ഏലപ്പാറ-വാഗമൺ റോഡിൽ സഞ്ചാരികളുടെ നടുവൊടിക്കും കുഴികൾ

To advertise here,

ഏലപ്പാറ : വിനോദസഞ്ചാരകേന്ദ്രമായ വാഗമണ്ണിലേക്കുള്ള പ്രധാന പാത പൊട്ടിപ്പൊളിഞ്ഞനിലയിലാണ്. മലയാര ഹൈവേയിൽ ഏലപ്പാറയിൽനിന്നും വാഗമണ്ണിലേക്കുള്ള പാതയാണ് സഞ്ചാരികളെ കുഴയ്ക്കുന്നത്. ബോണാമി പാലം ഭാഗത്ത് ഒരു കിലോമീറ്ററോളം ദൂരത്തിലാണ് റോഡ് തകർന്നിരിക്കുന്നത്.

പാലത്തിൽ രൂപപ്പെട്ടിരിക്കുന്ന കുഴിക്ക് ആഴമേറെയാണ്. ഒപ്പം വെള്ളക്കെട്ടുമുണ്ട്. ഇരുചക്രവാഹനങ്ങൾ അടക്കം വാഹനങ്ങൾ ഈ കുഴിയിൽവീണ് അപകടത്തിൽ പെടാറുണ്ട്.

കുഴികൾ ഒഴിവാക്കി വാഹനമോടിക്കാൻ ശ്രമിക്കുന്നതാണ് അപകടങ്ങൾക്കിടയാക്കുന്നത്. ചെറുകാറുകളുടെ അടിവശം ഇടിച്ച് തകരാർ പറ്റുന്നതും പതിവാണ്.

വിദേശികളടക്കം ആയിരക്കണക്കിന് സഞ്ചാരികൾ ദിവസേന വാഗമണ്ണിലേക്ക് എത്തുന്നത് ഇതിലേയാണ്. തേയിലച്ചെടികൾക്ക് നടുവിലൂടെ കോടമഞ്ഞും മഴയും നിറഞ്ഞ പ്രദേശത്തെ ഇടുങ്ങിയ വഴിയിലൂടെയുള്ള യാത്ര ത്രസിപ്പിക്കുന്നതാണ്.

എന്നാൽ പ്രധാന ഇടങ്ങളിലെ റോഡിലെ ഗർത്തങ്ങൾ അപകടസാധ്യത വർധിപ്പിക്കുന്നു.

ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളെ ബന്ധിപ്പിച്ച് നടപ്പാക്കുന്ന തേക്കടി-മൂന്നാർ-വാഗമൺ ടൂറിസം സർക്യൂട്ടിലെ പ്രധാന കണ്ണിയായ റോഡ് സംസ്ഥാന പൊതുമരാമത്തു വകുപ്പിനു കീഴിലാണുള്ളത്. ഇരുചക്രവാഹനങ്ങളിലും ചെറുകാറുകളിലുമെത്തുന്നവർക്കാണ് റോഡിന്റെ അവസ്ഥ ദുരിതംനൽകുന്നത്.

പാതയിലെ വലിയ കുഴികളിൽ വീഴുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് ഇവിടെ സ്ഥിരംകാഴ്ചയാണ്.