പത്തനംതിട്ട : അധികാരികളുടെ നിരന്തരമായ അവഗണനയെത്തുടർന്ന്, കാൽനടയാത്രപോലും ദുഷ്കരമായിരുന്ന ചുരുളിക്കോട്- കൊട്ടതട്ടിമല റോഡ് (സി.കെ.റോഡ്) നാട്ടുകാർ ചേർന്ന് സഞ്ചാരയോഗ്യമാക്കി. ഒട്ടേറെ പരാതികളും നിവേദനങ്ങളും നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ തുടർന്നാണ് പൗരാവകാശ സംരക്ഷണ പ്രവർത്തകവേദി ജില്ലാപ്രസിഡന്റ് ഷാജി ജോർജിന്റെ നേതൃത്വത്തിൽ നാട്ടുകാർ അടിയന്തര അറ്റകുറ്റപ്പണികൾക്കായി രംഗത്തിറങ്ങിയത്.

To advertise here,

കോഴഞ്ചേരി- പത്തനംതിട്ട റോഡിൽനിന്ന്‌ ആരംഭിച്ച്, പത്തനംതിട്ട നഗരസഭയിലെ 32-ാംവാർഡിലൂടെയും ഇലന്തൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിലൂടെയും കടന്നുപോകുന്ന ഒന്നരക്കിലോമീറ്ററോളം ദൈർഘ്യമുള്ളതാണ് റോഡ്. 30 വർഷം മുമ്പ് നിർമിച്ച റോഡിൽ അന്ന് കോൺക്രീറ്റ് ചെയ്തതല്ലാതെ പിന്നീട് അറ്റകുറ്റപ്പണികൾ ഒന്നും നടന്നിട്ടില്ല. 15 വർഷം മുമ്പ് ഇറിഗേഷൻ വകുപ്പ് തോടിന് സംരക്ഷണഭിത്തി കെട്ടിയപ്പോൾ റോഡിന്റെ ഒരുഭാഗം നഷ്ടപ്പെടുകയും ചെയ്തിരുന്നു.

ഇതിനിടെ, ജൽജീവൻ മിഷന്റെ പൈപ്പിടുന്നതിനായി റോഡ് കുഴിച്ചത് നാട്ടുകാരുടെ ദുരിതം ഇരട്ടിയാക്കി. പ്രധാന റോഡിലൂടെ കൊണ്ടുപോകേണ്ട പൈപ്പ് ലൈൻ, ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം ഈ റോഡിലൂടെ ഏകദേശം 500 മീറ്ററോളം കുഴിച്ചിടുകയും പിന്നീട് അത് ശരിയായ രീതിയിൽ മൂടാതിരിക്കുകയും ചെയ്തതോടെ റോഡ് പൂർണമായും തകർന്നു. കോൺക്രീറ്റ് പൊട്ടിപ്പൊളിഞ്ഞ് അഗാധമായ ഗർത്തങ്ങൾ രൂപപ്പെട്ടു.

വാഹനങ്ങൾ തെന്നിമാറുകയും ചെളിയിൽ പുതയുകയും ചെയ്തതോടെയാണ് റോഡ് സഞ്ചാരയോഗ്യമാക്കാൻ നാട്ടുകാർ നേരിട്ടിറങ്ങിയത്. തറയോടുകളും പാറമക്കും ഉപയോഗിച്ച് കുഴികൾ അടച്ച് താത്‌കാലിക അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. ഇനിയെങ്കിലും അധികാരികൾ മൗനം വെടിഞ്ഞ് റോഡിന്റെ പുനരുദ്ധാരണം പൂർണമായി നടത്തണമെന്ന് പൗരാവകാശ സംരക്ഷണ പ്രവർത്തകവേദി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അറ്റകുറ്റപ്പണികൾക്ക് ജില്ലാപ്രസിഡന്റ് ഷാജി ജോർജിനൊപ്പം ജനറൽ സെക്രട്ടറി ജോസ് ജോർജ് വർഗീസ്, സോണി മാത്യു, ജിജോ ജി.ഡേവിഡ്, സാൻജോ ഫ്രാൻസിസ് എന്നിവരും നാട്ടുകാരും നേതൃത്വം നൽകി.