കുമളി : ഇടുക്കിയിലെ കൈയേറ്റ ഭൂമികളിലെയും റവന്യൂ, വനാതിർത്തികളിലെയും ഫെൻസിങ് തടസ്സങ്ങൾ നീക്കം ചെയ്യുന്നതിൽ ജനങ്ങൾക്കുണ്ടായ ആശങ്ക പൂർണമായും പരിഹരിക്കുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. കുമളിയിൽ സംസ്ഥാനതല വനം-വന്യജീവി വാരാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

To advertise here,

വന്യജീവി ആക്രമണം കുറയ്ക്കാൻ ആനത്താര പുനഃസ്ഥാപിക്കേണ്ടതുണ്ടെന്നും മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കാൻ കർഷകരും പരിസ്ഥിതി സ്‌നേഹികളും സർക്കാരുമായി സഹകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചിന്നക്കനാലിലെ വന്യജീവി പ്രശ്നങ്ങൾ മനുഷ്യനിർമിതമാണെന്നും, വിഷയം പഠിക്കാൻ രൂപവത്‌കരിക്കുന്ന ഉപദേശക സമിതിയിൽ യോഗ്യരായവരെയാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ജനവാസമേഖലയിലിറങ്ങുന്ന ആനകളെ തുരത്താൻ പടക്കമെറിയുന്ന പഴയ രീതിക്ക് പകരം വിദേശരാജ്യങ്ങളിലെ ‘പോസിറ്റീവ് കണ്ടീഷനിങ്’ സാങ്കേതികവിദ്യ സംസ്ഥാനത്ത് നടപ്പാക്കും. സർക്കാർ എപ്പോഴും പാവപ്പെട്ട ജനങ്ങൾക്കൊപ്പമാണെന്നും മന്ത്രി വ്യക്തമാക്കി. അഡ്വ. സിറിയക് തോമസ് എം.എൽ.എ. അധ്യക്ഷനായി. എം.ജെ. സെബാസ്റ്റ്യൻ എം.എൽ.എ., കുമളി പഞ്ചായത്ത് പ്രസിഡന്റ് എം.എം. വർഗീസ്, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. പി. പുഗഴേന്തി, വൈൽഡ് ലൈഫ് ചീഫ് കൺസർവേറ്റർ പ്രമോദ്, കോഴിമല രാജാവ് രാമൻ രാജമന്നാൻ, പി.ടി.സി.എഫ്. ഗവേണിങ് ബോഡി അംഗം ഷാജി കുരിശുംമൂട് തുടങ്ങിയവർ പങ്കെടുത്തു.