
തൃശ്ശൂർ: സ്കൂൾ കായികമേളയുടെ മത്സരങ്ങൾ നടക്കുന്നതിനിടെ തകർന്ന അക്വാട്ടിക് കോംപ്ലക്സ് സന്ദർശിച്ച് കായികമന്ത്രി ഒ.ജെ. ജനീഷ്. അപകടം നടന്ന് അഞ്ചു ദിവസങ്ങൾക്കു ശേഷമാണ് മന്ത്രിയുടെ സന്ദർശനം. ജില്ലയിൽ സംഘടിപ്പിച്ച മത്സരങ്ങൾക്ക് വേദി അനുവദിച്ചത് സ്പോർട്സ് കൗൺസിലാണെന്ന് മന്ത്രി പറഞ്ഞു.
‘‘വിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ തലത്തിലാണ് ഒരുക്കങ്ങൾ ക്രോഡീകരിച്ചത്. പന്തൽ തകർന്നുവീണത് ഉദ്യോഗസ്ഥതലത്തിലുണ്ടായ വീഴ്ച മൂലമാണെന്ന് വ്യക്തമാണ്. ജില്ലാ ഭരണകൂടത്തിനെയോ കായിക വകുപ്പിനെയോ സംഘാടന വീഴ്ചയുടെ പേരിൽ കുറ്റപ്പെടുത്താനാകില്ലെന്നും മന്ത്രി വിശദമാക്കി. ഡി.ഡി.ഒ. യോഗം വിളിച്ചപ്പോൾ അധ്യാപകസംഘടനകളുടെ പ്രതിനിധികളാണ് വിവിധ കമ്മിറ്റികളുടെ ചുമതലയേറ്റെടുത്തത്’.
പന്തൽനിർമാണത്തിന്റെ ചുമതല നൽകിയിരുന്നതും ഈ കമ്മിറ്റിക്കാണെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൽ കായികവകുപ്പ് അന്വേഷണം നടത്തും.
ജനപ്രതിനിധിയെ കാര്യങ്ങൾ അറിയിക്കുന്നതിനും ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചു. വിദ്യാഭ്യാസവകുപ്പിനൊപ്പം കായികവകുപ്പും അന്വേഷണം നടത്തും. സംഭവത്തിൽ പോലീസ് കേസെടുക്കുന്നത് കളക്ടറുടെ അന്വേഷണറിപ്പോർട്ടിനു ശേഷമാകുമെന്നും മന്ത്രി പറഞ്ഞു.
സ്വിമ്മിങ് പൂളിനു താഴെയുള്ള നിലയിലെ ബോക്സിങ് റിങ്ങും പരിശീലന നീന്തൽക്കുളവും അറ്റകുറ്റപണികൾ പൂർത്തിയാകാതെ തുറന്നുനൽകരുതെന്നും മന്ത്രി നിർദേശിച്ചു. ഈ കോൺക്രീറ്റുകൾ അടർന്നുവീണനിലയിലാണ്. രണ്ടിടങ്ങളും സന്ദർശിച്ചശേഷം ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറിക്കാണ് നിർദേശം നൽകിയത്. കാണികൾക്കു മുകളിലേക്ക് പന്തൽ വീണ അപകടസ്ഥലവും മന്ത്രി സന്ദർശിച്ചു. രാജൻ ജെ. പല്ലൻ എം.എൽ.എ. കാര്യങ്ങൾ വിശദീകരിച്ചു.
അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രോട്ടോക്കോൾ
ഭാവിയിൽ കായികമേളകൾ നടത്തുമ്പോൾ പാലിക്കേണ്ട സുരക്ഷാക്രമീകരണങ്ങളും നടപടിക്രമങ്ങളും ഉൾപ്പെടെ പഠിച്ച് റിപ്പോർട്ടു സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. അതിനനുസരിച്ച് പ്രോട്ടോകോൾ നടപ്പാക്കും. കായിക വകുപ്പിന്റെ ഫണ്ടുകളുപയോഗിച്ച് നവീകരണപ്രവർത്തനങ്ങളടക്കം നടത്തും. വിട്ടുവീഴ്ചയില്ലാതെ കർശനനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. രാജൻ ജെ. പല്ലൻ എം.എൽ.എ., കളക്ടർ ശിഖാ സുരേന്ദ്രൻ, മേയർ നിജി ജസ്റ്റിൻ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Content Highlights: Sports Minister OJ Janeesh inspected the collapsed Thrissur Aquatic Complex 5 days after the incident., Preliminary findings suggest official and committee negligence in tent construction., Both education and sports departments will conduct a joint inquiry., Strict safety protocols will be implemented for future sports events to prevent recurrence.
Published: 06 Oct 2026, 08:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented