മാലിന്യം നിറഞ്ഞ് കല്ലാർപുഴ

To advertise here,

നെടുങ്കണ്ടം : കല്ലാർ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയ്ക്ക് പിന്നാലെ കല്ലാർ പുഴയിലെ ടണൽമുഖത്ത് വൻ തോതിൽ മാലിന്യം അടിഞ്ഞുകൂടുന്നു. പ്ലാസ്റ്റിക് കുപ്പികളും മരച്ചില്ലകളും അടക്കമുള്ള മാലിന്യം ഒഴുകിയെത്തി ടണൽ മുഖം ഭാഗികമായി അടഞ്ഞ അവസ്ഥയിലാണ്.

തത്ഫലമായി ചെറിയൊരു മഴ പെയ്താൽപോലും പരിസരപ്രദേശങ്ങളിൽ പെട്ടെന്ന് വെള്ളം പൊങ്ങി വീടുകളിലടക്കം വെള്ളം കയറുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. മുണ്ടിയെരുമ, തൂക്കുപാലം, കൂട്ടാർ തുടങ്ങിയ പ്രദേശങ്ങളിൽനിന്നാണ് പ്ലാസ്റ്റിക് കുപ്പികളും മറ്റ് അജൈവ മാലിന്യങ്ങളും വലിയ തോതിൽ ഒഴുകി എത്തുന്നത്.

കടകളിൽനിന്നും കച്ചവട സ്ഥാപനങ്ങളിൽനിന്നും തള്ളുന്ന അവശിഷ്ടങ്ങളും പുഴയിലേക്ക് തന്നെയാണ് നിക്ഷേപിക്കപ്പെടുന്നത്.

ടണലിലെ നീരൊഴുക്ക് തടസ്സപ്പെടുന്നതോടെ പുഴയിൽ പെട്ടെന്ന് ജലനിരപ്പ് ഉയരുകയും പരിസരത്തെ നിരവധി വീടുകളിൽ വെള്ളം കയറി നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.

ഡാം കൃത്യമായ മുന്നറിയിപ്പില്ലാതെ തുറന്നുവിടേണ്ടിവരുന്ന സാഹചര്യത്തിലേക്കും ഇത് വഴിവയ്ക്കുന്നു. പുഴയെ സംരക്ഷിക്കാൻ പൊതുജനങ്ങളും അധികൃതരും അടിയന്തരമായി ഇടപെടണമെന്നാണ് ഉയരുന്ന ആവശ്യം.

പുഴയിലേക്ക് മാലിന്യം തള്ളുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും, ടണൽമുഖത്തെ മാലിന്യം അടിയന്തരമായി നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കണമെന്നുമാണ് ഉയരുന്ന ആവശ്യം.