സംസ്ഥാനത്തെ സ്ത്രീകളിൽ പകുതിയോളം പേർക്ക് അമിതവണ്ണമോ അമിതഭാരമോ ഉണ്ടെന്ന് ദേശീയ കുടുംബാരോഗ്യ സർവേയുടെ പുതിയ റിപ്പോർട്ട്. 46.7 ശതമാനം സ്ത്രീകളിൽ ബോഡി മാസ് ഇൻഡക്സ്(ബി.എം.ഐ.) 25-ന് മുകളിലാണ്. 2019-ൽ നടത്തിയ സർവേയുമായി താരതമ്യംചെയ്യുമ്പോൾ വൻവർധനയാണിത്.
ബി.എം.ഐ. 25-ന് മുകളിലുള്ളവരുടെ ദേശീയ ശരാശരി 30.7 ശതമാനമാണ്. തടികൂടുന്നതിൽ നഗര, ഗ്രാമ വ്യത്യാസം സംസ്ഥാനത്ത് നേർത്തതാണ്. നഗരപ്രദേശത്ത് 48.3 ശതമാനമാണ്. ഗ്രാമങ്ങളിൽ 45.1 ശതമാനവും.
പുരുഷന്മാരും പുറകിലല്ല. 37 ശതമാനം പേരും അമിതഭാരമോ, അമിതവണ്ണമോ ഉള്ളവരാണ്. ദേശീയ ശരാശരി 27.3 ശതമാനമാണ്. സംസ്ഥാനത്ത് ജീവിതശൈലീരോഗങ്ങളുടെ വ്യാപനം ഗണ്യമായി വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു. അമിതവണ്ണവും ഭാരവും ജീവിതശൈലീരോഗങ്ങളിലേക്ക് വഴിയൊരുക്കുമെന്നതിനെ സാധൂകരിക്കുന്നതാണ് സർവേയിലെ കണ്ടെത്തലുകൾ.
15 വയസ്സിനുമുകളിലുള്ള സ്ത്രീകളിൽ 28.9 ശതമാനം പേർക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്നുനിൽക്കുന്നു. ദേശീയ ശരാശരി 17.8 ശതമാനമാണ്. പുരുഷന്മാരിൽ നിയന്ത്രണമില്ലാത്ത പ്രമേഹനിരക്ക് 31.9 ശതമാനമാണ്. ദേശീയ ശരാശരി 20.9 ശതമാനവും.
പുരുഷന്മാരിൽ 36.6 ശതമാനത്തിനും സ്ത്രീകളിൽ 31.9 ശതമാനത്തിനും ഉയർന്ന രക്തസമ്മർദമുണ്ട്. ദേശീയതലത്തിൽ ഇത് യഥാക്രമം 22.1 ശതമാനവും 19.4 ശതമാനവുമാണ്.
മുന്നിൽ വലിയ വെല്ലുവിളി
സർവേ റിപ്പോർട്ട് പ്രകാരം കേരളത്തിൽ 60 വയസ്സിനുമുകളിലുള്ളവരുടെ അനുപാതം 20.7 ശതമാനമായി ഉയർന്നിരിക്കയാണ്. ദേശീയ ശരാശരിയാകട്ടെ 12.9 ശതമാനവും. വലിയൊരു ശതമാനമാളുകൾ വാർധക്യത്തിലേക്ക് നീങ്ങുന്നു. ആരോഗ്യച്ചെലവ് കുത്തനെ കൂടാൻ അതിടയാക്കും.
ബി.എം.ഐ. 25-നു മുകളിൽ ശതമാനത്തിൽ (ബ്രാക്കറ്റിൽ 2019 സർവേ)
- സ്ത്രീകൾ-46.7 (38.2).
- പുരുഷൻമാർ 37(36.4).
ബി.എം.ഐ. ആവശ്യമായതിലും കുറവ് (18.5ൽ താഴെ)
- സ്ത്രീകൾ-12(10.1)
- പുരുഷൻമാർ-15.5(10)
പ്രമേഹം
- സ്ത്രീകൾ-28.9 ശതമാനം (24.8)
- പുരുഷന്മാർ-31.9(27)
അമിതരക്തസമ്മർദം
- സ്ത്രീകൾ-31.9(30.9)
- പുരുഷൻമാർ-36.6(32.8)
Content Highlights: 46.7% of women in Kerala are overweight or obese, significantly higher than the national average., 37% of men in Kerala report obesity or excess weight., Diabetes and hypertension rates in Kerala exceed national averages for both genders
Published: 02 Jun 2026, 10:41 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented