ഷാർജ : പ്രകൃതിസൗന്ദര്യം കൊണ്ട് അനുഗൃഹീതമായ കിഴക്കൻ മേഖലയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഖോർഫക്കാനിലെ അൽ സുഹുബ് റെസ്റ്റ് ഹൗസ്. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 600 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രം ക്ലൗഡ് ലോഞ്ചെന്നും അറിയപ്പെടുന്നുണ്ട്. ആകാശം തൊട്ട് നിൽക്കുന്ന രീതിയിൽ വൃത്താകൃതിയിലാണ് കെട്ടിടം രൂപകല്പന ചെയ്തിരിക്കുന്നത്. ചുറ്റുമുള്ള വിശാലമായ കാഴ്ചകൾ ആസ്വദിക്കാനും മേഘങ്ങളെ കൈയെത്തും ദൂരത്ത് കാണാനും ചിത്രങ്ങൾ പകർത്താനും ഒട്ടേറെ ആളുകളാണ് ദിനംപ്രതി ഇവിടേക്കെത്തുന്നത്.

To advertise here,

 

പറക്കുംതളികയുടെ രൂപകല്പനയോട് സാദൃശ്യമുള്ള കെട്ടിടത്തിന്റെ മുകളിലെത്തിയാൽ ഭൂമിയും ആകാശവും ഒന്നിക്കുന്ന അപൂർവ കാഴ്ചാനുഭവങ്ങൾ ലഭിക്കും. ക്ലൗഡ് ലോഞ്ചിൽ നിന്നുള്ള നഗരത്തിന്റെ രാത്രികാഴ്ചകൾ തീർച്ചയായും നേരിൽ കാണേണ്ട ഒന്നുതന്നെയാണ്. യു.എ.ഇ.യുടെ കിഴക്കൻ തീരത്തിന്റെയും ഒമാൻ ഉൾക്കടലിലിന്റെയും വിശാലമായ കാഴ്ചകൾ ഇവിടെനിന്ന് സന്ദർശകർക്ക് മതിവരുവോളം ആസ്വദിക്കാം. മലമുകളിലെ ശാന്തമായ അന്തരീക്ഷത്തിൽ ഭക്ഷണം കഴിക്കാനായി ഇവിടെ റസ്റ്ററന്റുകളും ഭക്ഷണ ട്രാക്കുകളുമുണ്ട്. സൂര്യോദയ, അസ്തമയ കാഴ്ചകളാണ് ആളുകളെ ഇവിടേക്ക് ആകർഷിക്കുന്നത്. കുട്ടികൾക്കായി കളിസ്ഥലങ്ങളും ലോഞ്ചിലുണ്ട്. പാർക്കിങ് സൗകര്യങ്ങൾ ലഭ്യമാണ്. പ്രവേശനം സൗജന്യമാണ്.