ദുബായ് : ദുബായ് വേൾഡ് ട്രേഡ് സെന്റർ റൗണ്ട് എബൗട്ട് വികസനപദ്ധതിയുടെ ഭാഗമായ അവസാനത്തെയും അഞ്ചാമത്തെയും പാലം ഈ മാസം 30-ന് (വെള്ളി) തുറക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) അധികൃതർ അറിയിച്ചു. 1000 മീറ്റർ നീളമുള്ള രണ്ടു വരി പാലം യാഥാർഥ്യമാകുന്നതോടെ മണിക്കൂറിൽ ഏകദേശം 3000 വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ സാധിക്കും. ഇതോടെ അൽ മജ്ലിസ് സ്ട്രീറ്റിനും സെക്കൻഡ് ഡിസംബർ സ്ട്രീറ്റിനുമിടയിലെ യാത്രാസമയം ആറ് മിനിറ്റിൽനിന്ന് വെറും ഒരു മിനിറ്റായി കുറയുകയും ചെയ്യും. ശൈഖ് സായിദ് റോഡിനെയും അതിന് ചുറ്റുമുള്ള വാണിജ്യ, പാർപ്പിട മേഖലകളെയും ബന്ധിപ്പിക്കുന്ന പ്രധാന ഇന്റർസെക്ഷനിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ഇതുവഴി കഴിയും. അവസാനത്തെ പാലവും ഗതാഗതത്തിനായി തുറക്കുന്നതോടെ 69.6 കോടിയിലേറെ ദിർഹം ചെലവ് വരുന്ന ദുബായ് വേൾഡ് ട്രേഡ് സെന്റർ (ഡബ്ല്യൂ.ടി.സി.) റൗണ്ട് എബൗട്ട് പദ്ധതിയുടെ ഭാഗമായുള്ള മുഴുവൻ നിർമാണ പദ്ധതികളും പൂർത്തിയാകും.
അഞ്ച് കിലോമീറ്റർ, അഞ്ച് പാലം
മൊത്തം അഞ്ച് കിലോമീറ്റർ നീളത്തിൽ അഞ്ച് പാലങ്ങളാണ് പദ്ധതിയുടെ ഭാഗമായി നിർമിച്ചത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാനും പ്രധാന റോഡുകൾ തമ്മിൽ ബന്ധിപ്പിക്കുന്നത് എളുപ്പമാക്കാനും തിരക്കേറിയ ബിസിനസ് കേന്ദ്രങ്ങളിലേക്ക് വേഗത്തിലെത്താനും ലക്ഷ്യമിട്ടാണ് റൗണ്ട് എബൗട്ട് വികസന പദ്ധതി നടപ്പാക്കിയത്.
ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാനുള്ള ദുബായ് നേതൃത്വത്തിന്റെ നിർദദേശങ്ങൾക്ക് അനുസൃതമായാണ് പദ്ധതി പൂർത്തിയാക്കിയതെന്ന് ആർ.ടി.എ. ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു. റോഡ് ഗതാഗതം സുഗമമാക്കുക, ശൈഖ് സായിദ് റോഡിലെ ഗതാഗത കുരുക്ക് ഒഴിവാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. ദ്രുതഗതിയിലുള്ള നഗരവളർച്ച, ജനസംഖ്യാവർധന എന്നിവയ്ക്കൊപ്പം റോഡ് ശൃംഖലയെയും സജ്ജമാക്കാനാണ് ശ്രമിക്കുന്നത്. വ്യാപാരം, നിക്ഷേപം, വിനോദസഞ്ചാരം എന്നീ മേഖലകളിൽ എമിറേറ്റിന്റെ ആഗോള പദവി ശക്തമാക്കാനും സമഗ്രവും സുസ്ഥിരവുമായ ഗതാഗത സംവിധാനങ്ങൾ ഒരുക്കാനും ഇത്തരം വികസന പദ്ധതികൾ സഹായിക്കും.
എമിറേറ്റിലെ യാത്രകൾ എളുപ്പമാക്കുകയും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യും. ഡി.ഡബ്ല്യു.ടി.സി., ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (ഡി.ഐ.എഫ്.സി.) തുടങ്ങിയ പ്രധാന ബിസിനസ് കേന്ദ്രങ്ങളിലേക്കുള്ള ഗതാഗതത്തെ ബന്ധിപ്പിക്കുന്ന ഇന്റർസെക്ഷൻ ശൈഖ് സായിദ് റോഡിലാണ് സ്ഥിതി ചെയ്യുന്നത്. ജൈറ്റക്സ്, അറേബ്യൻ ട്രാവൽ മാർക്കറ്റ് (എ.ടി.എം.), ഗൾഫുഡ് ഉൾപ്പടെ ഒട്ടേറെ പ്രമുഖ അന്താരാഷ്ട്ര പ്രദർശനങ്ങൾക്കും സമ്മേളനങ്ങൾക്കും വ്യാപാര പരിപാടികൾക്കും ഡബ്ല്യു.ടി.സി. വേദിയാകുന്നുണ്ട്.
അതേസമയം മിഡിലീസ്റ്റ്, ആഫ്രിക്ക, ദക്ഷിണ ഏഷ്യ എന്നിവിടങ്ങളിലേക്ക് സേവനം നൽകുന്ന പ്രധാന സാമ്പത്തിക കേന്ദ്രമാണ് ഡി.ഐ.എഫ്.സി. വികസന പദ്ധതി പൂർത്തിയാകുന്നതോടെ ഇന്റർസെക്ഷനിലെ ശരാശരി യാത്രാ കാലതാമസം 12 മിനിറ്റിൽനിന്ന് 90 സെക്കൻഡായി കുറയുകയും ചെയ്യും. താമസക്കാരും വിനോദസഞ്ചാരികളും ഉൾപ്പടെ അഞ്ച് ലക്ഷത്തിലേറെ ആളുകൾക്ക് പദ്ധതി പ്രയോജനപ്പെടും. അതോടൊപ്പം തന്നെ സബീൽ, അൽ സത്വ, അൽ കറാമ, അൽ ജാഫിലിയ, അൽ മൻഖൂൽ തുടങ്ങിയ പ്രദേശങ്ങൾക്കും സമീപത്തെ വാണിജ്യ, താമസ മേഖലകൾക്കും ഗുണകരമാകും.
പദ്ധതിയുടെ ഭാഗമായി നിർമിച്ച മറ്റു പാലങ്ങൾ പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ശൈഖ് സായിദ് റോഡിനെയും ദേരയിലേക്കുള്ള ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിനെയും ബന്ധിപ്പിച്ച ഒരു കിലോമീറ്റർ മീറ്റർ നീളമുള്ള പാലം മണിക്കൂറിൽ 3000 വാഹനങ്ങളെ ഉൾക്കൊള്ളുന്നുണ്ട്. ശൈഖ് സായിദ് സ്ട്രീറ്റിനെയും സെക്കൻഡ് ഡിസംബർ സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന രണ്ടു പാലങ്ങളുണ്ട്. 2000 മീറ്റർ നീളമുള്ള രണ്ടു പാലങ്ങൾക്ക് ഓരോ ദിശയിലേക്കും രണ്ടു വരികൾ വീതവുമുണ്ട്.
മണിക്കൂറിൽ 6000 വാഹനങ്ങൾക്ക് വരെ ഇതുവഴി സഞ്ചരിക്കാനാകും. അൽ മജ്ലിസ് സ്ട്രീറ്റിനെയും സെക്കൻഡ് ഡിസംബർ സ്ട്രീറ്റിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന മറ്റു രണ്ടു പാലങ്ങളാണ് പദ്ധതിയിലുള്ളത്. 2000 മീറ്റർ നീളമുള്ള ഇവ സംയുക്തമായി 6000 വാഹനങ്ങളെ ഉൾകൊള്ളുമെന്നും അൽ തായർ വിശദീകരിച്ചു. സബീൽ പാലസ് സ്ട്രീറ്റിനും ഫിനാൻഷ്യൽ സ്ട്രീറ്റിനുമിടയിലെ ഗതാഗതം മെച്ചപ്പെടുത്തുന്നതിന് അടുത്ത വർഷം അൽ മുസ്താഖ്ബാൽ സ്ട്രീറ്റ് വികസന പദ്ധതി പൂർത്തിയാക്കും.
നിലവിൽ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 400 മീറ്റർ നീളത്തിൽ പുതിയ രണ്ടു വരി പാലത്തിന്റെയും 1100 മീറ്റർ നീളമുള്ള മൂന്ന് തുരങ്കങ്ങളുടെയും നിർമാണവും റോഡിന്റെ വീതികൂട്ടലും പദ്ധതിയിൽ ഉൾപ്പെടുന്നു. അൽ മുസ്താഖ്ബാൽ സ്ട്രീറ്റിലെ 3500 മീറ്റർ റോഡിലെ പാതകളുടെ എണ്ണം മൂന്നിൽനിന്ന് നാലാക്കി ഉയർത്തും. ഇതുവഴി എക്സിബിഷൻ സ്ട്രീറ്റ്, ട്രേഡ് സെന്റർ സ്ട്രീറ്റ് എന്നിവിടങ്ങളിലെ ഗതാഗതം മെച്ചപ്പെടും.
കൂടാതെ അൽ സുകൂക്ക് സ്ട്രീറ്റിൽ ഒരു നടപ്പാലം നിർമിക്കുകയും നിലവിലെ ഇന്റർസെക്ഷനുകൾ നവീകരിക്കുകയും ചെയ്യും.
വികസന പദ്ധതികൾ പൂർത്തിയാകുന്നതോടെ അൽ മുസ്തഖ്ബാൽ സ്ട്രീറ്റിന്റെ ശേഷി 33 ശതമാനം വർധിക്കുകയും മണിക്കൂറിലെ വാഹനശേഷി 9000-ൽനിന്ന് 12000 ആയി ഉയരുകയും ചെയ്യും. കൂടാതെ യാത്രാസമയം 13 മിനിറ്റിൽനിന്ന് ആറ് മിനിറ്റിലേക്ക് കുറയുമെന്നും ആർ.ടി.എ. അധികൃതർ വ്യക്തമാക്കി.
Published: 26 Oct 2026, 01:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented