ചെറുതോണി : ജില്ലാകളക്ടർ പുറത്തിറക്കിയ വിവാദ ഉത്തരവുകളിൽ സംസ്ഥാന സർക്കാരും ജില്ലയിലെ ജനപ്രതിനിധികളും നിലപാട് വ്യക്തമാക്കണമെന്ന് മുൻമന്ത്രി റോഷി അഗസ്റ്റിൻ. കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് മാർച്ചും അഗ്നിജ്വാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

To advertise here,

ജനങ്ങളുടെ സുരക്ഷയ്ക്കായി സ്ഥാപിച്ച വേലികളും മതിലുകളും നീക്കം ചെയ്യുന്നതിനും വനമേഖലയോടുചേർന്നുള്ള തോട്ടങ്ങളിൽ രാത്രികാല സഞ്ചാരത്തിനും നിയന്ത്രണം ഏർപ്പെടുത്തുന്ന ഉത്തരവുകൾ അടിയന്തരമായി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വന്യജീവികളെ നിയന്ത്രിക്കുന്നതിന് പകരം മനുഷ്യരുടെ സഞ്ചാരസ്വാതന്ത്ര്യം നിയന്ത്രിക്കുന്ന സമീപനമാണ് നിലവിലുള്ളത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുകയാണ് ഭരണകൂടം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.ഐ. ആന്റണി, രാരിച്ചൻ നീറണാക്കുന്നേൽ, സിറിയക് ചാഴികാടൻ, റെജി കുന്നംകോട്ട്, അഡ്വ. മനോജ് എം. തോമസ്, ജോസ് കുഴികണ്ടം, കെ.എൻ. മുരളി തുടങ്ങിയവർ പ്രസംഗിച്ചു. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത മാർച്ചിനുശേഷം വിവാദ ഉത്തരവുകളുടെ പകർപ്പുകൾ അഗ്നികുണ്ഡത്തിലെറിഞ്ഞ് കത്തിച്ചായിരുന്നു പ്രതിഷേധം.