തൃശ്ശൂർ: മിണ്ടാനും കേൾക്കാനും രക്ഷിതാക്കൾക്ക് സമയമില്ലാതാവുമ്പോൾ കുട്ടികൾ അഭയംതേടുന്നത് ‘എഐ മനുഷ്യരോ’ടും സാമൂഹികമാധ്യമങ്ങൾവഴി പരിചയപ്പെട്ട സുഹൃത്തുക്കളോടും. ശിശുപരിപാലനം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ തൃശ്ശൂർ ജില്ലയിൽ നടപ്പാക്കുന്ന ‘പാരന്റ് ആപ്പ്’ പദ്ധതിയുടെ ഭാഗമായി നടത്തിയ സർവേയിലാണ് കണ്ണുതുറപ്പിക്കുന്ന വിവരം. സർവേയിൽ പങ്കെടുത്ത 3.7 ശതമാനം കുട്ടികളാണ് നിർമിതബുദ്ധിയുമായി ഉള്ളുതുറക്കുന്നത്. 10.8 ശതമാനം കുട്ടികൾ സാമൂഹികമാധ്യമ സുഹൃത്തുക്കളോടും തുറന്നുസംസാരിക്കുന്നു.

To advertise here,

81.6 ശതമാനം രക്ഷകർത്താക്കളും വിശ്വസിക്കുന്നത് കുട്ടികൾ ഏറ്റവും കൂടുതൽ തുറന്ന് സംസാരിക്കുന്നത് അമ്മയോടാണെന്നാണ്. എന്നാൽ, 31.1 ശതമാനം കുട്ടികൾ മാത്രമാണ് ഇതിനോട് യോജിക്കുന്നത്. മാനസികപ്രയാസം നേരിടുന്ന സമയത്ത് മാതാപിതാക്കളുടെ സഹായം തേടുമെന്ന് പറഞ്ഞത് 38.6 ശതമാനം കുട്ടികൾ മാത്രം.

33.4 ശതമാനം കുട്ടികൾക്കും മാനസികപ്രശ്നങ്ങളെ സ്വയം കൈകാര്യംചെയ്യാൻ സാധിക്കും എന്ന അഭിപ്രായമാണുള്ളത്. 7.9 ശതമാനം കുട്ടികൾ സാമൂഹികമാധ്യമ സുഹൃത്തുക്കളെ ആശ്രയിക്കുമെന്ന് പറയുമ്പോൾ 7.2 ശതമാനം യുട്യൂബ്, ഇന്റർനെറ്റ് സഹായം തേടും.

ദിവസം കുട്ടികളോടൊപ്പം അവർക്ക് ഇഷ്ടപ്പെട്ട രീതിയിൽ ചെലവഴിക്കുന്ന സമയം എത്ര എന്ന ചോദ്യത്തിന് 43.4 ശതമാനം രക്ഷകർത്താക്കളും നൽകിയ ഉത്തരം 30 മിനിറ്റിൽ താഴെ എന്നാണ്. ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതിയുടെ ഭാഗമായി ജില്ലാ ഭരണകൂടവും വനിതാ ശിശുവികസന വകുപ്പും ചേർന്ന് കനൽ ഇനവേഷൻസിന്റെ സഹകരണത്തോടെയാണ് ‘പാരന്റ് ആപ്പ്’ പദ്ധതി നടപ്പാക്കുന്നത്. ജില്ലയിൽനടന്ന ഏകദേശം 6450 രക്ഷിതാക്കൾ പദ്ധതിയുടെ ഭാഗമായി. ജില്ലയിലെ 500 രക്ഷകർത്താക്കളും 500 കൗമാരപ്രായത്തിലുള്ള കുട്ടികളുമാണ് ‌സർവേയിൽ പങ്കെടുത്തത്.

മറ്റു കണ്ടെത്തലുകൾ

ക്ലാസ് പിടിഎ യോഗങ്ങളിൽ ജോലിസംബന്ധമായ തിരക്കുകാരണം 72.4 ശതമാനം രക്ഷിതാക്കൾക്ക് പങ്കെടുക്കാൻ പറ്റാറില്ല

ലൈംഗിക അതിക്രമം നേരിടേണ്ടിവന്നാൽ മാതാപിതാക്കളോട് പറയുമെന്ന് അഭിപ്രായപ്പെട്ടത് 66.2 ശതമാനം കുട്ടികൾ. അഞ്ചുശതമാനം വിദ്യാർഥികൾ ആരോടും പറയില്ല. നാലുശതമാനം സാമൂഹികമാധ്യമ സുഹൃത്തുക്കളുടെ സഹായം തേടും

ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, കൗമാരകാലത്തെ ശാരീരിക വളർച്ച തുടങ്ങിയവ പഠിപ്പിച്ചത് ആരാണ് എന്ന ചോദ്യത്തിന് 69.4 ശതമാനം രക്ഷകർത്താക്കളും പറഞ്ഞത് മാതാപിതാക്കൾ ആണെന്നാണ്. എന്നാൽ, 18.4 ശതമാനം കുട്ടികൾക്ക് മാത്രമാണ് ഈ അഭിപ്രായമുള്ളത്. 27 ശതമാനം കുട്ടികൾ ഇക്കാര്യം ആരും പഠിപ്പിച്ചുതന്നിട്ടില്ല എന്നാണ് പറഞ്ഞത്.

സംസ്ഥാനത്തിന് മാതൃക

‘’ന്യൂജൻ കാലത്ത് രക്ഷകർത്താക്കൾക്കിടയിൽ ശിശുപരിപാലന രീതിയിൽ മാറ്റംകൊണ്ടുവരുക എന്ന ലക്ഷ്യവുമായി തുടങ്ങിയ സംസ്ഥാനത്തെ ആദ്യ പദ്ധതിയാണ് പാരന്റ് ആപ്പ്. ഈ പദ്ധതി രക്ഷിതാക്കളെ ശാസ്ത്രീയമായി ശാക്തീകരിക്കുകയും പുതിയ തലമുറയുമായി ആത്മബന്ധം സ്ഥാപിക്കാനുള്ള ആശയങ്ങളിലേക്കെത്തിക്കുകയും ചെയ്യും.’’

അർജുൻ പാണ്ഡ്യൻ

തൃശ്ശൂർ കളക്ടർ‌