2023-ൽ ഏറ്റവും കൂടുതൽ മാതൃമരണങ്ങൾ റിപ്പോർട്ട് ചെയ്ത ലോകരാജ്യങ്ങളുടെ കണക്കിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്. രാജ്യത്ത് പ്രതിദിനം 52 മാതൃമരണങ്ങൾ നടക്കുന്നുണ്ടെന്നാണ് കണക്ക്. 2023-ൽ ആകെ 19,000 പേർ മരിച്ചു. ആഗോളമരണത്തിന്റെ 7.2 ശതമാനമാണിത്. ഐക്യരാഷ്ട്രസഭാ ഏജൻസികൾ പുറത്തുവിട്ട റിപ്പോർട്ടിലാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
2023-ൽ ആഗോളതലത്തിൽ 2.6 ലക്ഷം സ്ത്രീകൾ ഗർഭധാരണവുമായി ബന്ധപ്പെട്ട സങ്കീർണതകൾ മൂലം മരിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. അതായത്, ഓരോ രണ്ട് മിനിറ്റിലും ഓരോ മാതൃമരണം ലോകത്ത് സംഭവിക്കുന്നു. 75,000 മാതൃമരണങ്ങൾ സംഭവിച്ച നൈജീരിയ ആണ് പട്ടികയിൽ ആദ്യം. റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഇന്ത്യയ്ക്ക് സമാനമായി 19,000 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പാകിസ്താനിലെ കണക്ക് പറയുന്നത് അവിടെ 11,000 മരണങ്ങൾ സംഭവിച്ചു എന്നാണ്. ആഗോള തലത്തിൽ മാതൃമരണ നിരക്കിൽ 47 ശതമാനവും ഈ നാല് രാജ്യങ്ങളിലാണ്.
അതേസമയം, 2000-ത്തിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യത്തെ മാതൃമരണനിരക്ക് 78 ശതമാനം കുറഞ്ഞതായി കണക്കുകളിൽ നിന്ന് വ്യക്തമാണ്. ഒരു ലക്ഷം പ്രസവങ്ങളിൽ മാതൃമരണങ്ങളുടെ എണ്ണം 2000-ൽ 362 ആയിരുന്നുവെങ്കിൽ 2023-ൽ അത് 80 ആയി കുറഞ്ഞു. ആരോഗ്യസേവനങ്ങൾ മെച്ചപ്പെട്ടതിനാൽ ആഗോളതലത്തിലും മാതൃമരണനിരക്ക് 40 ശതമാനത്തോളം കുറഞ്ഞതായാണ് റിപ്പോർട്ട്.
മാനുഷിക സഹായം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനങ്ങൾ ഒട്ടേറെ രാജ്യങ്ങളിലെ ആരോഗ്യസേവനങ്ങളെ തടസ്സപ്പെടുത്തുന്നതായി യുഎൻ റിപ്പോർട്ട് പറയുന്നു. ആശുപത്രികൾ അടച്ചുപൂട്ടുന്നതും, ആരോഗ്യ പ്രവർത്തകരുടെ കുറവ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യതയെ ബാധിക്കുന്ന വിതരണ ശൃംഖലയിലെ പ്രശ്നങ്ങളെക്കുറിച്ചും റിപ്പോർട്ടിൽ മുന്നറിയിപ്പുണ്ട്.
Content Highlights: India`s Maternal Mortality Rate: 2nd Highest Globally
Published: 10 Apr 2025, 08:51 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented