കൺമുന്നിൽ വെച്ച് സ്വന്തം കുഞ്ഞ് ബോധം നഷ്ടപ്പെട്ട് നിലത്തുവീഴുന്നത് കാണേണ്ടിവരുന്ന ഏതൊരമ്മയുടെയും ഉള്ളൊന്ന് പിടയും. സമാനമായൊരവസ്ഥയിലാണ് കഴിഞ്ഞ ദിവസം അഞ്ചുവയസ്സുകാരനായ മകനെയും നെഞ്ചോട് ചേർത്ത് ആ യുവതി ക്ലിനിക്കിലേക്ക് എത്തിയത്. "ഇടയ്ക്കിടെ അവന് ഫിറ്റ്സ് വരുന്നുണ്ട് ഡോക്ടർ. ഇവന്റെ ഭാവി എന്താകും? മറ്റുകുട്ടികളെപ്പോലെ സാധാരണ ജീവിതം നയിക്കാൻ ഇവന് കഴിയുമോ?" ആ അമ്മയുടെ വാക്കുകളിൽ ഭയവും നിസ്സഹായതയുമുണ്ടായിരുന്നു. കുഞ്ഞിന്റെ രോഗത്തേക്കാൾ അവരെ കാർന്നുതിന്നുന്ന മാനസിക സമ്മർദ്ദവും അകാരണമായ കുറ്റബോധവുമാണ് ആ മുഖത്ത് എനിക്ക് വായിച്ചെടുക്കാനായത്. ലോക അപസ്മാര ദിനത്തിൽ സമാന ആശങ്കകളിലൂടെ കടന്നുപോകുന്ന ആയിരക്കണക്കിന് മാതാപിതാക്കളോട് ചില യാഥാർത്ഥ്യങ്ങൾ പങ്കുവെക്കേണ്ടതുണ്ട്. അപസ്മാരമെന്നത് നിങ്ങളുടെ കുഞ്ഞിന്റെ സ്വപ്നങ്ങളുടെ അവസാനമല്ല അതിനെ പൂർണ്ണമായി മറികടക്കാൻ കുട്ടിയുടെ ചികിത്സയോളം തന്നെ അനിവാര്യമാണ് മാതാപിതാക്കളുടെ മാനസികാരോഗ്യവും.
കണക്കുകളും പഠനങ്ങളും നൽകുന്ന യാഥാർത്ഥ്യങ്ങൾ
കുഞ്ഞിന്റെ അവസ്ഥയോർത്ത് വിലപിക്കുന്ന മാതാപിതാക്കൾ ആദ്യം തിരിച്ചറിയേണ്ട ഒരു സത്യമുണ്ട്. അപസ്മാരം എന്ന അവസ്ഥയിലൂടെ കടന്നുപോകുന്നത് നിങ്ങളുടെ കുഞ്ഞ് മാത്രമല്ല. ആഗോളതലത്തിൽ അപസ്മാരം ബാധിച്ചവരിൽ ഇരുപത് ശതമാനത്തോളവും ഇന്ത്യയിലാണെന്നതാണ് ഔദ്യോഗിക കണക്ക്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം രാജ്യത്ത് ഒരു കോടിയിലധികം ആളുകൾ (പ്രതിവർഷം ആയിരത്തിൽ അഞ്ചു മുതൽ പത്തു പേർക്ക് വരെ) ഈ അവസ്ഥയുമായി ജീവിക്കുന്നുണ്ട്. എന്നാൽ വൈദ്യശാസ്ത്രത്തെപ്പോലും അമ്പരപ്പിക്കുന്നത് രോഗത്തിന്റെ വ്യാപ്തിയല്ല, മറിച്ച് സമൂഹത്തിൽ ഇവർ നേരിടുന്ന വിവേചനവും ഒറ്റപ്പെടലുമാണ്. 'ജേർണൽ ഓഫ് ന്യൂറോസയൻസസ്' അടുത്തിടെ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ട് ഈ സാമൂഹിക അകലത്തിന്റെ നേർചിത്രം വരച്ചുകാട്ടുന്നുണ്ട്. രാജ്യത്തെ അപസ്മാര രോഗികളിൽ 40.1 ശതമാനം പേരും അതികഠിനമായ സാമൂഹിക ഒറ്റപ്പെടലും അപകർഷതാബോധവും നേരിടുന്നവരാണ്. മറ്റൊരു 34 ശതമാനം പേർ ഇടത്തരം ഒറ്റപ്പെടലും അനുഭവിക്കുന്നു. അക്ഷരാർത്ഥത്തിൽ രോഗത്തേക്കാൾ ഭീകരമാണ് ഈ സാമൂഹിക ബഹിഷ്കരണം. കോടിക്കണക്കിന് മനുഷ്യരെ ബാധിക്കുന്ന ഒരു ആരോഗ്യപ്രശ്നമായിട്ടും ഇന്നും അപസ്മാരത്തെക്കുറിച്ച് തുറന്നുസംസാരിക്കാൻ സമൂഹം തയാറാകുന്നില്ലെന്നത് ഖേദകരമാണ്.
താക്കോൽക്കൂട്ടങ്ങൾക്കും മിഥ്യാധാരണകൾക്കും അപ്പുറമുള്ള ശാസ്ത്രം
സമൂഹത്തിൽ വേരുറച്ചുപോയ അന്ധവിശ്വാസങ്ങളാണ് പലപ്പോഴും കൃത്യമായ ചികിത്സയ്ക്ക് തടസ്സമാകുന്നത്. ഇന്ത്യയിൽ നടന്ന വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നത് രാജ്യത്തെ മുപ്പത് ശതമാനത്തിലധികം ആളുകളും അപസ്മാരം ഒരു മാനസിക രോഗമാണെന്ന് ഇപ്പോഴും തെറ്റിദ്ധരിക്കുന്നവരാണ്. എപ്പിലെപ്സി ആൻഡ് ബിഹേവിയറിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. കൂടാതെ ഇരുപത് ശതമാനത്തോളം പേർ ഇതൊരു പൂർവ്വജന്മ പാപത്തിന്റെ ഫലമായോ ബാധയായോ ആണ് ഇന്നും വിശ്വസിക്കുന്നതെന്ന സത്യവും നാം കാണാതെ പോകരുത്. എന്നാൽ തലച്ചോറിലെ കോശങ്ങളിൽ ഉണ്ടാകുന്ന നേരിയ വൈദ്യുത വ്യതിയാനങ്ങൾ മാത്രമാണിത്. ഫിറ്റ്സ് വരുമ്പോൾ രോഗിയുടെ കയ്യിൽ ഇരുമ്പ് താക്കോൽ കൊടുക്കുന്നതും മുഖത്ത് വെള്ളം തളിക്കുന്നതുമാണ് ഏറ്റവും പ്രചാരമുള്ള മറ്റൊരു അശാസ്ത്രീയ രീതി. ഇതിൽ യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല. അപസ്മാരം അതിന്റെ സമയമാകുമ്പോൾ താനേ നിൽക്കുകയാണ് ചെയ്യുന്നത്. കുട്ടിക്ക് ഒരു അറ്റാക്ക് വരുമ്പോൾ പരിഭ്രാന്തരായി വായിൽ ഇരുമ്പോ സ്പൂണോ തിരുകാൻ ശ്രമിക്കുന്നത് പല്ലുകൾ തകരാനും ശ്വാസകോശത്തിലേക്ക് ഉമിനീർ ഇറങ്ങി വലിയ അപകടങ്ങൾ സംഭവിക്കാനും കാരണമായേക്കാം. കൃത്യമായ ചികിത്സയിലൂടെ എഴുപത് മുതൽ എൺപത് ശതമാനം കുട്ടികളിലും ഈ അസുഖം പൂർണ്ണമായും നിയന്ത്രിക്കാൻ കഴിയും.
രോഗികളേക്കാൾ തളരുന്ന മാതാപിതാക്കൾ
കുട്ടികൾക്ക് അപസ്മാരം വരുമ്പോൾ ശാരീരികമായും മാനസികമായും അവരേക്കാൾ കൂടുതൽ തളർന്നുപോകുന്നത് അവരെ പരിചരിക്കുന്ന മാതാപിതാക്കളാണ്. എപ്പോഴാണ് കുഞ്ഞിന് അടുത്ത അറ്റാക്ക് വരിക എന്ന പേടിയിൽ ഉറക്കമില്ലാത്ത രാത്രികൾ തള്ളിനീക്കുന്നവരാണ് ഇവരിൽ ഭൂരിഭാഗവും. പുതിയ മെഡിക്കൽ പഠനങ്ങൾ ഈ യാഥാർത്ഥ്യത്തെ ശരിവയ്ക്കുന്നതാണ്. അപസ്മാര രോഗികളെ നിരന്തരം പരിചരിക്കുന്ന മാതാപിതാക്കളിൽ പകുതിയോളം പേരും (48.3%) ഭാഗികമായി മാനസിക-ശാരീരിക സമ്മർദ്ദം അനുഭവിക്കുന്നവരാണെന്ന് കണക്കുകൾ തെളിയിക്കുന്നു. ഇരുപത്തിയൊന്ന് ശതമാനത്തോളം പേർക്ക് ഈ ഭാരം അതികഠിനമാണ്. സ്വന്തം ആരോഗ്യവും സ്വപ്നങ്ങളും മാറ്റിവെച്ച് കുഞ്ഞിന് വേണ്ടി മാത്രം ജീവിക്കേണ്ടി വരുന്ന അവസ്ഥ പലരെയും കടുത്ത വിഷാദത്തിലേക്ക് വരെ തള്ളിവിടുന്നുണ്ട്. നിരന്തരമായ ഈ ജാഗ്രതയും ഭയവും മാതാപിതാക്കളെ വലിയ രീതിയിലുള്ള മാനസിക ശോഷണത്തിലേക്കാണ് നയിക്കുന്നത്.
രോഗം സൃഷ്ടിക്കുന്ന മാനസികാഘാതങ്ങൾക്ക് പുറമെയാണ് സാമ്പത്തിക-സാമൂഹിക പ്രശ്നങ്ങൾ. ചികിത്സയുമായി ബന്ധപ്പെട്ട ഭാരിച്ച സാമ്പത്തിക ബാധ്യതകളും നിരന്തരമുള്ള ആശുപത്രി യാത്രകളും മാതാപിതാക്കളുടെ ജീവിതനിലവാരത്തെ വലിയ രീതിയിൽ താഴോട്ട് കൊണ്ടുപോകുന്നുണ്ട്. കുഞ്ഞിന്റെ പരിചരണത്തിനായി പലർക്കും തങ്ങളുടെ ജോലിയും കരിയറും വരെ ഉപേക്ഷിക്കേണ്ടി വരുന്നത് കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയെ വീണ്ടും തകർക്കും. ഇതിനെല്ലാം പുറമെയാണ് സമൂഹത്തിൽ നിന്നുള്ള പ്രതികരണങ്ങളെക്കുറിച്ചുള്ള ഭയം. തങ്ങളുടെ കുട്ടിക്ക് ഇത്തരം ഒരു അവസ്ഥയുണ്ടെന്ന് പുറത്തറിയുന്നത് നാണക്കേടായി കരുതുന്ന പലരും സമൂഹത്തിൽ നിന്ന് സ്വയം മാറിനിൽക്കാൻ ശ്രമിക്കാറുണ്ട്. കുടുംബപരമായ ചടങ്ങുകളിൽ നിന്നോ പൊതുപരിപാടികളിൽ നിന്നോ ഒഴിഞ്ഞുമാറി നിൽക്കാൻ ശ്രമിക്കുന്നത് മാതാപിതാക്കളുടെ മാനസിക സമ്മർദ്ദം ഇരട്ടിയാക്കുകയേയുള്ളൂ. അസുഖവിവരം മറ്റുള്ളവരിൽ നിന്ന് മറച്ചുവെക്കാനുള്ള ഈ വ്യഗ്രത പലപ്പോഴും കുടുംബത്തിന്റെ സന്തോഷം കെടുത്തുക മാത്രമല്ല, കുട്ടിയുടെ ശരിയായ മാനസിക വികാസത്തെപ്പോലും പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
സമ്മർദ്ദങ്ങളും ഒറ്റപ്പെടലും എങ്ങനെ അതിജീവിക്കാം?
മാതാപിതാക്കൾ അനുഭവിക്കുന്ന ഈ മാനസിക ഭാരവും കുട്ടികൾ നേരിടുന്ന സാമൂഹിക ഒറ്റപ്പെടലും പ്രായോഗികമായി എങ്ങനെ കുറയ്ക്കാം എന്നത് ചികിത്സയോളം തന്നെ പ്രാധാന്യമർഹിക്കുന്ന വിഷയമാണ്. ഇതിനൊരു പരിഹാരം കാണണമെങ്കിൽ ആദ്യം വേണ്ടത് കുടുംബത്തിന്റെ കൂട്ടായ പിന്തുണയാണ്. കുഞ്ഞിന്റെ പരിചരണമെന്നത് അമ്മയുടെയോ അച്ഛന്റെയോ മാത്രം ബാധ്യതയായി ചുരുക്കാതെ കുടുംബാംഗങ്ങൾ ഒന്നടങ്കം ആ ഉത്തരവാദിത്തം പങ്കിട്ടെടുക്കാൻ തയ്യാറാകണം. അത്തരമൊരു കരുതൽ മാതാപിതാക്കൾക്ക് നൽകുന്ന ആശ്വാസം ചെറുതല്ല. ചികിത്സാ ചെലവുകൾ സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാൻ കൃത്യമായ ആസൂത്രണം ആവശ്യമാണ്. സർക്കാർ തലത്തിലുള്ള വിവിധ സഹായ പദ്ധതികളെക്കുറിച്ചും അനുയോജ്യമായ ആരോഗ്യ ഇൻഷുറൻസുകളെക്കുറിച്ചും ഡോക്ടർമാരോടോ മെഡിക്കൽ സോഷ്യൽ വർക്കർമാരോടോ ചോദിച്ചറിയാനും അത് പ്രയോജനപ്പെടുത്താനും മടിക്കരുത്. ജീവിതം കുഞ്ഞിന്റെ ചികിത്സയ്ക്ക് വേണ്ടി മാത്രമായി മാറ്റിവെക്കാതെ മാതാപിതാക്കൾ സ്വന്തം വിശ്രമത്തിനും വിനോദങ്ങൾക്കും കൂടി സമയം കണ്ടെത്തേണ്ടത് മാനസികാരോഗ്യം നിലനിർത്താൻ അനിവാര്യമാണ്.
മറുവശത്ത് രോഗത്തെക്കുറിച്ച് സമൂഹത്തിൽ വേരുറച്ചുപോയ തെറ്റിദ്ധാരണകൾ മാറ്റാൻ തുറന്ന ആശയവിനിമയമാണ് ഏറ്റവും ആവശ്യം. മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് ഭയന്ന് അസുഖവിവരം രഹസ്യമാക്കി വെക്കുന്നത് രോഗിയുടെയും മാതാപിതാക്കളുടെയും ഒറ്റപ്പെടൽ വർദ്ധിപ്പിക്കുകയേയുള്ളൂ. കുടുംബപരമായ ചടങ്ങുകളിലും പൊതുപരിപാടികളിലും യാതൊരു സങ്കോചവുമില്ലാതെ കുട്ടികളുമായി സജീവമായി പങ്കെടുക്കണം. സ്കൂളിലെ അധ്യാപകരെയും കുട്ടിയുടെ സുഹൃത്തുക്കളെയും യാഥാർത്ഥ്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തുന്നതിലൂടെ ഈ സാമൂഹിക അകലം വലിയ രീതിയിൽ ഇല്ലാതാക്കാൻ കഴിയും. സമാനമായ അനുഭവങ്ങളിലൂടെയും സങ്കടങ്ങളിലൂടെയും കടന്നുപോകുന്ന മാതാപിതാക്കളുടെ കൂട്ടായ്മകളിൽ പങ്കുചേരുന്നതും, അനുഭവങ്ങൾ പരസ്പരം പങ്കുവെക്കുന്നതും ഈ പ്രതിസന്ധിയെ അതിജീവിക്കാനുള്ള ഏറ്റവും മികച്ച പ്രായോഗിക പരിഹാരങ്ങളിലൊന്നാണ്.
പരിചരണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
രോഗിയായ ഒരു കുട്ടിയെ പരിചരിക്കുമ്പോൾ ഏറ്റവും പ്രധാനം ഡോക്ടർ നിർദ്ദേശിച്ച മരുന്നുകൾ മുടക്കാതിരിക്കുക എന്നതാണ്. കുട്ടിക്ക് ഫിറ്റ്സ് വരുമ്പോൾ പരിഭ്രാന്തരാകാതെ സുരക്ഷിതമായ സ്ഥലത്ത് ഒരു വശത്തേക്ക് ചരിച്ചു കിടത്തുകയാണ് ആദ്യം ചെയ്യേണ്ടത്. ഫിറ്റ്സ് എത്ര സമയം നീണ്ടുനിൽക്കുന്നു എന്ന് നിരീക്ഷിക്കുകയും, അഞ്ചു മിനിറ്റിൽ കൂടുതൽ നീണ്ടുനിന്നാൽ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും വേണം. ജീവിതചര്യകളിലെ ചിട്ടയും പ്രധാനമാണ്. ഉറക്കമില്ലായ്മ അപസ്മാരം വരാനുള്ള വലിയൊരു കാരണമായതിനാൽ കുട്ടിക്ക് ദിവസവും ഒരേ സമയത്ത് തന്നെ കൃത്യമായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. അമിതമായ സ്ക്രീൻ ഉപയോഗവും ശാരീരിക ക്ഷീണവും കർശനമായി ഒഴിവാക്കുകയും വേണം.
അന്ന് എന്റെ മുന്നിലിരുന്ന അമ്മയോട് പറഞ്ഞത് തന്നെയാണ് ഇന്ന് ലോക അപസ്മാര ദിനത്തിൽ എല്ലാ അച്ഛനമ്മമാരോടും പറയാനുള്ളത്. നിങ്ങളുടെ കുഞ്ഞിന് അപസ്മാരം ഉണ്ട് എന്നത് ഒരു യാഥാർത്ഥ്യമായിരിക്കാം. എന്നാൽ ആ അവസ്ഥയ്ക്ക് നിങ്ങളുടെ കുഞ്ഞിന്റെ വലിയ സ്വപ്നങ്ങളെ തളർത്താൻ കഴിയില്ലെന്ന് മനസിലാക്കണം. സ്നേഹത്തോടെയും ശാസ്ത്രീയമായ അറിവോടെയും നിങ്ങൾ ഒപ്പമുണ്ടെങ്കിൽ ഏത് വെല്ലുവിളിയെയും ആ കുരുന്നുകൾക്ക് എളുപ്പം മറികടക്കാനാകും.
ആസ്റ്റർ മിംസ് കോട്ടക്കലിൽ സൈക്യാട്രി വിഭാഗം സ്പെഷ്യലിസ്റ്റ് ആണ് ലേഖിക.
Content Highlights: Explore how epilepsy affects parents' mental health and the importance of community support in overcoming societal stigma and misconceptions about the condition.
Published: 17 Nov 2026, 02:19 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented