നടികരീന കപുർ മൂന്നാമതും ഗർഭിണിയെന്ന് അഭ്യൂഹം. ജിമ്മിൽ നിന്ന് കാറിലേക്ക് നടന്നുപോകുന്ന കരീനയുടെ രൂപം കണ്ടാണ് താരം ഗർഭിണിയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചത്. പാപ്പരാസികളുടെ ദൃശ്യങ്ങളിൽ നിന്ന് കരീനയെ മറയ്ക്കുന്നതിനായി സംഘത്തിലെ ഒരാൾ അവർക്ക് മുന്നിൽ കുട പിടിച്ചുനടക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു. ഇതോടെയാണ് കരീനയുടെ 'ബേബി ബംപ്' സംബന്ധിച്ച ചർച്ചകൾ സാമൂഹിക മാധ്യമങ്ങളിൽ സജീവമായത്. പലരും ഇത് പഴയ വീഡിയോയാണോയെന്നും സംശയം പ്രകടിപ്പിച്ചു,

To advertise here,

എന്നാൽ മൂന്നാമതും ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് നടിയുടെ ടീം രംഗത്തെത്തി. ജിം വെയറിൽ നടി പുറത്തിറങ്ങുന്നതിനിടെ പകർത്തിയ ഒരു വൈറൽ വീഡിയോയിൽ 'ബേബി ബംപ്' പോലെ തോന്നിച്ചതിനെത്തുടർന്നാണ് ഗർഭധാരണത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ വീണ്ടും ഉയർന്നത്.

വാർത്തകളിൽ യാതൊരു സത്യവുമില്ലെന്നും പ്രചരിക്കുന്ന പ്രചാരണങ്ങൾ തെറ്റാണെന്നും കരീനയുടെ ടീം വ്യക്തമാക്കി. അവധിക്കാലത്തെ ഭക്ഷണവും ക്യാമറയുടെ ആംഗിളുമാകാം ഇത്തരമൊരു തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതെന്ന് ടീമുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഇതിനുമുമ്പും ലണ്ടനിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ സമാനമായ രീതിയിൽ പ്രചരണങ്ങൾ ഉണ്ടായപ്പോൾ, 'ഇത് വെറും പാസ്തയും വൈനും കാരണം സംഭവിച്ചതാണ്, ശാന്തരാകൂ... ഞാൻ ഗർഭിണിയല്ല' എന്ന് തമാശ രൂപേണ കരീന വ്യക്തമാക്കിയിരുന്നു.

ജീവിക്കാൻ അനുവദിക്കൂ

ഇതിനിടെ അഭ്യൂഹങ്ങൾക്കിടെ താരത്തിന് പിന്തുണയുമായി സെയ്ഫ് അലി ഖാന്റെ സഹോദരി സബ ഖാൻ പട്ടൗഡി രംഗത്തെത്തി. മറ്റൊരാളുടെ വ്യക്തിജീവിതത്തെക്കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്നും ചില കാര്യങ്ങൾ സ്വകാര്യമായി തന്നെ സൂക്ഷിക്കേണ്ടതുണ്ടെന്നും സബ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു. ജിമ്മിൽ നിന്ന് പുറത്തിറങ്ങി നടന്നുപോകുന്ന കരീനയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് സബയുടെ പ്രതികരണം. ഒരാളുടെ രൂപത്തെ അടിസ്ഥാനമാക്കി വ്യക്തിജീവിതത്തെക്കുറിച്ച് അനുമാനങ്ങൾ നടത്തരുതെന്നും അവർ ആവശ്യപ്പെട്ടു.'ഒരു മോശം ആംഗിൾ... അല്ലെങ്കിൽ മുടി ശരിയാകാത്ത ഒരു ദിവസം! എങ്ങനെയാണ് എല്ലാവർക്കും ഇത്ര തീവ്രമായ നിഗമനങ്ങളിലെത്താൻ കഴിയുന്നത്? വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങുമ്പോൾ അവർ വളരെ സുന്ദരിയായും ഒതുങ്ങിയ ശരീരപ്രകൃതിയോടെയുമാണ് കാണപ്പെട്ടത്. ഇന്നും ജിമ്മിൽ നിന്ന് പുറത്തിറങ്ങുമ്പോൾ അങ്ങനെ തന്നെ. അത്രമാത്രം,'' സബ കുറിച്ചു.

തന്റെ സഹോദരി സോഹ അലി ഖാനോട് രണ്ടാമതൊരു കുഞ്ഞ് വേണമെന്ന് താൻ പറയാറുണ്ടെന്നും സബ വെളിപ്പെടുത്തി. അത് സത്യമായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇത് പറഞ്ഞതിന് അവൾ എന്നെ കൊല്ലും,'' എന്നും സബ തമാശരൂപേണ കുറിച്ചു.ഒപ്പം മറ്റുള്ളവരുടെ സ്വകാര്യജീവിതത്തിൽ ഇടപെടരുതെന്നും അവർ ആവശ്യപ്പെട്ടു. ''സ്വന്തം ജീവിതം ജീവിക്കുക, മറ്റുള്ളവരെയും അവരുടെ ജീവിതം ജീവിക്കാൻ അനുവദിക്കുക. ചില കാര്യങ്ങൾ സ്വകാര്യമായി തന്നെ സൂക്ഷിക്കേണ്ടതാണ്. ഊഹാപോഹങ്ങളുടെ ആവശ്യമില്ല.' എന്നായിരുന്നു അവരുടെ കുറിപ്പ്. കരീനയുടെ ജിം വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് സബയുടെ ഈ പ്രതികരണം. 2012 ഒക്ടോബറിലാണ് കരീന കപൂർ ഖാനും സെയ്ഫ് അലി ഖാനും വിവാഹിതരായത്. ദമ്പതിമാർക്ക് രണ്ട് ആൺമക്കളാണുള്ളത്.