ശ്വാസകോശ അർബുദവും മൈക്രോപ്ലാസ്റ്റിക്കുകളും തമ്മിലുള്ള ബന്ധം വ്യക്തമാക്കി പുതിയ പഠനം. ശ്വാസകോശ അർബുദമുള്ള ആളുകളുടെ ശ്വാസകോശത്തിൽ മൈക്രോപ്ലാസ്റ്റിക് ഉണ്ടാകാനുള്ള സാധ്യതയും അവയുടെ അളവ് കൂടുതലായിരിക്കാനുമുള്ള സാധ്യതയും വളരെ കൂടുതലാണെന്ന് പഠനം പറയുന്നു. സ്പെയിനിലെ ബാഴ്സലോണയിൽ നടന്ന യൂറോപ്യൻ റെസ്പിറേറ്ററി സൊസൈറ്റിയുടെ (ഇ.ആർ.എസ്) കോൺഗ്രസിലാണ് ഇതേക്കുറിച്ചുള്ള ഗവേഷണം അവതരിപ്പിച്ചത്.
ശ്വസിക്കുന്ന വായുവിലൂടെ മൈക്രോപ്ലാസ്റ്റിക്കുകൾ ശരീരത്തിനുള്ളിലേക്ക് പ്രവേശിക്കുന്നുണ്ടെന്ന വാദങ്ങൾക്ക് ആക്കംകൂട്ടുന്നതാണ് പുതിയ പഠനവും. അയർലൻഡിലെ ഡബ്ലിൻ യൂണിവേഴ്സിറ്റി കോളേജ് സ്കൂൾ ഓഫ് മെഡിസിനിലെയും ഗ്രീസിലെ യൂണിവേഴ്സിറ്റി ഓഫ് തെസ്സാലിയിലെയും ഗവേഷകർ സംയുക്തമായാണ് പഠനം നടത്തിയത്.
മൈക്രോപ്ലാസ്റ്റിക്കുകൾ നമ്മുടെ ചുറ്റുപാടിൽ നിന്ന് ഒഴിവാക്കാനാവാത്ത ഒരു ഭാഗമായി മാറിയിരിക്കുന്നുവെന്നും എന്നാൽ അവ മനുഷ്യശരീരത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ എന്ത് സംഭവിക്കുമെന്നതിനെക്കുറിച്ച് ഇപ്പോഴും വളരെ കുറഞ്ഞ വിവരങ്ങളേ ലഭ്യമാകുന്നുള്ളൂ എന്നും ഗവേഷകർ പറഞ്ഞു. ശ്വാസകോശത്തിലെ മൈക്രോപ്ലാസ്റ്റിക്കുകളുടെ അളവിനേക്കുറിച്ചോ, വ്യക്തികൾതോറും ഇത് എങ്ങനെ വ്യത്യാസപ്പെടുന്നുവെന്നോ, രോഗങ്ങൾക്ക് കാരണമാകുന്നുണ്ടോ എന്നോ കൃത്യമായ വിവരങ്ങളില്ല. എല്ലാദിവസവും ഈ കണികകൾ ശ്വസിക്കുന്നുണ്ടെങ്കിൽ അവ എവിടെയാണ് എത്തിച്ചേരുന്നതെന്നും അവ രോഗങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടോയെന്നും മനസ്സിലാക്കുന്നതിനായാണ് പഠനം നടത്തിയതെന്നും ഗവേഷകർ വ്യക്തമാക്കി.
ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങളെത്തുടർന്ന് ബ്രോങ്കോസ്കോപ്പിക്ക് വിധേയരായ 100 പേരെയാണ് ഗവേഷണത്തിൽ ഉൾപ്പെടുത്തിയത്. ഇതിലൂടെ കോശങ്ങൾ ശേഖരിച്ചു. രോഗികളിൽ പകുതി പേരുടെയും ശ്വാസകോശ ടിഷ്യു സാംപിളും ഗവേഷകർ എടുത്തു.
ഓരോ സാംപിളിലും മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം ഉണ്ടോ എന്ന് വിശദമായി വിശകലനം ചെയ്യുകയും ഏതൊക്കെതരം പ്ലാസ്റ്റിക്കുകളാണ് ഉള്ളതെന്ന് പരിശോധിക്കാൻ ഒരു കൂട്ടം സാംപിളുകൾ വിധേയമാക്കുകയും ചെയ്തു. 100 രോഗികളിൽ 50 പേർക്ക് പിന്നീട് ശ്വാസകോശ അർബുദം ഉള്ളതായി കണ്ടെത്തിയിരുന്നു.
തുടർന്നു നടത്തിയ വിദഗ്ധ പരിശോധനയിലാണ് സാംപിളുകളിൽ 232 മൈക്രോപ്ലാസ്റ്റിക് കണികകൾ തിരിച്ചറിഞ്ഞത്. മൊത്തത്തിൽ, 70% രോഗികളിലും മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്താനായി. കാൻസർ ബാധിക്കാത്തവരേക്കാൾ ശ്വാസകോശ അർബുദമുള്ള രോഗികളിലാണ് മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കൂടുതലായി കണ്ടെത്തിയത്.
ശ്വാസകോശത്തിലുടനീളം മൈക്രോപ്ലാസ്റ്റിക്കുകൾ ഒരേരീതിയിൽ കാണപ്പെടുന്നില്ലെന്നും വ്യത്യസ്ത ഭാഗങ്ങളിൽ കാണപ്പെടുന്ന അളവിലും വ്യത്യാസമുണ്ടാകുമെന്നും ഗവേഷകർ പറയുന്നു.പോളിപ്രൊപൈലിൻ, പോളിയെത്തിലീൻ തുടങ്ങിയവയാണ് ഏറ്റവും സാധാരണമായി കാണപ്പെട്ടവ. പാക്കേജിങ്, തുണിത്തരങ്ങൾ, ഗാർഹിക വസ്തുക്കൾ, ഉപഭോക്തൃ ഉൽപ്പന്നങ്ങൾ തുടങ്ങിയ ദൈനംദിന ഉൽപ്പന്നങ്ങളിലൂടെയാണ് ഇവ ശരീരത്തിലെത്തുന്നത്.
ശ്വാസകോശ അർബുദത്തിന്റെ ഏറ്റവും വലിയ കാരണമായി ഇപ്പോഴും അറിയപ്പെടുന്നത് പുകവലി തന്നെയാണ്. എങ്കിലും ആസ്ത്മ, സി.ഒ.പി.ഡി തുടങ്ങിയ മറ്റ് പല ശ്വാസകോശ രോഗങ്ങളിലേക്കും ശ്വാസകോശ അർബുദത്തിലേക്കും നയിക്കുന്നതിൽ വായുമലിനീകരണത്തിന് വലിയ സ്ഥാനമുണ്ടെന്ന് പങ്കുവെക്കുകകൂടിയാണ് ഗവേഷകർ. വായുവിലൂടെ മൈക്രോപ്ലാസ്റ്റിക്കുകൾ ശ്വസിക്കുകയും അവ ശ്വാസകോശത്തിൽ പറ്റിപ്പിടിക്കുകയും ചെയ്യുന്നു എന്ന് ഊട്ടിയുറപ്പിക്കകുയാണ് പഠനം.
മൈക്രോപ്ലാസ്റ്റിക്കുകൾ ശ്വസിക്കുക വഴി അത് ശ്വസനേന്ദ്രിയ വ്യവസ്ഥയെ തകരാറിലാക്കുകയും നീണ്ടുനിൽക്കുന്ന വീക്കത്തിനും ഇതുവഴി കോശങ്ങൾ തകരാറിലാവാനും കാൻസറിനും കാരണമാകുമെന്നാണ് ഗവേഷകർ കരുതുന്നത്. ഇതുകൂടാതെ ഓക്സിഡേറ്റീവ് സ്ട്രെസ്സ്, ഡിഎൻഎ തകരാറിലാവുന്നത് തുടങ്ങിയവയും കാൻസർ സാധ്യത കൂട്ടും.
എന്താണ് മൈക്രോപ്ലാസ്റ്റിക് ?
ലോകത്ത് ഓരോ വർഷവും ഉത്പാദിപ്പിക്കുന്നത് 45 കോടി ടൺ പ്ലാസ്റ്റിക് ആണ്. ഇതിൽ ഭൂരിഭാഗവും മാലിന്യക്കൂമ്പാരത്തിലെത്തും. കാലക്രമേണ പൊട്ടിയും പൊടിഞ്ഞും ചെറുകഷണങ്ങളാകും. കൃത്രിമനാരുകളാലുണ്ടാക്കുന്ന തുണിത്തരങ്ങൾ കഴുകുമ്പോൾപോലും പ്ലാസ്റ്റിക് കണങ്ങൾ വെള്ളത്തിലും മണ്ണിലും കലരും.
പ്ലാസ്റ്റിക്കിൽനിന്ന് വിഘടിക്കുന്ന ചെറു പ്ലാസ്റ്റിക് പദാർഥങ്ങളാണ് മൈക്രോ പ്ലാസ്റ്റിക്. അഞ്ച് മില്ലി മീറ്ററിൽ താഴെ വലുപ്പം. പ്ലാസ്റ്റിക് വലകൾ, കുപ്പികൾ, സഞ്ചികൾ തുടങ്ങിയവ സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളുടെയും ഋതുഭേദങ്ങളുടെയും ഫലമായി പൊടിഞ്ഞാണ് ചെറുകണികകളാവുന്നത്. നൈലോൺ, പോളി എത്തിലിൻ, പോളി പ്രൊപ്പിലീൻ, പോളി സൾഫോൺ എന്നിവയാണ് പ്രധാനമായും കാണുന്നത്.
ശരീരത്തിലെത്തുന്നത് മൂന്നുവഴികളിലൂടെ
പ്രധാനമായും മൂന്നു വഴികളിലൂടെയാണ് മൈക്രോ പ്ലാസ്റ്റിക്കുകൾ ശരീരത്തിലെത്തുന്നത്. ഭക്ഷണത്തിലൂടെ, ശ്വസനത്തിലൂടെ അന്തരീക്ഷത്തിലെ കണികകളിൽനിന്ന്, സൗന്ദര്യവർധകവസ്തുക്കൾ ഉപയോഗിക്കുന്നതുവഴി ത്വക്കിലൂടെ എന്നിങ്ങനെയാണത്. ശ്വാസകോശത്തിന്റെ ഉള്ളറയിലാണ് പ്ലാസ്റ്റിക് സൂക്ഷ്മാംശങ്ങൾ കണ്ടെത്തിയ സംഭവവുമുണ്ടായിട്ടുണ്ട്. വായുനാളി ഏറ്റവും നേർത്തതായതിനാൽ അതിനുള്ളിലൂടെ പ്ലാസ്റ്റിക് കണികകൾ അരിച്ചിറങ്ങില്ല എന്നാണ് ഗവേഷകർ മുമ്പ് കരുതിയിരുന്നത്. ഓരോ മണിക്കൂറിലും മനുഷ്യർ 16.2 പ്ലാസ്റ്റിക് ശകലങ്ങൾ (16.2 bits) ശ്വസിക്കുന്നതായി 2022-ൽ നടത്തിയ ഒരു പഠനം ചൂണ്ടിക്കാട്ടിയിരുന്നു.
സൂക്ഷിക്കാം
- പ്ലാസ്റ്റിക് തരികളുണ്ടാകാനിടയുള്ള സൗന്ദര്യവർധകവസ്തുക്കൾ, ടൂത്ത് പേസ്റ്റ്, സിന്തറ്റിക് തുണിത്തരങ്ങൾ എന്നിവ കഴിവതും ഒഴിവാക്കുക.
- പാക്കറ്റ് ഭക്ഷണങ്ങളും പാനീയങ്ങളും പരമാവധി ഒഴിവാക്കാം. പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുക
- പുകയും പൊടിയുമുള്ള മലിനമായ അന്തരീക്ഷത്തിൽനിന്ന് അകന്നുനിൽക്കുക
- മൈക്രോ പ്ലാസ്റ്റിക് കുറവ് അടങ്ങിയ തുണികൾ കഴിവതും ഉപയോഗിക്കുക.
ശ്വാസകോശാർബുദം, ശ്രദ്ധിക്കേണ്ടവ
പുകവലി കൂടാതെ വായുമലിനീകരണം, പുകവലിക്കാരുമായുള്ള സാമീപ്യം, കുടുംബത്തിൽ ശ്വാസകോശ അർബുദ ചരിത്രം, എച്ച്.ഐ.വി. അണുബാധ തുടങ്ങിയ ഘടകങ്ങളും ശ്വാസകോശ അർബുദത്തിന് കാരണമാകും. ലോകത്തിലെ 20% കാൻസർ മരണങ്ങളും ശ്വാസകോശ അർബുദം മൂലമാണെന്നു പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പുരുഷന്മാരിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന കാൻസർ കൂടിയാണിത്.
കാരണങ്ങൾ / അപകട ഘടകങ്ങൾ
- പുകവലി, നിഷ്ക്രിയ പുകവലിയും ഉൾപെടുന്നു
- റേഡിയേഷനുമായുള്ള ബന്ധം, റാഡോൺ ഗ്യാസ്, ആസ്ബറ്റോസ് തുടങ്ങിയവ
- പാരമ്പര്യം
- പൊണ്ണത്തടി
- മദ്യപാനം
- വൈറൽ അണുബാധ (എച്ച്.പി.വി.)
ലക്ഷണങ്ങൾ
- ഏറെനാൾ നീണ്ടു നിൽക്കുന്ന ചുമ
- കഫത്തിൽ ചോരയുടെയോ തുരുമ്പിന്റെയും നിറം
- ശ്വാസംമുട്ടൽ
- നെഞ്ചുവേദന
- ബ്രോങ്കൈറ്റിസ്, ന്യുമോണിയ പോലുള്ള അണുബാധ തുടരുന്നത്
- തൊണ്ടയടപ്പ്
- വിശപ്പില്ലായ്മ
- അകാരണമായ ഭാരക്കുറവ്
- അസ്വാഭാവികമായിട്ടുള്ള ക്ഷീണം
ഇത്തരത്തിലുള്ള ലക്ഷണങ്ങൾ രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടു നിൽക്കുകയാണെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ കാണേണ്ടതാണ്.
പരിശോധനകളും ചികിത്സയും
കാൻസർ രോഗം നിർണയിക്കുന്നതിനും അത് ശരീരത്തിൽ എത്രമാത്രം വ്യാപിച്ചിരിക്കുന്നു എന്ന് കണ്ടുപിടിക്കാനും വിവിധതരം പരിശോധനകളും രോഗനിർണയ ഉപാധികളും ആവശ്യമാണ്. ഈ പരിശോധനകൾ ഓരോ രോഗിക്കും വ്യത്യസ്തമായിരിക്കും. എക്സ്-റേ, FNAC, ബയോപ്സി, PET scan തുടങ്ങിയവയിലൂടെ രോഗസ്ഥിരീകരണം നടത്തും.
ശ്വാസകോശ അർബുദ ചികിത്സയ്ക്ക് ഒന്നിലധികം രീതികൾ പ്രയോഗിക്കാറുണ്ട് . ഇക്കാരണത്താൽ ഒരു രോഗിക്ക് ഒന്നിൽ കൂടുതൽ ചികിത്സാവിധികൾ നൽകേണ്ടതായി വരാം. ശസ്ത്രക്രിയ അഥവാ സർജറി കാൻസറിൻ്റെ വിവിധ ഘട്ടങ്ങളിൽ ആവശ്യമായി വരുന്നു. പല ശ്വാസകോശ കാൻസറുകളും പരിപൂർണ്ണമായി സുഖ പ്പെടുത്തുവാൻ ശസ്ത്രക്രിയയ്ക്ക് സാധിക്കും. കൂടാതെ റേഡിയോ തെറാപ്പി, കീമോ തെറാപ്പി, ഇമ്മ്യൂണോ തെറാപ്പി തുടങ്ങിയവയും ചെയ്യാറുണ്ട്.
Content Highlights: Research indicates microplastics in lung cancer patients' tissues, raising concerns about environmental exposure and its role in respiratory diseases.
Published: 07 Sept 2026, 01:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented