അടിമാലി : വർഷങ്ങളായി ഒന്നിച്ച് ജോലിചെയ്തിരുന്ന സഹപ്രവർത്തകർക്കൊപ്പം ഞായറാഴ്ച ഉച്ചയൂണ് കഴിക്കുമ്പോൾ ചില്ലിയമ്മയും വീരലക്ഷ്മിയും അറിഞ്ഞിരുന്നില്ല, അതായിരുന്നു അവരുടെ അവസാനത്തെ ഉച്ചയൂണെന്ന്. ഉച്ചഭക്ഷണത്തിനുശേഷം ഏലത്തോട്ടത്തിലെ വലിയ മരച്ചുവട്ടിൽ വിശ്രമിക്കുന്നതിനിടെയാണ് ഇരുവരുടെയും ദേഹത്തേക്ക് മരം മറിഞ്ഞുവീണത്. മാങ്കുളത്തുണ്ടായ അപകടത്തിൽ ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
15 സഹപ്രവർത്തകർക്കൊപ്പമാണ് ഇരുവരും ഉച്ചഭക്ഷണം കഴിച്ചത്. ഭക്ഷണത്തിനുശേഷം ജോലി പുനരാരംഭിക്കുന്നതിനുമുമ്പ് വിശ്രമിക്കുകയായിരുന്നു ഇവർ. അപകടസമയത്ത് ശക്തമായ മഴയുണ്ടായിരുന്നില്ലെങ്കിലും കാറ്റ് ശക്തമായിരുന്നുവെന്നാണ് വിവരം. 100 ഇഞ്ചിലധികം വലുപ്പമുള്ള വലിയ മരമാണ് തൊഴിലാളികളുടെ ദേഹത്തേക്കുവീണത്.
അപകടം നടന്നെങ്കിലും വിവരം പുറംലോകത്തെത്താൻ വൈകി. ആംബുലൻസും പോലീസും സ്ഥലത്തെത്താൻ ഒരു മണിക്കൂറോളം വേണ്ടിവന്നു. വാഹനമെത്തുന്ന വഴിയിലേക്ക് മൃതദേഹങ്ങൾ എത്തിക്കുന്നതിനായി സഹപ്രവർത്തകർ തുണികൊണ്ട് പ്രത്യേക മഞ്ചൽ ഒരുക്കി ചുമന്നുകൊണ്ടുപോയി.
അപകടത്തിനുശേഷം ചില്ലിയമ്മയുടെ ഭർത്താവ് പെത്തണ്ണൻ അരമണിക്കൂറോളം ഭാര്യയുടെ മൃതദേഹത്തിനരികിൽ കാവലിരുന്നുവെന്നാണ് വിവരം. സമീപത്തുതന്നെ വീരലക്ഷ്മിയുടെ മൃതദേഹവും കിടന്നിരുന്നു.
ദാരിദ്ര്യത്തോടും പ്രതികൂല ജീവിതസാഹചര്യങ്ങളോടും പൊരുതി കുടുംബം പുലർത്താൻ ഏലത്തോട്ടത്തിലെ കഠിനാധ്വാനത്തെ ആശ്രയിച്ചവരായിരുന്നു ഇരുവരും. ദിവസക്കൂലി കൊണ്ടുമാത്രം കുടുംബത്തിന്റെ പട്ടിണി മാറ്റിയിരുന്ന ഇവരുടെ അപ്രതീക്ഷിത വിയോഗം ഉറ്റവർക്ക് താങ്ങാനാവാത്ത ദുരന്തമായി.
സുരക്ഷാ ആശങ്ക ഉയരുന്നു
ദേവികുളം താലൂക്കിലെ വിവിധ ഏലത്തോട്ടങ്ങളിൽ കഴിഞ്ഞ മൂന്നുവർഷത്തിനിടെ മരംവീണ് ആറുപേർ മരിച്ചതായാണ് കണക്ക്. പല എസ്റ്റേറ്റുകളിലും കാലപ്പഴക്കംചെന്നതും ഉണങ്ങിയതുമായ നിരവധി മരങ്ങൾ ഇപ്പോഴും നിൽക്കുന്നുണ്ട്. വനംവകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാൽ ഇവ മുറിച്ചുമാറ്റാൻ എസ്റ്റേറ്റ് ഉടമകൾക്ക് കഴിയുന്നില്ലെന്നാണ് പറയുന്നത്.
ഞായറാഴ്ച രാവിലെ മുതൽ ദേവികുളം താലൂക്കിന്റെ വിവിധ മേഖലകളിൽ ചെറിയ തോതിൽ മഴയുണ്ടായിരുന്നെങ്കിലും മാങ്കുളത്ത് അപകടസമയത്ത് മഴയുണ്ടായിരുന്നില്ല. ശക്തമായ കാറ്റാണ് വീശിയിരുന്നത്.
തോട്ടം തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന കാര്യത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാലപ്പഴക്കം ചെന്നതും അപകടഭീഷണിയുയർത്തുന്നതുമായ മരങ്ങൾ നീക്കംചെയ്യുന്നതിലെ തടസ്സങ്ങളും തൊഴിലാളികളുടെ സുരക്ഷാ ക്രമീകരണങ്ങളും വീണ്ടും ചർച്ചയാകുകയാണ്. ഉപജീവനത്തിനായി തോട്ടങ്ങളിൽ അധ്വാനിച്ചിരുന്ന രണ്ട് സ്ത്രീകളുടെ ജീവനാണ് ഇതോടെ പൊലിഞ്ഞത്.
Published: 26 Oct 2026, 01:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented