പൊണ്ണത്തടി കാരണം ജോലി നഷ്ടപ്പെട്ടവര്‍ക്ക് അമിതവണ്ണം കുറയ്ക്കാനും ജോലിയിലേക്ക് തിരികെയെത്താനുമുള്ള അവസരമൊരുക്കാനുള്ള പുതിയ പദ്ധതി പരിചയപ്പെടുത്തി യു.കെ. സര്‍ക്കാര്‍. മൗന്‍ജാരോ എന്ന മരുന്ന് കുത്തിവെച്ച് ഭാരം കുറയ്ക്കാനുള്ള യജ്ഞത്തിന്റെ പരീക്ഷണം ഉടന്‍ ആരംഭിക്കുമെന്ന് ബ്രിട്ടീഷ് ആരോഗ്യമന്ത്രി വെസ് സ്ട്രീറ്റിങ് ചൊവ്വാഴ്ച അറിയിച്ചു. 

To advertise here,

രാജ്യത്തെ ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായി സര്‍ക്കാര്‍ ആരംഭിച്ചിട്ടുള്ള നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍.എച്ച്.എസ്.) സ്ട്രാറ്റജിയുടെ ഭാഗമായാണ് പുതിയ പരീക്ഷണം. മരുന്നിലൂടെ അഞ്ചുവര്‍ഷത്തിനുള്ളില്‍ 3,000-ത്തോളം ജനങ്ങളുടെ അമിതവണ്ണം കുറയ്ക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. എന്‍.എച്ച്.എസ്. 

പദ്ധതിക്കായി മൂവായിരത്തി അന്‍പത്തിയെട്ട് കോടി രൂപയോളം മാറ്റിവെച്ചിട്ടുള്ളതായി മൗന്‍ജാരോ മരുന്നിന്റെ ഉത്പാദകരായ ഇലായ് ലില്ലി (Eli Lilly) കമ്പനി തിങ്കളാഴ്ച അറിയിച്ചു. ഈ പദ്ധതി ബ്രിട്ടണിലെ ജനങ്ങളുടെ ആരോഗ്യരംഗത്തെ വളരെയേറെ മെച്ചപ്പെടുത്തും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമ്പനി അധികൃതര്‍ പറയുന്നു. 

ഇലായ് ലില്ലി കമ്പനി പുറത്തിറക്കുന്ന ഈ മരുന്നിന്റെ ഉപഭോഗത്തിലൂടെ രാജ്യത്തിന്റെ ആരോഗ്യരംഗത്തെ മാറ്റിമറിക്കാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്ന് ആരോഗ്യമന്ത്രി വെസ് സ്ട്രീറ്റിങ് പറഞ്ഞു. അമിതവണ്ണം മൂലം ജോലി നഷ്ടപ്പെട്ടവര്‍ക്കും ജോലിക്ക് പോകാന്‍ കഴിയാത്തവര്‍ക്കും ജോലിക്കായി തിരഞ്ഞെടുക്കപ്പെടാതെ പോകുന്നവര്‍ക്കും ഈ പദ്ധതി അവരുടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന ഒന്നായിരിക്കുമെന്ന് അദ്ദേഹം പറയുന്നു. 

രാജ്യത്ത് അമിതവണ്ണമുള്ളവരുടെ എണ്ണം കൂടിക്കൂടി വരികയാണ്. അതിനെ ചെറുത്തുനിര്‍ത്താനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളില്‍ എക്കാലത്തും ഓര്‍മിക്കപ്പെടുന്ന പദ്ധതിയായിരിക്കും ഇത്. ഒരുപാടുപേരുടെ ജീവിതംതന്നെ ഈ യജ്ഞം മാറ്റിമറിക്കും, ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ വെസ് സ്ട്രീറ്റിങ് പറഞ്ഞു.