കുഞ്ഞ് വിരൽ കുടിക്കുന്ന ശീലം നിർത്താൻ ചൂണ്ടുവിരലിൽ തുണികെട്ടി ഒരമ്മ. കുട്ടിയുടെ വിരൽകുടി ശീലം ഒഴിവാക്കാൻ ചൈനയിൽ നിന്നുള്ള ഒരമ്മ ചെയ്ത പ്രവൃത്തി ​ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തിയത്. പതിനൊന്ന് മാസം പ്രായമുള്ള കുട്ടി വിരൽകുടിക്കുന്നത് ഒഴിവാക്കാൻ ചൂണ്ടുവിരലിൽ തുണിചുറ്റിവെക്കുകയാണ് അമ്മ ചെയ്തത്. എന്നാൽ ഇതിലൂടെ കുഞ്ഞിന്റെ വിരലിലെ ചർമത്തിന്റെയും ടിഷ്യൂവിന്റെയും ഒരുഭാ​ഗം നശിച്ചു. ചികിത്സ വൈകിയിരുന്നെങ്കിൽ കൂടുതൽ ​ഗുരുതരമായ അവസ്ഥയിലേക്ക് എത്തുമായിരുന്നുവെന്നാണ് ഡോക്ടർമാർ പഞ്ഞത്. 

To advertise here,

സൗത് ചൈനാ മോണിങ് പോസ്റ്റിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. കുട്ടിയുടെ വിരൽ കുടിക്കുന്ന ശീലം ഒഴിവാക്കാൻ ഓൺലൈനിൽ കണ്ട മാർ​ഗമാണ് അമ്മ പരീക്ഷിച്ചത്. എന്നാൽ തുണിചുറ്റിയ ഭാ​ഗത്ത് വീക്കവും നിറവ്യത്യാസവും കണ്ടതോടെയാണ് അമ്മ ആശുപത്രിയിലെത്തിച്ചത്. സെൻട്രൽ ചൈനയിലെ ഹുനാൻ ചിൽഡ്രൻസ് ഹോസ്പിറ്റലിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്.  വിദ​ഗ്ധ പരിശോധനയിലാണ് കോശങ്ങൾ നശിച്ചതിനാൽ ചികിത്സ വൈകിയിരുന്നെങ്കിൽ വിരൽ മുറിച്ചുമാറ്റേണ്ട അവസ്ഥപോലും വന്നേനെ എന്ന് ഡോക്ടർമാർ വ്യക്തമാക്കിയത്. 

കുഞ്ഞുങ്ങൾ വായിൽ വിരലിടുന്ന ശീലം രണ്ടോ മൂന്നോ വയസ്സ് പ്രായമാവുമ്പോൾ നിൽക്കാറുണ്ടെന്നും അവരുടെ വിരലുകൾ വൃത്തിയായിട്ടാണോ ഇരിക്കുന്നതെന്ന് ശ്രദ്ധിക്കുകമാത്രമേ വേണ്ടൂവെന്നും ഡോക്ടർ അമ്മയെ പറഞ്ഞുമനസ്സിലാക്കി. കുട്ടികളുടെ ആരോ​ഗ്യം തകരാറിലാക്കുന്ന ഇത്തരം മാർ​ഗങ്ങളുടെ പിന്നാലെ പോകരുതെന്നും ഡോക്ടർമാർ പറയുന്നു. 

ഗര്‍ഭാവസ്ഥയില്‍ 15 ആഴ്ച പ്രായമുള്ളപ്പോളാണ് കുഞ്ഞുങ്ങൾ വിരല്‍ കുടിച്ചു തുടങ്ങുന്നതെന്നാണ് വിദ​ഗ്ധർ പറയുന്നത്. അഞ്ചുവയസ്സുവരെ ഈ ശീലം തുടർന്നേക്കാം. കുട്ടികൾ അഞ്ചുവയസ്സുകഴിഞ്ഞും പാൽപ്പല്ലുകൾ വന്നതിനുശേഷവും വിരൽകുടിക്കുന്ന ശീലം തുടരുന്നുണ്ടെങ്കിലാണ് മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത്, ഇത് മുകൾനിരയിലെ പല്ലുകൾ പൊങ്ങുന്നതിനും താടിയുടെ ഭാ​ഗത്തെ പല്ലുകൾ കാഴുന്നതിനും കാരണമാകും. താടിയെല്ലുകളുടെ വളർച്ചയെ സാരമായി ബാധിക്കുന്നതിനൊപ്പം വിരലിലൂടെ അണുബാധ വായിലെത്താനും പകർച്ചവ്യാധികൾ പിടിപെടാനും കാരണമാകും. 

പേടിപ്പിച്ചും അശാസ്ത്രീയമായ മാർ​ഗങ്ങൾ പരീക്ഷിച്ചും വിരൽകുടിക്കുന്ന ശീലം നിർത്തുന്നതിന് പകരം സമാധാനത്തോടെയും സ്നേഹത്തോടെയും കുട്ടികളെ പറഞ്ഞുമനസ്സിലാക്കുകയാണ് വേണ്ടത്.