സ്ത്രീകളിലെ ആർത്തവവിരാമത്തേക്കുറിച്ചും അനുബന്ധ ആരോഗ്യപ്രശ്നങ്ങളേക്കുറിച്ചുമൊക്കെ ചർച്ചകൾ ഉയരാറുണ്ട്. ഇപ്പോഴും മെനോപോസ് സംബന്ധമായ സങ്കീർണതകൾ തിരിച്ചറിയാനാവാതെ കഴിയുന്ന സ്ത്രീകൾ ഏറെയുണ്ടെന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. എന്നാൽ സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും സമാന അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. പുരുഷന്മാരിലുണ്ടാകുന്ന ആർത്തവവിരാമ സമാനമായ അവസ്ഥയെ ആൻഡ്രോപോസ് അഥവാ മെയിൽ മെനോപോസ് എന്നാണ് പറയുന്നത്.

To advertise here,

സ്ത്രീകളിലും പുരുഷന്മാരിലുമൊക്കെ ഹോർമോൺ നിലയിൽ വ്യതിയാനങ്ങൾ പല കാലങ്ങളിലായി ഉണ്ടാവാറുണ്ട്. സ്ത്രീകളിൽ പ്രത്യുത്പാദന ഹോർമോണുകൾ വളരെയധികം താഴേക്കു പോവുന്ന അവസ്ഥയാണ് മെനോപോസ്. പുരുഷന്മാരിൽ ‌പ്രായമാകുന്നതിനനുസരിച്ച് ‌ടെസ്റ്റോസ്റ്റിറോൺ പോലുള്ള ആൻഡ്രോജെൻ ഹോർമോണുകൾ അഥവാ മെയിൽ സെക്സ് ഹോർമോണുകൾ കുറയുന്നതാണ് മെയിൽ മെനോപോസിലേക്ക് നയിക്കുന്നത്. സ്ത്രീകളിൽ അണ്ഡോത്പാദനം അവസാനിക്കുകയും ഹോർമോൺ ഉത്പാദനം വളരെ കുറഞ്ഞ സമയത്തിനുള്ളിൽ കുറയുകയും ചെയ്യുന്നതാണ് ആർത്തവവിരാമമെങ്കിൽ പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോണിന്റെയും മറ്റ് ഹോർമോണുകളുടെയും ഉത്പാദനം വർഷങ്ങളെടുത്താണ് കുറയുന്നത്.

നാൽപതുവയസ്സിനുശേഷം പുരുഷന്മാരിലെ ‌ടെസ്റ്റോസ്റ്റിറോൺ നില 1% വച്ചാണ് കുറയുന്നതെന്ന് പഠനങ്ങൾ പറയുന്നു. പ്രായമായ പുരുഷന്മാരിലെ കുറഞ്ഞ ടെസ്റ്റോസ്റ്റിറോൺ അളവ് പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോവുകയും ചെയ്യാറുണ്ട്. രക്തപരിശോധനയിലൂടെ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് പരിശോധിക്കാമെങ്കിലും പലരും അതിനു മുതിരാറില്ല. ടെസ്റ്റോസ്റ്റിറോൺ കുറയുന്നതിനനുസരിച്ചുള്ള ലക്ഷണങ്ങൾ പ്രകടമാകണമെന്നുമില്ല.

ശരീരത്തിൽ ടെസ്റ്റോസ്റ്റിറോൺ കുറയുന്നതിന്റെ ലക്ഷണങ്ങൾ

  1. ലൈംഗികബന്ധത്തോടു താൽപര്യം കുറയുക.
  2. ഉദ്ധാരണക്കുറവ്
  3. സ്തനങ്ങളിൽ വേദനയോ വീക്കമോ ഉണ്ടാകുക.
  4. വന്ധ്യത.
  5. ചെറിയ വീഴ്ചകളിൽപ്പോലും ഒടിവുകൾ ഉണ്ടാകുക
  6. ശരീരം അമിതമായി ചൂ‌ടാവുകയോ, വിയർക്കുകയോ ചെയ്യുക.

തുടങ്ങിയവയെല്ലാം ലക്ഷണങ്ങളാണ്. ഇതുകൂടാതെ ഊർജക്കുറവ്, ആത്മവിശ്വാസക്കുറവ്, വിഷാദം, ഏകാഗ്രതയില്ലാതിരിക്കുക, ഉറക്കക്കുറവ്, അനീമിയ, ശരീരത്തിൽ കൊഴുപ്പടിയുക തുടങ്ങിയവയും കണ്ടുവരാറുണ്ട്. പ്രായമാകുന്നത്, അമിതവണ്ണം, വ്യായാമക്കുറവ്, ടൈപ് 2 ഡയബറ്റിസ്, ഹൃദ്രോഗം തുടങ്ങിയവയാണ് പൊതുവേ ‌ടെസ്റ്റോസ്റ്റിറോൺ നില കുറയുന്നതിലേക്കു നയിക്കുന്നത്.

പ്രായത്തിനനുസരിച്ച് ടെസ്റ്റോസ്റ്റിറോണിന്റെ അളവിലുണ്ടാകുന്ന കുറവാണ് പൊതുവേ ആൻഡ്രോപോസിലേക്കു നയിക്കുന്ന പ്രധാനകാരണം. പ്രായപൂർത്തിയാകുന്നതിന് മുമ്പ് ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറവായിരിക്കും, എന്നാൽ പ്രായപൂർത്തിയാകുമ്പോൾ ഈ അളവ് വർധിക്കുകയും ശരീരത്തിൽ രോമവളർച്ച, ഉദ്ധാരണം, കരുത്ത്, പേശികളുടെ ദൃഢത തുടങ്ങി നിരവധി മാറ്റങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. പുരുഷന്മാരിൽ മുപ്പതുകളുടെ തുടക്കം മുതൽ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സ്വാഭാവികമായി കുറയാൻ തുടങ്ങുന്നു.

ഹൈപ്പോഗൊണാഡിസം (Hypogonadism) എന്ന അവസ്ഥയും ഇതിലേക്കു നയിക്കാം. ശരീരത്തിലെ ബീജഗ്രന്ഥികളുടെ പ്രവർത്തനക്ഷമത വിവിധ കാരണങ്ങളാൽ കുറയുന്നതുമൂലം ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണിത്. ഹൈപ്പോഗൊണാഡിസത്തിന്റെ തുടക്കത്തോടൊപ്പം ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയാൻ തുടങ്ങുകയും അത് ക്രമേണ ആൻഡ്രോപോസിലേക്ക് നയിക്കുകയും ചെയ്യും.

ആൻഡ്രോപോസ് എങ്ങനെയാണ് ചികിത്സിക്കുന്നത്?

ആൻഡ്രോപോസിനു പിന്നാലെ കാര്യമായ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുന്നില്ലെങ്കിൽ ചികിത്സയുടെ ആവശ്യമില്ല. ആവശ്യമുള്ള സന്ദർഭങ്ങളിൽ ആന്റിഡിപ്രസന്റ് മരുന്നുകളുടെ പിന്തുണ തേടാറുണ്ട്. എന്നാൽ ലക്ഷണങ്ങൾ വർധിക്കുകയും വ്യക്തിയുടെ ജീവിതനിലവാരത്തെ ബാധിച്ചുതുടങ്ങുകയും ചെയ്യുമ്പോൾ ഹോർമോൺ റീപ്ലേസ്‌മെന്റ് തെറാപ്പി പരിഗണിക്കും. ടെസ്റ്റോസ്റ്റിറോൺ നില പാടെ കുറയുന്ന സാഹചര്യങ്ങളിൽ രക്തപരിശോധനയിലൂടെ സ്ഥിരീകരിച്ചാണ് ടെസ്റ്റോസ്റ്റിറോൺ തെറാപ്പി നൽകുക. അതേസമയം ഹോർമോൺ റീപ്ലേസ്‌മെന്റ് തെറാപ്പിക്ക് സഹായിക്കുന്ന സ്റ്റിറോയിഡുകൾ ശരീരത്തിൽ ചില പാർശ്വഫലങ്ങൾ ഉണ്ടാക്കാൻ കഴിയുന്നവയാണെന്ന വിമർശനങ്ങളും വൈദ്യശാസ്ത്ര രംഗത്തുണ്ട്. സിന്തറ്റിക് ടെസ്റ്റോസ്റ്റിറോണിന് പ്രോസ്റ്റേറ്റ് കാൻസറിന്റെ വളർച്ചയെ ബാധിക്കാനോ കാൻസർ കോശങ്ങളുടെ വളർച്ചയെ സഹായിക്കാനോ കഴിയുമെന്നും ഹൃദ്രോഗ സാധ്യത വർധിപ്പിക്കുമെന്നുമുള്ള അവകാശവാദങ്ങളുണ്ട്.

ജീവിതശൈലിയിൽ മാറ്റംവേണം

ഇതിനൊപ്പം ജീവിതശൈലിയിൽ ആരോഗ്യകരമായ മാറ്റങ്ങൾ വരുത്തുകയും വേണം. സമീകൃതാഹാരം ശീലമാക്കുന്നതിനൊപ്പം വണ്ണം കുറയ്ക്കുകയും വെയ്റ്റ്ട്രെയിനിങ് ചെയ്യുകയും വേണം. ഹോർമോൺ നില പരിശോധിച്ചുകൊണ്ടിരിക്കണം. ആരോഗ്യകരമായ ഉറക്കവും പ്രധാനമാണ്. ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയുന്ന വ്യക്തികൾ സമ്മർദത്തിന്റെ തോത് കുറയ്ക്കുകയും വേണം. വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ പ്രകടമാകുകയാണെങ്കിൽ ഒരു സൈക്യാട്രിസ്റ്റിന്റെ സഹായംതേടുകയോ, ആന്റിഡിപ്രസന്റ് മരുന്നുകളെടുക്കുകയോ ചെയ്യാം.

ആൻഡ്രോപോസ് എന്നത് സമൂഹത്തിൽ സാധാരണയായി കാണപ്പെടുന്നതും എല്ലാ പുരുഷന്മാരും അഭിമുഖീകരിച്ചേക്കാവുന്നതുമായ ഒരു കാര്യമാണ്. എന്നാൽ ജീവിതനിലവാരത്തെ ബാധിക്കുന്ന അവസ്ഥയിലേക്കെത്തുന്നുവെങ്കിൽ വിദഗ്ധസഹായം തേടേണ്ടത് അനിവാര്യവുമാണ്.