
കളിച്ചുല്ലസിച്ച അവധിക്കാലമൊക്കെ കഴിഞ്ഞ് കുട്ടികൾ സ്കൂളിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. വീടിന്റെ തണലിൽ നിന്നുമാറി വളർച്ചയുടെ അടുത്ത ഘട്ടങ്ങളിലേക്കുള്ള ഈ യാത്രയിൽ രക്ഷിതാക്കൾക്ക് ആശങ്കകളേറെയുണ്ടാകും. സ്കൂളിൽ പോയാലും വീട്ടിലിരുന്നാലും ഓൺലൈൻ കാലത്ത് കുട്ടികളെ എങ്ങനെ വളർത്തിക്കൊണ്ടുവരണമെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ലെന്നാണ് മിക്കവരുടെയും ആവലാതി. കുട്ടികൾ ഫോണിന് അഡിക്റ്റഡ് ആവുമോ, കാണാൻ പാടില്ലാത്തതെന്തെങ്കിലും അവർ കാണുമോ, പഠനത്തിൽ ശ്രദ്ധപോകുമോ എന്നിങ്ങനെ നീളുന്നു ആശങ്ക. തെറ്റു ചെയ്യുന്നതുകണ്ടാൽ എങ്ങനെ തിരുത്തണമെന്നുപോലും അറിയാത്ത സ്ഥിതി. കുട്ടിയുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും മനസ്സിലാക്കി സൗഹാർദത്തോടെ പേരന്റിങ് എങ്ങനെ ഈസിയാക്കാമെന്ന് പരിശോധിക്കുകയാണ് ഗൃഹലക്ഷ്മി ഇത്തവണ.
പ്രോത്സാഹിപ്പിച്ച് മിടുക്കരാക്കാം
Also Read
നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ കിട്ടുന്ന അഭിനന്ദനമാണ് ഒരു വ്യക്തിയെ വളർത്തുന്നത്. എപ്പോഴും കുട്ടികളുടെ പോരായ്മകൾ തുറന്നുകാട്ടലാണ് മിക്ക രക്ഷിതാക്കളുടെയും ശീലം. പകരം അവർ ചെയ്യുന്ന കൊച്ചുകൊച്ചു നല്ലകാര്യങ്ങളെ ഒന്ന് അഭിനന്ദിച്ചുനോക്കൂ. മുൻപ് അവർ ചെയ്ത മികച്ചകാര്യങ്ങളെക്കുറിച്ച് പറയുകയും ഇടയ്ക്കിടെ ഒാർമിപ്പിക്കുകയും ചെയ്യുക. നല്ല പെരുമാറ്റങ്ങളെ അപ്പപ്പോൾ തന്നെ അഭിനന്ദിക്കാം. ശാസിക്കേണ്ടിവന്നാൽ, അവർ എപ്പോഴും നമുക്കു പ്രിയപ്പെട്ടവരാണെന്നും ചെയ്ത പ്രവൃത്തിയെ മാത്രമാണ് തെറ്റായി കാണുന്നതെന്നും ബോധ്യപ്പെടുത്തുകയും വേണം.
സ്വയം നേടട്ടെ
ചെറുപ്പം തൊട്ടേ സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യാൻ കുട്ടിയെ ശീലിപ്പിക്കണം. ഷൂസ് കെട്ടൽ, യൂണിഫോമിടൽ, പുസ്തകങ്ങൾ ബാഗിൽ വെക്കൽ, കഴിച്ചപാത്രം കഴുകിവെക്കൽ തുടങ്ങിയ കാര്യങ്ങൾ ആൺ-പെൺ വ്യത്യാസമില്ലാതെ സ്വയം ചെയ്യാനുള്ള കഴിവ് കുട്ടിയിൽ ചെറുപ്പത്തിലേ വളർത്തിയെടുക്കുക. കുട്ടിയുടെ ഒപ്പമിരുന്ന് പഠിപ്പിച്ച് കൊടുക്കുന്ന ശീലം പലർക്കുമുണ്ട്. പലതും മാതാപിതാക്കൾ ചെയ്തുകൊടുത്ത് ശീലിപ്പിച്ചാൽ സ്വയം ചെയ്യാനുള്ള ശേഷി കുട്ടിയിൽ ഇല്ലാതാകും.
നല്ല കൂട്ടുകെട്ടുകൾ കണ്ടെത്താം
ഒാരോ പ്രായത്തിലും നല്ല കൂട്ടുകെട്ടുകൾ കണ്ടെത്തി നൽകാൻ മാതാപിതാക്കൾ ശ്രദ്ധിക്കുക. നല്ലതും മോശവുമായ കൂട്ടുകെട്ടുകൾ തിരിച്ചറിഞ്ഞ് സ്വയം ഒരു തിരഞ്ഞെടുപ്പിനുള്ള കഴിവ് കുട്ടിയിൽ വളർത്തണം. ചെറുപ്പത്തിലേ മാർഗനിർദേശങ്ങൾ നൽകിയാൽ ഒരു പ്രായമെത്തുമ്പോൾ ആരൊക്കെയായി കൂട്ടുകൂടാമെന്ന സ്വയം തിരിച്ചറിവ് കുട്ടിക്കുണ്ടാകും.
വായനയിൽ മാതൃകയാവാം
ഗൗരവമുള്ള വായനയിലേക്ക് കുട്ടികളെ നയിക്കണമെങ്കിൽ മാതാപിതാക്കൾ തന്നെ മാതൃക കാട്ടണം. പുസ്തകങ്ങൾ വായിച്ച് അതിലെ കാര്യങ്ങൾ കുട്ടിയിൽ ആവേശം നിറയ്ക്കുന്ന രീതിയിൽ പറഞ്ഞുകൊടുക്കുക. കുട്ടിയുടെ ഭാവന വളരാൻ ഏറ്റവും പ്രധാനമായ ഒരു വ്യായാമമാണ് വായന. ഓരോ പ്രായത്തിനും ചേർന്ന പുസ്തകങ്ങൾ നൽകാൻ രക്ഷിതാക്കൾ മുൻകൈയെടുക്കണം.
മാറിനിൽക്കരുത്, ഒപ്പം ചേരാം
കുട്ടികളുമായി ചെലവഴിക്കാൻ പറ്റുന്ന അവസരങ്ങൾ പരമാവധി ഉപയോഗിക്കാൻ മാതാപിതാക്കൾ ശ്രമിക്കണം. കുട്ടിക്ക് എന്തും തുറന്നുപറയാൻ പറ്റുന്ന അന്തരീക്ഷം വീട്ടിലുണ്ടാവണം. കേൾക്കാൻ ആളുണ്ട് എന്ന വിശ്വാസം കുട്ടിയുടെയുള്ളിൽ ഉണ്ടാക്കിയെടുക്കുക. കുട്ടിയുടെ പ്രവൃത്തികളെ മാറിനിന്ന് കാണുകയും പ്രോത്സാഹിപ്പിക്കുകയുമല്ല മാതാപിതാക്കൾ ചെയ്യേണ്ടത്.
സമ്മാനങ്ങളും അംഗീകാരങ്ങളും
കുട്ടികൾ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ പല രീതിയിൽ അവർക്ക് അംഗീകാരം നൽകാം. ഉദാഹരണത്തിന് ഓരോ നല്ല കാര്യത്തിന് ഒാരോ സ്റ്റാർവീതം കൊടുക്കാം. പത്തു സ്റ്റാറുകൾ കിട്ടിയാൽ അവർക്കിഷ്ടപ്പെട്ട ഒരു കുഞ്ഞുസമ്മാനം വാങ്ങിക്കൊടുക്കാം. മോശമായി പെരുമാറാത്ത തീയതികളിലും കലണ്ടറിൽ അവർക്കായി പ്രത്യേകം സ്റ്റാറുകൾ വരച്ചുനൽകാം.
സമ്മാനത്തിന് വിലകൂടരുത്
പ്രോത്സാഹനമായി നൽകുന്ന സമ്മാനങ്ങൾക്ക് വിലകൂടരുതെന്ന് പ്രത്യേകം ശ്രദ്ധിക്കണം. പത്തോ പതിനഞ്ചോ രൂപയുടേത് മതിയാവും. വിലകൂടിയ സമ്മാനങ്ങൾ കുട്ടികളുടെ മനസ്സിൽ സമ്മാനങ്ങൾക്കു മൂല്യമില്ലാതാക്കും.
ബുദ്ധിമുട്ടുകൾ കുട്ടിയും അറിയട്ടെ
വീട്ടിലെ ബുദ്ധിമുട്ടുകൾ അറിഞ്ഞുവേണം കുട്ടിയും വളരാൻ. കുട്ടി എന്ത് സാധനം ആവശ്യപ്പെട്ടാലും ഉടനെ അത് വാങ്ങിക്കൊടുക്കുന്ന രീതിയാണ് ശരാശരി മാതാപിതാക്കളും പിന്തുടരുന്നത്. സാമ്പത്തികബുദ്ധിമുട്ട് നേരിടുന്ന സമയങ്ങളിൽപോലും കുട്ടിയെ അതൊന്നും അറിയിക്കാതെ വളർത്താനാണ് പലരും ശ്രമിക്കുക. അതവരെ കഴിവുകെട്ടവരാക്കും. വീട്ടിലെ പരിമിതികൾ അറിഞ്ഞ് വളരാൻ ചെറുപ്രായത്തിലേ കുട്ടികളെ പ്രാപ്തമാക്കേണ്ടതുണ്ട്.
ചിലത് പറ്റില്ലെന്ന് തീർത്ത് പറയണം
ചില ആഗ്രഹങ്ങൾ സാധിച്ചുതരാൻ പറ്റില്ല എന്നുതന്നെ പറയണം. തുടക്കത്തിലെ സങ്കടവും കരച്ചിലും കാര്യമാക്കേണ്ട. പതുക്കെ അവർക്കത് മനസ്സിലാവും. എല്ലാം കിട്ടിയാൽ പിന്നെ സ്വയം ഒന്നും നേടുന്നതിനെക്കുറിച്ച് അവർ ചിന്തിക്കില്ല.
പഠനാവശ്യത്തിനല്ലാതെ കുട്ടികൾക്ക് വിനോദത്തിനായും കുറച്ചുസമയമൊക്കെ ഫോൺ കൊടുക്കാം. കുട്ടിക്ക് ഫോൺ നിഷേധിക്കുന്ന സമീപനം മാറ്റി എങ്ങനെ നിയന്ത്രിതമായി ഉപയോഗിക്കാമെന്നാണ് പഠിപ്പിക്കേണ്ടത്.ഒാരോ ദിവസവും നിശ്ചിതസമയം ഫോൺ നൽകാമെന്ന് കുട്ടികളുമായി ഒരു ധാരണയുണ്ടാക്കാം. പറഞ്ഞ സമയം തീരുമ്പോൾ ഫോൺ കൃത്യമായി തിരിച്ചുതന്നാൽ അവരെ അഭിനന്ദിക്കുക. എന്നാൽ, വാശിപിടിച്ച് അധികസമയം ഫോൺ ഉപയോഗിച്ചെന്നു കരുതുക, അപ്പോൾ പിറ്റേദിവസത്തെ സമയത്തിൽ നിന്ന് അധികമെടുത്ത അത്രയും സമയം നിർബന്ധമായും അങ്ങു കുറച്ചുകളയുക.
കുട്ടികൾ ഫോണിൽ എന്തുചെയ്യുന്നു?
കുട്ടികളെ പരമാവധി കോമൺ സ്പേസിൽ ഇരുത്താൻ ശ്രമിക്കാം. കമ്പ്യൂട്ടറായാലും മൊബൈൽ ആയാലും വീട്ടിലെ കോമൺ സ്പേസിൽ ഉപയോഗിക്കാൻ ശീലിപ്പിക്കുക. ഇത്തരം കാര്യങ്ങളിൽ കുട്ടികളുടെ പൈ്രവസി പരമാവധി കുറയ്ക്കുക. കാണുന്ന വീഡിയോകളിൽ പ്രത്യേകം ശ്രദ്ധവേണം.
ഉത്തരവുകൾ അരുത്
കുട്ടിക്ക് ഓരോ പ്രായത്തിലും ഉത്തരവുകൾ നൽകിക്കൊണ്ടിരുന്നാൽ അത് നിഷേധിക്കാനുള്ള ധൈര്യം അവരിലുണ്ടാകും. കൗമാരപ്രായക്കാർ പ്രത്യേകിച്ചും. എന്താണ് ചെയ്യേണ്ടത്, എന്താണ് ചെയ്യേണ്ടാത്തത് എന്നതിനെപ്പറ്റി ഒരു ഉൾക്കാഴ്ച കൊടുക്കാനാണ് മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത്. ഇങ്ങനെ ഒരു പ്രവൃത്തി ചെയ്താൽ അതിന്റെ പ്രത്യാഘാതം ഇത്തരത്തിലായിരിക്കും എന്ന് കുട്ടിയോട് പറയുക. ചെയ്യണോ വേണ്ടയോ എന്ന തീരുമാനം കുട്ടി തന്നെ എടുക്കട്ടെ.
അടിയും വഴക്കും അത്ര നല്ലതല്ല
അടിയും വഴക്കുംകൊണ്ടുമാത്രം കുട്ടികളെ നന്നാക്കിക്കളയാമെന്ന് ധരിക്കരുത്. വേദനയും വിഷമമവും മറക്കുമ്പോൾ കുട്ടികൾ തെറ്റുകൾ ആവർത്തിക്കാനിടയുണ്ട്. അതുകൊണ്ട് മറ്റുരീതിയിൽ ചെറുശിക്ഷകൾ നൽകി അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്താം. ഉദാഹരണത്തിന് കുട്ടി തെറ്റുചെയ്താൽ അവനോ അവൾക്കോ ഏറ്റവും ഇഷ്ടപ്പെട്ട ഒരു കാര്യം (അത് സൈക്കിൾ ഓടിക്കലോ, നീന്തലോ സിനിമ കാണലോ എന്തുമാകാം) അങ്ങ് നിഷേധിക്കുക. നിഷേധിക്കാനുള്ള കാരണം പറയുകയും ചെയ്യാം. ചെറിയ തെറ്റുകൾക്ക് കുറഞ്ഞ രീതിയിലുള്ള ശിക്ഷയും വലിയ തെറ്റുകൾക്ക് കുറച്ചുകൂടി വലിയ ശിക്ഷയും നൽകണം.
കബളിപ്പിക്കൽ ഒഴിവാക്കാം
കുട്ടികൾ മോശം വീഡിയോകൾ കാണുന്നത് ശ്രദ്ധയിൽപെട്ടാൽ ഉടൻതന്നെ വളരെ ദേഷ്യത്തിൽ ശാസിക്കുന്നതും ഉപദ്രവിക്കുന്നതും ദോഷമേ ചെയ്യൂ. നമ്മെ കബളിപ്പിച്ചും മറച്ചുവെച്ചും അത്തരം കാര്യങ്ങൾ ആവർത്തിക്കാൻ കുട്ടികൾ ശ്രമിക്കും. അത്തരം സന്ദർഭങ്ങളിൽ ആ വീഡിയോകളുടെ പ്രശ്നം, അപകടം, അത് ഗുണം ചെയ്യുമോ തുടങ്ങിയ കാര്യങ്ങൾ സമാധാനപരമായി പറഞ്ഞുമനസ്സിലാക്കുക.
തിരുത്തുന്നതിൽ എെക്യം വേണം
കുട്ടികളെ നല്ല കാര്യങ്ങൾ പഠിപ്പിക്കുന്നതിലും മോശം കാര്യങ്ങൾ തിരുത്തുന്നതിലും വീട്ടിലുള്ളവർക്ക് ഒരു എെക്യംവേണം. കുട്ടി ഒരു കാര്യം ചെയ്യരുതെന്നാണെങ്കിൽ അച്ഛനും അമ്മയും മുത്തശ്ശിയുമെല്ലാം അത് ചെയ്യരുത് എന്നുതന്നെ പറയണം. അച്ഛൻ ചെയ്തോയെന്നും അമ്മ ചെയ്യരുത് എന്നുമാണ് പറയുന്നതെങ്കിൽ കുട്ടിക്കതിൽ നിന്ന് തെറ്റായ സന്ദേശമാണ് കിട്ടുക. ആരുടെയടുത്താണ് കാര്യം നടക്കുകയെന്ന് നോക്കി കൗശലത്തോടെ നിൽക്കാനായിരിക്കും പിന്നീടവർ ശ്രമിക്കുക.
പിടിവാശി സമ്മതിച്ചു കൊടുക്കരുത്
ഒരു കാര്യം ചെയ്യരുതെന്ന് ചട്ടംകെട്ടി, പിന്നീട് കുട്ടികൾ വാശിപിടിച്ച് കരയുമ്പോൾ രക്ഷിതാക്കൾ അയഞ്ഞുകൊടുക്കുന്ന രീതിയുണ്ട്. തത്കാലം സമാധാനം കിട്ടട്ടേയെന്ന് കരുതി നൽകുന്ന ഇത്തരം ഇളവുകൾ കുട്ടികൾ അവസരമായെടുക്കും. കരഞ്ഞാൽ കാര്യം നടക്കുമെന്ന അടവ് അവർ പിന്നീടെപ്പോഴും പയറ്റും. രക്ഷിതാക്കളുടെ മൂഡിനൊത്താവരുത് ശിക്ഷ. ഭാര്യാഭർത്താക്കൻമാർ പരസ്പരദേഷ്യം തീർക്കാൻ കുട്ടികളെ ശിക്ഷിക്കരുത്.
താല്പര്യമില്ലെങ്കിൽ നിർബന്ധിക്കരുത്
കുട്ടിക്ക് താല്പര്യമില്ലാത്ത കാര്യങ്ങൾ ചെയ്യാൻ മാതാപിതാക്കൾ നിർബന്ധിക്കുന്നത് ഗുണത്തേക്കാൾ ദോഷമുണ്ടാക്കും. മറ്റുള്ളവരുടെ മുന്നിൽ പ്രത്യേക പരിഗണന കിട്ടാനായി നിർബന്ധിച്ച് പല കാര്യങ്ങൾക്കും വിടുന്നത് കുട്ടിയുടെ സ്വാഭാവികമായ കഴിവിനെ ഇല്ലാതാക്കും. കുട്ടിക്ക് താല്പര്യമുള്ളതും കഴിവ് തെളിയിക്കാൻ പറ്റുന്നതുമായ മേഖല എന്താണെന്ന് തുടക്കത്തിലേ കണ്ടെത്തി അതിൽ നല്ല പരിശീലനം നേടിക്കൊടുക്കുക മാത്രമാണ് രക്ഷിതാക്കൾക്ക് ചെയ്യാനുള്ളത്.
താല്പര്യം എങ്ങനെ തിരിച്ചറിയാം?
ചിലരിൽ ചെറുപ്പം തൊട്ടേ അഭിരുചി പ്രകടമാകാറുണ്ട്. ചിലരിൽ വളർന്നശേഷമായിരിക്കുമത്. താത്പര്യം പ്രകടിപ്പിക്കുന്ന മുറയ്ക്ക് അതിനുവേണ്ട പരിശീലനം നൽകുകമാത്രമാണ് ചെയ്യേണ്ടത്. എന്റെ കുട്ടിക്ക് ടാലന്റില്ലേയെന്ന് പരസ്യമായി പറഞ്ഞുനടക്കുന്ന രക്ഷിതാക്കൾ യഥാർഥത്തിൽ കുഞ്ഞുങ്ങളുടെ കഴിവ് മനസ്സിലാക്കാൻ ശേഷിയില്ലാത്തവരാണ്. കുട്ടികളുടെ സ്വപ്നങ്ങളും താത്പര്യങ്ങളും ചോദിച്ചു മനസ്സിലാക്കിക്കൊണ്ടേയിരിക്കുക.
ആഗ്രഹങ്ങള്‍ അടിച്ചേല്‍പിക്കരുത്
നമ്മുടെ ആഗ്രഹങ്ങളെ കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്. പകരം അവരെ സ്വപ്‌നം കാണാന്‍ പഠിപ്പിക്കുക. മികച്ച മാതൃകകള്‍ കാണിച്ചുകൊടുക്കുക. വളരുമ്പോള്‍ ആരാവുമെന്നത് അവരുടെ സ്വപ്‌നമായിരിക്കണം. നമ്മളായിട്ട് നിര്‍ബന്ധിക്കണ്ട. ഞാന്‍ ഡോക്ടറാണ് അതുകൊണ്ട് മകനും ഡോക്ടറാകണം എന്നൊക്കെ രക്ഷിതാവ് വാശിപിടിക്കുന്നതിലൂടെ കരിയര്‍ കണ്ടെത്താനുള്ള കുട്ടിയുടെ കഴിവാണ് ഇല്ലാതാകുന്നത്. രക്ഷിതാവിന്റെ ഇഷ്ടത്തിനനുസരിച്ചുള്ള പഠനവിഷയം തിരഞ്ഞെടുത്ത് ഒടുവില്‍ ആ തൊഴില്‍മേഖലയില്‍ എത്തുമ്പോഴായിരിക്കും ഇത് തനിക്ക് പറ്റിയതല്ലല്ലോ എന്ന് പലരും മനസ്സിലാക്കുക.
പ്രതീക്ഷയും കുട്ടികളുടെ കഴിവും
രക്ഷിതാക്കളുടെ പ്രതീക്ഷയുടെ വലിയ ചുമടുകള്‍ കുട്ടികളുടെ തലയില്‍ കെട്ടിവെക്കരുത്. കുട്ടികളുടെ ശേഷിയും കഴിവും തിരിച്ചറിഞ്ഞ് മാത്രം അതിനൊത്ത് അവരില്‍ നിന്ന് പ്രതീക്ഷിക്കുക. വലിയ പ്രതീക്ഷകള്‍ കുട്ടികള്‍ക്ക് ഭാരമായേക്കും. അതവരുടെ ആത്മവിശ്വാസംകെടുത്തും.
നല്ല മനുഷ്യരാവാന്‍ പഠിപ്പിക്കാം
കുട്ടികളെ ഊര്‍ജ്ജമുള്ള നല്ലൊരു മനുഷ്യനാക്കാനാണ് ആദ്യം ശ്രമിക്കേണ്ടത്. പ്രൊഫഷണല്‍ ജീവിതത്തില്‍ വലിയ നേട്ടങ്ങളുണ്ടാക്കിയിട്ടും ജീവിതത്തില്‍ തോറ്റുപോകുന്ന ഒട്ടേറെയാളുകള്‍ നമുക്കുചുറ്റുമുണ്ട്.
തോല്‍വിയും ശീലമാവട്ടെ
കൊച്ചുകളികളില്‍ പോലും കുട്ടികളെ ജയിപ്പിക്കാന്‍ അച്ഛനും അമ്മയും തോറ്റുകൊടുക്കാറുണ്ട്. എളുപ്പം വിജയം ശീലമാകുന്നത് ഭാവിജീവിതത്തില്‍ കുട്ടികള്‍ക്ക് അപകടമാണ്. തോല്‍വികളും നല്ലതാണെന്ന് അവരോട് പറയണം. ചെറിയ പരാജയങ്ങളില്‍പോലും മനസ്സുതകര്‍ന്ന് പലരും ആത്മഹത്യയിലേക്ക് പോകുന്നത് തോല്‍വിയെ ഉള്‍ക്കൊള്ളാനുള്ള മനക്കരുത്തില്ലാഞ്ഞിട്ടാണ്. പഠനമികവ് മാത്രം കണക്കിലെടുത്ത് മിടുക്കനെന്ന് വിളിക്കുന്നതില്‍ അര്‍ഥമില്ല. കുട്ടികളുടെ കഴിവുകള്‍ വിശാലമാണ്
ഓരോ കുട്ടിയും വ്യത്യസ്തരാണ്
കുട്ടികളുടെ വ്യത്യസ്തമായ കഴിവുകള്‍ തിരിച്ചറിയുന്നതില്‍ രക്ഷിതാക്കള്‍ അത്ര മിടുക്കരല്ല. സമപ്രായക്കാരായ മറ്റു കുട്ടികളുമായി അവരെ താരതമ്യം ചെയ്യുന്നത് പലരുടെയും ശീലമാണ്. മറ്റു കുട്ടികള്‍ ചെയ്യുന്നതുപോലെ നിനക്കെന്തുകൊണ്ട് ചെയ്തുകൂടായെന്ന ചോദ്യം നിര്‍ത്തുക. മറ്റേ കുട്ടിക്കുള്ള കഴിവായിരിക്കില്ല നിങ്ങളുടെ കുട്ടിക്കുള്ളത്. അയല്‍പ്പക്കത്തെ കുട്ടി പാട്ടുപാടുന്നതുകണ്ട് നിങ്ങളുടെ കുട്ടിയെ പാടാന്‍ നിര്‍ബന്ധിക്കരുത്. അവള്‍ക്ക് ചിലപ്പോള്‍ ചിത്രംവരയ്ക്കാനോ നൃത്തംചെയ്യാനോ ആയിരിക്കും താത്പര്യം.
അനുസരണക്കേട് അത്ര അപകടമല്ല
കുസൃതികളും അനുസരണക്കേടും നിറഞ്ഞ കാലമാണ് ബാല്യം. വളരെ ചെറുപ്പത്തിലേ അവര്‍ പക്വതയോടെ പെരുമാറണമെന്ന് വാശിപിടിക്കരുത്. അനുസരണക്കേടുകളിലൂടെ തന്നെയാണ് അവര്‍ പാകപ്പെടുന്നത്. ഒരുനിമിഷം നിങ്ങള്‍ ചെറുപ്പത്തില്‍ എങ്ങനെയായിരുന്നെന്ന് ചിന്തിക്കുക. അനുസരണ കാട്ടുമ്പോള്‍ അവരെ തിരുത്താന്‍ ശ്രമിക്കാം. അനുസരണയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാം.
ലാളന അധികമാവരുത്
കുട്ടികളെ ലാളിക്കാന്‍ കൊതിക്കുന്ന മുത്തശ്ശീമുത്തശ്ശന്‍മാര്‍ അച്ഛനും അമ്മയും സാധിച്ചുകൊടുക്കാത്ത അവരുടെ ആവശ്യങ്ങള്‍ പലപ്പോഴും സാധിച്ചുകൊടുക്കുന്ന പ്രവണതയുണ്ട്. അത് ഒരുപരിധിവരെ നല്ലതല്ല. നല്ലശീലം പഠിപ്പിക്കാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്.
ഇഷ്ടങ്ങള്‍ക്ക് നിയന്ത്രണം വേണം
ചെറുപ്രായത്തില്‍തന്നെ കുട്ടികളെ പൂര്‍ണമായും അവരുടെ ഇഷ്ടത്തിന് ജീവിക്കാന്‍ വിടരുത്. അവര്‍ക്കതിനുള്ള പാകം വന്നിട്ടില്ല. എല്ലാ പെരുമാറ്റങ്ങളിലും രക്ഷിതാക്കള്‍ക്ക് നിയന്ത്രണം വേണം. തിരുത്തലുകള്‍ അപ്പപ്പോള്‍ നടത്തി മുന്നോട്ടുപോവുക.
കരുതാന്‍ പഠിപ്പിക്കാം
അപരിചിതരായ ആളുകളുമായി പരമാവധി അകല്‍ച്ച പാലിക്കാന്‍ കുട്ടിയെ പഠിപ്പിക്കേണ്ടത്. പൊതുഇടത്തിലായാലും സൈബര്‍ ലോകത്തായാലും അത്തരം ഇടപഴകലുകളെ നിരുത്സാഹപ്പെടുത്തണം. പരിചയത്തിന്റെ പുറത്ത് കുട്ടികളെ സ്വാധീനിച്ച് മാനസികമായും ശാരീരികമായും ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്നത് പലപ്പോഴും ബന്ധുക്കളായിരിക്കും. മോശപ്പെട്ട രീതിയിലുള്ള സ്പര്‍ശിക്കലും സംസാരവും മനസ്സിലാക്കാനുള്ള അറിവ് ചെറുപ്രായത്തിലേ കുട്ടിക്ക് നല്‍കാന്‍ ശ്രദ്ധിക്കണം.
പേടി വളര്‍ത്തരുത്
കുട്ടി എന്തെങ്കിലും പ്രവൃത്തി ചെയ്യാനൊരുങ്ങുമ്പോള്‍ അതിലെ പ്രശ്‌നത്തെപ്പറ്റി പറഞ്ഞ് അവരെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നത് കുട്ടിയുടെ ആത്മവിശ്വാസത്തെയും കാര്യശേഷിയേയും ഇല്ലാതാക്കും.
ഒറ്റക്കുട്ടിയെ വളര്‍ത്തുമ്പോള്‍
ഒരു കുട്ടി മാത്രമുള്ള രക്ഷിതാക്കള്‍ പലപ്പോഴും കുട്ടിയെ അമിതമായി ലാളിച്ച് വളര്‍ത്തുന്ന സ്ഥിതിയുണ്ട്. മറ്റുള്ളവരുമായി അടുത്തിടപഴകിയാല്‍ തന്റെ കുട്ടി ചീത്തയായി പോകുമെന്ന് വിചാരിച്ച് ഒറ്റപ്പെട്ട രീതിയില്‍ വളര്‍ത്താന്‍ ശ്രമിക്കും. മറ്റു കുട്ടികള്‍ക്ക് നല്‍കുന്ന അതേ പരിഗണനയോടെ ഇവരെയും വളര്‍ത്തണം.
എന്നെ കൊതിപ്പിച്ച ടീച്ചറമ്മമാര്‍- സായി ശ്വേത ടീച്ചര്‍
ചെറിയ ക്ലാസ്സില്‍ സ്‌നേഹം വാരിക്കോരിത്തന്നു പഠിപ്പിച്ച ടീച്ചര്‍മാരെ കണ്ടാണ് ഞാന്‍ വളര്‍ന്നത്. അവര്‍ കുട്ടികളെ നോക്കുന്നതുകണ്ടാണ് എനിക്കും കൊച്ചുകുട്ടികളെ പഠിപ്പിക്കുന്ന ടീച്ചറാവണമെന്ന ആഗ്രഹം വന്നത്. ചങ്ങരംവെള്ളി എം.എല്‍.പി. സ്‌കൂളിലാണ് ഞാന്‍ പഠിച്ചത്. സുമതിടീച്ചറും ലീലാവതിടീച്ചറും നളിനിടീച്ചറും ഗംഗാധരന്‍ മാഷുമൊക്കെ ഇപ്പോഴും ഓര്‍മകളില്‍ സന്തോഷിപ്പിക്കുന്നവരാണ്. അവര്‍ ഞങ്ങളെ സ്‌നേഹിച്ചുകൊണ്ട് തന്നെ തെറ്റുകള്‍ തിരുത്തി. ഇപ്പോഴും അവരുടെയൊക്കെ മുമ്പിലെത്തുമ്പോള്‍ ഞാന്‍ വീണ്ടുമൊരു കുഞ്ഞുകുട്ടിയാവും. വളരെ പോസിറ്റീവ് ആയി ഒരുപാട് കാര്യങ്ങള്‍ പറഞ്ഞുതന്നിട്ടുള്ളവരാണ് ഹൈസ്‌കൂളില്‍ പഠിപ്പിച്ച പ്രദീപ് സാറും ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പഠിപ്പിച്ച ഡോ. സാവിത്രി ടീച്ചറും (ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മേപ്പയ്യൂര്‍).
അധ്യാപകര്‍ക്കുള്ള നിര്‍ദേശങ്ങള്‍
- തങ്ങളെ കേള്‍ക്കാന്‍ മനസ്സുകാട്ടുന്ന അധ്യാപകരെ കുട്ടികളും വിശ്വാസത്തിലെടുക്കും. കുട്ടികള്‍ പറയുന്നത് എന്തുമാവട്ടെ, അതുകേട്ട് സംശയങ്ങള്‍ തീര്‍ത്തുകൊടുക്കാനും വിഷമങ്ങളില്‍ കൈത്താങ്ങാവാനും അധ്യാപകര്‍ക്കാവണം.
- ഓരോ കുട്ടിയുടെയും ശക്തിദൗര്‍ബല്യങ്ങളെപ്പറ്റി നല്ല ധാരണയുണ്ടാകണം. അതനുസരിച്ചുവേണം പ്രോത്സാഹനം നല്‍കാന്‍. ക്ലാസിലെ ഓരോ കുട്ടിയുടെയും ജീവിതസാഹചര്യം, സാമൂഹികസാഹചര്യം, കഴിവുള്ള മേഖലകള്‍ എന്നിവയെപ്പറ്റി അറിഞ്ഞിരിക്കണം
- കുട്ടിയുടെ നന്മകള്‍ തിരിച്ചറിഞ്ഞ് അതിന് പ്രോത്സാഹനം നല്‍കുക.
- കുട്ടികളെ മറ്റുകുട്ടികളുമായി അറിയാതെപോലും താരതമ്യം ചെയ്യരുത്.
- മറ്റുള്ളവരുടെ മുമ്പില്‍ അവരുടെ ആത്മവിശ്വാസത്തെയും മൂല്യത്തെയും ഇടിച്ചുതാഴ്ത്തി സംസാരിക്കരുത.്
- ഓരോ കുട്ടിയും വ്യത്യസ്തരാണെന്ന് തിരിച്ചറിഞ്ഞുവേണം പെരുമാറാന്‍. മണ്ടന്‍, പൊട്ടന്‍ തുടങ്ങിയ പദപ്രയോഗങ്ങള്‍ കുട്ടികളുടെ ആത്മവിശ്വാസത്തെ തകര്‍ക്കും.
- പഠനവൈകല്യമുള്ളവരെ തിരിച്ചറിയാന്‍ അധ്യാപകര്‍ക്കാണ് എളുപ്പം സാധിക്കുക. ക്ലാസ്സില്‍ ഓടിനടന്ന് ബഹളമുണ്ടാക്കുന്ന കുട്ടിയെ അധ്യാപകര്‍ക്ക് സമീപം സീറ്റ് നല്‍കി ചെറിയ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിക്കാവുന്നതാണ്.
- ക്ലാസില്‍ കുട്ടി എന്തെങ്കിലും തെറ്റ് ചെയ്താല്‍ ഉടനെ വഴക്ക് പറയാതെ ചെയ്ത തെറ്റിന്റെ ഗൗരവവും പ്രത്യാഘാതവും മനസ്സിലാക്കിക്കൊടുക്കാം.
- ചില വിഷയങ്ങളില്‍ ചിലകുട്ടികള്‍ പിറകിലായിരിരിക്കും. മറ്റു വിഷയങ്ങളിലെ മികവു ചൂണ്ടിക്കാട്ടി അല്പം കൂടി ശ്രദ്ധിച്ചാല്‍ പിന്നോട്ട് നില്‍ക്കുന്ന വിഷയത്തിലും നല്ല മാര്‍ക്ക് നേടാമെന്ന് കുട്ടിക്ക് ആത്മവിശ്വാസം നല്‍കാം.
കടപ്പാട്
സി.ജെ. ജോണ്‍,
സീനിയര്‍ സൈക്യാട്രിസ്റ്റ്,
മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍, കൊച്ചി
ഡോ. സീമ പി. ഉത്തമന്‍,
അസിസ്റ്റന്റ് പ്രൊഫസര്‍,
സൈക്യാട്രിക് സോഷ്യല്‍വര്‍ക്ക് വിഭാഗം മേധാവി
ഇംഹാന്‍സ്, കോഴിക്കോട്
Content Highlights: easy parenting tips, steps to more effective parenting tips, parenting hacks
Published: 02 Jun 2022, 02:13 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented