അർബുദ സ്ഥിരീകരണത്തേക്കുറിച്ച് നേരത്തേ പങ്കുവെച്ചിട്ടുള്ളയാളാണ് നടി മനീഷ കൊയ്‌രാള. 2012-ൽ നാലാംഘട്ട ഒവേറിയൻ കാൻസർ സ്ഥിരീകരിച്ചുവെന്നും ചികിത്സകൾക്കൊടുവിൽ 2013-ൽ രോഗമുക്തയായെന്നും താരം തുറന്നുപറഞ്ഞിരുന്നു. അന്നുതൊട്ട് തന്റെ അതിജീവനയാത്രയേക്കുറിച്ച് മനീഷ നിരന്തരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ കാൻസർ യാത്രയ്ക്കിടെ തനിക്ക് കടുത്ത ഏകാന്തത അനുഭവപ്പെട്ടിരുന്നുവെന്നു പറഞ്ഞിരിക്കുകയാണ് മനീഷ.

To advertise here,

ബ്രൂ‌ട്ട് ഇന്ത്യക്കു നൽകിയ അഭിമുഖത്തിലാണ് മനീഷയുടെ തുറന്നുപറച്ചിൽ. ഒരു പകൽസമയത്താണ് താൻ അർബുദബാധിതയാണെന്നു തിരിച്ചറിയുന്നത്. ആ രാത്രിയാണ് ഏറ്റവും കൂടുതൽ ഏകാന്തത അനുഭവപ്പെട്ടത്. ഏറ്റവും ദൈർഘ്യമേറിയ രാത്രിയും അതായിരുന്നു. മരിക്കാൻ പോവുകയാണെന്നു തോന്നി. കാൻസർ വരുമ്പോൾ ഒരു രോഗി എത്രമാത്രം ഏകാന്തത അനുഭവപ്പെടുന്നുണ്ടെന്ന് അന്നാണ് തിരിച്ചറിഞ്ഞതെന്നും മനീഷ പറഞ്ഞു.

സ്ക്രീനിൽ കരുത്തമായ നിരവധി കഥാപാത്രങ്ങൾ പകർന്നാടിയിട്ടുണ്ടെങ്കിലും ജീവിതത്തിൽ ഒരു തിരിച്ചടിയുണ്ടായപ്പോൾ താൻ പതറിപ്പോയെന്ന് നേരത്തേ മനീഷ പറഞ്ഞിട്ടുണ്ട്. അണ്ഡാശയ അർബുദത്തിന്റെ അവസാന ഘട്ടമാണ് അതെന്ന് യാതൊരു സൂചനയും ഉണ്ടായിരുന്നില്ലെന്നും താരം പറഞ്ഞിട്ടുണ്ട്. ന്യൂയോർക്കിൽ പോയി ചികിത്സ തേടാൻ പ്രേരിപ്പിച്ചത് കുടുംബമാണ്. തുടർന്നാണ് അഞ്ചാറുമാസക്കാലം ന്യൂയോർക്കിൽ നിന്ന് ചികിത്സിക്കാൻ തീരുമാനിച്ചത്. കീമോതെറാപ്പി കാലത്തെല്ലാം തനിക്ക് പ്രതീക്ഷ പാടേ നഷ്ടപ്പെട്ട് തകർന്നടിയുന്ന അവസ്ഥയുണ്ടായിട്ടുണ്ടെന്നും താരം പറഞ്ഞിട്ടുണ്ട്.

അണ്ഡാശയ അർബുദം സ്ഥിരീകരിച്ചതും അമ്മയാകാൻ കഴിയാതിരുന്നതും തന്നെ വിഷമിപ്പിച്ചിരുന്നുവെന്ന് അടുത്തിടെ മറ്റൊരഭിമുഖത്തിൽ മനീഷ പറഞ്ഞിരുന്നു.

2012-ലാണ് അണ്ഡാശയ അർബുദമെന്ന വില്ലൻ നടിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. തുടർന്നങ്ങോട്ടുള്ള ചികിത്സയും അതിജീവനവുമൊക്കെ മനീഷ ആരാധകരുമായി നിരന്തരം പങ്കുവെച്ചിരുന്നു. അർബുദത്തെ ജയിച്ച മനീഷ ഈ രോഗത്തെ ഒരു ശാപമായല്ലാതെ, മറിച്ച് തന്റെ ജീവിതത്തിൽ ഒരു മാറ്റമുണ്ടാക്കുന്നതിന് നിമിത്തമായ 'സമ്മാനം' എന്നാണ് മുമ്പ് പറഞ്ഞിട്ടുള്ളത്.

തളർന്നു പോകുമായിരുന്ന ഘട്ടത്തിൽനിന്ന്, പൊരുതി ജയിക്കാനുള്ള വാശിയോടെ അർബുദം തന്നെ പഠിപ്പിച്ച പാഠങ്ങൾ മനീഷ 'ഹീൽഡ്: ഹൗ കാൻസർ ഗെവ് മി എ ന്യൂ ലൈഫ്' എന്ന തന്റെ പുസ്തകത്തിലൂടെ പങ്കുവെച്ചിരുന്നു. മുംബൈയിലും നേപ്പാളിലും അമേരിക്കയിലുമായി ചികിത്സയിൽക്കഴിഞ്ഞിരുന്ന മനീഷ, പടിപടിയായി തന്റെ മനസ്സും ശരീരവും സുഖപ്പെടുത്തുകയായിരുന്നു.

ഒവേറിയൻ കാൻസർ

ഓവറികളെ ബാധിക്കുന്ന അർബുദമാണിത്. തുടക്കത്തിൽ ലക്ഷണങ്ങളൊന്നും പ്രകടമാകണമെന്നില്ല. ലക്ഷണങ്ങൾ കാണിച്ചുതുടങ്ങുമ്പോഴേക്കും മറ്റുഭാഗങ്ങളെ ബാധിക്കാനുമിടയുണ്ട്.

അടിവയർ വീർത്തതുപോലെ അനുഭവപ്പെടുക, വീക്കം, ഭക്ഷണം കഴിച്ചുതുടങ്ങുമ്പോഴേക്കും വയറു നിറഞ്ഞതായി തോന്നുക, ഭാരക്കുറവ്, അമിതക്ഷീണം, പുറംവേദന, മലബന്ധം, ഇടയ്ക്കിടെ മൂത്രമൊഴിക്കണമെന്ന തോന്നൽ തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾ.

മൂന്നുവിധത്തിലാണ് ഒവേറിയൻ കാൻസറുകളുള്ളത്. എപിതെലിയൽ ഒവേറിയൻ കാൻസർ, സ്ട്രോമൽ ട്യൂമേഴ്സ്, ജെം സെൽ ട്യൂമേഴ്സ് എന്നിങ്ങനെയാണത്.

അപകടസാധ്യതാഘടകങ്ങൾ

പ്രായംകൂടുംതോറും ഒവേറിയൻ കാൻസർ സംബന്ധിച്ചുള്ള അപകട സാധ്യതകളും കൂടും. പ്രായമായവരിലാണ് കൂടുതലായി സ്ഥിരീകരിക്കാറുള്ളത്.

ചെറിയൊരു ശതമാനം ഒവേറിയൻ കാൻസറുകൾക്കു പിന്നിൽ ജനിതകഘടകങ്ങളാണ് കാരണം. BRCA1, BRCA2 എന്നീ ജീനുകളാണ് സാധ്യത വർധിപ്പിക്കുന്നത്.

രക്തബന്ധത്തിലുള്ള ആർക്കെങ്കിലും ഒവേറിയൻ കാൻസർ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും സാധ്യത കൂടുതലാണ്.

അമിതവണ്ണവും എൻഡോമെട്രിയോസിസ് എന്ന അവസ്ഥയും ഒവേറിയൻ കാൻസർ സാധ്യത വർധിപ്പിക്കാം.

ആർത്തവം നേരത്തേ ആരംഭിക്കുക, ആർത്തവ വിരാമം വൈകുക തുടങ്ങിയവയും ഗർഭിണിയാകാത്തതും രോഗസാധ്യത കൂട്ടാം.