കാഞ്ഞങ്ങാട് പഴയ സ്റ്റാൻഡ് പ്രവേശന നിരോധനം വൈകരുത്
കാഞ്ഞങ്ങാട് : ബസ് കാത്തുനിൽക്കുന്ന യാത്രക്കാർ അറിയുന്നില്ല തലയ്ക്ക് മുകളിൽ ഡെമോക്ലിസിന്റെ വാളുപോലെ അടർന്ന് വിണ്ടുകീറിനിൽക്കുന്ന ഷോവാളിന്റെ കാര്യം. കാഞ്ഞങ്ങാട് പഴയ ബസ്‌സ്റ്റാൻഡ് കെട്ടിടത്തിന്റെ വടക്കേയറ്റത്ത് നിർമിച്ച ഷോവാൾ ആഴത്തിൽ വിണ്ടുകീറി വേറിട്ട നിലയിലാണ് കിടക്കുന്നത്. ഷോവാളിന്റെ അടിഭാഗത്തെ കോൺക്രീറ്റ് ബീമിന്റെ കമ്പികൾ പുറത്തുവന്ന് തുരുമ്പിച്ച നിലയിലും. ഇതിന്റെ അടിഭാഗത്തായാണ് രാപകൽ ഭേദമെന്യെ നിരവധി യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത്. ഷോവാളിനോട് ചേർന്നാണ് ബസുകളുടെ പ്രവേശനവഴിയും. ഷോവാൾ അടർന്നുവീണ് അപകടം സംഭവിച്ചാൽ അതിന്റെ ആഘാതം പറഞ്ഞറിയിക്കാൻ പറ്റാത്തതാവുമെന്നുറപ്പാണ്.
43 വർഷം പഴക്കമുള്ള കെട്ടിടത്തിന്റെ തെക്കേയറ്റത്തെ കാര്യം ഇതിലും പരിതാപകരമാണ്. അടിത്തറഭാഗം തീർത്തും ദ്രവിച്ച നിലയിലാണ്. പില്ലറുകളും മേൽത്തട്ടും ചുമരുകളും കോൺക്രീറ്റ് അടർന്നും വിണ്ടുകീറിയും തുരുമ്പിച്ച കമ്പികൾ പുറത്തായാണ് നിൽക്കുന്നത്.
കെട്ടിടത്തിന്റെ അരക്ഷിതാവസ്ഥ ആളുകളുടെ ശ്രദ്ധയിൽ പെടാതിരിക്കാൻ അടിഭാഗത്ത് ഷീറ്റുറപ്പിച്ചാണ് നഗരസഭ സൂത്രപ്പണി നടത്തിയത്. ഇവിടെ യാത്രക്കാരുടെയും ട്രാഫിക്ക് പോലീസിന്റെയും തലയിൽ കോൺക്രീറ്റ് ചീളുകൾ അടർന്നുവീണ് പരിക്കുപറ്റിയിട്ടുണ്ട്.
ബേക്കറിമുതൽമുലയൂട്ടൽകേന്ദ്രംവരെ
:അപകടകരമായ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ബേക്കറി, സ്റ്റേഷനറിക്കട, മരുന്നുകട, ഖാദി എജൻസി, തുണിക്കട, ലോട്ടറി സ്റ്റാൾ, പോലീസ് എയ്ഡ്‌പോസ്റ്റ്, മുലയൂട്ടൽകേന്ദ്രം എന്നിവയാണ് പ്രവർത്തിക്കുന്നത്. പകലന്തിയോളം തിരക്കൊഴിയാത്ത ഇടമാണ് കടകൾ എല്ലാംതന്നെ. നാലുനില കെട്ടിടത്തിന്റെ മുകളിലത്തെ നിലകളിലെ മുറികളിലെല്ലാം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. നിരവധി ആളുകൾ ബന്ധപ്പെടുന്ന ഇടങ്ങളാണിവിടം.
കടകൾക്ക് മുന്നിലെയും സ്റ്റാൻഡിനുള്ളിലെയും ഷീറ്റുപന്തലിലും യാത്രക്കാരുടെ തിരക്കൊഴിഞ്ഞ നേരമുണ്ടാകാകാറില്ല. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് അപകടകരമായ ബസ് സ്റ്റാൻഡ് അടച്ചിടണമെന്ന് ആർ.ടി.എ. യോഗം ഒരുമാസം മുൻപ് നിർദേശം പുറപ്പെടുവിച്ചത്. കെട്ടിടം സുരക്ഷിതമല്ലെന്ന എൻ.ഐ.ടി. വിദഗ്ധസംഘത്തിന്റെ റിപ്പോർട്ട് നാളിതുവരെ ചർച്ചചെയ്യാൻ നഗരസഭാ കൗൺസിൽ തയ്യാറാകാത്തത് ഗുരതരമായ വീഴ്ചയായാണ് വിലയിരുത്തുന്നത്.
ഇന്നത്തെ കൗൺസിലിലും എൻ.ഐ.ടി. റിപ്പോർട്ടില്ല
കാഞ്ഞങ്ങാട് : അപകടകരമായ കാഞ്ഞങ്ങാട് (കോട്ടച്ചേരി) പഴയ ബസ് സ്റ്റാൻഡ് കെട്ടിടം എത്രയുംപെട്ടെന്ന് പൊളിച്ചുനീക്കണമെന്ന കോഴിക്കോട് എൻ.ഐ.ടി.യുടെ റിപ്പോർട്ട് ചൊവ്വാഴ്ച നടക്കുന്ന നഗരസഭാ കൗൺസിലും പരിഗണിക്കുന്നില്ല.
ചൊവ്വാഴ്ച നടക്കുന്ന അടിയന്തരയോഗത്തിൽ കാഞ്ഞങ്ങാട് സൗത്ത് സ്കൂളിനു സമീപം മേൽനടപ്പാലം ആവശ്യപ്പെട്ട് ഔദ്യോഗികമായി കത്ത് നൽകുന്നത് ഉൾപ്പെടെയുള്ള 11 അജൻഡകളാണ് പരിഗണിക്കുന്നത്.
കോട്ടച്ചേരി ബസ് സ്റ്റാൻഡിൽ പ്രവേശനം നിരോധിച്ച് അടച്ചിടണമെന്ന ആർ.ടി.എ. യോഗം തീരുമാനം ഇറങ്ങിയിട്ട് ആഴ്ചകൾ പിന്നിട്ടുകഴിഞ്ഞു. ഇക്കാര്യത്തിലും നഗരസഭ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
Published: 06 Oct 2026, 04:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented