കുട്ടികളിലും കൗമാരക്കാരിലും ആരോഗ്യകരമായ ഭക്ഷണരീതി പ്രോത്സാഹിപ്പിക്കാൻ നയരേഖ പുറത്തിറക്കി ഐസിഎംആർ.(Indian Council of Medical Research). നാഷണൽ ഇന്‌സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യനുമായി ചേർന്നാണ് നയരേഖ പുറത്തിറക്കിയത്. ആരോഗ്യകരമായ ഭക്ഷ്യപരിസ്ഥിതികൾ പ്രോത്സാഹിപ്പിക്കുന്നതിനും ഭക്ഷണക്രമം മെച്ചപ്പെടുത്തുന്നതിനും ശുപാർശകൾ നൽകുന്നതാണിത്.
കുട്ടികളിലെയും കൗമാരക്കാരിലെയും അമിതവണ്ണവും അതുമായി ബന്ധപ്പെട്ട ഡയബറ്റിസ്, രക്താതിമർദ്ദം തുടങ്ങിയ രോഗങ്ങളും വർധിച്ചുവരുന്നത് തടയുക എന്നതാണ് നയരേഖയുടെ ലക്ഷ്യം. ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം 2025-ൽ 5-19 വയസ്സുവരെ പ്രായമുള്ള ഏകദേശം 41 ദശലക്ഷം കുട്ടികൾ അമിതവണ്ണത്താൽ കഷ്ടപ്പെടുന്നവരാണ്. നിലവിലെ പ്രവണത തുടരുകയാണെങ്കിൽ, 2030 ആകുമ്പോഴേക്കും ലോകത്തിലെ കുട്ടികളിലെ അമിതവണ്ണത്തിന്റെ 11 ശതമാനത്തിലധികം ഇന്ത്യയിലായിരിക്കുമെന്നാണ് കരുതുന്നത്. ഇതുതടയിടുകയാണ് നയരേഖയുടെ ലക്ഷ്യം.
ഇതിന്റെ ഭാഗമായി പരസ്യ വിപണന നിയമങ്ങളിൽ നിയന്ത്രണം വരുത്തണമെന്ന നിർദേശമുണ്ട്. കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ കൂടുതലായി അടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ വിപണനത്തിൽ സ്വമേധയാലുള്ള സ്വയം നിയന്ത്രണത്തിനപ്പുറം നിർബന്ധിതമായ നിയന്ത്രണങ്ങളും അത്യാവശ്യമാണെന്ന് ഐസിഎംആർ റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രലോഭിപ്പിക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങൾ നിരോധിക്കണം.
പാക്കറ്റിലുള്ള ഉത്പന്നങ്ങളുടെ മുൻഭാഗത്ത് പോഷകങ്ങൾ സംബന്ധിച്ച ലേബലിങ് നൽകിയിരിക്കണമെന്നും വ്യക്തമാക്കുന്നുണ്ട്. പെട്ടെന്ന് മനസ്സിലാകുന്ന തരത്തിൽ ഇവ നൽകുന്നതിലൂടെ മാതാപിതാക്കൾക്കും കുട്ടികൾക്കും കൊഴുപ്പിന്റെയും സോഡിയത്തിന്റെയും മധുരത്തിന്റെയുമൊക്കെ അളവു തിരിച്ചറിയാനാകും.
വിദ്യാലയ പരിസരങ്ങൾ ആരോഗ്യകരമാക്കണം എന്നതാണ് മറ്റൊന്ന്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കാന്റീനുകളിലും സമീപത്തുള്ള ഭക്ഷ്യവിതരണ മേഖലകളിലും ജങ്ക് ഫുഡ് ലഭ്യത നിയന്ത്രിക്കുകയും പഴങ്ങൾ, ധാന്യങ്ങൾ തുടങ്ങിയ ആരോഗ്യകരമായ ഭക്ഷണം ലഭ്യമാക്കുകയും ചെയ്യണം.
കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ കൂടുതലായി അടങ്ങിയ ഭക്ഷ്യവസ്തുക്കൾക്കും പഞ്ചസാര പാനീയങ്ങൾക്കും ആരോഗ്യ നികുതി ഏർപ്പെടുത്തുക എന്നതാണ് മറ്റൊന്ന്. ഇത് ഉപഭോഗം കുറയ്ക്കുന്നതിനോടൊപ്പം ആരോഗ്യകരമായ ഭക്ഷണങ്ങൾ കൂടുതൽ ലഭ്യമാക്കാൻ നയപരമായ സംവിധാനങ്ങൾ ഉപയോഗിക്കുകയും വേണം.
കൂടാതെ ആയുഷ്മാൻ ഭാരത് - സ്കൂൾ ഹെൽത്ത് ആൻഡ് വെൽനസ് പ്രോഗ്രാം പോലുള്ള സർക്കാർ സംരംഭങ്ങളുമായി ശുപാർശകൾ സംയോജിപ്പിച്ച് പോഷകാഹാരം സംബന്ധിച്ച സാക്ഷരത, ശാരീരിക പ്രവർത്തനങ്ങൾ, സാമൂഹിക പങ്കാളിത്തം എന്നിവ ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്.
Content Highlights: ICMR and National Institute of Nutrition joint policy for 2026., Mandatory restrictions on marketing of high-fat, salt, and sugar (HFSS) foods., Front-of-pack nutritional labeling for consumer awareness
Published: 23 Jul 2026, 05:17 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented