കൊച്ചി: രാജ്യത്തെ സ്കൂൾ വിദ്യാർഥികളിൽ 74 ശതമാനം പഠന, അക്കാദമിക് ആവശ്യങ്ങൾക്കല്ലാതെ ദിവസവും രണ്ടുമണിക്കൂറിലധികം മൊബൈൽ ഫോണോ കംപ്യൂട്ടറോ ഉപയോഗിക്കുന്നതായി പഠനറിപ്പോർട്ട്. അതിൽ 21 ശതമാനം നാലു മണിക്കൂറിൽക്കൂടുതൽ മൊബൈൽ, ഗെയിമിങ് പ്ലാറ്റ്ഫോമുകൾ, സാമൂഹിക മാധ്യമങ്ങൾ എന്നിവയിൽ ചെലവഴിക്കുന്നതായും കണ്ടെത്തി.
നാഷണൽ കൗൺസിൽ ഓഫ് സി.ബി.എസ്.ഇ. സ്കൂൾസ് (എൻ.സി.സി.എസ്.) നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. അധ്യാപകർ, രക്ഷാകർത്താക്കൾ, സ്കൂൾ അധികൃതർ എന്നിങ്ങനെ 6,30,000 പേരാണ് സർവേയിൽ പങ്കെടുത്തതെന്ന് എൻ.സി.സി.എസ്. സെക്രട്ടറി ജനറൽ ഡോ. ഇന്ദിര രാജൻ അറിയിച്ചു.
വിദ്യാർഥികളിൽ ഏകാഗ്രതയും ക്ലാസ്റൂം ശ്രദ്ധയും കുറയുന്നതായി പഠനത്തിൽ പങ്കെടുത്ത 69 ശതമാനംപേരും അറിയിച്ചു. 63 ശതമാനം വിദ്യാർഥികളിൽ അസഹിഷ്ണുത, ആശങ്ക, മാനസിക സമ്മർദം, സാമൂഹിക പിന്മാറ്റം തുടങ്ങിയ പെരുമാറ്റപ്രശ്നങ്ങൾ കൂടി. പുറത്തിറങ്ങിയുള്ള കായികപ്രവർത്തനങ്ങളും നേരിട്ടുള്ള സാമൂഹിക ഇടപെടലുകളും കുറയുന്നതായി 66 ശതമാനം പ്രതികരിച്ചു.
വിദ്യാർഥികളുടെ മാനസികാരോഗ്യം, പഠന ഏകാഗ്രത, സമഗ്ര വ്യക്തിത്വ വികസനം എന്നിവ സംരക്ഷിക്കുന്നതിന് നടപ്പാക്കാവുന്ന കാര്യങ്ങളും നയപരമായ ശുപാർശകളും എൻ.സി.സി.എസ്. സർക്കാരിന് സമർപ്പിച്ചു. 18 വയസ്സിൽ താഴെയുള്ളവരുടെ നിയന്ത്രണമില്ലാത്ത ഡിജിറ്റൽ ഉപയോഗം പരിമിതപ്പെടുത്താൻ ദേശീയ മാർഗനിർദേശങ്ങൾ ആവശ്യമാണ്. ദേശീയ ബാല ഡിജിറ്റൽ സുരക്ഷാ ചട്ടക്കൂട് രൂപവത്കരിക്കണമെന്നും ശുപാർശചെയ്തിട്ടുണ്ട്.
റിപ്പോർട്ടും ശുപാർശകളും പ്രധാനമന്ത്രി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം, മുഖ്യമന്ത്രിമാർ, സി.ബി.എസ്.ഇ. ചെയർമാൻ തുടങ്ങിയവർക്ക് കൈമാറിയിട്ടുണ്ട്.
Content Highlights: 74% of students use digital devices for non-academic purposes for over 2 hours daily., 21% of students spend more than 4 hours on gaming and social media
Published: 11 Mar 2026, 08:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented