ബേക്കൽ : കാസർകോട്-കാഞ്ഞങ്ങാട് സംസ്ഥാനപാതയിൽ പള്ളിക്കര റെയിൽവേ മേൽപ്പാലത്തിനടുത്ത് അരളിക്കട്ടയിൽ മുൻപ് ടോൾബൂത്ത് ഉണ്ടായിരുന്ന സ്ഥലത്ത് അപകടസാധ്യത ഇപ്പോഴും നിലനിൽക്കുന്നു. ടോൾബൂത്തും ഹമ്പുകളും നീക്കം ചെയ്തെങ്കിലും സംസ്ഥാനപാതയുടെ ഡിവൈഡർ പഴയപടിയുണ്ട്.

To advertise here,

ഈ ഡിവൈഡർ രണ്ടാക്കിയ കാസർകോട് ഭാഗത്തുനിന്ന്‌ വരുമ്പോഴുള്ള സംസ്ഥാനപാതയുടെ ഇടതുഭാഗം നേരെ പ്രവേശിക്കുന്നത് ബീച്ച് പാർക്കിലേക്കുള്ള റോഡിലേക്കാണ്. മേൽപ്പാലത്തിലേക്ക് പ്രവേശിക്കാൻ വലത്തോട്ട് തിരിയുന്ന വാഹനങ്ങൾ അൽപ്പം ശ്രദ്ധതെറ്റിയാൽ പാലത്തിന്റെ കൈവരിയിൽ പോയി ഇടിക്കുന്ന അവസ്ഥയുണ്ട്.

ഇങ്ങനെ നേരത്തേ പലവട്ടം ചെറുതും വലുതുമായ അപകടമുണ്ടായിട്ടുണ്ടെന്ന് പരിസരവാസികൾ പറഞ്ഞു. മേൽപ്പാലത്തിൽ റീടാറിങ് നടക്കുന്നസമയത്ത് പൊതുമരാമത്തുവകുപ്പ് പഴയ ഡിവൈഡറിന്റെ അലൈമെൻറ്‌ മാറ്റി, വലതുഭാഗത്ത് കൊരുപ്പ്കട്ട പാകിയ സ്ഥലത്തേക്ക് റോഡിന് വീതികൂട്ടി അപകടസാധ്യത ഒഴിവാക്കണമെന്ന് നാട്ടുകാർ പറയുന്നു.

മേൽപ്പാലത്തിലെ ടാറിങ് ഞായറാഴ്ച കഴിയുമെങ്കിലും ഡിവൈഡറുള്ള ഭാഗത്തെ ജോലികൾ തുടങ്ങിയിട്ടില്ല.