയം
30 നിയമസഭ സീറ്റുകൾ മാത്രമുള്ള പുതുച്ചേരി ഒഴിച്ചുനിർത്തിയാൽ തെക്കേ ഇന്ത്യയിൽ ഒരിടത്തും ബി.ജെ.പിക്ക് നിലവിൽ ഭരണമില്ല. കർണാടകത്തിലും ആന്ധ്രയിലും തെലങ്കാനയിലും തമിഴ്നാട്ടിലും കേരളത്തിലും ബി.ജെ.പി. അധികാരത്തിന് പുറത്താണെന്നത് അഖിലേന്ത്യാതലത്തിൽ ഏറ്റവും വലിയ പാർട്ടിയെന്നഭിമാനിക്കുന്ന ഒരു പ്രസ്ഥാനം ആഴത്തിൽ പരിശോധിക്കേണ്ടതുണ്ട്. ഹിന്ദി സംസാരിക്കുന്ന ഒരു വടക്കേ ഇന്ത്യൻ പാർട്ടിയാണെന്ന പ്രതിച്ഛായയാണ് ദക്ഷിണേന്ത്യയിൽ പൊതുവെ ബി.ജെ.പിക്കുള്ളത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഹിന്ദിയുമായി പൊക്കിൾക്കൊടി ബന്ധമില്ലെന്നതാണ് ബി.ജെ.പി. നേരിടുന്ന ഒരു പ്രതിസന്ധി.
ഈ സംസ്ഥാനങ്ങളിൽ ഒരിടത്തും ബി.ജെ.പിക്ക് വ്യക്തിപ്രഭാവമുള്ള പ്രാദേശിക നേതാക്കളില്ല. അണ്ണാമലൈയിലൂടെ തമിഴ്‌നാട്ടിൽ ഈ പേരായ്മ പരിഹരിക്കാൻ ബി.ജെ.പി. ശ്രമിക്കുന്നുണ്ടെങ്കിലും അതും ഒരിടത്തുമെത്തിയിട്ടില്ല. തെലങ്കാനയിൽ ഇത്തവണ സീറ്റുകളുടെ എണ്ണത്തിലും വോട്ട് ഷെയറിലും വർദ്ധനവുണ്ടായിട്ടുണ്ടെങ്കിലും സംസ്ഥാന രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിർണ്ണയിക്കാൻ കഴിയുന്ന പാർട്ടി എന്ന നിലയിലേക്ക് വളരണമെങ്കിൽ ബി.ജെ.പിക്ക് ഇനിയും കാതങ്ങൾ സഞ്ചരിക്കേണ്ടതായുണ്ട്.
2021-ലെ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പിക്ക് കയ്യിലുണ്ടായിരുന്ന ഒരു സീറ്റ് കൂടി നഷ്ടപ്പെടുന്ന കാഴ്ചയാണ് കണ്ടത്. തമിഴകത്ത് എ.ഐ.എ.ഡി.എം.കെ. സഖ്യത്തിൽ നാല് സീറ്റുകൾ നേടി. നിലവിൽ സഖ്യം തകർന്നതോടെ വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ നില ഒന്നുകൂടി പരുങ്ങലിലാണ്. ആന്ധ്രയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരിടത്തും അക്കൗണ്ട് തുറക്കാൻ ബി.ജെ.പിക്കായില്ല. പ്രധാനമന്ത്രി മോദിയുടെ വ്യക്തിപ്രഭാവത്തിനും ഹിന്ദുത്വയ്ക്കും ദക്ഷിണേന്ത്യയുടെ മനസ്സും ഭാവനയും പിടിച്ചെടുക്കാനായിട്ടില്ല. മോദിക്ക് പുറത്തേക്ക് ബി.ജെ.പി. വളരേണ്ടതുണ്ടെന്ന സന്ദേശമാണ് ദക്ഷിണേന്ത്യയിൽനിന്ന് ഉയരുന്നത്.

ന്യൂനപക്ഷങ്ങൾ പറയുന്നത്
ന്യൂനപക്ഷങ്ങളുടെ ജീവിതമാണ് ഒരു ജനാധിപത്യ സമൂഹത്തിന്റെ ഗ്രാഫ് നിർണ്ണയിക്കേണ്ടത്. ന്യൂനപക്ഷങ്ങളുടെ പ്രാതിനിധ്യമാണ് ജനാധിപത്യ വ്യവസ്ഥയിൽ ഭരണകൂടങ്ങളുടെയും രാഷ്ട്രീയ പാർട്ടികളുടെയും അളവുകോൽ. എണ്ണംകൊണ്ട് ഇന്ത്യയിൽ ഏറ്റവും വലിയ ന്യൂനപക്ഷ സമൂഹമാണ് മുസ്ലിങ്ങൾ. മൊത്തം ജനസംഖ്യയുടെ 14% വരുന്ന വിഭാഗം. ബി.ജെ.പി. വർഗ്ഗീയ സംഘടനയല്ലെന്നും ബി.ജെ.പിയിലുള്ള മുസ്ലിങ്ങളാണ് അതിനുള്ള മറുപടിയെന്നും ശ്യാമപ്രസാദ് മുഖർജിയും വാജ്പേയിയും ആവർത്തിച്ചു പറയുമായിരുന്നു. എന്നാൽ, 2014 മുതൽ ബി.ജെ.പിയും മുസ്ലിങ്ങളും തമ്മിലുള്ള സമവാക്യത്തിൽ കാതലായ മാറ്റമാണുണ്ടായിരിക്കുന്നത്. 2014-ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. മത്സരിച്ച 482 സീറ്റുകളിൽ ഏഴിടത്ത് മാത്രമാണ് മുസ്ലിം സ്ഥാനാർത്ഥികൾ ഉണ്ടായിരുന്നത്. ഇതിൽ തന്നെ മൂന്ന് സീറ്റുകൾ ജമ്മു കശ്മീരിലായിരുന്നു. 2014-ൽ 282 സീറ്റുകളിൽ വിജയിച്ചാണ് ബി.ജെ.പി. അധികാരത്തിലെത്തിയത്. പക്ഷേ, അവരിൽ ഒരാൾ പോലും മുസ്ലിമായിരുന്നില്ല. 303 സീറ്റുകളിൽ ബി.ജെ.പി. വെന്നിക്കൊടി നാട്ടിയ 2019-ലെ തിരഞ്ഞെടുപ്പിലും ലോക്‌സഭയിൽ ബി.ജെ.പിയുടെ ബഞ്ചുകളിൽ ഇരിക്കാൻ ഒരൊറ്റ മുസ്ലിം എം.പി. പോലം ഉണ്ടായിരുന്നില്ല.
2022 ആയപ്പോഴേക്കും രാജ്യസഭയിലും ബി.ജെ.പിക്ക് മുസ്ലിം പ്രതിനിധികൾ ഇല്ലാതായി. സ്വതന്ത്ര ഇന്ത്യ നിലവിൽ വന്നശേഷം ഇതാദ്യമായി മുസ്ലിം പ്രതിനിധി ഇല്ലാത്ത മന്ത്രിസഭയാണ് ഇപ്പോൾ കേന്ദ്രത്തിൽ ഉള്ളത്. 20% മുസ്ലിങ്ങളുള്ള ഉത്തർപ്രദേശിൽ ഒരു മുസ്ലിമിന് പോലും ബി.ജെ.പി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകിയില്ല. ഈ തിരഞ്ഞെടുപ്പ് 80 ശതമാനവും 20 ശതമാനവും തമ്മിലാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് യോഗി ആദിത്യനാഥ് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം അഴിച്ചുവിട്ടതെന്നതും ഓർക്കേണ്ടതുണ്ട്.
മണിപ്പുർ കലാപം ന്യൂനപക്ഷങ്ങൾക്കിടയിൽ സൃഷ്ടിച്ചിട്ടുള്ള ആശങ്കകളും ഇതോടൊപ്പം ചേർത്തുവെക്കേണ്ടതാണ്. രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടി ഒരു നിർണ്ണായക ജനസമൂഹത്തെ തമസ്‌കരിക്കുന്നുവെന്ന ആരോപണം ഉയരുമ്പോൾ ആ പാർട്ടിക്കുള്ളിൽ അതുമായി ബന്ധപ്പെട്ടുള്ള വിമർശങ്ങളും വിയോജിപ്പുകളും ഉയരുന്നില്ലെന്നത് ഇന്ത്യൻ ജനാധിപത്യം നേരിടുന്ന സുപ്രധാന വെല്ലുവിളകളിലൊന്നാവുന്നു.

രാഷ്ട്രീയവും ഭക്തിയും
മോദി ഇപ്പോൾ സഞ്ചരിക്കുന്ന വഴിയിലൂടെയാണ് നേരത്തെ ജയലളിത തമിഴകത്ത് സഞ്ചരിച്ചത്. 234 മണ്ഡലങ്ങളിലും താനാണ് മത്സരിക്കുന്നതെന്ന് ജയലളിത പറയുമായിരുന്നു. താൻപോരിമയുടെയും ഏകാധിപത്യത്തിന്റെയും ആൾരൂപമെന്നപോലെയാണ് ജയലളിത പ്രവർത്തിച്ചത്. താൻ രാജ്ഞിയും മറ്റുള്ളവർ പ്രജകളുമെന്ന കാഴ്ചപ്പാട്. ജയലളിത ജീവിച്ചിരുന്നപ്പോൾ എ.ഐ.എ.ഡി.എം.കെ. ഒരു മഹാവൃക്ഷം പോലെ ശക്തമായിരുന്നു. പക്ഷേ, അവരുടെ മരണത്തോടെ ആ വടവൃക്ഷത്തിന്റെ വീഴ്്ച പെട്ടെന്നായിരുന്നു. ഒരൊറ്റ നേതാവ്, ഒരൊറ്റ ശബ്ദം എന്നൊക്കെ ആവേശം കൊള്ളുന്ന എല്ലാ പാർട്ടികൾക്കും കാലവും ചരിത്രവും കാത്തുവെയ്ക്കുന്നത് ഇതാണ്. ബംഗാളിൽ ജ്യോതി ബസുവിന് ശേഷം സി.പി.എമ്മിന് സംഭവിച്ച തകർച്ച എങ്ങിനെയാണ് മറക്കാനാവുക. കേരളത്തിൽ ഇന്നിപ്പോൾ പിണറായി വിജയന് കീഴിൽ സി.പി.എമ്മും സമാനമായ വഴികളിലൂടെയാണ് സഞ്ചരിക്കുന്നതെന്ന വിമർശവും ഈ ഘട്ടത്തിൽ ഓർക്കുക തന്നെ വേണം.
മോദി എന്ന നേതാവിന് മുന്നിൽ എതിർപ്പുകളോ വിയോജിപ്പുകളോ ഇല്ലാത്ത ഒരു ഭക്തസമൂഹമായി ബി.ജെ.പി. പ്രവർത്തകർ മാറുന്ന കാഴ്ച ജനാധിപത്യത്തിന് ഒട്ടും തന്നെ ആഹ്ലാദകരമല്ല. രാജ്യത്തെ ഏറ്റവും വലിയ പാർട്ടി ജനാധിപത്യപരമായി ദുർബ്ബലമാവുന്നുവെന്നത് ആത്യന്തികമായി ബി.ജെ.പിയെ മാത്രമല്ല ഇന്ത്യൻ സമൂഹത്തെ ഒന്നാകെയാണ് ബാധിക്കുക. വാജ്പേയി മന്ത്രിസഭയിൽ വിയോജിപ്പിനും വിമർശങ്ങൾക്കുമുള്ള പരിസരങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ മോദിയുടെ മന്ത്രിസഭയിൽ വിരുദ്ധാഭിപ്രായങ്ങൾ ഉയരുന്നത് കാണാനാവുന്നില്ലെന്നുമാണ് പ്രമുഖ പത്രപ്രവർത്തകൻ അരുൺ ഷൂറി പറഞ്ഞത്. പൗരത്വ ഭേദഗതി നിയമം, ഡൽഹി കലാപം, കാർഷിക നിയമങ്ങൾ, കായികതാരങ്ങൾ ഡൽഹിയിൽ നടത്തിയ പ്രതിഷേധം, ബിൽക്കിസ് ബാനു കേസിലെ പ്രതികളുടെ ജയിൽ മോചനം എന്നീ വിഷയങ്ങളിലൊന്നും തന്നെ ബി.ജെ.പിക്കുള്ളിൽ ഒരു തരത്തിലുള്ള വിമത സ്വരങ്ങളും ഉയർന്നില്ലെന്നത് ജനാധിപത്യത്തിന്റെ വിശാലപാതകൾ ചുരുങ്ങുന്നതിന്റെ കൃത്യമായ സൂചനകളായിരുന്നു.
പറഞ്ഞുവന്നത് ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ബി.ജെ.പി. നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചാണ്. അണികൾ വിശ്വാസസമൂഹമായാൽ അത് പാർട്ടിയുടെ നാശത്തിന്റെ തുടക്കമാവുമെന്ന് പറഞ്ഞത് ബി.ആർ. അംബദ്കറാണ്. ''Bhakti in religion may be the road to the salvation of a soul. But in politics, bhakti, or hero worship, is a sure road to degradation and eventual dictatorship.''(മതത്തിൽ ഭക്തിയാവാം, പക്ഷേ, രാഷ്ട്രീയത്തിൽ ഭക്തി വന്നാൽ അത് അപചയത്തിലേക്കും ഏകാധിപത്യത്തിലേക്കുമുള്ള പാതയാവും.) 1949 നവംബറിൽ ഭരണഘടന അസംബ്ലിയിലെ അവസാന പ്രസംഗത്തിലാണ് അംബദ്കർ ഈ മുന്നറിയിപ്പ് നൽകിയത്. അംബദ്കറുടെ ഈ വാക്കുകളുടെ അന്തഃസത്ത ബി.ജെ.പി. നേതൃത്വം ഉൾക്കൊള്ളേണ്ട സമയമാണിത്. ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ബി.ജെ.പി. ആത്മപരിശോധനയ്ക്കും തിരുത്തലുകൾക്കും സ്വയം വിധേയമാകുന്നില്ലെങ്കിൽ ഇന്ത്യൻ റിപ്പബ്ലിക്കിനെ കാത്തിരിക്കുന്നത് അശാന്തിയും അസ്ഥിരതയുമായിരിക്കും.
വഴിയിൽ കേട്ടത്: ഇന്ത്യയിൽ മനുഷ്യാവകാശങ്ങളുടെ പൂക്കാലമെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. ഈ പൂക്കളിൽനിന്നുള്ള തേൻ കുടിച്ചാണ് ഫാ. സ്റ്റാൻ സ്വാമി സമാധിയായത്. തിഹാർ ജയിലിൽ ഈ പൂക്കളുടെ സുഗന്ധമാണ് ഉമർ ഖാലിദ് ശ്വസിക്കുന്നത്. ഈ പൂക്കാലം തന്നെയാവാം ഇന്നലെ പാർലമെന്റിൽ മഞ്ഞപ്പുകയായി വിരിഞ്ഞതും!
Content Highlights: Five State Election 2023, Narendra Modi, BJP, AB Vajpayee, Shyamaprasad Mukherjee, Vazhipokkan
Published: 14 Dec 2023, 03:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്ത്തകളോടു പ്രതികരിക്കുന്നവര് അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented