കളമശ്ശേരി (എറണാകുളം): യുവതിയെ ഇടപ്പള്ളിയിലെ ലോഡ്ജിൽ എത്തിച്ച് ബലാത്സംഗം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് കൂനംതൈയിൽ പ്രവർത്തിക്കുന്ന ഡിലൈറ്റ് സ്പാ പോലീസ് പൂട്ടിച്ചു. ഈ സ്പാ നടത്തുന്ന ശ്രീരാജാണ് ബലാത്സംഗ കേസിലെ ഒന്നാം പ്രതി. ഈ കേസിൽ രണ്ടു പ്രതികളെ കൂടി പിടികൂടാനുണ്ട്.

To advertise here,

ശ്രീരാജിനെയും കൂട്ടുകാരൻ ജിത് മാർട്ടിനെയും പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. വയനാട് സ്വദേശിനിയായ 23 കാരിയും സഞ്ജു എന്ന യുവാവുമാണ് ഇനി പിടിയിലാകാനുള്ളത് .

സ്പായിൽ ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് പരസ്യം നൽകിയാണ് ശ്രീരാജ് യുവതിയെ ലോഡ്ജിൽ എത്തിച്ചത്. ശമ്പളം, ഭക്ഷണം, ആവശ്യമെങ്കിൽ താമസ സൗകര്യം എന്നിവ നൽകും എന്നായിരുന്നു പരസ്യം.

പരസ്യം കണ്ട യുവതി സ്പായിൽ ഒക്ടോബർ രണ്ടിന് രാവിലെ ഇൻറർവ്യൂവിന് എത്തി. പിന്നീട് രാത്രി യുവതിയെ ഓൺലൈൻ ടാക്സിയിൽ ഓഫീസിലുള്ളവരെ പരിചയപ്പെടുത്താമെന്ന വ്യാജേന ലോഡ്ജിലേക്ക് എത്തിക്കുകയായിരുന്നു.

ഇവിടെവെച്ച് ബലമായി മദ്യവും മയക്കുമരുന്നും നൽകിയ ശേഷം ശ്രീരാജും ജിത്ത് മാർട്ടിനും യുവതിയെ ബലാത്സംഗത്തിനും ലൈംഗിക അതിക്രമത്തിനും ഇരയാക്കിയെന്നാണ് കേസ്. പിറ്റേന്ന് രാവിലെ വയനാട് സ്വദേശിനിയും യുവതിയെ ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന് പോലീസ് പറഞ്ഞു.

മൂന്നിന് വൈകീട്ട് വീട്ടിലെത്തിയ യുവതി വിവരങ്ങൾ പറഞ്ഞതിനെ തുടർന്ന് ഭർത്താവാണ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ആശുപത്രിയിൽ ചികിത്സയിലുള്ള യുവതി ഇപ്പോഴും മാനസിക ആഘാതത്തിൽ നിന്നും മോചിതയായിട്ടില്ല.