മൂന്നാർ- ഉദുമൽപേട്ട പാതയിൽ ഗതാഗതക്കുരുക്ക് തുടരുന്നു

To advertise here,

മറയൂർ : മൂന്നാർ- ഉദുമൽപേട്ട അന്തസ്സംസ്ഥാന പാതയിൽ അവധിദിവസങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി തുടരുന്നു. ഗുരുതരാവസ്ഥയിലായ രോഗികളുമായി പോകുന്ന ആംബുലൻസുകൾപോലും മണിക്കൂറുകളോളം കുരുക്കിൽപ്പെട്ട് കിടക്കേണ്ടിവരുന്നു.

കോയമ്പത്തൂർ, തിരുപ്പൂർ ജില്ലകളിൽനിന്ന്‌ മൂന്നാർ, മറയൂർ തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ഏക പാതയാണിത്. ലക്കം വെള്ളച്ചാട്ടം, ഇരവികുളം ദേശീയോദ്യാനത്തിന്റെ കവാടമായ രാജമല, മറയൂർ ഒൻപതാർ പാത എന്നിവിടങ്ങളിലാണ് ഗതാഗതക്കുരുക്ക് തുടർക്കഥയാകുന്നത്.

പാതയുടെ വീതി കുറഞ്ഞതും വലിയ കട്ടിങ്ങുകളും രാജമല, ലക്കം വെള്ളച്ചാട്ടം എന്നിവിടങ്ങളിലെ അനധികൃത പാർക്കിങ്ങും പാതയോരത്തെ പെട്ടിക്കടകളുമാണ് ഗതാഗതക്കുരുക്കിന് പ്രധാനകാരണമായി മാറുന്നത്. മൂന്നാർ മുതൽ ഒൻപതാർ വരെയുള്ള 74 കിലോമീറ്റർ പാത ബി.എം.ബി.സി. സംവിധാനത്തിലാണ് നവീകരിച്ചെതെങ്കിലും ഇരുവശങ്ങളിലുമുള്ള മണ്ണ് ഒലിച്ചുപോയതിനാൽ വലിയ കട്ടിങ്ങുകൾ രൂപം കൊണ്ടു.

എതിർവശത്ത് വരുന്ന വാഹനങ്ങൾ കട്ടിങ്ങുകളിൽ ഇറക്കാൻ തയ്യാറാകാത്തതിനാൽ, പാതയ്ക്ക് വീതിയില്ലാത്തതുമൂലം കുരുക്ക് ഉണ്ടാകുന്നു. പലപ്പോഴും ഇത് തർക്കങ്ങൾക്കും അടിപിടിയിലും കലാശിക്കുന്നു.

മറയൂർ മുതൽ ഒൻപതാർ വരെയുള്ള 34 കിലോമീറ്റർ പാത ചിന്നാർ വന്യജീവി സങ്കേതം, ആനമല കടുവ സങ്കേതം തുടങ്ങിയ വനമേഖലയിലൂടെയാണ് പോകുന്നത്.

പാത വീതികൂട്ടാൻ ഇരുസംസ്ഥാനങ്ങളിലെയും വനംവകുപ്പിന്റെ അനുവാദം ലഭിക്കാത്തതിനാൽ വലിയ ദുരിതമാണ് സഞ്ചാരികൾ അനുഭവിച്ചുവരുന്നത്.

അവധിദിവസങ്ങൾ എത്തിയാൽ മറയൂർ, കാന്തല്ലൂർ നിവാസികളുടെയും സഞ്ചാരികളുടെയും ദുരിതം പതിന്മടങ്ങായി വർധിക്കുന്നു. കഴിഞ്ഞ ദിവസം മറയൂരിൽനിന്ന്‌ ഉദുമൽപേട്ടയിലേക്ക് ഗുരുതരാവസ്ഥയിലായ രോഗിയുമായി പോയ ആംബുലൻസ് ചിന്നാറിൽ കുരുക്കിൽപ്പെട്ട് മണിക്കൂറുകൾ കിടക്കേണ്ടിവന്നു.

ഈ പാതയിലൂടെ സർവീസ് നടത്തുന്ന ബസ്സുകൾ കുരുക്കിൽപ്പെട്ട് മണിക്കൂറുകൾ വൈകിയാണ് ലക്ഷ്യസ്ഥാനത്തെത്തുന്നത്.

പാതയുടെ വീതി കൂട്ടുകയും രാജമല, ലക്കം വെള്ളച്ചാട്ടം എന്നിവിടങ്ങളിലെ പാർക്കിങ് സൗകര്യമൊരുക്കി പാതയോരത്ത് വാഹനങ്ങൾ ഇടുന്നത് നിർത്തലാക്കുകയും അനധികൃത പെട്ടിക്കടകൾ ഒഴിപ്പിക്കുകയും ചെയ്തെങ്കിൽ മാത്രമേ വാഹനഗതാഗതം സുഗമമാകൂ.