ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഉറക്കം വളരെ പ്രധാനമാണ്. ഉറക്കം കുറയുന്നത് ഹൃദ്രോഗം, പലവിധ അർബുദങ്ങൾ, പ്രമേഹം, രക്തസമ്മർദം തുടങ്ങിയവയ്ക്കൊക്കെ കാരണമാകും. മണിക്കൂറുകളോളം ഉറക്കം കുറയുന്നതുമാത്രമല്ല വെറും ഒരുമണിക്കൂർ കുറയുന്നതുപോലും ആരോഗ്യം തകരാറിലാക്കുമെന്ന് പറയുകയാണ് പുതിയൊരു പഠനം.
അനാൽസ് ഓഫ് ഇന്റേർണൽ മെഡിസിൻ എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കൊളംബിയ സർവകലാശാലയിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനുപിന്നിൽ. ദിവസവും ഒരുമണിക്കൂർ ഉറക്കംകുറയുന്നതുപോലും വണ്ണംകൂടാനിടയാക്കും എന്നാണ് പഠനം പറയുന്നത്. ഉറക്കം കുറയുന്നത് അനുസരിച്ച് അരക്കിലോഗ്രാം വച്ച് കൂടാനിടയാകുന്നു എന്ന് പഠനം പറയുന്നു.
ദിവസവും ഏഴുമുതൽ എട്ടുമണിക്കൂർവരെ കൃത്യമായി ഉറങ്ങുന്ന 95 മുതിർന്നവരെ ഉൾപ്പെടുത്തിയാണ് പഠനം നടത്തിയത്. ആറാഴ്ച കാലയളവിൽ നടത്തിയ പഠനത്തിന്റെ ഒരുഘട്ടത്തിൽ ഉറക്കം ഏകദേശം 90 മിനിറ്റ് വൈകിക്കാൻ നിർദേശിച്ചു. ഇത് ശരാശരി 78.4 മിനിറ്റ് ഉറക്കം കുറയാൻ കാരണമായി. രണ്ടാമത്തെ ഘട്ടത്തിൽ ഉറക്കത്തിന്റെ തോത് സാധാരണപോലെ തുടരുകയുംചെയ്തു. ഉറക്കത്തെയും ശാരീരിക പ്രവർത്തനങ്ങളെയും വിലയിരുത്താനായി കൈത്തണ്ടയിൽ മോണിറ്ററുകൾ ധരിച്ചിക്കുകയും ചെയ്തിരുന്നു. ശരീരഭാരം, അരക്കെട്ടിന്റെ ചുറ്റളവ്, ശരീരഘടന, ഹോർമോൺ നില എന്നിവയിലെ മാറ്റങ്ങളും പഠനകാലയളവിനുമുമ്പും ശേഷവും അളന്നു.
തുടർന്നാണ് ആറാഴ്ചയ്ക്കുപിന്നാലെ ഉറക്കം കുറഞ്ഞവരിൽ അരക്കിലോഗ്രാം വീതം വണ്ണംകൂടിയെന്ന് കണ്ടെത്തിയത്. വെറും ഒരുമണിക്കൂർ ഉറക്കക്കുറവ് ആറാഴ്ച തുടർന്നപ്പോൾ പോലും അരക്കിലോ വണ്ണംകൂടിയെങ്കിൽ കാര്യമായതോതിൽ ഉറക്കം കുറയുന്നത് ശരീരത്തെ എത്രത്തോളം ബാധിക്കുമെന്ന് മനസ്സിലാക്കണം എന്നുപറയുകയാണ് ഗവേഷകർ. ഉറക്കക്കുറവ് നേരിടുന്നവരിൽ പിന്നാലെ പലവിധ ജീവിതശൈലീരോഗങ്ങളും കൂടുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഉറക്കം കുറയ്ക്കുന്നത് ശരീരഭാരം കൂടാനും അരക്കെട്ടിന്റെ വണ്ണം വർധിപ്പിക്കാനും ഇടയാക്കുന്നുവെന്ന് പഠനത്തിന്റെ രചയിതാവും കൊളംബിയ യൂണിവേഴ്സിറ്റിയിലെ സ്ലീപ് ആൻഡ് സർക്കാഡിയൻ റിസർച്ച് എക്സലൻസ് സെന്ററിന്റെ സ്ഥാപക ഡയറക്ടറുമായ മേരി പിയറി പറഞ്ഞു.
ഉറക്കം കുറയുന്നവരിൽ ശാരീരിക പ്രവർത്തനങ്ങളും കുറയുന്നതായി ഗവേഷകർ വ്യക്തമാക്കുന്നു. ഉറക്കം കുറയുന്നത് ഉദാസീനമായിരിക്കുന്നതിന്റെ സമയം 17 മിനിറ്റ് കൂട്ടി. ഉറങ്ങാതെയിരിക്കുന്നതു മാത്രമല്ല ആ അധികസമയം വെറുതെയിരുന്നു കളയുന്നു എന്നുകൂടി പറയുകയാണ് ഗവേഷകർ. ഉറക്കം കുറയുന്നതിന് അനുസരിച്ച് ഭക്ഷണം കൂടുതൽ കഴിക്കുകയും ചെയ്യുന്നുണ്ട്. ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമായി പോഷകാഹാരം, വ്യായാമം എന്നിവയോടൊപ്പം കൃത്യമായ ഉറക്കവും പരിഗണിക്കണമെന്നും ഗവേഷകർ ഊന്നിപ്പറയുന്നു.
ആരോഗ്യകരമായ ഉറക്കത്തിനായി ചില ടിപ്സ്
- പ്രകാശം ഉറക്കത്തെ വിപരീതമായി ബാധിക്കും. ഉറക്കത്തിന് സഹായകമാകുന്ന മെലാടോണിൻ എന്ന രാസപദാർഥം ശരീരത്തിൽ ഉത്പാദിപ്പിക്കുവാൻ പ്രകാശം തടസ്സമാകും എന്ന് മറക്കരുത്.
- ലൈറ്റ് ഓഫ് ചെയ്തുവെങ്കിലും ഉറങ്ങാൻ കിടക്കുന്നതിനു തൊട്ടുമുൻപ് വരെയുള്ള മൊബൈൽ ഫോണിന്റെ ഉപയോഗം കൊണ്ടും നേരത്തെ സൂചിപ്പിച്ച പ്രശ്നം ഉണ്ടാകാം. ഉറങ്ങുന്നതിന് ചുരുങ്ങിയത് മുക്കാൽ മണിക്കൂർ മുൻപെങ്കിലും ഫോൺ ഉപയോഗം അവസാനിപ്പിക്കുക.
- ചായ, കാപ്പി, കോള എന്നിവ ഉത്തേജന സ്വഭാവമുള്ള പാനീയങ്ങളാണ്. ഉറക്കത്തെ തടസ്സപ്പെടുത്തുന്നത് കൊണ്ട് രാത്രി ഉപയോഗം ഒഴിവാക്കുക. പകരം ആവശ്യത്തിന് മധുരം ചേർത്ത് ഇളം ചൂടുള്ള പാലിൻ വെള്ളം ഉപയോഗിക്കാം.
- ഉറങ്ങുന്നതിന് തൊട്ടുമുൻപ് ഒരുപാട് വെള്ളം കുടിക്കരുത്. ഉറക്കം മുറിഞ്ഞു പോകുന്നത് ഒഴിവാക്കാം.
- രാത്രി ഭക്ഷണം നേരത്തെ കഴിക്കുക. ഉറങ്ങുന്നതിന് രണ്ടു മണിക്കൂർ മുൻപ് അത്താഴം കഴിക്കുന്നു എന്ന് ഉറപ്പുവരുത്തുക. പുളിച്ചുതികട്ടൽ, അസിഡിറ്റി എന്നിവ മൂലം ഉറക്കം നഷ്ടപ്പെടാതിരിക്കാൻ ഇത് പ്രയോജനപ്പെടും.
- ദഹിക്കാൻ എളുപ്പമുള്ള ലഘുവായ ആഹാരം അത്താഴത്തിന് തിരഞ്ഞെടുക്കാം. വറുത്തതും പൊരിച്ചതും മസാല ചേർത്ത് അളവിൽ കൂടുതലും ദഹിക്കാൻ ബുദ്ധിമുട്ടുള്ളതുമായ ആഹാരം അത്താഴത്തിന് ഉപയോഗിക്കരുത്.
- തൈര്, പുളിയുള്ള പഴങ്ങൾ (ഓറഞ്ച്, മുസംബി, മുന്തിരി, പൈനാപ്പിൾ) പപ്പടം, കോഴിമുട്ട, മത്സ്യം, മാംസം, അച്ചാർ, കിഴങ്ങുവർഗങ്ങൾ എന്നിവ രാത്രി ഭക്ഷണത്തിൽ ഉൾപ്പെടുത്താതിരിക്കുക.
- ഉറങ്ങുന്നതിനു മുൻപ് ഇഷ്ടമുള്ള മൃദുവായ സംഗീതം കേൾക്കുകയോ ഇഷ്ടമുള്ള പുസ്തകം വായിക്കുകയോ ചെയ്ത് മനസ്സിനെ ശാന്തമാക്കാൻ ശ്രമിക്കുക.
Content Highlights: Losing just one hour of sleep daily can lead to weight gain., A 6-week study showed participants gained 0.5kg due to sleep reduction., Lack of sleep increases sedentary behavior and calorie intake
Published: 10 Jul 2026, 09:20 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented