നെടുങ്കണ്ടം : ഇടുക്കിയിലെ ചുരം പാതകളിൽ ഇതരസംസ്ഥാനത്തു നിന്നുമെത്തുന്ന വിനോദസഞ്ചാരവാഹനങ്ങൾ മറിഞ്ഞുണ്ടാകുന്ന അപകടങ്ങൾ തുടർച്ചയാകുന്നു. ഡ്രൈവർമാരുടെ പരിചയക്കുറവ് മുതൽ വാഹനങ്ങളുടെ രൂപഘടനവരെ അപകടത്തിന് വഴിയൊരുക്കുകയാണ്. ഒപ്പം മോട്ടോർവാഹന വകുപ്പിന്റെ ഇടപെടൽ കാര്യക്ഷമമാകുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

To advertise here,

 

തമിഴ്‌നാട്ടിൽനിന്നുള്ള വിനോദസഞ്ചാരികളുടെ വാഹനം ഇടപ്പുക്കുളം-ആലടി റോഡിൽ അപകടത്തിൽപ്പെട്ടതും തമിഴ്‌നാട്ടിൽനിന്ന് മൂന്നാറിലേക്ക്‌ പോയ വിനോദസഞ്ചാരികളുടെ മിനി വാൻ കൂട്ടാറിൽ മറിഞ്ഞ് 13 പേർക്ക് പരിക്കേറ്റതും ചെന്നൈയിൽനിന്ന് മൂന്നാറിലേക്ക് വിനോദസഞ്ചാരികളുമായിവന്ന മിനിബസ് പൂപ്പാറ-ബോഡിമെട്ട് പാതയിൽ മറിഞ്ഞ് ഡ്രൈവർക്കും നിരവധി യാത്രക്കാർക്കും പരിക്കേറ്റതുമടക്കമുള്ള അപകടങ്ങൾ ദിവസങ്ങളുടെ വ്യത്യാസത്തിലാണ് നടന്നത്.

മൂന്നാറിലെ നീലക്കുറിഞ്ഞി സീസണിൽ മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള ധാരാളം വിനോദസഞ്ചാരികൾ മിനിവാനുകളിലാണ് ജില്ലയിലെത്തുന്നത്.

നീലക്കുറിഞ്ഞി സീസൺ അവസാനിക്കുന്നതിനൊപ്പംതന്നെ മണ്ഡലകാലം തുടങ്ങുകകൂടി ചെയ്യുമ്പോൾ അപകടങ്ങൾ വർധിക്കാനുള്ള സാധ്യത മുന്നിൽകണ്ട് ആവശ്യമായ നടപടികൾ അധികൃതർ സ്വീകരിക്കണം.

ഡ്രൈവർമാരുടെ പരിചയക്കുറവ്

ആദ്യമായി മലയോരറോഡുകളിൽ വാഹനം ഓടിക്കുന്നവരാണ് കൂടുതലായും അപകടത്തിൽപ്പെടുന്നത്. നഗരങ്ങളിലോ സമതല പ്രദേശങ്ങളിലോ വാഹനം ഓടിക്കുന്ന രീതി മലയോര മേഖലകളിലും ആളുകൾ തെറ്റായി പ്രയോഗിക്കുന്നു. ഇതിന്റെ ഫലമായി പുറത്തുനിന്നെത്തുന്ന ഡ്രൈവർമാർക്ക് റോഡിന്റെ അവസ്ഥയെക്കുറിച്ചുള്ള വിലയിരുത്തലുകളിൽ തെറ്റുപറ്റുന്നത് അപകടത്തിന് വഴിവയ്ക്കും.

വാഹനങ്ങളുടെ രൂപഘടനയും പ്രശ്‌നംതമിഴ്‌നാട്ടിൽനിന്നും കർണാടകയിൽനിന്നും എത്തുന്ന മിനി ബസുകളാണ് കൂടുതലായി അപകടത്തിൽപ്പെടുന്നത്. ഇരട്ട ടയർ ഘടിപ്പിക്കുന്നതിന് പകരം ഇതരസംസ്ഥാനത്തെ സമതല പ്രദേശങ്ങളിൽനിന്ന്‌ എത്തുന്ന വാഹനങ്ങൾക്ക് എല്ലാംതന്നെ ഒറ്റ ടയറാകും ഉണ്ടാകുക. ഇതുമൂലം വലിയവളവുകൾ തിരിക്കുമ്പോൾ പലപ്പോഴും വാഹനവും റോഡുമായുള്ള സമ്പർക്കം നഷ്ടപ്പെട്ട് അപകടമുണ്ടാകാൻ സാധ്യതയുണ്ട്. കൂടാതെ വാഹനത്തിന്റെ അനുവദനീയമായ സീറ്റിങ് ശേഷിക്ക് ഉപരിയായി സീറ്റുകൾ ക്രമീകരിക്കുന്നതും കൂടുതൽ യാത്രക്കാരെയും ലഗേജുകളും കയറ്റുന്നതും വാഹനത്തിന്റെ നിയന്ത്രണംനഷ്ടമാകാൻ കാരണമാകും.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം...

കുത്തനെയുള്ള കയറ്റങ്ങളിലും ഇറക്കങ്ങളിലും ഹെയർപിൻ വളവുകളിലും മുന്നിലെ കാഴ്ചപരിധി വളരെ കുറവായിരിക്കും. ഡ്രൈവർമാർക്ക് ഇത് കൃത്യമായി മനസ്സിലാക്കാൻ സാധിക്കില്ല. ചുരം റോഡുകളിൽ വേഗംകുറച്ച്, കൃത്യമായ ഗിയറിൽ (ഇറക്കത്തിലും കയറ്റത്തിലും) അതീവ ജാഗ്രതയോടെ വേണം വാഹനം ഓടിക്കാൻ. ഒപ്പം റോഡ് ചിഹ്നങ്ങൾ കൃത്യമായി ശ്രദ്ധിക്കുകയുംവേണം. വളവുകളിൽ വാഹനം പാർക്കുചെയ്യരുത്. വളവുകളിൽ ഓവർടേക്ക് ചെയ്യരുത്. കയറ്റം കയറിവരുന്ന വാഹനങ്ങൾക്ക് മുൻഗണന നൽകണം. വാഹനം നിർത്തുമ്പോഴെല്ലാം പാർക്കിങ് ബ്രേക്ക് ഉപയോഗിക്കുക.

മഴയുള്ളപ്പോഴോ മൂടൽമഞ്ഞ് കാരണം കാഴ്ചതടസ്സപ്പെടുമ്പോഴോ വാഹനം സുരക്ഷിതമായി നിർത്തിയിടണം. ഹൈറേഞ്ചുകളിൽ പരിചിതമല്ലാത്ത വഴികളിലൂടെ രാത്രിസമയങ്ങളിൽ ഗൂഗിൾ മാപ്പിനെമാത്രം ആശ്രയിച്ച് യാത്രചെയ്യുന്നതും അപകടമാണ്.

കണ്ണുതുറക്കാൻ ഒരു ജീവൻ പൊലിയേണ്ടിവന്നുനാലാംമൈലിലെ ക്രാഷ് ബാരിയർ പുനർനിർമിച്ചുതുടങ്ങി

‌ഉപ്പുതറ : ഒരു ജീവൻ പൊലിഞ്ഞപ്പോൾ പൊതുമരാമത്തുവകുപ്പ് കണ്ണുതുറന്നു. കട്ടപ്പന- കുട്ടിക്കാനം മലയോരഹൈവേയിലെ ചിന്നാർ നാലാംമൈൽ പാലത്തിനു സമീപമുള്ള തകർന്ന ക്രാഷ് ബാരിയർ പുനർനിർമിച്ചുതുടങ്ങി.

അഞ്ചുമാസം മുൻപ് ലോറി മറിഞ്ഞാണ് ഇവിടത്തെ ക്രാഷ് ബാരിയറും ജലവിതരണപൈപ്പും തകർന്നത്. ലോറി ഉടമയിൽനിന്ന് പി.ഡബ്ല്യു.ഡി. 10000 രൂപയും വാട്ടർ അതോറിറ്റി 6500 രൂപയും നഷ്ടപരിഹാരം ഈടാക്കി. വാട്ടർ അതോറിറ്റി പൈപ്പ് നന്നാക്കി. എന്നാൽ, പി.ഡബ്ല്യു.ഡി. ചെറുവിരൽ അനക്കിയിട്ടില്ല.

ഇതേ സ്ഥലത്താണ് സെപ്റ്റംബർ 25-ന് രാത്രിയിൽ കാർ അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട കാർ സംരക്ഷണഭിത്തി തകർന്നഭാഗത്തുകൂടി ചിന്നാർ പുഴയിലേക്കുവീണ് അടൂർ വടക്കടത്ത് സ്വദേശി അഭിഷേക് എസ്. നായർ മരിച്ചു. അഭിഷേകിന്റെ ഭാര്യ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു.

മധുവിധു ആഘോഷിക്കാൻ വന്ന അഭിഷേകിന്റെ ജീവൻ നഷ്ടപ്പെടാൻ കാരണം അധികൃതരുടെ അനാസ്ഥകൂടിയായിരുന്നു. ക്രാഷ് ബാരിയർ ഉണ്ടായിരുന്നെങ്കിൽ അപകടത്തിൽ തീവ്രത കുറയുമായിരുന്നു.

പി.ഡബ്ല്യു.ഡി.യുടെ അനാസ്ഥ മാതൃഭൂമി റിപ്പോർട്ടുചെയ്തു. പ്രതിഷേധങ്ങളുണ്ടായി. തുടർന്നാണ് ക്രാഷ് ബാരിയർ പുനർനിർമിക്കാൻ തീരുമാനമായത്.

ഡ്രൈവർമാരുടെ കാഴ്ചമറച്ച് പ്രവർത്തിക്കുന്ന കടകൾ മാറ്റണമെന്നും മലയോരഹൈവേയിൽ അപകടസാധ്യതയുള്ള ഭാഗങ്ങളിൽ സംരക്ഷണവേലി നിർമിക്കാനും നടപടി വേണമെന്ന ആവശ്യവും നാട്ടുകാർ ആവർത്തിച്ചു.