വർഷങ്ങളോളം താൻ അനുഭവിച്ച വേദനയ്ക്കു പിന്നിലെ കാരണം യു.കെ.യിൽ നിന്നുള്ള മുപ്പത്തിയൊന്നുകാരിയായ സോയി ആംസ്ട്രോങ് എന്ന യുവതി തിരിച്ചറിഞ്ഞത് വളരെ വൈകിയാണ്. അസഹ്യമായ വേദനയ്ക്കും ശാരീരിക ബുദ്ധിമുട്ടുകൾക്കും പിന്നിൽ എൻഡോമെട്രിയോസിസ് ആണെന്ന് തിരിച്ചറിഞ്ഞ ദിവസം അവൾ അമ്മയെ വിളിച്ച് ഒരുപാടു കരഞ്ഞു. ഇതുതന്നെയാണ് മിക്ക സ്ത്രീകളുടെയും ജീവിതത്തിൽ സംഭവിക്കുന്നതെന്ന് അമേരിക്കൻ കോളേജ് ഓഫ് ഒബ്സ്ടട്രീഷ്യൻസ്& ഗൈനക്കോളജിസ്റ്റ്സ് എന്ന സംഘടനയിലെ ഡോക്ടർമാരും പറയുന്നു. യുവതികൾ പലപ്പോഴും പത്തുവർഷം പോലും പിന്നിട്ടതിനുശേഷമാവാം എൻഡോമെട്രിയോസിസ് തിരിച്ചറിയുന്നതെന്നാണ് ഡോക്ടർമാർ പറയുന്നത്.
പതിനൊന്നാം വയസ്സിലാണ് തനിക്ക് ലക്ഷണങ്ങൾ ആദ്യമായി തുടങ്ങിയതെന്ന് സോയി പറയുന്നു. വയറിൽ ഇടതുഭാഗത്തെ വേദനയായായിരുന്നു തുടക്കം. മുതിർന്നപ്പോൾ വേദനയ്ക്കൊപ്പം ഓക്കാനവും ആർത്തവകാലത്ത് അസഹ്യമായ വേദനയും അനുഭവപ്പെട്ടുതുടങ്ങി. വിവാഹംകഴിഞ്ഞ് കുറച്ചുകാലം കഴിഞ്ഞപ്പോഴേക്കും വേദന സഹിക്കാവുന്നതിലും അപ്പുറമായി. തുടർന്നുനടത്തിയ പരിശോധനകൾക്കൊടുവിൽ ഇരുപത്തിയൊമ്പതാം വയസ്സിലാണ് സോയിയുടെ ആരോഗ്യപ്രശ്നങ്ങൾക്ക് പിന്നിൽ എൻഡോമെട്രിയോസിസ് ആണെന്ന് സ്ഥിരീകരിച്ചത്.
പലപ്പോഴും ആർത്തവവേദനയെ നിസ്സാരമാക്കുന്നത് എൻഡോമെട്രിയോസിസ് സ്ഥിരീകരണം വൈകുന്നതിനു പിന്നിലെന്ന് ഡോക്‌ടർമാർ പറയുന്നു. പല ഡോക്‌ടർമാരും ലക്ഷണങ്ങളെ കാര്യമായി കാണാത്തതും പ്രശ്നമാണെന്ന് ക്ലീവ്ലാൻഡ് ക്ലിനിക്കിൽ നിന്നുള്ള ഡോ. മെഗാൻ ബില്ലോ പറയുന്നു. എപ്പോഴൊക്കെയാണ് വേദന വരുന്നതെന്നും എവിടെയാണെന്നും തീവ്രതയുമൊക്കെ ഡയറിയിൽ കുറിച്ചുവെച്ച് ഡോക്ടറെ കാണുന്നത് ഗുണംചെയ്യും.
ആഗോളതലത്തിൽ പത്തിൽ ഒരാൾക്കെന്ന രീതിയിൽ എൻഡോമെട്രിയോസിസ് സ്ഥിരീകരിക്കുന്നുണ്ട്. ലക്ഷണങ്ങൾ ഓരോ സ്ത്രീകളിലും വ്യത്യാസപ്പെട്ടുമിരിക്കും. സ്കൂളിൽ പോകാനോ ജോലിക്കുപോകാനോ പോലും കഴിയാത്ത വിധത്തിൽ അസഹ്യമായ വേദനയായിരിക്കും എൻഡോമെട്രിയോസിസ് ഉള്ള സ്ത്രീകൾ നേരിടുന്നതെന്ന് ന്യൂയോർക്കിൽ നിന്നുള്ള ഡോ. ഡ്രോറിറ്റ് ഓർ പറയുന്നു.
എന്താണ് എൻഡോമെട്രിയോസിസ്?
ആർത്തവ സമയത്തുണ്ടാവുന്ന നടുവേദന, വയറുവേദന എന്നിവ സാധാരണമാണ്. എന്നാൽ ഈ വേദനകൾ കഠിനമാവുകയാണെങ്കിൽ എൻഡോമെട്രിയോസിസ് എന്ന രോഗമാകാം.
ഗർഭാശയത്തിന്റെ ഉൾപ്പാടയാണ് എൻഡോമെട്രിയം. ഗർഭധാരണം നടക്കാത്ത മാസങ്ങളിൽ ആർത്തവരക്തത്തോടൊപ്പം എൻഡോമെട്രിയം കൊഴിഞ്ഞുപോവുകയും അടുത്ത ആർത്തവചക്രത്തിൽ പുതിയ ഉൾപ്പാട രൂപപ്പെടുകയും ചെയ്യും.
എന്നാൽ ഗർഭപാത്രത്തിലല്ലാതെ മറ്റ് ശരീരഭാഗങ്ങളിൽ എൻഡോമെട്രിയം കോശങ്ങൾ കാണപ്പെടുന്നതാണ് എൻഡോമെട്രിയോസിസ് എന്ന അവസ്ഥ. അണ്ഡാശയം, അണ്ഡവാഹിനിക്കുഴൽ, ഉദരത്തിന്റെ ഉൾഭാഗം, ഗർഭാശയത്തിന്റെ പിറകിലുള്ള പൗച്ച് ഓഫ് ഡഗ്ലസ്, കുടൽ എന്നീഭാഗങ്ങളിലാണ് സാധാരണ ഈ കോശങ്ങൾ കാണുന്നത്.
ലോകത്ത് പത്തുശതമാനം സ്ത്രീകളിൽ ഈ രോഗം വരാറുണ്ട്. ഇപ്പോഴും വൈദ്യശാസ്ത്രം ഇതിന്റെ കാരണം കണ്ടെത്തിയിട്ടില്ല. ഈസ്ട്രജൻ ഹോർമോണിന്റെ പ്രവർത്തനം ഒരു കാരണമാണ് എന്ന് കരുതുന്നു.
ലക്ഷണങ്ങൾ
ആർത്തവം വരുന്നതിന് മുൻപുള്ള ദിവസങ്ങളിലും ആർത്തവത്തോട് കൂടിയും വരുന്ന കഠിനമായ വയറുവേദന, നടുവേദന, ലൈംഗികബന്ധത്തിലേർപ്പെടുന്ന സമയത്തുണ്ടാവുന്ന വേദന, വന്ധ്യത, മാറാതെ നിൽക്കുന്ന അടിവയറുവേദന ഇവയൊക്കെ പ്രധാനലക്ഷണങ്ങളാണ്.
ഈ രോഗലക്ഷണങ്ങളുണ്ടെങ്കിൽ ഡോക്ടറെ സമീപിച്ച് പരിശോധനകൾ നടത്തണം. അൾട്രാസൗണ്ട് സ്‌കാൻ, സി.ടി, എം.ആർ.ഐ സ്‌കാനുകൾ എന്നിവ വഴി രോഗം കണ്ടെത്താം. ഏറ്റവും നല്ലത് ലാപ്രോസ്‌കോപി പരിശോധനയാണ്. താക്കോൽദ്വാര ശസ്ത്രക്രിയക്ക് സമാനമാണ് ഈ പരിശോധന.
ചികിത്സ
രോഗത്തിന്റെ തീവ്രതയെയും രോഗലക്ഷണങ്ങളെയും രോഗിയുടെ പ്രായത്തെയും ആശ്രയിച്ചാണ് ചികിത്സ. വേദനസംഹാരി ഉപയോഗിച്ച് വേദനകുറച്ച് ലാപ്രോസ്‌കോപ്പി വഴി എൻഡോമെട്രിയോസിസ് കോശങ്ങളെ നീക്കം ചെയ്യാം. ചിലർക്ക് ഹോർമോൺ ചികിത്സ ആവശ്യമായി വരാറുണ്ട്. അപൂർവസാഹചര്യങ്ങളിൽ ഗർഭപാത്രവും അണ്ഡാശയവും നീക്കം ചെയ്യേണ്ടിയും വരാം.
Content Highlights: Endometriosis often goes undiagnosed for years, with symptoms like severe menstrual pain. Learn about the challenges in recognizing this condition early.
Published: 06 Sept 2026, 12:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented