
ജീവിതശൈലീരോഗങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്. ഇത് തടഞ്ഞുനിര്‍ത്താനുള്ള മുന്‍കരുതലുകള്‍
കുട്ടികളില്‍ നിന്നുതന്നെ തുടങ്ങണം. അതിന് കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പുവരുത്തേണ്ടതുണ്ട്. പുതിയ സാഹചര്യത്തില്‍ കുട്ടികള്‍ നേരിടുന്ന ആരോഗ്യ പ്രതിസന്ധികള്‍ എന്തൊക്കെയാണ്? എങ്ങനെയൊക്കെയാണ് അതിനെ മറികടക്കേണ്ടത്? വിദഗ്ധര്‍ ചര്‍ച്ചചെയ്യുന്നു.
പ്രമേഹം പോലുള്ള ജീവിതശൈലീരോഗങ്ങള്‍ കുട്ടികളില്‍ കണ്ടുതുടങ്ങുന്നുണ്ടോ? ഭാവിയില്‍ ഇത്തരം രോഗാവസ്ഥകള്‍ തടയാന്‍ കുട്ടികളുടെ കാര്യത്തില്‍ എന്തെല്ലാം ശ്രദ്ധിക്കണം?
കഴിഞ്ഞ പത്തുവര്‍ഷത്തെ കണക്കെടുത്താല്‍ കുട്ടികളുടെ പ്രമേഹത്തില്‍ വന്‍ കുതിപ്പാണുണ്ടായിട്ടുള്ളത്; പ്രത്യേകിച്ച് ഇന്ത്യയിലും ചൈനയിലും. ഇതിന്റെ ഒരു പ്രധാന കാരണം കുട്ടികളിലും കൗമാരക്കാരിലും കാണുന്ന അമിതവണ്ണമാണ്. ഒരുപാട് ആഹാരം കഴിക്കുകയും അതിനനുസരിച്ച് ഊര്‍ജം ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നതാണ് പ്രശ്‌നം. ശരീരം അനങ്ങിയുള്ള കളികള്‍ തീരെയില്ല. ശരീരമനങ്ങാതെ ഇരുന്നുള്ള വീഡിയോഗെയിമുകളോടും ടി.വി., മൊബൈല്‍ഫോണ്‍ എന്നിവയോടുമാണ് അവര്‍ക്ക് താത്പര്യം. ഇതിന് കുട്ടിയുടെ മാതാപിതാക്കളും സമൂഹവും ഒരുപോലെ ഉത്തരവാദികളാണ്.
ഡോ. എസ്.കെ. സുരേഷ്‌കുമാര്‍
അമിതവണ്ണമുള്ള കുട്ടികളുടെ എണ്ണം കൂടിവരുന്നതായാണ് സര്‍വേകള്‍ നല്‍കുന്ന സൂചനകള്‍. എന്തൊക്കെയാണ് വെല്ലുവിളികള്‍? എങ്ങനെ തടയാം?
ഒരു വയസ്സിനുമുന്‍പ് ശരീരത്തിലെ കൊഴുപ്പ് സംഭരണ സെല്ലുകളുടെ (Adipose tissue) എണ്ണത്തിലും വലുപ്പത്തിലുമുണ്ടാവുന്ന വര്‍ധനവാണ് ഭാവിയില്‍ അമിതവണ്ണത്തിലേക്ക് നയിക്കുന്ന ഏറ്റവും പ്രധാന കാരണം. അനാരോഗ്യകരമായ ഭക്ഷണശീലമാണ് ഇതിനിടയാക്കുന്നത്.
ജങ്ക് ഫുഡുകളെന്നറിയപ്പെടുന്ന അന്നജവും കൊഴുപ്പും കലോറിയും കൂടിയ ഭക്ഷണം, ബേക്കറി സാധനങ്ങള്‍, എണ്ണപ്പലഹാരങ്ങള്‍, ഗ്ലൂക്കോസ് നിറഞ്ഞ പാനീയങ്ങള്‍, അളവില്‍ കവിഞ്ഞ ഭക്ഷണം, നേട്ടങ്ങള്‍ ആഘോഷിക്കാന്‍ ഭക്ഷണം നല്‍കുന്ന പുതുസംസ്‌കാരം എന്നിവ തെറ്റായ ഭക്ഷണശീലങ്ങളാണ്. മാനസിക സമ്മര്‍ദങ്ങള്‍, അമിതവണ്ണമുള്ള മാതാപിതാക്കള്‍ എന്നീഘടകങ്ങളും അമിതവണ്ണത്തിന് കാരണമാവാം.
ഡോ. എം.മുരളീധരന്‍
സാമൂഹിക ഇടപെടലുകള്‍ കുറഞ്ഞത് കുട്ടികളുടെ മാനസികനിലയെ എങ്ങനെയാണ് ബാധിച്ചത്?
കോവിഡ് സാഹചര്യംമൂലം രണ്ടുവര്‍ഷത്തിലധികമായി സാമൂഹിക കൂടിച്ചേരലുകളൊന്നും ഇല്ലായിരുന്നു. ഇത് കുട്ടികളുടെ മാനസികവളര്‍ച്ചയെ ബാധിക്കുന്നുണ്ട്. സാമൂഹികജീവിതത്തിന്റെ ആദ്യപാഠങ്ങള്‍ കുട്ടി പഠിക്കുന്നത് കുടുംബത്തില്‍നിന്നാണല്ലോ. എന്നാല്‍ ഇന്ന് കുടുംബങ്ങളില്‍ കുട്ടികള്‍ക്ക് ആശയവിനിമയം നടത്താന്‍ മാതാപിതാക്കള്‍ മാത്രമായി മാറുന്ന അവസ്ഥയും ഉണ്ടാകുന്നുണ്ട്. അണുകുടുംബങ്ങളാണ് കൂടുതലും. അതോടെ മികച്ച ആശയവിനിമയത്തിനുള്ള അവസരം വീണ്ടും കുറയുന്നു. കുട്ടിക്ക് സാമൂഹിക ഇടപെടലുകള്‍ നടത്താനുള്ള ഒരു ഇടം ഒരുക്കിനല്‍കേണ്ടത് മാതാപിതാക്കളാണ്. എന്നാല്‍ അതിനുള്ള സാഹചര്യവും ഇന്ന് വളരെ കുറവാണ്.
മായാ നായര്‍
പുതിയ പഠനസാഹചര്യങ്ങള്‍ കുട്ടികളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കിയോ?
ക്ലാസ്മുറികളില്‍ നടത്തുന്ന ക്ലാസുകള്‍ക്ക് ചില ഗുണങ്ങളുണ്ട്. അവിടെ ആശയവിനിമയം കൂടുതല്‍ ഫലപ്രദമാണ്. കൂടുതല്‍ ആക്റ്റിവിറ്റികള്‍ക്ക് സാധ്യതയുണ്ട്. അതിനാല്‍ അവരുടെ ശാരീരികവും മാനസികവുമായ വികാസത്തിന് നേരിട്ടുള്ള ക്ലാസുകള്‍ വളരെയധികം സഹായിക്കും. എന്നാല്‍ കോവിഡ് വന്നതോടെ എല്ലാം തകിടംമറിഞ്ഞു. ഇതിന്റെ പ്രതിഫലനങ്ങള്‍ വിദ്യാര്‍ഥികളിലുമുണ്ടായി.
സ്ഥിരമായി ഓണ്‍ലൈന്‍ ക്ലാസില്‍ ഇരിക്കുന്നത് അവരുടെ ആരോഗ്യകാര്യങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാക്കി. ഇരിപ്പുരീതികള്‍തന്നെ മാറിപ്പോയ അവസ്ഥയുണ്ടായി. ഓണ്‍ലൈന്‍ ക്ലാസിനുവേണ്ടി മണിക്കൂറുകളോളം മൊബൈലിന്റയും ലാപ്‌ടോപ്പിന്റെയും മുന്‍പില്‍ ചടഞ്ഞുകൂടിയിരിക്കുന്ന അവസ്ഥയുണ്ടായി. കുട്ടികളെല്ലാം നിവര്‍ന്നിരിക്കാതെ, വളഞ്ഞിരിക്കുന്ന അവസ്ഥയിലെത്തി. ഇതിന് കോളേജ് എന്നോ സ്‌കൂള്‍ എന്നോവ്യത്യാസമില്ല. ഡിജിറ്റല്‍ സ്‌ക്രീനിലേക്ക് ദീര്‍ഘനേരം ദൃഷ്ടിയുറപ്പിച്ച് ഇരിക്കുന്നത് അവരുടെ ശാരീരികാരോഗ്യത്തിന് ദോഷംചെയ്തിട്ടുണ്ട്. മാനസികാവസ്ഥയിലും ഇത്തരം പ്രശ്‌നങ്ങള്‍ പ്രകടമാണ്.
ഡോ. ടി. സുനില്‍കുമാര്‍
കുട്ടികളുടെ ശാരീരിക-മാനസിക ആരോഗ്യത്തെക്കുറിച്ചും പഠനം, വ്യായാമം എന്നിവയെക്കുറിച്ചുമെല്ലാം വിശദമായി ചര്‍ച്ച ചെയ്യുകയാണ് മാതൃഭൂമി ആരോഗ്യമാസികയുടെ ജൂണ്‍ ലക്കം രണ്ടാമത്തെ പുസ്തകത്തില്‍. വിശദ വായനയ്ക്ക് വാങ്ങാം മാതൃഭൂമി ആരോഗ്യമാസിക ജൂണ്‍ ലക്കം,,,, രണ്ട് പുസ്തകങ്ങള്‍.... വിലയില്‍ മാറ്റമില്ല....
Content Highlights: lifestyle diseases in children , physical and mental health of children, kids health
Published: 20 May 2022, 11:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented